മാമ്മോത്തുകളുടെ കൊമ്പിനു വേണ്ടിയുള്ള 'നിധിവേട്ട'യെക്കുറിച്ചാണ് വടക്കന്‍ റഷ്യയിലെ സാമൂഹ്യപ്രവര്‍ത്തകരും അധികൃതരും മുന്നറിയിപ്പ് നല്‍കുന്നത്. ചൈനീസ് വിപണികളില്‍ വലിയ വിലയ്ക്ക് വില്‍ക്കാനായി മാമ്മോത്തുകളുടെ ശരീരാവശിഷ്ടങ്ങള്‍ തേടിയുള്ള പര്യവേക്ഷകരുടെ കുഴിവെട്ടലുകളാണ് കാടുകളില്‍ നടക്കുന്നത്.
ഉയര്‍ന്ന തണുപ്പിലുറഞ്ഞു കിടന്നിരുന്ന മണ്ണ് ആഗോളതാപനത്താല്‍ ഉരുകിത്തുടങ്ങിയിട്ടുണ്ട്. ഇതാണ് മാമ്മോത്ത് അവശിഷ്ടങ്ങള്‍ തേടി നടക്കുന്നവര്‍ക്ക് ആവേശം ഉണ്ടാക്കിയിരിക്കുന്നത്. എളുപ്പത്തില്‍ ഇവ കുഴിച്ചെടുക്കാന്‍ സാധിക്കുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് വംശനാശം സംഭവിച്ച ഈ ജീവികളുടെ അവശിഷ്ടങ്ങള്‍ക്ക് ചൈനീസ് വിപണിയില്‍ വന്‍ ആവശ്യക്കാരുണ്ട്. ആഭരണങ്ങളായും അലങ്കാരവസ്തുക്കളായും കത്തികളായുമെല്ലാം ഇവ തിരിച്ച് ആഗോളവിപണിയിലെത്തുന്നു.
റഷ്യന്‍ ഉദ്യോഗസ്ഥര്‍ പറയുന്നതു പ്രകാരം വര്‍ഷാവര്‍ഷം ശരാശരി 350 കോടിയുടെ വ്യാപാരമാണ് ഈ മേഖലയില്‍ റഷ്യയില്‍ നടക്കുന്നത്. റഷ്യയിലെ യാകൂതിയ മേഖലയില്‍ നിന്നാണ് മാമ്മോത്ത് അവശേഷിപ്പ് കച്ചവടത്തിന്റെ 80 ശതമാനവും നടക്കുന്നത്. ഇതിന്റെ വലിയൊരു ഭാഗവും അനധികൃത കച്ചവടമാണ്.
മാമ്മോത്ത് അവശിഷ്ടങ്ങള്‍ തിരയുന്ന പ്രക്രിയയെ നിയമക്രമത്തിനുള്ളിലേക്ക് കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിട്ടുണ്ടെന്നാണ് യാകൂതിയ മേഖലയിലെ ഒരു സര്‍ക്കാരുദ്യോഗസ്ഥനായ വ്ലാദ്മിര്‍ പ്രോകേപ്യേവ് പറയുന്നത്. ഈ ബിസിനസ്സ് പ്രദേശവാസികള്‍ക്കുണ്ടാക്കുന്ന ഭീഷണികള്‍ വളരെ വലുതാണ്. ഇതോടൊപ്പം പ്രദേശവാസികളുടെ അവകാശങ്ങളുടെ നിഷേധവും നടക്കുന്നു. മാമ്മോത്ത് കൊമ്പുകള്‍ ജീവിതാവശ്യത്തിനായി ശേഖരിച്ച് വില്‍ക്കാനുള്ള സാമാന്യമായ അവകാശം ഇവര്‍ക്ക് കിട്ടേണ്ടതുണ്ട്. എന്നാല്‍ കാര്യങ്ങള്‍ അത്തരം ചെറിയതരം ഖനനങ്ങളില്‍ ഒതുങ്ങുന്നില്ല.
