Top

പ്രക്ഷോഭം ശക്തം: ഹോങ്കോങ് വിമാനത്താവളം അടച്ചു; ആശങ്ക പ്രകടിപ്പിച്ച് അന്താരാഷ്ട്ര സമൂഹം

പ്രക്ഷോഭം ശക്തം: ഹോങ്കോങ് വിമാനത്താവളം അടച്ചു; ആശങ്ക പ്രകടിപ്പിച്ച് അന്താരാഷ്ട്ര സമൂഹം
ഹോങ്കോങ്ങിൽ 'ജനാധിപത്യവാദികളു'ടെ പ്രക്ഷോഭം കനത്തതോടെ 200-ലേറെ വിമാന സര്‍വീസുകള്‍ റദ്ദു ചെയ്യുകയും ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെടുകയും ചെയ്തു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഹോങ്കോങ്ങിൽ നിന്നും പുറപ്പെടുന്ന എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. എല്ലാ യാത്രക്കാരോടും ടെർമിനൽ ബിൽഡിങ്ങിൽ നിന്നും ഇറങ്ങാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

തെരുവിലിറങ്ങിയ ആയിരക്കണക്കിനു പ്രക്ഷോഭക്കാരും പൊലീസുമായി പലയിടത്തും ഏറ്റുമുട്ടി. മൂന്നാംദിവസവും സമരക്കാര്‍ക്കു നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പ്രക്ഷോഭം ഹോങ്കോങ്ങിന്റെ സുസ്ഥിരതയെയും സമൃദ്ധിയെയും ഹനിക്കുകയാണെന്ന് അധികാരികൾ പറയുന്നു. ക്രമസമാധാനം പാലിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും രാജ്യത്തിന്റെ ചീഫ് എക്‌സിക്യുട്ടീവ് കാരി ലാം മുന്നറിയിപ്പ് നല്‍കി.

ഹോങ്കോങ്ങിനെ പാതാളത്തിലേക്ക് തള്ളിവിടരുതെന്ന് പ്രക്ഷോഭകരോട് ചീഫ് എക്‌സിക്യുട്ടീവ് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് അവര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഏറെ വൈകാരികമായാണ് അവർ സംസാരിച്ചത്. ഹോങ്കോംഗ് ‘അപകടകരമായ ഒരു അവസ്ഥയിലെത്തിയിരിക്കുകയാണെന്നും, അക്രമങ്ങള്‍ പിന്നീടൊരു തിരിച്ചുവരവിന് അവസരം തരാത്തവണ്ണം പാതാളത്തിലാഴ്ത്തുമെന്നും’ അവര്‍ പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ പലപ്പോഴും പകച്ചുപോയ കാരി ലാം ആക്രോശത്തോടെയാണ് പല ചോദ്യങ്ങളോടും പ്രതികരിച്ചത്. ബഹുജന പ്രതിഷേധം 10 ആഴ്ചയോളമായി നഗരത്തെ പിടിച്ചുകുലുക്കാന്‍ തുടങ്ങിയിട്ട്. വിവാദമായ കുറ്റവാളി കൈമാറ്റ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് മാസം മുമ്പാണ് പ്രതിഷേധം തുടങ്ങിയത്. ചൈനയ്ക്ക് കുറ്റവാളികളെ കൈമാറുന്നതിന് വ്യവസ്ഥ വെക്കുന്ന ഈ നിയമം രാജ്യത്തിന്റെ ജനാധിപത്യ പരിസരത്തെ ഇല്ലാതാക്കുമെന്നാണ് പ്രക്ഷോഭകർ പറയുന്നത്. നിയമം പിന്‍വലിച്ചെങ്കിലും ചീഫ് എക്‌സിക്യുട്ടീവ് കാരി ലാം രാജിവെയ്ക്കണമെന്നും പൊലീസ് ക്രൂരതയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയായിരുന്നു. ഇപ്പോഴത് ചൈനയില്‍ നിന്നും കൂടുതല്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന തരത്തിലുള്ള പ്രസ്ഥാനമായി പരിണമിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഒരാഴ്ചയായി ഹോങ്കോങ്ങിലെ സ്ഥിതിഗതികള്‍ അപകടകരമായ ഒരു അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചത് തന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്ന് കാരി ലാം പറഞ്ഞു. ജനാധിപത്യ പ്രക്ഷോഭകര്‍ കുത്തിയിരിപ്പു സമരം നടത്തിയതിനെ തുടർന്ന് ലോകത്തിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളില്‍ ഒന്നായ ഹോങ്കോംഗ് വിമാനത്താവളം അടച്ചിടേണ്ടി വന്നിരിക്കുകയാണ്. ഇതോടെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും, ഓസ്‌ട്രേലിയയുടെ സ്‌കോട്ട് മോറിസണും ആശങ്ക പ്രകടിപ്പിച്ചു രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

Next Story

Related Stories