Top

കുടിയേറ്റ വിരുദ്ധതയെ മുതലെടുത്ത് വളരാൻ ശ്രമിക്കുന്ന നിയോ നാസികൾ; തീവ്രവലത് ആശയങ്ങൾക്ക് ജർമൻ ജനത വീണ്ടും വഴങ്ങുമോ?

കുടിയേറ്റ വിരുദ്ധതയെ മുതലെടുത്ത് വളരാൻ ശ്രമിക്കുന്ന നിയോ നാസികൾ; തീവ്രവലത് ആശയങ്ങൾക്ക് ജർമൻ ജനത വീണ്ടും വഴങ്ങുമോ?
ജർമനിയിൽ നിയോ നാസി പാർട്ടികൾ ഇടം പിടിച്ചെടുക്കുകയാണ്. രാജ്യത്ത് നിലവിലുള്ളവയിൽ ഏറ്റവും പഴക്കമുള്ള തീവ്രവലത് രാഷ്ട്രീയ സംഘടനയായ നാഷണൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിലാണ് നിയോ നാസി പ്രസ്ഥാനം മുന്നേറ്റം നടത്തുന്നത്. കഴിഞ്ഞ വർഷം, ഈ കക്ഷിയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് നൽകപ്പെട്ട ഹരജികളെ ജർമനിയുടെ പരമോന്നത കോടതി തള്ളിയിരുന്നു. ആശയഗതികൾ ഭരണഘടനാ വിരുദ്ധമാണെങ്കിലും ഇവർ ജനാധിപത്യത്തിന് ഭീഷണിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നിരോധന ആവശ്യം തള്ളിയത്.

മറ്റൊരു തീവ്രവലത് കക്ഷിയായ ആൾട്ടർനേറ്റീവ് ഫോർ‌ ജർമനി തെരഞ്ഞെടുപ്പുകളിൽ തരക്കേടില്ലാത്ത മുന്നേറ്റം നടത്തുന്ന സാഹചര്യവുമുണ്ട്. വിദൂരമല്ലാത്ത ഭൂതകാലത്തിൽ ജർമനി കടന്നുപോന്ന തീവ്രവലത് രാഷ്ട്രീയ കാലാവസ്ഥയുടെ സംസ്കാരം ജനങ്ങളിൽ ഇപ്പോഴും ഉറങ്ങിക്കിടപ്പുണ്ടെന്നും അത് വളർച്ചയ്ക്കു വേണ്ടി തുടിക്കുകയാണെന്നും ആശങ്കകളുയരുന്നുണ്ട്.

ഇക്കഴിഞ്ഞ ദിവസങ്ങളിൽ എയ്ഷ്ഫീൽഡ് ഡേ ഫെസ്റ്റിവലിനുണ്ടായ പങ്കാളിത്തത്തെക്കുറിച്ച് സെപ്തംബർ 26ന് ന്യൂയോർക്ക് ടൈംസിൽ ജോൺ എലിഗൺ എഴുതിയ ലേഖനവും നിയോ നാസി പ്രസ്ഥാനത്തിന്റെ വളർച്ചയെക്കുറിച്ചാണ് പറയുന്നത്. കുടിയേറ്റക്കാര്‍ക്കെതിരായ മുദ്രാവാക്യങ്ങളാണ് കുടുംബസമേതം ആളുകൾ പങ്കെടുത്ത ഈ ഫെസ്റ്റിവലിൽ മുഴങ്ങിയത്.

വെളുത്തവരുടെ കരുത്തിനെക്കുറിച്ചും കുടിയേറ്റ വഞ്ചകരെക്കുറിച്ചുമെല്ലാമുള്ള വചനങ്ങളാണ് ഉത്സവത്തിൽ പങ്കെടുത്തവരുടെ ടി ഷർട്ടുകളിലും ബ്രോഷറുകളിലുമെല്ലാം എഴുതി വെച്ചിരുന്നത്. നാഷണൽ ഡെമോക്രാറ്റിക് പാർട്ടി സംഘടിപ്പിക്കുന്ന കൂട്ടായ്മയാണ് എയ്ഷ്ഫീൽഡ് ഡേ.

കിഴക്കൻ ജർമനിയിൽ ഈ കക്ഷി അടുത്തകാലത്ത് നടത്തിയ അക്രമം നിറഞ്ഞ പ്രകടനങ്ങൾ ലോകശ്രദ്ധയിൽ വന്നിരുന്നു. വംശീയമായ ഐഡന്റിറ്റി, കുടിയേറ്റം തുടങ്ങിയ തീവ്രവലത് വിഷയങ്ങൾ ഇവർ പൊതുചർച്ചയിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.

2015 മുതൽ ജർമനി വളരെ ഉദാരമായ രീതിയിൽ അഭയാർത്ഥികളെയും കുടിയേറ്റക്കാരെയും സ്വീകരിച്ചിരുന്നു. ഒരു ദശലക്ഷത്തോളം വരുന്നയാളുകൾ ജർമനിയിൽ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ അത‍ൃപ്തിയുള്ളവരെ ഒരുമിപ്പിക്കാൻ തീവ്രവലത് കക്ഷികൾക്ക് സാധിക്കുന്നുണ്ട്. കുടിയേറ്റത്തിനെതിരായി നിരവധി പരിപാടികളാണ് ഇവർ സംഘടിപ്പിക്കുന്നത്. റോക്ക് സംഗീത കച്ചേരികൾ അടക്കമുള്ള പരിപാടികളിലൂടെ തങ്ങളുടെ സന്ദേശം പരത്താൻ ഇവർ ശ്രമിക്കുന്നുണ്ട്.

സംഗീതത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും തങ്ങളുടെ തീവ്ര ആശയഗതികൾ പ്രചരിപ്പിക്കുകയാണിവരെന്ന് ഇടതുപക്ഷ രാഷ്ട്രീയ നേതാക്കൾ പറയുന്നു. വെറുപ്പും വിദ്വേഷവും സംഗീതത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും പരോക്ഷമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.

എയ്ഷ്ഫീൽഡ് ഡേയിൽ പങ്കെടുക്കാൻ മുൻകാലങ്ങളെ അപേക്ഷിച്ച് കുറച്ചുപേർ മാത്രമേ ഇത്തവണ എത്തിയുള്ളൂ. ഇത് ആശ്വാസകരമെന്ന് കരുതാൻ വയ്യ. തീവ്രവലത് ആശയഗതിക്കാരായ ആളുകൾ അതേദിവസം കെമ്നിറ്റ്സ് നഗരത്തിൽ നടക്കുന്ന കുറെക്കൂടി വലിയ പ്രകടനത്തിൽ പങ്കെടുക്കാൻ പോയതുകൊണ്ടാണ് പങ്കാളിത്തം കുറഞ്ഞത്.

തീവ്രവലത് ആശയഗതിക്കാരുടെ പ്രകടനങ്ങളെ ഭീതിയോടെ കാണുന്നവരും ധാരാളമാണ്. ഒരുപക്ഷെ, ഇവരായിരിക്കാം ഭൂരിപക്ഷം. എന്നാൽ അവഗണിക്കാനാവാത്ത ഒരു മുന്നേറ്റമായി നിയോ നാസി പ്രസ്ഥാനം മാറുന്നുണ്ടോയെന്ന് സന്ദേഹിക്കാവുന്നതാണ്.

Next Story

Related Stories