Top

ഇറാന്‍ ജനത വികസനത്തിനോ കൂടുതല്‍ സംഘര്‍ഷത്തിനോ? ലോകം ഉറ്റുനോക്കുന്നു

ഇറാന്‍ ജനത വികസനത്തിനോ കൂടുതല്‍ സംഘര്‍ഷത്തിനോ? ലോകം ഉറ്റുനോക്കുന്നു
കടുംപിടുത്തക്കാരുടെ എതിര്‍പ്പുകളെ അതിജീവിച്ച്, കോട്ടംവരുത്തുന്ന ഉപരോധങ്ങളില്‍ നിന്നും ഒരു മോചനം ലഭിക്കുന്നതിനായി ചരിത്രപരമായ ആണവ കരാര്‍ നേടിയെടുത്തുകൊണ്ട് പുറം ലോകത്തിലേക്ക് സാവധാനത്തിലെങ്കിലും ഇറാനെ തുറന്നെടുക്കുക എന്നതിലാണ് തന്റെ രാഷ്ട്രീയ ഭാവിയെ കുറിച്ചുള്ള അവകാശവാദങ്ങള്‍ പ്രസിഡന്റ് ഹസന്‍ റുഹാനി ഉറപ്പിക്കുന്നത്. ഇറാനിയന്‍ രാഷ്ട്രീയ സംവിധാനത്തിലെ മിതവാദിയായ ഈ 68-കാരന്‍ പുരോഹിതന്റെ ഭാഗത്താണ് ചരിത്രവും നിലകൊള്ളുന്നത്. പരമോന്നത നേതാവും ഇറാനിലെ ഏറ്റവും ശക്തനായ വ്യക്തിയുമായ അയത്തൊള്ള ഖൊമൈനി സ്വയം പ്രസിഡന്റായി അവരോധിച്ച 1981-ന് ശേഷം നിലവിലുള്ള ഒരു പ്രസിഡന്റും വീണ്ടും തിരഞ്ഞെടുക്കപ്പെടാതിരുന്നിട്ടില്ല.

മത്സരരംഗത്ത് നിലവിലുള്ള നാല് സ്ഥാനാര്‍ത്ഥികളില്‍ റുഹാനി മുന്നിലെത്തുമെന്നാണ് ലഭ്യമായ വോട്ടെടുപ്പ് രേഖകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ സമ്പൂര്‍ണ വിജയം ഉറപ്പാക്കപ്പെട്ടിട്ടില്ല. ഭൂരിപക്ഷം ലഭിക്കുന്നതില്‍ പരാജയപ്പെടുന്നപക്ഷം ഒരാഴ്ചയ്ക്ക് ശേഷം നടക്കുന്ന വോട്ടെടുപ്പില്‍ മുന്നിലെത്തുന്ന രണ്ട് സ്ഥാനാര്‍ത്ഥികള്‍ വീണ്ടും മാറ്റുരയ്ക്കും.

റുഹാനിയുടെ പ്രധാന എതിരാളിയും തീവ്രപക്ഷക്കാരനുമായ ഇബ്രാഹിം റയ്‌സിയെ പിന്തുണയ്ക്കുന്ന ചെറിയ ജനക്കൂട്ടങ്ങളുമായി അദ്ദേഹത്തിന്റെ എതിരാളികള്‍ മുഖാമുഖം വന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായെങ്കിലും പ്രചാരണ റാലികള്‍ പൊതുവെ സമാധാനപരമായിരുന്നു. ഗതാഗതകുരുക്കുകള്‍ സൃഷ്ടിക്കാന്‍ പോന്ന വിധത്തില്‍ വളര്‍ന്ന റുഹാനിയുടെ അനുയായി വൃന്ദത്തെ പിരിച്ചുവിടാന്‍ സമയാസമയങ്ങളില്‍ പോലീസ് ഇടപെടുകയും ചെയ്തിരുന്നു.

