TopTop
Begin typing your search above and press return to search.

ഇറ്റലിയില്‍ ഇടതുപക്ഷ-ജനകീയ രാഷ്ട്രീയബദല്‍ തരംഗമാകുന്നു

ഇറ്റലിയില്‍  ഇടതുപക്ഷ-ജനകീയ രാഷ്ട്രീയബദല്‍ തരംഗമാകുന്നു

യുകെയില്‍ ജെറമി കോര്‍ബിന്റെ നേതൃത്വത്തില്‍ അരങ്ങേറുന്ന മൊമന്റം പ്രസ്ഥാനത്തിലും ലേബര്‍ പാര്‍ട്ടിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പരിവര്‍ത്തനങ്ങളിലും അകൃഷ്ടരായി, ഇറ്റലിയിലെ ഒരു സംഘം യുവാക്കള്‍ 'അധികാരം ജനങ്ങള്‍ക്ക്' എന്നൊരു പുതിയ പ്രസ്ഥാനത്തിന് രൂപം കൊടുത്തിരിക്കുന്നു. കഴിഞ്ഞ മാസം റോമില്‍ നടന്ന ഒരു യോഗത്തില്‍ രൂപീകരിച്ച സംഘടന ഇപ്പോള്‍ രാജ്യത്തെമ്പാടുമുള്ള 90 നഗരങ്ങളിലും പട്ടണങ്ങളിലും സാനിധ്യം അറിയിച്ചു കഴിഞ്ഞു. മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള പശ്ചാത്തലം ഒരുക്കുന്നതിനായി നഗരങ്ങളിലും പട്ടണപ്രദേശങ്ങളിലും പൊതുസഭകള്‍ സംഘടിപ്പിച്ച് മുന്നേറുകയാണ് ഈ സംഘടന ഇപ്പോള്‍.

മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ യൂവാക്കളെ വഞ്ചിക്കുകയും തൊഴിലുകള്‍ അനിശ്ചിതത്വത്തിലാക്കി ജീവിതനിലവാരം താഴ്ത്തുന്നതുമെല്ലാം സംഘടനയുടെ പിറവിക്ക് കാരണമായിട്ടുണ്ട്. അങ്ങനെയാണ് യുവാക്കളെ ഉത്തേജിപ്പിക്കുന്നതിനായി യുകെയില്‍ കോര്‍ബിന്റെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി നടപ്പിലാക്കുന്ന മൊമന്റത്തില്‍ ആകൃഷ്ടരായ യുവാക്കള്‍ പുതിയ പ്രസ്ഥാനവുമായി രംഗത്തെത്തിയിരിക്കുന്നത്. മാറിമാറി വരുന്ന സര്‍ക്കാരുകളുടെ കമ്പോളാധിഷ്ടിത നടപടികളാണ് യുവാക്കളെയും തൊഴിലാളികളെയും സമരരംഗത്തേക്ക് തള്ളിവിടുന്നത്. ബെര്‍ലസ്‌കോണിയുടെ വലതുപക്ഷ സഖ്യം കൈക്കൊണ്ടതിനേക്കാള്‍ തീവ്രമായ നവലിബറല്‍ പരിഷ്‌കരണങ്ങളാണ് ഇപ്പോഴത്തെ മധ്യ-ഇടത് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഭരണത്തില്‍ കൈക്കൊള്ളുന്നത്. കുട്ടികളെ സ്‌കൂളില്‍ നിന്നും നിര്‍ബന്ധിച്ച് പുറത്തിറക്കി സൗജന്യമായി ജോലി ചെയ്യിക്കുകയും തൊഴിലാളി കമ്പോളത്തെ സ്വതന്ത്രമാക്കിക്കൊണ്ട് തൊഴില്‍ അനിശ്ചിതത്വത്തിലാക്കുകയും ഈ സര്‍ക്കാര്‍ ചെയ്തിരിക്കുന്നു. ചെറിയ കാലത്തേക്ക് യാതൊരു കരാര്‍ വ്യവസ്ഥകളും പാലിക്കാതെ ജീവനക്കാരെ നിയമിക്കാനാണ് കമ്പനികള്‍ താല്‍പര്യപ്പെടുന്നത്.

