ന്യൂസ് അപ്ഡേറ്റ്സ്

അഫ്ഗാനില്‍ ഏഴ് ഇന്ത്യന്‍ എഞ്ചിനിയര്‍മാരെ താലിബാന്‍ തട്ടിക്കൊണ്ടു പോയി

മിനി ബസില്‍ വൈദ്യുതി സബ്‌സ്റ്റേഷനിലേക്ക് പോവുകയായിരുന്ന കെ.ഇ.സി ഇന്റര്‍നാഷണല്‍ കമ്പനിയിലെ ജീവനക്കരെയാണ് തട്ടിക്കൊണ്ട് പോയത്‌

അഫ്ഗാനിസ്താനില്‍ ഏഴ് ഇന്ത്യന്‍ എന്‍ജിനീയര്‍മാരെയും സ്വദേശിയായ ഡ്രൈവറേയും ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി. വടക്കന്‍ പ്രവിശ്യയിലെ ബഗ്ലാനില്‍ പുലെ ഖുംരെ പട്ടണത്തോടു ചേര്‍ന്ന ബാഗെ ശമാലില്‍ ഞായറാഴ്ചയായിരുന്നു സംഭവം. താലിബാന്‍ ഭീകരവാദികളാണ് ഇതിന് പിന്നിലെന്ന് പ്രവിശ്യാ ഗവര്‍ണര്‍ അബ്ദുള്‍ ഹൈ നേമാതി വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനില്‍ വന്‍തോതിലുള്ള തട്ടിക്കൊണ്ടുപോകലുകള്‍ നടക്കുന്നുണ്ട്. ഭൂരിഭാഗം പ്രദേശങ്ങളും തീവ്രവാദ സംഘങ്ങളുടെ പിടിയിലാണ്. താലിബാന്‍ സ്വാധീന മേഖലയായതിനാല്‍ പോലീസ് എസ്‌കോര്‍ട്ടോട് കൂടെമാത്രമേ ഇതിലൂടെ യാത്രചെയ്യാവൂ എന്ന മുന്നറിയിപ്പ് അവഗണിച്ചതാണ് അപകടകാരണമെന്ന് പ്രാദേശിക സമിതി ചെയര്‍മാന്‍ മുഹമ്മദ് സഫ്ദര്‍ മൊഹ്‌സാനി പറഞ്ഞു. മിനി ബസില്‍ വൈദ്യുതി സബ്‌സ്റ്റേഷനിലേക്ക് പോവുകയായിരുന്ന കെ.ഇ.സി ഇന്റര്‍നാഷണല്‍ കമ്പനിയിലെ ജീവനക്കരെയാണ് തട്ടിക്കൊണ്ട് പോയതെന്ന് കാബൂളിലുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

സംഭവം സ്ഥിരീകരിച്ച വിദേശകാര്യ വക്താവ് രവീഷ് കുമാര്‍, ഇവകെ കണ്ടെത്തുന്നതിനായി അഫ്ഗാന്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞു. അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രി സലാഹുദ്ദീന്‍ റബ്ബാനി ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്. കെഇസിക്ക് കരാറുള്ള ഇലക്ട്രിസിറ്റി സബ് സ്റ്റേഷനിലേയ്ക്കുള്ള പോകുമ്പോളാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. പുല്‍ ഇ ഖോമ്രിയിലെ ദാന്ദ് ഇ ഷഹാബുദീന്‍ മേഖലയിലേക്കാണ് ഇവരെ കൊണ്ടുപോയിരിക്കുന്നത് എന്നാണ് വിവരം. ഗോത്രവര്‍ഗ നേതാക്കളുമായി ബന്ധപ്പെട്ട ഇവരുമായുള്ള മോചനത്തിന് ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് അഫ്ഗാനിസ്ഥാനില്‍ ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോകുന്നത്. 2016 ജൂണില്‍ കാബൂളില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ സന്നദ്ധ പ്രവര്‍ത്തക ജൂഡിത്ത് ഡിസൂസയെ ഒരു മാസത്തിന് ശേഷമാണ് മോചിപ്പിച്ചത്. 2014 ജൂണില്‍ തട്ടിക്കൊണ്ടുപോയ ക്രിസ്ത്യന്‍ പുരോഹിതന്‍ ഫാദര്‍ അലക്‌സിസ് പ്രേം കുമാറിനെ മോചിപ്പിച്ചത് 2015 ഫെബ്രുവരിയില്‍. 2003നും 2008നുമിടയ്ക്ക് മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോവുകയും മോചിപ്പിക്കുകയും ചെയ്തു. അതേസമയം രണ്ട് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തി.

അഫ്ഗാനിസ്ഥാനിലെ വൈദ്യുതി വിതരണത്തില്‍ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന കമ്പനികളിലൊന്നാണ് കെഇസി. 2013ല്‍ അഫ്ഗാന്‍ ഗവണ്‍മെന്റുമായി ചിംതലയിലെ 220 കെവി സബ് സ്റ്റേഷനില്‍ നിന്ന് കാബൂളിലെ ആര്‍ഘാന്‍ഡി 220കെവി സബ് സ്‌റ്റേഷനിലേയ്ക്കുള്ള ട്രാന്‍സ്മിഷന്‍ ലൈനിനായി കരാര്‍ ഒപ്പുവച്ചിരുന്നു. 180 മെഗാവാട്ട് വൈദ്യുതി ഇതിലൂടെ എത്തിക്കുന്നതിനാണ് പദ്ധതി. പ്രത്യേകിച്ച് തെക്ക് കിഴക്കന്‍ കാബൂളില്‍ രൂക്ഷമായ വൈദ്യുതിക്ഷാമം നേരിടുന്ന ക്വാല ഇ മൊഹിഹ്, ചേല്‍ ദാക്തരണ്‍ തുടങ്ങിയ പ്രവിശ്യകളിലേയ്ക്ക് വെള്ളമെത്തിക്കുന്നതിനായി. ഈ പദ്ധതി പൂര്‍ത്തിയായാല്‍ 40,000 വീടുകള്‍ക്കും മറ്റും ആവശ്യമായ വൈദ്യുതി എത്തിക്കാനാവും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