Top

ഫലം കാണുമോ ജി-20 ഉച്ചകോടി? വിട്ടുകൊടുക്കാതെ ട്രംപും മോദിയും സീ ജിന്‍പിംഗും; അമേരിക്ക-ചൈന നിര്‍ണായക ചര്‍ച്ച പുരോഗമിക്കുന്നു

ഫലം കാണുമോ ജി-20 ഉച്ചകോടി? വിട്ടുകൊടുക്കാതെ ട്രംപും മോദിയും സീ ജിന്‍പിംഗും; അമേരിക്ക-ചൈന നിര്‍ണായക ചര്‍ച്ച പുരോഗമിക്കുന്നു
ജി-20 ഉച്ചകോടി ജപ്പാനിലെ ഒസാക്കയില്‍ പുരോഗമിക്കുകയാണ്. വ്യാപാരം, പ്രാദേശിക വിഷയങ്ങള്‍, കാലാവസ്ഥാ വ്യതിയാനം എന്നിവയൊക്കെയാണ് പ്രധാന ചര്‍ച്ചാവിഷയം. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തിന് എന്തെങ്കിലും പരിഹാരം ഉണ്ടാകുമോ എന്നാണ് പ്രധാനമായും ലോകം ഉറ്റുനോക്കുന്നത്. ആദ്യ ദിനമായ ഇന്നലെ അതിന്‍റെ അടയാളങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ഉച്ചകോടി അവസാനിക്കുന്ന ഇന്ന് അമേരിക്കന്‍ പ്രസിഡന്റ്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ്റ് സി ജിന്‍പിംഗും തമ്മിലുള്ള കൂടിക്കാഴ്ച പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

ഇന്നലെ ഉച്ചകഴിഞ്ഞ്‌ അടച്ചിട്ട മുറിയില്‍ ‘വളർച്ച, നിക്ഷേപം, വ്യാപാരം’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും അവരവരുടെ നിലപാടുകളില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണെന്ന സൂചനയാണ് പുറത്തു വരുന്നത്. "വിവിധ ലോക നേതാക്കളെല്ലാം പോസിറ്റീവ് ആയി സംസാരിച്ചപ്പോള്‍ ചൈന മാത്രമാണ് നെഗറ്റീവ് ആയി സംസാരിച്ചതെ"ന്ന് പേരുവെളിപ്പെടുത്താത്ത ഒരു വൈറ്റ്ഹൌസ് വക്താവിനെ ഉദ്ധരിച്ച് അല്‍-ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍, ചര്‍ച്ച ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഇരുരാജ്യങ്ങളും മുന്നോട്ടു വച്ച പ്രസ്താവന കൂടുതല്‍ സഹകരിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതാണ്.
"ഇരു രാജ്യങ്ങളും തമ്മില്‍ വളരെ നല്ല ബന്ധമാണ് ഉള്ളത്. ഇത് വ്യാപാര മേഖലയിലേക്കും വ്യാപിപ്പിക്കണം. ഇത് വളരെ എളുപ്പം ചെയ്യാന്‍ കഴിയും എന്നാണ് പ്രതീക്ഷ. ഞങ്ങള്‍ അതിന് വളരെ അടുത്താണ്. കാര്യങ്ങള്‍ ശരിയായി വരികയും ചിലപ്പോള്‍ അത് പാളിപ്പോവുകയുമാണ്‌ ചെയ്തത്. എന്നാല്‍ ഇത്തവണ ഞങ്ങള്‍ കുറേക്കൂടി അടുത്താണ്. ഇത്തവണ ഒരു മികച്ച സഹകരണത്തില്‍ എത്തുകയാണെങ്കില്‍ അത് ചരിത്രപരമായിരിക്കും. ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ തുറന്ന സമീപനമാണ്. നിങ്ങള്‍ക്കും അതെ എന്നറിയാം. ഇരു രാജ്യങ്ങള്‍ക്കും മുന്നോട്ടു പോകാനുള്ള വഴി തെളിയുമെന്നാണ് പ്രതീക്ഷിക്കുന്നത്",
ട്രംപ് തന്റെ പ്രസ്താവനയില്‍ പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ബന്ധത്തെ കുറിച്ചാണ് സി-യും പ്രസ്താവനയില്‍ ഊന്നിയത്. അമേരിക്കയും ചൈനയും തമ്മില്‍ 1970-ല്‍ നടന്ന ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റിനെക്കുറിച്ചു സൂചിപ്പിച്ച സി, ഇതാണ് 1979-ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഔദ്യോഗിക നയതന്ത്ര ബന്ധത്തിന് തുടക്കം കുറിച്ചത് എന്നും ചൂണ്ടിക്കാട്ടി. "ഒരു ചെറിയ പന്ത് ആഗോള കാര്യങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ വലിയ പങ്കു വഹിക്കുന്നു. 40 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിലും ആഗോള സാഹചര്യങ്ങളിലും മാറ്റമുണ്ടായിട്ടുണ്ട്. പക്ഷേ ഒരു അടിസ്ഥാന കാര്യത്തില്‍ മാറ്റമില്ല. സഹകരണത്തില്‍ ചൈനയും അമേരിക്കയും ഒരുപോലെ നേട്ടം കൊയ്യുമ്പോള്‍ ഏറ്റുമുട്ടലില്‍ അത് നഷ്ടപ്പെടുകയാണ്. സംഘര്‍ഷത്തേക്കാളും ഏറ്റുമുട്ടലിനെക്കാളും നല്ലത് ചര്‍ച്ചകളും സംവാദങ്ങളുമാണ്",
സി പറഞ്ഞു. സി-യുമായുള്ള ചര്‍ച്ച കുറഞ്ഞപക്ഷമെങ്കിലും ഫലപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്നലെ ട്രംപ് പറഞ്ഞിരുന്നു. 

