TopTop

ഇസ്രയേൽ കൊലപ്പെടുത്തിയത് 58 നിരായുധരെ; ജനതയെ രക്ഷിക്കണമെന്ന് പലസ്തീൻ; അന്വേഷണം ആവശ്യപ്പെടുന്ന യുഎൻ പ്രമേയം യുഎസ് തടഞ്ഞു

ഇസ്രയേൽ കൊലപ്പെടുത്തിയത് 58 നിരായുധരെ; ജനതയെ രക്ഷിക്കണമെന്ന് പലസ്തീൻ; അന്വേഷണം ആവശ്യപ്പെടുന്ന യുഎൻ പ്രമേയം യുഎസ് തടഞ്ഞു
ജെറുസലേമിൽ യുഎസ് എംബസി തുറക്കുന്നതിൽ പ്രതിഷേധിച്ച് ഗാസയിൽ പ്രതിഷേധറാലി നടത്തിയ ആയിരങ്ങൾക്കു നേരെ ഇസ്രയേൽ സൈന്യം വെടിയുതിർത്ത സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 58 ആയി. സംഭവത്തിൽ 2200ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. യുഎസ് എംബസി ഉദ്ഘാടനം ചെയ്യാനെത്തിയ ഇവാങ്ക ട്രെംപിനു വേണ്ടി അതിശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് ഇസ്രായേൽ ഒരുക്കിയിരുന്നത്.

ഇസ്രായേലിന്റെ തലസ്ഥാനമാണ് ജെറുസലേമെന്ന് മാസങ്ങള്‍ക്കു മുമ്പ് യുഎസ് പ്രസിഡണ്ട് ‍ഡോണൾ‌ഡ് ട്രംപ് പ്രസ്താവിച്ചതിനു പിന്നാലെയാണ് എംബസി സ്ഥാപനവും ഉദ്ഘാടനവും നടന്നത്.

2014നു ശേഷം ഇസ്രയേൽ നടത്തിയ ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. ജെറുസലേമിൽ നിന്ന് നാൽപ്പതോളം മൈൽ അകലെ ഗാസയിലാണ് ക്രൂരമായ വെടിവെപ്പ് നടന്നത്. ഗാസയിലെ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊല്ലപ്പെട്ടവരിൽ 14 വയസ്സുള്ള കുട്ടിയുമുൾപ്പെടുന്നു. ഗാസയില്‍ ഇസ്രായേൽ കെട്ടിയുയർത്തിയ വേലികൾക്കരികിലേക്ക് നീങ്ങിയ പ്രതിഷേധക്കാർക്കു നേരെ വിവേചനരഹിതമായി വെടിയുതിർക്കുകയായിരുന്നു സൈന്യം.

അതെസമയം കൂട്ടക്കൊലയിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെടുന്ന ഐക്യരാഷ്ട്രസഭാ പ്രമേയം യുഎസ് ഇടപെട്ട് ത‍ടഞ്ഞു. സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം വേണമെന്നായിരുന്നു യുഎൻ സെക്യൂരിറ്റി കൊൺസിലിന്റെ പ്രസ്താവന. ഇതിനു പിന്നാലെ കുവൈത്തും രോഷം പ്രകടിപ്പിച്ച് പ്രസ്താവനയിറക്കി. ലോകരാജ്യങ്ങൾ പ്രതികരിക്കണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു.

ജെറുസലേമിൽ യുഎസ് എംബസി തുറന്ന ദിവസം തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും തിളങ്ങുന്ന ദിനമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. യുഎസ് എംബസി ജെറുസലേമിലേക്ക് മാറ്റാമെന്ന വാക്ക് ഡോണൾഡ് ട്രംപ് പാലിച്ചുവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം എന്നത്തെക്കാളും ശക്തമായെന്നും നെതന്യാഹു വിശദീകരിച്ചു. "ഇത് സമാധാനത്തിന്റെ ദിവസമാണ്. സത്യത്തിനു മേല്‍ മാത്രമേ സമാധാനം പടുത്തുയർത്താനാകൂ. കഴിഞ്ഞ മുവ്വായിരം വർഷമായി ജെറുസലേം ഇസ്രായേലിന്റെ തലസ്ഥാനമാണ്." -നെതന്യാഹു പറഞ്ഞു.

സൈന്യം തങ്ങളുടെ അതിർത്തി സംരക്ഷിക്കുകയായിരുന്നുവെന്ന് ഇസ്രായേൽ ഔദ്യോഗികമായി പ്രതികരിച്ചു. നാൽപ്പതിനായിരത്തോളം പലസ്തീനികൾ തങ്ങൾക്കെതിരെ കലാപം നടത്തുകയായിരുന്നുവെന്നും ഇസ്രായേൽ ആരോപിച്ചു. കലാപകാരികൾ വേലികൾ തകർക്കാൻ ശ്രമിച്ചതായും ഇസ്രായേൽ പറഞ്ഞു.

ടെൽ അവീവില്‍ നിലനിന്നിരുന്ന യുഎസ് എംബസിയാണ് ജെറുസലേമിലേക്ക് മാറ്റിയത്. ഇസ്രായേൽ രൂപീകരണത്തിന്റെ എഴുപതാംവാർഷികം കൂടി പ്രമാണിച്ച് ഡോണൾഡ് ട്രംപിന് രാജ്യത്തോടുള്ള അനുഭാവം പ്രകടിപ്പിക്കാനായാണ് ഈ നീക്കം നടത്തിയത്. ഇരുവിഭാഗങ്ങളും പുണ്യനഗരമായി കാണുന്ന ജെറുസലേം ഇസ്രയേലിന്റെ തലസ്ഥാനമാണെന്ന് ഏകപക്ഷീയമായ പ്രസ്താവന അമേരിക്ക നടത്തിയത് പലസ്തീന്‍ ജനതയെ രോഷാകുലരാക്കിയിരുന്നു.

ഡിസംബറിൽ ഡോണൾഡ് ട്രംപ് ജെറുസലേം ഇസ്രായേലിന്റെ തലസ്ഥാനമാണെന്ന് പ്രഖ്യാപിച്ചതിനു ശേഷം ഗാസയിലും വെസ്റ്റ് ബങ്കിലും നൂറോളം പലസ്തീനികളാണ് കൊല്ലപ്പെട്ടതെന്ന് ജെറുസലേമിലെ താമസക്കാരനായ ഫാദൽ തഹ്ബോബ് അൽ ജസീറയോട് പറഞ്ഞു. "ഇസ്രായേൽ കടന്നുകയറ്റത്തിന്റെ കാര്യത്തിലും പലസ്തീനികളുടെ അവകാശത്തിന്റെ കാര്യത്തിലും അമേരിക്ക എവിടെ നിൽക്കുന്നു എന്നതിന്റെ ഒരു ദൃഷ്ടാന്തം മാത്രമാണിത്. ഇസ്രായേലികൾ ആയുധമില്ലാത്ത പലസ്തീനികൾക്കെതിരെ യുദ്ധക്കുറ്റങ്ങൾ ആവർത്തിക്കുകയാണ്. ഞങ്ങൾ ഇവിടെയാണ് ജീവിക്കുന്നത്. ഇനിയും ഇവിടെത്തന്നെ ജീവിക്കും. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നത് അവസാനിപ്പിക്കണം. ഇസ്രായേലിന് എടുത്തു കൊടുക്കാൻ ജെറുസലേം ഡോണൾഡ് ട്രംപിന്റെ നഗരമല്ല." -ഫാദൽ പറഞ്ഞു.

Next Story

Related Stories