തങ്ങളുടെ ആണവോര്‍ജ്ജ പരിപാടികള്‍ പരിമിതപ്പെടുത്താന്‍ ഇറാന്‍ നിര്‍ബന്ധിതമായ 2015ലെ ആണവകരാര്‍ സാമ്പത്തികരംഗത്ത് വന്‍മുന്നേറ്റത്തിന് കാരണമായില്ലെന്ന ഇറാനികള്‍ക്കിടയിലുള്ള വികാരമാണ് റുഹാനിക്കെതിരായി പ്രവര്‍ത്തിക്കുന്ന മുഖ്യഘടകം. 'ആര് അടുത്ത പ്രസിഡന്റായാലും കുഴപ്പമില്ല, അധികാരത്തില്‍ എത്തുന്നവര്‍ മികച്ച സാമ്പത്തികാവസ്ഥ സൃഷ്ടിക്കണം,' എന്ന് ഹെയര്‍സ്റ്റൈലിസ്റ്റായ റെസ ഗാവീഡെല്‍ പറയുന്നു. കരാറിനെ തുടര്‍ന്ന് ആണവപ്രശ്‌നവുമായി ബന്ധപ്പെട്ട ഉപരോധങ്ങള്‍ പിന്‍വലിക്കപ്പെട്ടെങ്കിലും, യുഎസിന്റെത് ഉള്‍പ്പെടെയുള്ള മറ്റ് അന്താരാഷ്ട്ര ഉപരോധങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇതുമൂലം ഇറാനുമായി വ്യാപാരങ്ങള്‍ നടത്തുന്നതില്‍ ബാങ്കുകളും മറ്റ് അന്താരാഷ്ട്ര വ്യവസായ ഭീമന്മാരും ജാഗ്രത പുലര്‍ത്തുന്നു.

തൊഴിലില്ലായ്മ ഇരട്ട അക്കത്തില്‍ തന്നെ തുടരുന്നതിനാല്‍ മൂന്നില്‍ ഒന്ന് ഇറാനിയന്‍ യുവാക്കളും തൊഴില്‍രഹിതരാണെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
'സാമ്പത്തിക പ്രശ്‌നമാണ് ഈ തിരഞ്ഞെടുപ്പിലെ മുഖ്യവിഷയം. രാജ്യത്തിന്റെ ആത്മാവിനെ കുറിച്ച് ഭൂരിപക്ഷം വോട്ടര്‍മാരും ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നാണ് ഞാന്‍ കരുതുന്നത്,' എന്ന് യൂറേഷ്യ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ക്ലിഫ് കുപ്ചാന്‍ പറയുന്നു. 'കണക്കുകള്‍ മെച്ചപ്പെട്ട നിലയാണ് സൂചിപ്പിക്കുന്നത്... എന്നാല്‍ വോട്ടര്‍മാര്‍ക്ക് അങ്ങനെ തോന്നുന്നില്ല.'

[caption id="attachment_80738" align="aligncenter" width="550"] അയത്തൊള്ള അലി ഖൊമൈനി[/caption]വലിയ ആസ്തിയും സ്വാധീനവുമുള്ള ഒരു മത കാരുണ്യപ്രവര്‍ത്തന ഫൗണ്ടേഷനെ നയിക്കുന്ന മുന്‍ പ്രോസിക്യൂട്ടറും നിയമ പ്രൊഫസറുമായ റെയ്‌സിയില്‍ നിന്ന് ശക്തമായ വെല്ലുവിളിയാണ് റുഹാനി നേരിടുന്നത്. ഖൊമൈനിയുടെ വളരെ അടുത്ത ആളായി കരുതപ്പെടുന്ന റെയ്‌സി, പരമോന്നത നേതാവിന്റെ പിന്‍ഗാമിയാന്‍ സാധ്യതയുണ്ട് എന്നൊരു സംസാരവും നിലവിലുണ്ട്. എന്നാല്‍ ആരെയും പിന്തുണയ്ക്കാന്‍ ഖൊമൈനി തയ്യാറായിട്ടില്ല.

രണ്ട് പ്രധാനപ്പെട്ട പൗരോഹിത്യ സ്ഥാപനങ്ങളുടെ പിന്തുണ നേടിയെടുത്ത റെയ്‌സി, പാവപ്പെട്ടവര്‍ക്കുള്ള ക്ഷേമ തുകകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് വാഗ്ദാനവും നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ജനപ്രിയ നിലപാടുകളും, അഴിമതി വിരുദ്ധ വാഗ്‌ധോരണികളും 1988-ല്‍ ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാരെ ജയിലില്‍ വച്ച് കശാപ്പു ചെയ്ത സംഭത്തില്‍ ആരോപിക്കപ്പെടുന്ന പങ്കിലൂടെ ഊട്ടിയുറപ്പിക്കപ്പെട്ട ദൃഢചിത്തന്‍ എന്ന പ്രതിച്ഛായയും യാഥാസ്ഥിതികരായ ഗ്രാമീണ, തൊഴിലാളിവര്‍ഗ്ഗ വോട്ടര്‍മാരെ ഊര്‍ജ്ജസ്വലരാക്കാന്‍ സാധ്യതയുണ്ട്.