അതേസമയം, അമേരിക്കയും ചൈനയും തമ്മിലുള്ള പ്രശ്നം കൂടുതല്‍ ഗുരുതരമാണ്. 200 ബില്യൺ ഡോളർ വിലവരുന്ന ചൈനീസ് സാധനങ്ങളുടെ ഇറക്കുമതി തീരുവ മെയ് മാസത്തിൽ 25 ശതമാനമായി വര്‍ദ്ധിപ്പിക്കാന്‍ ട്രംപ് ഉത്തരവിട്ടിരുന്നു. മൊബൈൽ‌ ഫോണുകൾ‌, കമ്പ്യൂട്ടറുകൾ‌, വസ്ത്രങ്ങൾ‌ എന്നിവയുൾ‌പ്പെടെയുള്ള ശേഷിക്കുന്ന ഉല്‍പ്പന്നങ്ങളുടെ മേലും 325 ബില്യൺ ഡോളര്‍ തീരുവ അധികമായി ചുമത്തുമെന്ന ഭീഷണിയും ട്രംപ് ഉയര്‍ത്തിയിട്ടുണ്ട്. 60 ബില്യൺ ഡോളർ വിലവരുന്ന അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ തീരുവ വര്‍ദ്ധിപ്പിച്ച് ചൈനയും തിരിച്ചടിച്ചു. അപൂർവ ഭൗമ മൂലകങ്ങളുടെ കയറ്റുമതിയും ചൈന നിര്‍ത്തലാക്കുമെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ വാണിജ്യ യുദ്ധം ഉടൻ പരിഹരിച്ചില്ലെങ്കിൽ ആഗോള സാമ്പത്തിക വളർച്ചയെ അത് കാര്യമായി ബാധിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റിൻ ലഗാർഡ് ഉൾപ്പെടെയുള്ള സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി. ചൈനയുടെ വളര്‍ച്ചാനിരക്ക് കുറഞ്ഞു വരുന്നതായി അവിടെ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു.

സംഘര്‍ഷം

ഇന്ത്യ, അമേരിക്ക, ചൈന, ജപ്പാന്‍ തുടങ്ങി 19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെട്ടതാണ് ജി-20 കൂട്ടായ്മ. ലോക സമ്പദ്‌വ്യവസ്ഥയുടെ 80 ശതമാനത്തേയും ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ടു പേരെയും പ്രതിനിധീകരിക്കുന്നതാണ് ഈ കൂട്ടായ്മ. ആഗോള തലത്തില്‍ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുകയാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം.

