TopTop
Begin typing your search above and press return to search.

നാം സൂക്ഷിക്കണം; ലോക ഹൃദയ ദിനത്തില്‍ മലയാളി ഓര്‍മ്മിക്കേണ്ടത്

നാം സൂക്ഷിക്കണം; ലോക ഹൃദയ ദിനത്തില്‍ മലയാളി ഓര്‍മ്മിക്കേണ്ടത്

ഡോ: ഇ വി ജോണ്‍
എം എസ്, എംസിഎച്ച്, ഡിഎന്‍ബി (സിവിടിഎസ്)

ആരോഗ്യരംഗത്ത് കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ്. ശിശുമരണ നിരക്ക്, സാംക്രമിക രോഗനിവാരണം തുടങ്ങി അനവധി ആരോഗ്യനിലവാര സൂചികകളില്‍ ചില വികസിത രാജ്യങ്ങളോടൊപ്പം നാം എത്തിയിരിക്കുന്നു. എന്നാല്‍ നമ്മുടെ ഹൃദയാരോഗ്യത്തിന്‍റെ കാര്യമോ? കേരളം നേരിടുന്ന ഹൃദയാരോഗ്യ പ്രശ്നങ്ങളേയും അതിനെ നേരിടേണ്ട മാര്‍ഗങ്ങളെയും കുറിച്ചുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി ലോകഹൃദയദിനത്തോടനുബന്ധിച്ച് സണ്‍റൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിന്റെ ഭാഗമായ കാക്കനാട് സണ്‍റൈസ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ വാക്കത്തോണും ബൈക്കത്തോണും സംഘടിപ്പിക്കുകയുണ്ടായി. സണ്‍റൈസ് ആശുപത്രിയിലെ കാര്‍ഡിയോ വാസ്കുലാര്‍ സര്‍ജറി വിഭാഗം തലവനും സീനിയര്‍ കണ്‍സള്‍ട്ടന്‍റുമായ ഡോ. ഇ വി ജോണ്‍ കേരളീയര്‍ നേരിടുന്ന ഹൃദയാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് എഴുതുന്നു.

ജീവിതശൈലി രോഗങ്ങളാണ് കേരളത്തിന്റെ ഏറ്റവും പുതിയ ശത്രു. പ്രമേഹം, അതിരക്തസമ്മര്‍ദ്ദം, വിഷാദരോഗം, അമിതവണ്ണം എന്നിവ കേരളത്തെ തുറിച്ചുനോക്കുന്ന ചില പ്രധാന ആരോഗ്യ പ്രശ്‌നങ്ങളാണ്.

ഇതിനു പുറമെ വ്യായാമക്കുറവും പുകവലിയും ചെറുപ്പക്കാരില്‍ കൂടിവരുന്നുണ്ട്. അപകടകാരികളായ ഈ ഘടകങ്ങളുടെ ഗുരുതരമായ പ്രത്യഘാതമാണ് ഇന്ന് കേരളത്തില്‍ കണ്ടുവരുന്ന മാരകമായ ഹൃദ്രോഗസാധ്യത.

പുകവലി ഹൃദ്രോഗസാധ്യത അനേകമടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. പുകയിലയിലെ നിക്കോട്ടിനാണ് രക്തക്കുഴലുകളുടെ ഭിത്തികളില്‍ ക്ഷതമുണ്ടാക്കുന്നത്. പുകവലിക്കുന്നവര്‍ അവരുടെ മാത്രമല്ല ചുറ്റുമുള്ളവരുടെ ആരോഗ്യത്തിനും ഭീഷണിയാണ്. ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത് സ്ഥിരമായി പുകവലിക്കുന്ന ഒരാളുടെ ആയുസ്സില്‍ 10 മുതല്‍ 15 വര്‍ഷം വരെ കുറവുണ്ടാകുമെന്നാണ്.

കുട്ടികളിലും യുവാക്കളിലും വ്യായാമം കുറയുന്നതും ഹൃദ്രോഗസാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട് . പഠനഭാരം, ജോലി സമ്മര്‍ദ്ദങ്ങള്‍, ഇലക്‌ട്രോണിക്‌സ് മാധ്യമങ്ങളോടുള്ള അമിതമായ ആകര്‍ഷണം എന്നിവയാണ് ഇന്ന് നമ്മുടെ പുതിയ തലമുറയെ വ്യായാമത്തില്‍ നിന്ന് അകറ്റുന്നത്. ഹൃദയവ്യായാമം ചെയ്യുന്നവര്‍പോലും ആരോഗ്യപരിപാലനത്തില്‍ അതിന്റെ വ്യക്തമായ പങ്കിനെക്കുറിച്ച് ബോധവാന്‍മാരല്ല.

ഫലം- കുട്ടികളിലും യുവാക്കളിലും അമിതവണ്ണം,പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയവ കേരളത്തില്‍ സര്‍വ്വസാധാരണമാകുന്നു. ഇവര്‍ മധ്യവയസ്സിലേക്ക് കടക്കുമ്പോള്‍ ഹൃദ്രോഗസാധ്യത വളരെകൂടുതലാണ്.