ധാര്‍മ്മിക കാരണങ്ങളാല്‍ സംഗീത പരിപാടികള്‍ നിരോധിക്കണം എന്ന ആവശ്യത്തെ പിന്തുണച്ച സ്വന്തം ചരിത്രം മറന്നുകൊണ്ട്, യുവ വോട്ടര്‍മാരെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായി ഒരിക്കല്‍ ഒളിവിലായിരുന്ന അമീര്‍ ടാറ്റാലൂ എന്ന റാപ്പ് ഗായകനൊപ്പം റെയ്‌സി നില്‍ക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ വൈറലായിട്ടുണ്ട്. അമീറിന്റെ ദേഹം മുഴുവന്‍ ടാറ്റു പതിപ്പിച്ചിട്ടുണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.

2001 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച പരിഷ്‌കരണ അനുകൂല വ്യക്തിയായ മുസ്തഫ ഹഷേമിതാബയും മുന്‍ സാംസ്‌കാരിക മന്ത്രി മുസ്തഫ മിര്‍സലീമുമാണ് മത്സരത്തില്‍ അവശേഷിക്കുന്ന മറ്റ് രണ്ട് സ്ഥാനാര്‍ത്ഥികള്‍.

1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം, പൗരോഹിത്യ മേല്‍നോട്ടത്തിന്റെയും സര്‍ക്കാര്‍ നിയന്ത്രണത്തിന്റെയും മിശ്രിതമായ ഒരു സമ്പദ്ഘടനയാണ് സൃഷ്ടിക്കപ്പെട്ടത്. ഉയര്‍ന്ന സര്‍ക്കാര്‍ പദവികളിലേക്ക് കര്‍ശന നിയന്ത്രണവിധേയമെങ്കിലും കടുത്ത മത്സരമാണ് അരങ്ങേറാറുള്ളതും. വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവരെയും കടുത്ത പരിഷ്‌കരണ വാദികളെയും ഒഴിവാക്കുന്ന കര്‍ശന പരിശോധന പ്രക്രിയകള്‍ക്ക് ശേഷമാണ് തിരഞ്ഞെടുക്കപ്പെടുന്ന പദവികളിലേക്ക് മത്സരിക്കുന്നതിന് സ്ഥാനാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കാറുമില്ല.

മതപുരോഹിതന്മാര്‍ ചേര്‍ന്ന് തിരഞ്ഞെടുക്കുകയും ഭരണപരമായ വിഷയങ്ങളില്‍ അന്തിമമായി തീരുമാനമെടുക്കാന്‍ അധികാരമുള്ള ആളുമായ പരമോന്നത നേതാവിന് മാത്രം താഴെയാണ് ഇറാന്‍ സംവിധാനപ്രകാരം പ്രസിഡന്റിന്റെ സ്ഥാനം. ആഭ്യന്തര നയങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദേശകാര്യങ്ങള്‍ എന്നിവയില്‍ നിര്‍ണായക സ്വാധീനമുള്ള പ്രസിഡന്റിന്റെ പദവി വളരെ ശക്തമായ ഒന്നുതന്നെയാണ്.

വ്യക്തി സ്വാതന്ത്ര്യത്തിലുള്ള നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്താന്‍ റുഹാനിയുടെ വിജയം കാരണമായേക്കും. ഇറാനെതിരെ കൂടുതല്‍ കര്‍ക്കശമായ നിലപാടുകള്‍ സ്വീകരിക്കണമെന്ന ആവശ്യം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തുന്ന സാഹചര്യത്തില്‍ പടിഞ്ഞാറുമായി പുതിയ സംഘര്‍ഷങ്ങള്‍ ആരംഭിക്കുന്നതിന് തീവ്രവാദികളുടെ വിജയം വഴിവെച്ചേക്കും.

വോട്ടെണ്ണല്‍ പൂര്‍ത്തിയാവുമ്പോഴേക്കും ഇറാന്റെ പ്രാദേശിക എതിരാളികളായ സൗദി അറേബ്യയിലാവും ട്രംപ് ഉണ്ടാവുക. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അസദിനെ പിന്തുണയ്ക്കുന്ന ഇറാന്റെ നിലപാടിനെ എതിര്‍ക്കുകയും അവരുടെ പ്രാദേശിക താല്‍പര്യങ്ങളെ സംശയത്തോടെ വീക്ഷിക്കുകയും ചെയ്യുന്ന അറബ് സുന്നി നേതാക്കളുമായി ട്രംപ് കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഇന്നത്തെ വോട്ടെടുപ്പില്‍ ആര് പ്രസിഡന്റായാലും അത് അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ സ്വാധീനം ചെലുത്തും. അതുവഴി രാജ്യത്തിന്റെ ഭാവി സഞ്ചാരദിശയെയും.