തൊഴിലില്ലായ്മ നിരക്ക് 35 ശതമാനമായി വര്‍ദ്ധിച്ച ഇറ്റലിയില്‍ കഴിഞ്ഞ തലമുറ അനുഭവിച്ചിരുന്ന ജീവിതനിലവാരത്തിലും കുത്തനെയുള്ള ഇടിവാണ് സംഭവിച്ചിരിക്കുന്നത്. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ കൈക്കൊണ്ട ചിലവ് ചുരുക്കല്‍ നയങ്ങളിലൂടെ തീവ്രവലതുപക്ഷത്തിന് വലിയ ജനപിന്തുണ ലഭ്യമായ പശ്ചാത്തലത്തിലാണ് യഥാര്‍ത്ഥ ഇടതുപക്ഷ നയങ്ങള്‍ നടപ്പിലാക്കണം എന്ന ആവശ്യവുമായി അധികാരം ജനങ്ങള്‍ക്ക് എന്ന പ്രസ്ഥാനം രംഗത്തെത്തുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രാദേശിക യോഗങ്ങളിലൂടെയും മൊമന്റം കൈവരിച്ച ജനപിന്തുണയാണ് തങ്ങള്‍ പ്രചോദനമായതെന്ന് നേപ്പിള്‍സില്‍ യോഗങ്ങള്‍ സംഘടിപ്പിക്കുന്ന ഗുലിയാനോ പറയുന്നു. ജീവനക്കാരുടെ സംഘടനയായ യുഎസ്ബി പോലെയുള്ളവയുടെ പിന്തുണയും ഈ പ്രസ്ഥാനത്തിനുണ്ട്. ഇവര്‍ക്ക് ഇറ്റലിയില്‍ അമിത ചൂഷണത്തിന് വിധേയരാകുന്ന അഞ്ചുലക്ഷം തൊഴിലാളികളുടെ പിന്തുണയുണ്ടെന്നാണ് അവകാശവാദം. സര്‍ക്കാരുകള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട കുടിയേറ്റ, പാര്‍പ്പിട പദ്ധതികളും സംഘടന ഏറ്റെടുക്കുന്നുണ്ട്. സാമൂഹ്യ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുകയാണ് സംഘടനയുടെ മറ്റൊരു ലക്ഷ്യം. അമിത പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള ഇടതുപക്ഷത്തെ പല പ്രമുഖരുടെ തീരുമാനവും സംഘടനയ്ക്ക് ഉത്തേജനം പകര്‍ന്നിട്ടുണ്ട്.

യൂറോപ്പില്‍ ജനകീയ ബദല്‍ നിര്‍മ്മിക്കുന്നതിനുള്ള സാധാരണക്കാരന്റെ ശ്രമമാണ് അധികാരം ജനങ്ങള്‍ക്ക് പ്രസ്ഥാനമെന്ന ലാ ഫ്രാന്‍സ് ഇന്‍സൗമിസെ പ്രസ്ഥാനത്തിന്റെ നേതാവ് ഴാങ്-ലൂക് മെലെന്‍കോ പറഞ്ഞു. ഇറ്റലിയില്‍ ഭരണം നടത്തുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയും ഗ്രീസില്‍ അലക്‌സിസ് തിപ്രാസിന്റെ നേതൃത്വത്തിലുള്ള ഭരണവും ജനങ്ങളുടെ പ്രതീക്ഷകളെ ഒറ്റികൊടുത്തിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ യുകെയില്‍ ജൂണില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി ഉണ്ടാക്കിയ ചലനമൊന്നും പെട്ടെന്നുണ്ടാക്കാന്‍ അധികാരം ജനങ്ങള്‍ക്ക് പ്രസ്ഥാനത്തിന് സാധിക്കില്ലന്ന് ചൂണ്ടിക്കാണിക്കുന്നു. അതെസമയം വരുന്ന 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇറ്റാലിയന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി മാറാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികാരം ജനങ്ങള്‍ക്ക് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍.


Next Story

Related Stories