UPDATES

വിദേശം

തുറമുഖങ്ങളിൽ നിന്ന് ഹൂതി വിമതർ പിൻവാങ്ങുന്നു; ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ നീക്കങ്ങൾ വിജയത്തിലേക്ക്?

യമനിലെ പ്രധാന തുറമുഖങ്ങളില്‍ നിന്ന് ഹൂതി വിമതര്‍ പിന്‍വാങ്ങുന്നു. കഴിഞ്ഞ വർഷം അംഗീകരിച്ച വെടിനിർത്തൽ കരാറിന്‍റെ ഭാഗമായി ഉണ്ടായ സുപ്രധാനമായ പുരോഗതിയാണിത്. ഹുദൈദ അടക്കമുള്ള തന്ത്രപ്രധാന തുറമുഖ നഗരങ്ങളില്‍ നിന്നാണ് ഹൂതി വിമതര്‍ പിന്‍വാങ്ങുന്നത്.

പടിഞ്ഞാറൻ ഹുദൈദയുടെ ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്നുള്ള പിന്മാറ്റ ഉടമ്പടിയില്‍ ഇരു വിഭാഗവും കഴിഞ്ഞ ഡിസംബറിൽ ഒപ്പുവച്ചിരുന്നു. എന്നാല്‍ ഇരുകൂട്ടര്‍ക്കും പരസ്പര വിശ്വാസം ഇല്ലാതിരുന്നതിനാല്‍ അത് പ്രാവര്‍ത്തികമാകാന്‍ രണ്ടുമാസം സമയമെടുത്തു. നാലു വര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാന്‍ യുഎനിന്‍റെ മധ്യസ്ഥതയില്‍ നടന്ന ശ്രമങ്ങളാണ് വിജയം കാണുന്നത്. ഹുദൈദ തുറമുഖം പൂര്‍ണ്ണമായും സംഘര്‍ഷമുക്തമാകുന്നതിലൂടെ യമനിലെ ഭക്ഷ്യ പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരം കാണാനാകും.

സൗദി പിന്തുണയോടെ വിമതര്‍ക്കെതിരെ യുദ്ധം ചെയ്യുന്ന സഖ്യസേന രണ്ടുതവണ ഹുദൈദ തുറമുഖം പിടിച്ചെടുക്കാന്‍ ശ്രമം നടത്തിയിരുന്നു. ആയുധങ്ങളും വെടിക്കോപ്പുകളും കടത്താന്‍ ഹൂതികള്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു അത്. ഹൂതികള്‍ക്ക് സര്‍വ്വ പിന്തുണയും നല്‍കുന്നത് ഇറാനാണ്. ആഭ്യന്തരയുദ്ധംമൂലം പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും, രാജ്യം കടുത്ത ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തിരുന്നു. യുദ്ധമുണ്ടാക്കിയ ഭക്ഷ്യക്ഷാമം മൂലം ലക്ഷക്കണക്കിന് കുഞ്ഞുങ്ങളാണ് യമനില്‍ മരിച്ചത്.

ഹുദൈദാ പട്ടണത്തിനു പുറത്ത് നിലയുറപ്പിച്ചിരിക്കുന്ന സര്‍ക്കാര്‍ സേനയാണ് ഇനി പിന്മാറേണ്ടത്. ഹുദൈദ, സലീഫ്, റാസ് ഇസ എന്നീ മൂന്നു തുറമുഖങ്ങളില്‍ നിന്നാണ് ഹൂതി വിമത സായുധ സംഘം പിന്മാറുന്നതെന്നും നാല് ദിവസത്തിനകം ഇത് പൂര്‍ത്തീകരിക്കുമെന്നും യു.എന്‍ അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ നിരീക്ഷകര്‍ ഹൂതി വിമതരുടെ താവളങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. നവംബറിലാണ് വെടിനിർത്തൽ പ്രഖ്യാപനം ഹൂതികളുടെ ഭാഗത്ത് നിന്നുണ്ടായത്. യു.എൻ നേതൃത്വത്തിലുള്ള സമാധാന ശ്രമങ്ങൾക്ക് സൗദി നേതൃത്വം നൽകുന്ന അറബ് സഖ്യസേന എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