സാങ്കേതിക മേഖലയാണ് അമേരിക്കയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളുടെ മറ്റൊരു കേന്ദ്രം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലീജന്‍സ്, ടെലികമ്യൂണിക്കേഷന്‍സ് തുടങ്ങിയ മേഖലകളില്‍ വിദേശ കമ്പനികള്‍ സാങ്കേതിക വിദ്യ കൈമാറണമെന്ന് ചൈനീസ് സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്നും വിദേശ കമ്പനികള്‍ക്ക് ചൈനീസ് വിപണിയിലേക്ക് കൂടുതല്‍ പ്രവേശം അനുവദിക്കണമെന്നും അമേരിക്ക ആവശ്യപ്പെടുന്നു. 5ജി മൊബൈല്‍ ടെക്‌നോളജി രംഗത്ത് മുന്നില്‍ നില്‍ക്കുന്ന ചൈനീസ് സാങ്കേതികവിദ്യ ഭീമനായ ഹുവാവേയാണ് അമേരിക്കന്‍ നയങ്ങളുടെ ഫലമായി ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടുന്നത്. ഹുവാവേയുടെ സാങ്കേതിക ഘടകങ്ങള്‍ വില്‍ക്കുന്നതില്‍ നിന്ന് അമേരിക്ക തങ്ങളുടെ കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്-ദേശീയ സുരക്ഷയെ അത് ബാധിക്കും എന്നതാണ് കാരണം.

ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ സംബന്ധിച്ച ചര്‍ച്ചയില്‍ സിയും ട്രംപും തങ്ങളുടെ നിലപാടുകള്‍ വിശദീകരിച്ചു. സുതാര്യവും വിവേചനങ്ങളില്ലാത്തതുമായ വിപണി സാഹചര്യം ഒരുക്കണമെന്നും വ്യാവസായിക സമ്പദ്‌വ്യവസ്ഥയ്ക്ക് എണ്ണ എങ്ങനെയാണോ അതുപോലെയാണ് ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഡേറ്റയെന്നും സി വ്യക്തമാക്കി. ഇതിനോട് കരുതലോടെയാണ് ട്രംപ് പ്രതികരിച്ചത്. ഡിജിറ്റല്‍ വ്യാപാരം വിപുലീകരിക്കുമ്പോള്‍ തന്നെ തങ്ങളുടെ 5ജി നെറ്റ്‌വര്‍ക്ക് സംബന്ധിച്ച് സുരക്ഷയും കരുതലും പ്രധാനമാണ് എന്ന് ട്രംപ് വ്യക്തമാക്കി. ഹുവാവേയുടെ പേര് എടുത്തു പറഞ്ഞില്ലെങ്കില്‍ പോലും ഹുവാവേയ്ക്കും മറ്റ് ചൈനീസ് ഉന്നത സാങ്കേതിക വിദ്യ സ്ഥാപനങ്ങള്‍ക്കുമെതിരെയുള്ള ഉപരോധം തന്നെയാണ് ഇതുവഴി ചര്‍ച്ചയായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ ഉപരോധം അവസാനിപ്പിക്കുകയാണ് ചൈനയുടെ ഏറ്റവും വലിയ ആവശ്യം.

ചൈനീസ് സര്‍ക്കാരിനു വേണ്ടി ചാരപ്പണി നടത്തുകയാണ് ഹുവാവേ എന്നാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രധാന ആരോപണം. ഹുവാവേയ്ക്ക് മേല്‍ നിരോധനം നടപ്പാക്കുക മാത്രമല്ല, മറ്റ് രാജ്യങ്ങളെയും ഇതിന് അമേരിക്ക പ്രേരിപ്പിക്കുന്നുമുണ്ട്.

'ഒസാക്ക ട്രാക്കി'ല്‍ ഒപ്പു വയ്ക്കാതെ ഇന്ത്യ

അതേ സമയം, ഈ സമ്മേളനത്തില്‍ ജപ്പാന്‍ മുന്നോട്ടു വയ്ക്കുകയും അമേരിക്കയും ചൈനയും പിന്തുണയ്ക്കുകയും ചെയ്ത ഡേറ്റയുടെ അതിര്‍ത്തികളില്ലാത്ത കൈമാറ്റം സംബന്ധിച്ച പദ്ധതിയില്‍ ഒപ്പു വയ്ക്കാന്‍ ഇന്ത്യ തയാറായില്ല. ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ഒസാക പ്രഖ്യാപനത്തില്‍ 24 രാജ്യങ്ങളാണ് ഒപ്പു വച്ചിട്ടുള്ളത്. ഇന്ത്യന്‍ നിലപാടിനെ പിന്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയും ഇന്തോനേഷ്യയും ഒപ്പുവയ്ക്കാന്‍ വിസമ്മതിച്ചു.