മാനസിക സമ്മര്‍ദ്ദമാണ് മറ്റൊന്ന്. ഇത് ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. മാനസികസമ്മര്‍ദ്ദം അതിരക്തസമ്മര്‍ദ്ദത്തിനും ഒരു കാരണമാണ്.ഹൃദ്രോഗ സാധ്യതകള്‍ എങ്ങിനെ അറിയാം
1. നിങ്ങള്‍ 40 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണോ?
2. നിങ്ങളുടെ കുടുംബത്തില്‍ (മാതാപിതാക്കള്‍, സഹോദരിസഹോദരന്മാര്‍) പ്രമേഹത്തിന്റെയോ ഹൃദ്രോഗത്തിന്റെയോ പാരമ്പര്യമുണ്ടോ?
3. നിങ്ങളുടെ ബിഎംഐ 25ല്‍ കൂടുതലാണോ?
4. നിലവില്‍ നിങ്ങള്‍ക്ക് പ്രമേഹം, അതിരക്തസമ്മര്‍ദ്ദം, അമിത കൊളസ്‌ട്രോള്‍ എന്നിവയുണ്ടോ?
5. നിങ്ങളുടെ ഒരാഴ്ചയിലെ വ്യായാമ സമയം 3 മണിക്കൂറില്‍ കുറവാണോ?

മുകളില്‍ കൊടുത്തിരിക്കുന്ന ചോദ്യങ്ങളില്‍ രണ്ടെണ്ണത്തിനെങ്കിലും ഉത്തരം അതേ എന്നാണെങ്കില്‍ നിങ്ങളുടെ ഹൃദ്രോഗസാധ്യത വളരെ കൂടുതലാണ് എന്ന് കരുതാം.

എങ്ങിനെ തടയാം
1. ഹൃദ്രോഗ സാധ്യതയും കാരണങ്ങളും അറിയുക
2. 40 വയസ്സിനു മുകളിലുള്ളവര്‍ ഹൃദയരോഗപരിശോധന വര്‍ഷത്തില്‍ ഒരിക്കലെങ്കിലും നടത്തുക.
3. പ്രമേഹം, അതിരക്തസമ്മര്‍ദ്ദം, അമിത കൊളസ്‌ട്രോള്‍ എന്നിവ ഉണ്ടെങ്കില്‍ വിദഗ്ധ ചികിത്സയിലൂടെ അവയെ നിയന്ത്രിക്കുക.
4. വ്യായാമം ദിനചര്യയാക്കുക. കുട്ടികള്‍ ഒരു മണിക്കൂര്‍ കളിക്കണം, യുവാക്കളും മുതിര്‍ന്നവരും അരമണിക്കൂറെങ്കിലും നടക്കണം(മൂന്നു കിലോമീറ്റര്‍ 50 മിനിട്ടില്‍). വ്യായാമം സ്‌കൂളിലും ജോലിസ്ഥലത്തും നിര്‍ബന്ധമാക്കുക.
5.ഭക്ഷണത്തില്‍ മുഴുവന്‍ ധാന്യങ്ങളും പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ധാരാളമായി ഉള്‍പ്പെടുത്തുക. ബീഫ്,മട്ടണ്‍ എന്നിവ മാസത്തില്‍ ഒരിക്കല്‍ മാത്രം. വറുത്തതും പൊരിച്ചതും പരമാവധി ഒഴിവാക്കുക.
6. ദിവസവും രണ്ടു ലിറ്റര്‍ വെള്ളം കുടിക്കുക.
7. മാനസികസമ്മര്‍ദ്ദം കുറയ്ക്കാനുള്ള ലളിതമായ മാര്‍ഗ്ഗങ്ങള്‍ അറിയുക.അവ ജീവിതത്തിന്റെ ഭാഗമാക്കുക. കുടുംബവുമൊത്ത് ഒരു മണിക്കൂറെങ്കിലും ചെലവഴിക്കുക. യോഗയും ധ്യാനവും മാനസിക പിരിമുറുക്കം കുറയ്ക്കുന്നു. സംഗീതവും അത്യുത്തമം.

ഹൃദ്രോഗ സാധ്യതകളെ പറ്റിയുള്ള അവബോധവും പ്രതികൂല ഘടകങ്ങളുടെ നിയന്ത്രണവും വഴി എണ്‍പത് ശതമാനം ഹൃദയാഘാതങ്ങളും തടയാനാവുമെന്നാണ് പ്രധാന പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതു തന്നെയാണ് ആരോഗ്യഹൃദയാന്തരീക്ഷം(healthy heart enviornment) എന്ന സന്ദേശം കൊണ്ട് അര്‍ത്ഥമാക്കുന്നത്.

(എറണാകുളം സണ്‍റൈസ് ആശുപത്രിയിലെ കാര്‍ഡിയോ വാസ്കുലാര്‍ സര്‍ജറി വിഭാഗം തലവനും സീനിയര്‍ കണ്‍സള്‍ട്ടന്‍റുമാണ് ഡോ. ഇ വി ജോണ്‍. e-mail:john1ev@hotmail.com, http://www.sunrisehospital.co.in/)


Next Story

Related Stories