TopTop
Begin typing your search above and press return to search.

ചൈനയുടെ സഹായം തേടുമോ? പാകിസ്താനെ പുനർനിർമിക്കാൻ വിദേശവിദഗ്ധരടങ്ങിയ സമിതിയുമായി ഇമ്രാൻ ഖാൻ

ചൈനയുടെ സഹായം തേടുമോ? പാകിസ്താനെ പുനർനിർമിക്കാൻ വിദേശവിദഗ്ധരടങ്ങിയ സമിതിയുമായി ഇമ്രാൻ ഖാൻ
കടത്തിൽ കുടുങ്ങിയ പാകിസ്താന്റെ സാമ്പത്തിക വ്യവസ്ഥയെ പുനരുദ്ധരിക്കാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിദേശവിദഗ്ധരുടെ സഹായം തേടുന്നു. പുതുതായി രൂപീകരിച്ച സാമ്പത്തികോപദേശക സമിതിയിൽ (Economic Advisory Council) വിദേശത്തു നിന്നുള്ള വിദഗ്ധരെയും ഉൾപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇവരിൽ മിക്കവരും സ്വകാര്യമേഖലയിൽ വൈദഗ്ധ്യം തെളിയിച്ചവരാണെന്നും അറിയുന്നു.

പണമില്ലെന്നതാണ് പാക് സർക്കാർ നേരിടുന്ന പ്രതിസന്ധി. സാമ്പത്തിക വ്യവസ്ഥയിൽ ഇടപെട്ട് ഈ പ്രശ്നം പരിഹരിക്കാനുള്ള നയങ്ങൾ രൂപീകരിക്കുകയാണ് ഉപദേശക സമിതിയുടെ ചുമതല. വരവിനെക്കാൾ കൂടിയ ചെലവുകൾ മൂലം 10 ബില്യൺ ഡോളറിന്റെ കമ്മിയാണ് സർക്കാർ നേരിടുന്നത്. പരിഹാരമായി നയപരമായ മാർഗങ്ങളാണ് തേടുന്നത്.

പാകിസ്താന്റെ ഇപ്പോഴത്തെ സാമ്പത്തികക്കമ്മി 18 ബില്യൺ ഡോളറാണ്. വിദേശ കറൻസി ശേഖരം വെറും 10 ബില്യൺ ഡോളറോളമേ ഉള്ളൂ. രണ്ടുമാസത്തെ ഇറക്കുമതി കൈകാര്യം ചെയ്യാനേ ഈ തുക കൊണ്ടാകൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ ചൈനയുടെ സാമ്പത്തിക സഹായം കൂടാതെ പാകിസ്താന് മുമ്പോട്ടു പോകാനാകില്ല. മറ്റൊരു വഴിയുള്ളത് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് അടക്കമുള്ളവരിൽ നിന്ന് കൂടുതൽ ധനസഹായം കിട്ടാന്‍ പരിശ്രമിക്കലാണ്.

ഒരു പതിനെട്ടംഗ സാമ്പത്തികോപേദേശക സമിതിയെയാണ് പാകിസ്താൻ നിയോഗിച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി പ്രധാനമന്ത്രി തന്നെയാണ് ഈ സമിതിയുടെ അധ്യക്ഷൻ. സാധാരണ ധനമന്ത്രിമാരാണ് ഇത്തരം സമിതികളുടെ തലപ്പത്തെത്താറുള്ളത്. എല്ലാ സാധ്യതകളും ഉപയോഗിക്കുന്ന വിധത്തിലുള്ള നയപരിപാടിക്ക് രൂപം നൽകാൻ ഉപദേശം നൽകുകയാണ് സമിതിയുടെ ചുമതല. സമിതിയുടെ ആദ്യയോഗം അടുത്തു തന്നെ ചേരുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

നേരത്തെ നാലുമാസത്തെ ഇടവേളകളിലും മറ്റും ഇത്തരം ഉപദേശക സമിതികൾ യോഗം ചേരാറുണ്ടെങ്കിലും നിർദ്ദേശങ്ങൾ സർ‌‍ക്കാരുകൾ ഗൗരവത്തിലെടുക്കുക പതിവില്ല. വെറും ചർച്ചാ ഫോറങ്ങളായി ഇത്തരം യോഗങ്ങൾ മാറുകയാണ് പതിവ്. ഈ പതിവിന് മാറ്റം വരുത്താനാണ് പ്രധാനമന്ത്രി തന്നെ നേരിട്ട് നേതൃത്വം നൽകുന്നത്.

സാമ്പത്തികോപദേശക സമിതിയിൽ രാഷ്ട്രീയ ഇടപെടൽ ഇല്ലാതിരിക്കാൻ പ്രത്യേക ശ്രദ്ധ വെക്കാനാണ് ഇമ്രാൻ ഖാന്റെ തീരുമാനം. നിലവിലുള്ള ഭരണകൂട സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ സമിതിയിൽ നിന്നും വരും. പതിനെട്ടംഗ സമിതിയിൽ 7 പേർ മാത്രമാണ് സർക്കാർ തലത്തില്‍ നിന്നുള്ളവർ. ബാക്കി 11 പേരും സ്വകാര്യ മേഖലയിലെ വിദഗ്ധരാണ്.

പാകിസ്താന്റെ വികസനത്തിനായി ഒരു അന്തർദ്ദേശീയ പരിപ്രേക്ഷ്യം സൃഷ്ടിക്കാൻ ഈ സമിതി പ്രയത്നിക്കും. അന്തർദ്ദേശീയ തലത്തിൽ അറിയപ്പെടുന്ന വിദഗ്ധരുടെ സേവനങ്ങള്‍ സമയാസമയങ്ങളിൽ ലഭ്യമാക്കാനും സമിതി മുൻകൈയെടുക്കും.

Next Story

Related Stories