TopTop
Begin typing your search above and press return to search.

ഫ്രാൻസിലെ ഇസ്ലാമിക് സ്റ്റേറ്റിൽ പ്രവർത്തിച്ച 4 ഫ്രഞ്ച് പൗരന്മാർക്ക് ഇറാഖി കോടതി വധശിക്ഷ വിധിച്ചു

ഫ്രാൻസിലെ ഇസ്ലാമിക് സ്റ്റേറ്റിൽ പ്രവർത്തിച്ച 4 ഫ്രഞ്ച് പൗരന്മാർക്ക് ഇറാഖി കോടതി വധശിക്ഷ വിധിച്ചു
ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തീവ്രവാദ സംഘടനയിൽ ചേര്‍ന്ന നാലു ഫ്രഞ്ച് പൌരന്മാരെ ഇറാഖി കോടതി വധശിക്ഷയ്ക്ക് വിധിച്ചു. കെവിൻ ഗൊണോട്ട്, ലിയോനാർഡ് ലോപസ്, സലിം മാച്ചൗ, മുസ്തഫ മെർസൗഫി എന്നിവരെയാണ് വധിക്കാന്‍ ഉത്തരവിട്ടതെന്ന് ‘ദ ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. കിഴക്കൻ സിറിയയിൽനിന്നും ഐസിസ് തീവ്രവാദികളെ പൂര്‍ണ്ണമായും ഒഴിപ്പിക്കുന്നതിനിടെയാണ് ഇവരടക്കമുള്ള 11 ഫ്രഞ്ച് വംശജരെ യുഎസ് പിന്തുണയുള്ള സിറിയൻ പട്ടാളം പിടികൂടുന്നത്. അവരെ തിരികെ സ്വീകരിക്കാന്‍ ഫ്രാൻസ് വിസമ്മതിച്ചതിനാല്‍ ഇറാഖി പട്ടാളത്തിന് കൈമാറുകയായിരുന്നു.

‘ഞാൻ ഒരു തെറ്റ് ചെയ്തു. ഒരു ഭീകരസംഘടനയിൽ ചേർന്നു. എന്നാല്‍ ഞാൻ ആരെയും കൊന്നിട്ടില്ല’ എന്ന് വിചാരണക്കിടെ മുസ്തഫ പറഞ്ഞിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെയും, ഫ്രാന്‍സില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികളുടേയും, ഐക്യരാഷ്ട്ര സംഘടനയുടെ നിരീക്ഷകരുടേയുമെല്ലാം സാന്നിധ്യത്തിലാണ് വിചാരണ നടന്നത്. ‘എനിക്ക് ഫ്രാന്‍സിലേക്ക് തിരിച്ചു പോവണം. ഫ്രഞ്ച് എംബസിയില്‍ നിന്നുള്ള ആരെങ്കിലും ഇവിടെയുണ്ടെങ്കില്‍ എന്നെ തിരിച്ചു കൊണ്ടുപോകണം’ എന്ന് മുസ്തഫ കരഞ്ഞുകൊണ്ട് അപേക്ഷിച്ചിരുന്നു. വധശിക്ഷക്ക് വിധിച്ചുവെങ്കിലും പ്രതികള്‍ക്ക് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാം.

വിദേശികളായ നിരവധി ഐസിസ് തീവ്രവാദികള്‍ ഇറാഖില്‍ വിചാരണകാത്തു കഴിയുന്നുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം രണ്ടായിരത്തോളം വിദേശ തീവ്രവാദികളാണ് സിറിയന്‍ പട്ടാളത്തിന്‍റെ പിടിയിലായിട്ടുള്ളത്. പണം നല്‍കിയാല്‍ അവരെ വിചാരണ ചെയ്യാമെന്ന് ഇറാഖ് പറയുകയായിരുന്നു. അതിന്‍റെ ഭാഗമായി നൂറുകണക്കിന് ആളുകളെ ഇറാഖിന് കൈമാറി.

ഈ വിഷയവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനോട്‌ അഭിപ്രായം ചോദിച്ചപ്പോള്‍ അത് ഇറാഖിന്‍റെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. എന്നാല്‍, വധശിക്ഷക്ക് ഫ്രാന്‍സ് എല്ലാ കാലത്തും എതിരാണെന്നും, അതില്‍നിന്നും ഇറാഖിനെ പിന്തിരിപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വധശിക്ഷാ വിധിക്കെതിരെ നിരവധി മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങള്‍ തീവ്രവാദികളെന്നു സംശയിക്കപ്പെടുന്ന തങ്ങളുടെ പൌരന്മാരെ നീതിന്യായ വ്യവസ്ഥകള്‍ ദുര്‍വിനിയോഗം ചെയ്യുന്ന രാജ്യങ്ങള്‍ക്ക് വിട്ടുകൊടുക്കരുതെന്ന് ‘ഹ്യൂമന്‍ റൈറ്റ്സ് വാച്ചി’ന്‍റെ മിഡിൽ ഈസ്റ്റ് ഡയറക്ടർ ലാമാ ഫക്കിഹ് പറഞ്ഞു. അവരുടെ ന്യായമായ വിചാരണയ്ക്കുള്ള അവകാശവും പീഡനങ്ങളിൽ നിന്നുള്ള സംരക്ഷണവും ഉറപ്പു വരുത്തുന്നതിനു പകരം ഇങ്ങനെ നിഷ്ക്രിയമായി ഇരിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

ഞായറാഴ്ച വധശിക്ഷക്ക് വിധിക്കപ്പെട്ട ഫ്രഞ്ച് പൌരനായ ഫാദിൽ ഔഡിയേറ്റ് താന്‍ നേരിട്ട ക്രൂരതകള്‍ കോടതി സമക്ഷം ബോധിപ്പിച്ചിരുന്നു. ഷര്‍ട്ടുയര്‍ത്തി ശരീരത്തിലെ മുറിപ്പാടുകള്‍ കാണിച്ചാണ് നേരിട്ട പീഡനത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചത്. അതോടെ ഫോറന്‍സിക് പരിശോധന നടത്താന്‍ ജഡ്ജി ഉത്തരവിട്ടു. എന്നാല്‍ പ്രതിയുടെ വാദങ്ങള്‍ ദുര്‍ബലമാണെന്ന് പിന്നീട് ആ ജഡ്ജിതന്നെ വിലയിരുത്തുകയായിരുന്നു.

ഒരൊറ്റ ഫ്രഞ്ച് പൌരന്മാരും ഇറാഖില്‍ കാലുകുത്തിയിരുന്നതായി വിചാരണക്കിടെ സമ്മതിച്ചിരുന്നില്ല. എന്നാല്‍ അവര്‍ ഇറാഖില്‍ വന്നോ ഇല്ലയോ എന്നതല്ല ‘ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ’ എന്ന ഭീകരവാദ സംഘടനയില്‍ അവര്‍ അംഗമാണെങ്കില്‍ അവരെ വിചാരണ ചെയ്യാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്നാണ് ഇറാഖീ അധികൃതര്‍ വാദിക്കുന്നത്. പ്രതികള്‍ ഇറാഖിന്‍റെ മണ്ണില്‍വെച്ചുതന്നെ കുറ്റം ചെയ്തോ എന്നത് അവിടെ വിഷയമേ അല്ലത്രേ.

Next Story

Related Stories