അതിര്‍ത്തികള്‍ ഇല്ലാതെയുടെ ഡേറ്റയുടെ കൈമാറ്റത്തിന് ആവശ്യമായ നിയമങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ കൊണ്ടുവരണമെന്നാണ് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ വ്യക്തമാക്കിയത്. ഒസാക്ക ട്രാക്ക് എന്നറിയപ്പെടുന്ന ഈ ഉടമ്പടിയില്‍ പക്ഷേ ഒപ്പുവയ്ക്കാന്‍ ഇന്ത്യ വിസമ്മതിക്കുകയായിരുന്നു. ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന ബ്രിക്‌സ് രാജ്യങ്ങളുടെ സമ്മേളനത്തില്‍ തന്നെ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ലോക വ്യാപാര സംഘടന (ഡബ്ല്യു.ടി.ഒ)യുടെ നിയമാവലികള്‍ക്കകത്തു നിന്നു വേണം ഇക്കാര്യത്തില്‍ നിയമ നിര്‍മാണം നടത്താനെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് ബ്രിക്‌സ് സമ്മേളനത്തിനു ശേഷം വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വ്യക്തമാക്കി.

ട്രംപ്-മോദി കൂടിക്കാഴ്ച

ചൈനയുമായി തീവ്രമായ വ്യാപാരയുദ്ധം യുഎസ് നടത്തുന്നതിന് ഇടയിലാണ്, പരസ്പരം ഉല്‍പ്പന്ന ഇറക്കുമതിക്ക് ഉയര്‍ന്ന കസ്റ്റംസ് തീരുവ ചുമത്തിയുള്ള യുഎസ് - ഇന്ത്യ വ്യാപാര സംഘര്‍ഷവും ഈ ഉച്ചകോടിയില്‍ പ്രധാനമാകുന്നത്. ഈ പശ്ചാത്തലത്തിലായിരുന്നു ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടന്നത്. റഷ്യയുമായുള്ള എസ് 400 വ്യോമവേധ മിസൈല്‍ സംവിധാന കരാറില്‍ നിന്ന് ഇന്ത്യ പിന്മാറണം എന്ന യുഎസ് ആവശ്യം വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ തള്ളിയിരുന്നു.

അഭിപ്രായ ഭിന്നതകള്‍ക്കിടയിലും ഇന്ത്യയുമായ ബന്ധം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നാണ് ജയശങ്കറുമായുള്ള ചര്‍ച്ചയില്‍ നേരത്തെ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞിരുന്നത്. വ്യാപാരം, പ്രതിരോധം, സുരക്ഷ, 5 ജി നെറ്റ്‌വര്‍ക്ക്, ഡാറ്റ ലോക്കലൈസേഷന്‍, ഇറാന്‍ പ്രശ്‌നം, ഭീകരവാദം തുടങ്ങി വിവിധ വിഷയങ്ങള്‍ മോദിയും ട്രംപും ചര്‍ച്ച ചെയ്തു.

വ്യാപാര സംഘര്‍ഷം

വ്യാപാര തര്‍ക്കം തന്നെയാണ് ഇന്ത്യയും യുഎസും തമ്മില്‍ നിലവിലുള്ള ഏറ്റവും വലിയ പ്രശ്‌നം. ഉരുക്ക്, അലുമിനിയം അടക്കമുള്ള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയ അമേരിക്കയ്ക്ക് ഇന്ത്യ തിരിച്ചടി നല്‍കിയത് 28 യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയാണ്. ദീര്‍ഘകാലമായി ഇന്ത്യക്ക് യുഎസ് നല്‍കിയിരുന്ന വ്യാപാര ഇളവുകള്‍ പിന്‍വലിച്ചതിലുള്ള പ്രതിഷേധമായിരുന്നു ഇത്.