പ്രദേശത്ത് ഖനനങ്ങള്‍ക്കായി സ്ഥാപനങ്ങള്‍ പലത് പ്രവര്‍ത്തിക്കുന്നുണ്ട്. വേനല്‍ക്കാലങ്ങളില്‍ ഇവര്‍ നദികളില്‍ വരെ ഊളിയിട്ടു ചെന്ന് തിരച്ചിലുകള്‍ സംഘടിപ്പിക്കുന്നു. മോട്ടോര്ബോട്ടുകളില് മാത്രം ചെന്നെത്താന്‍ കഴിയുന്ന പ്രദേശങ്ങളിലെല്ലാം ഇവര്‍ ചെന്നുപറ്റി വലിയ തോതില്‍ ഖനനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഇതുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതങ്ങള്‍ വളരെ വലുതാണ്.
മാമ്മോത്ത് കൊമ്പുകളുടെ വില്‍പ്പന സംബന്ധിച്ച് നിയമനിര്‍മാണം നടത്തണമെന്ന നിര്‍ദ്ദേശം ഫെഡറല്‍ സര്‍ക്കാരി മുമ്പില്‍ യാകൂതിയ അധികൃതര്‍ വെച്ചിട്ടുണ്ട്. വര്‍ഷത്തില്‍ 100 ടണ്‍ എന്ന നിരക്കില്‍ ഉല്പാദനം വര്‍ധിക്കുകയും ചൈനീസ് കച്ചവടക്കാര്‍ ഇവ പ്രാദേശിക പര്യവേക്ഷകരില്‍ നിന്നും നേരിട്ട് വാങ്ങുകയും ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങള്‍ വളര്‍ന്നിട്ടുണ്ട്.
ആഫ്രിക്കന്‍ ആനകളെ കൊന്നുമുടിച്ച് എത്തിക്കുന്ന കൊമ്പുകള്ക്കൊരു ന്യായമുള്ള ബദലെന്ന നിലയില്‍ ചൈന ഈ കച്ചവടത്തെ പിന്തുണയ്ക്കുന്നുണ്ട്. യാകൂതിയയില് ഇനിയും 5 ലക്ഷം ടണ്ണോളം മാമ്മോത്ത് അവശിഷ്ടങ്ങളുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2018ല്‍ മാത്രം 100 ടണ്‍ മാമ്മോത്ത് അവശിഷ്ടങ്ങള്‍ ഖനനം ചെയ്തെടുക്കപ്പെട്ടിട്ടുണ്ടെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നൂറായിരക്കണക്കിന് മാമ്മോത്തുകള്‍ റഷ്യയുടെ വടക്കന്‍ മേഖലകളില്‍ ജീവിച്ചിരുന്നിരിക്കാമെന്നാണ് കരുതപ്പെടുന്നത്. ഏതാണ്ട് പതിനായിരം കൊല്ലങ്ങള്‍ക്കു മുമ്പ് അവയ്ക്ക് വംശനാശം സംഭവിച്ചു. മാമ്മോത്തുകളുടെ അവശേഷിപ്പുകളുടെ കച്ചവടം സംബന്ധിച്ച് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സംഘടിതമായ ശ്രമങ്ങള്‍ക്കും ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്.
പ്രാദേശികമായി മാമ്മോത്ത് അവശിഷ്ടങ്ങളെ തെരയുന്നവര്‍ ചെയ്യുന്ന ദ്രോഹങ്ങള്‍ സംബന്ധിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ ഇതിനകം വന്നിട്ടുണ്ട്. ഇക്കൂട്ടരെ എതിര്‍ക്കുന്നവരെയെല്ലാം വന്‍തോതില്‍ ഖനനം നടത്തുന്നവരുടെ അനുയായികളായി ചിത്രീകരിക്കുകയാണ് പ്രാദേശിക ഉദ്ഖനനക്കാര്.
മാമ്മോത്ത് അവശിഷ്ടങ്ങള്‍ക്കായുള്ള ഉദ്ഘനനം ആനകള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയുമെന്നാണ് റഷ്യ കരുതുന്നത്. കൂടാതെ റഷ്യയെ തന്റെ മേഖലയിലെ ഒരു കുത്തകയാക്കിത്തീര്‍ക്കാന്‍ ഇതിന് പറ്റുമെന്നാണ് കരുതേണ്ടത്.