ഇന്ത്യ ഏര്‍പ്പെടുത്തിയ ഉയര്‍ന്ന കസ്റ്റംസ് ഡ്യൂട്ടി അംഗീകരിക്കാനാവില്ലെന്നും ഇത് ഉടന്‍ പിന്‍വലിക്കണം എന്നുമാണ് ഒസാക്ക ഉച്ചകോടിക്ക് തൊട്ടുമുമ്പ് ട്രംപ് പറഞ്ഞത്. അതേസമയം യുഎസ് തീരുവ കൂട്ടിയത് പിന്‍വലിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് പ്രതികരിച്ചില്ല. ഉയര്‍ന്ന താരിഫ് പിവലിക്കാന്‍ കഴിയില്ല എന്നാണ് മൈക്ക് പോംപിയോ എസ് ജയശങ്കറുമായുള്ള ചര്‍ച്ചയില്‍ പറഞ്ഞത്. ഇന്ത്യക്ക് നല്‍കിയിരുന്ന പ്രത്യേക കയറ്റുമതി ഇളവുകള്‍ റദ്ദാക്കിയാണ് ഇറക്കുമതി തീരുവ യുഎസ് കുത്തനെ കൂട്ടിയത്. ഇളവുകള്‍ പിന്‍വലിച്ച നടപടി റദ്ദാക്കണം എന്ന് മോദി ആവശ്യപ്പെട്ടു. വ്യാപാര സംബന്ധമായ തര്‍ക്കം പരിഹരിക്കാനായി ഉടന്‍ യുഎസ് വ്യാപാര സെക്രട്ടറിയും ഇന്ത്യയിലെ ബന്ധപ്പെട്ട മന്ത്രിയും തമ്മില്‍ ചര്‍ച്ച നടത്തണമെന്ന് ട്രംപ് നിര്‍ദ്ദേശിച്ചു.

ആപ്പിള്‍, ആല്‍മണ്ട് തുടങ്ങിയ യുഎസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്കാണ് ഇന്ത്യ ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയത്. ഈ ഉയര്‍ന്ന നികുതി യുഎസ് കമ്പനികളുടെ അന്താരാഷ്ട്ര വ്യാപാരത്തേയും ട്രംപിന്റെ ഗ്രാമീണ കര്‍ഷക വോട്ട് ബാങ്കിനേയും ബാധിക്കുന്നതാണ്. അതേസമയം യുഎസ് അടക്കമുള്ള വികസിത രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ അത്രയും തീരുവ ഏര്‍പ്പെടുത്തുന്നില്ല എന്ന് വാണിജ്യ മന്ത്രാലയം പറയുന്നു. ദേശീയ താല്‍പര്യങ്ങള്‍ ബലികഴിച്ചുകൊണ്ടുള്ള വ്യാപാര ചര്‍ച്ചകള്‍ക്ക് തയ്യാറല്ല എന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പറയുന്നു.

പ്രതിരോധ സഹകരണം ചര്‍ച്ചയായി, റഷ്യയുമായുള്ള ഇന്ത്യയുടെ എസ് 400 മിസൈല്‍ കരാര്‍ ചര്‍ച്ചയായില്ല

പസഫിക് മേഖലയിലുള്‍പ്പടെ ഇന്ത്യ - യുഎസ് സൈനിക സഹകരണം ചര്‍ച്ചയായി. ഏഷ്യയിലെ പ്രധാന സൈനിക പങ്കാളിയായി യുഎസ് കാണുന്നത് ഇന്ത്യയെ ആണ്. ഇതിന്റെ ഭാഗമായാണ് 2+2 കരാര്‍ അടക്കമുള്ളവ ഉണ്ടാകുന്നത്. കോംകാസ (കമ്മ്യൂണിക്കേഷന്‍സ് കംപാറ്റബിളിറ്റി ആന്‍ഡ് സെക്യൂരിറ്റി എഗ്രിമെന്റ്) കരാറിലാണ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇന്ത്യയും യുഎസും ഒപ്പുവച്ചത്. അതേസമയം യുഎസ് എതിര്‍പ്പുന്നയിക്കുന്ന ഇന്ത്യയുടെ പ്രധാന പ്രതിരോധ കരാര്‍ സംബന്ധിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തില്ല എന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറയുന്നു. അഞ്ച് ബില്യണ്‍ ഡോളറിന്റെ (34,49,87,500 ഇന്ത്യന്‍ രൂപ) കരാറിലാണ് ഒപ്പ് വച്ചത്.

ഈ കരാര്‍ റദ്ദാക്കണം എന്നാണ് യുഎസ് ആവശ്യപ്പെട്ടത്. കരാര്‍ റദ്ദാക്കിയില്ലെങ്കില്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയേക്കും. എന്നാല്‍ ഇക്കാര്യത്തില്‍ യുഎസ് നിയമത്തില്‍ ഇളവ് വേണം എന്ന് ഇന്ത്യ ആവശ്യപ്പെടുന്നു.

ട്രംപിന്റെ പ്രതികരണം

കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് പറഞ്ഞത്, "ചര്‍ച്ച വളരെ പോസിറ്റീവായിരുന്നു. ഇന്ത്യയുമായുള്ള ചര്‍ച്ച ഞങ്ങള്‍ തുടരും. വളരെ വലിയ കാര്യങ്ങള്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കാന്‍ കഴിയുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അതെ, വലിയ കരാര്‍ തന്നെ"
. ഇതാകട്ടെ, ഉച്ചകോടിക്ക് തൊട്ടു മുമ്പ് ട്രംപ് ചെയ്ത ട്വീറ്റിന്റെ സ്വഭാവത്തില്‍ നിന്ന് വിഭിന്നമായിരുന്നു. ഇന്ത്യ ഏര്‍പ്പെടുത്തിയ ഉയര്‍ന്ന തീരുവ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇത് പിന്‍വലിക്കണമെന്നുമായിരുന്നു ട്രംപിന്റെ ട്വീറ്റ്. ഇതെല്ലാം ട്രംപിന്റെ നെഗോഷ്യേഷ്യന്‍ തന്ത്രങ്ങളുടെ ഭാഗമാണെന്നാണ് സീയോളിലെ ഹാന്‍കുക് യൂണിവേഴ്‌സിറ്റി ഓഫ് ഫോറിന്‍ സ്റ്റഡീസിലെ പ്രൊഫസര്‍ മേസണ്‍ റിച്ചേ അല്‍-ജസീറയോട് അഭിപ്രായപ്പെട്ടത്. ഒരേ സമയം, പോസിറ്റീവും നെഗറ്റീവുമായി അദ്ദേഹം ഇടപെടും. സുരക്ഷാ, വ്യാപാര കാര്യങ്ങളില്‍ ഇന്ത്യയും ജപ്പാനുമായി വളരെ മോശപ്പെട്ട രീതിയിലാണ് ട്രംപ് തുടക്കത്തില്‍ ഇടപെട്ടത്. എന്നാല്‍ ഇപ്പോള്‍ ഇരു രാജ്യങ്ങളുമായി മെച്ചപ്പെട്ട ബന്ധം ഉണ്ടാക്കേണ്ടതിനെപ്പറ്റി ട്രംപ് പറയുന്നു-റിച്ചേ ചൂണ്ടിക്കാട്ടി.

ഫൈവ് ജി

ഫൈവ് ജി നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മോദിയും ട്രംപുമായി നടന്ന കൂടിക്കാഴ്ചയിലെ പ്രധാന വിഷയങ്ങളിലൊന്നായിരുന്നു. ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ ഫൈവ് ജി മാര്‍ക്കറ്റ് ആകും. ഇന്ത്യ ഇത് സംബന്ധിച്ചെടുക്കുന്ന തീരുമാനം ലോകത്ത് ട്രെന്‍ഡ് ആയി മാറുമെന്നും മോദി കൂടിക്കാഴ്ചയില്‍ അവകാശപ്പെട്ടു. സാങ്കേതികവിദ്യയിലെ ഇന്ത്യയുടെ മികവ്, സ്റ്റാര്‍ട്ട് അപ്പുകള്‍, ഡിസൈന്‍, ഫൈവ് ജി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലെ സിലിക്കണ്‍ വാലിയുടെ പങ്ക് ഇതെല്ലാം പരസ്പരം ഗുണകരമാകുന്ന വിധം ഉപയോഗിക്കപ്പെടണം. ഇതില്‍ മേക്ക് ഇന്‍ ഇന്ത്യക്ക് വഹിക്കാന്‍ കഴിയുന്ന പങ്കിനെക്കുറിച്ചും മോദി സംസാരിച്ചു. ട്രംപ് ഇതിനെ സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളുടേയും വകുപ്പ് മന്ത്രിമാര്‍ / സെക്രട്ടിമാര്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താമെന്ന് ട്രംപ് നിര്‍ദ്ദേശിച്ചു.

ഇറാന്‍

ജി-20 അംഗമല്ലാത്ത ഇറാനുമായി അമേരിക്ക തുടരുന്ന സംഘര്‍ഷമാണ് ഉച്ചകോടിയില്‍ നടന്ന ഏറെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്. ഇറാന്റെ ആണവ പരിപാടിയെ ചൊല്ലി കഴിഞ്ഞ വര്‍ഷം മെയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ആരംഭിച്ച സംഘര്‍ഷത്തിന് പിന്നീട് അയവ് വന്നിട്ടില്ല. ഇറാന്റെ ആണവ പരിപാടികള്‍ അടച്ചു പൂട്ടുന്നതിന് പകരമായി അമേരിക്ക അനുവദിച്ച സാമ്പത്തിക ഇളവുകളില്‍ നിന്ന് ട്രംപ് ഭരണകൂടം പിന്നോട്ടു പോവുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇറാനുമായി എണ്ണ വ്യാപാരം നടത്തുന്നതില്‍ നിന്ന് ഇന്ത്യ അടക്കമുള്ള മറ്റു രാജ്യങ്ങളെയും ട്രംപ് വിലക്കി. ഈ വിലക്ക് ലംഘിക്കുന്നവര്‍ക്ക് തങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തും എന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ഭീഷണി.

അമേരിക്കയുടെ ഒരു സൈനിക ഡ്രോണ്‍ ഇറാന്‍ ഈയിടെ വെടിവച്ചിട്ടതോടെ സംഘര്‍ഷം രൂക്ഷമാവുകയും ആഗോള വിപണിയില്‍ എണ്ണ വില കുതിച്ചുയരുകയും ചെയ്തു. ഹോര്‍മുസ് കടലിടുക്കില്‍ എണ്ണ ടാങ്കറുകള്‍ക്ക് നേരെ ഇതിനു പിന്നാലെ ആക്രമണവുമുണ്ടായി. ഇതിനു പിന്നില്‍ ഇറാനാണെന്ന് ആരോപിച്ച അമേരിക്ക യുദ്ധഭീഷണി മുഴക്കിയെങ്കിലും പിന്നീട് ഇതില്‍ നിന്ന് പിന്നോക്കം പോയി. ഗള്‍ഫ് മേഖലയിലെ ഈ സംഘര്‍ഷം ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ മോദിയും പങ്കുവച്ചിരുന്നു. മേഖലയില്‍ സമാധാനം പുലരേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയതിന് പുറമെ ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ സംബന്ധിച്ച ആശങ്കകളും മോദി ട്രംപുമായി പങ്കുവച്ചു.

ഇന്ത്യയ്ക്ക് ആവശ്യമുള്ള എണ്ണയിലും പ്രകൃതി വാതകത്തിലും 11 ശതമാനവും നല്‍കുന്നത് ഇറാനാണ്. യുഎസ് സമ്മദ്ദത്തില്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വെട്ടിക്കുറച്ചിരുന്നു. ഇത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം പ്രവാസി ഇന്ത്യക്കാരെ ബാധിക്കുന്നതിന്റെ ആശങ്കയും മോദി പങ്കുവച്ചു. ഇന്ത്യന്‍ എണ്ണ ടാങ്കറുകളുടെ സുരക്ഷയ്ക്കായി രണ്ട് നേവി കപ്പലുകളെ ഹോര്‍മുസിലേയ്ക്ക് അയച്ച കാര്യം മോദി പറഞ്ഞു. ട്രംപ് ഈ നടപടിയെ അഭിനന്ദിച്ചു. എണ്ണ വിലയിലെ സ്ഥിരതയ്ക്കായി ചെയ്യാവുന്നതെല്ലാം യുഎസ് ചെയ്യുന്നുണ്ട് എന്ന് ട്രംപ് പറഞ്ഞു.

"നമുക്ക് ഇഷ്ടം പോലെ സമയമുണ്ട്. അവര്‍ക്ക് ആവശ്യമുള്ള സമയമെടുക്കാം. ഇക്കാര്യത്തില്‍ ഒരു സമ്മര്‍ദ്ദവുമില്ല. ഇത് ഫലവത്താകും എന്നാണ് പ്രതീക്ഷ. ഇല്ലെങ്കില്‍ ഇതിന്റെ ബാക്കി എന്താകും എന്ന് നിങ്ങള്‍ കേള്‍ക്കും"-ട്രംപ് ഇറാനെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്.

Next Story

Related Stories