[caption id="attachment_80737" align="aligncenter" width="550"] ഇബ്രാഹിം റയ്‌സി[/caption]ഇറാന്റെ ചരിത്രത്തില്‍ പരമോന്നത പദവിയിലിരിക്കുന്ന രണ്ടാമത്തെ വ്യക്തിമാത്രമായ ഖൊമൈനിക്ക് ഇപ്പോള്‍ 77 വയസുണ്ട്. 2014-ല്‍ പ്രോസ്‌ട്രേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പരമോന്നത നേതാവിന്റെ കസേര ഒഴിയുന്നപക്ഷം, വിദഗ്ധരുടെ സമിതി എന്ന് അറിയപ്പെടുന്ന ഒരു പാനല്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയെ നിശ്ചിയിക്കുന്നത് വരെ പരമോന്നത നേതാവിന്റെ ചുമതല വഹിക്കുന്നതിന് അധികാരമുള്ള മൂന്നംഗ താല്‍ക്കാലിക കൗണ്‍സിലില്‍ പ്രസിഡന്റും അംഗമാണ്. വിദഗ്ധ സമിതിയില്‍ റുഹാനിയും റെയ്‌സിയും അംഗങ്ങളാണ്.

'കളി വളരെ സങ്കീര്‍ണവും ബഹുതലത്തില്‍ ഉള്ളതുമാണ്. അടുത്ത നാലുവര്‍ഷത്തെ കുറിച്ചും അയത്തൊള്ള ഖൊമൈനിയുടെ പിന്‍ഗാമിയെ കുറിച്ചുമാണ് എല്ലാവരും ചിന്തിക്കുന്നത്,' എന്ന് നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ ഇറാന്റെയും മറ്റ് ഏകാധിപത്യ ഭരണകൂടങ്ങളുടെയും വിദഗ്ധന്‍ സയീദ് ഗോല്‍ക്കര്‍ ചൂണ്ടിക്കാണിക്കുന്നു. തുടക്കത്തില്‍ ഉണ്ടായിരുന്ന ആറ് സ്ഥാനാര്‍ത്ഥികള്‍ക്കിടയില്‍ സീമകള്‍ ഭേദിക്കുന്ന രാഷ്ട്രീയ സംവാദങ്ങളാല്‍ മുഖരിതമായിരുന്നു മൂന്ന് ആഴ്ച നീണ്ടുനിന്ന പ്രചാരണകാലം.

ഇറാന്‍ രാഷ്ട്രീയത്തില്‍ ശക്തമായതും എന്നാല്‍ തിരഞ്ഞെടുക്കപ്പെടാത്തതുമായ സ്വാധീനമുള്ള റവല്യൂഷണറി ഗാര്‍ഡ് ഉള്‍പ്പെടെയുള്ള തീവ്രവാദികള്‍ക്കെതിരെ റുഹാനി ആഞ്ഞടിച്ചു. നിര്‍ണായകമായ ഒരു സംവാദ നിമിഷത്തില്‍, 'ഇസ്രായേല്‍ തുടച്ചുനീക്കപ്പെടും,' എന്ന് ഹീബ്രുവില്‍ എഴുതിയ ഒരു ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതിന് അദ്ദേഹം ഗാര്‍ഡിനെ വിമര്‍ശിച്ചിരുന്നു.

പോളിംഗ് ശതമാനം മറ്റാരേക്കാളും റുഹാനിക്ക് നിര്‍ണായകമായിരിക്കും. പോളിംഗ് ശതമാനം ഉയരുമ്പോള്‍ പരിഷ്‌കരണവാദികളും മിതവാദികളും കൂടുതലായി സമ്മതിദാനം രേഖപ്പെടുത്തി എന്ന് വേണം കണക്കാക്കാന്‍. മാത്രമല്ല, റെയ്‌സിയുമായി നേരിട്ടുള്ള ഒരു മത്സരം ഒഴിവാക്കാന്‍ അദ്ദേഹം ആഗ്രഹിക്കുകയും ചെയ്യുന്നു. ആദ്യ റൗണ്ടില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനോടൊപ്പം നഗര കൗണ്‍സിലുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കൂടുതല്‍ വോട്ടര്‍മാര്‍ സമ്മതിദാനം രേഖപ്പെടുത്താനാണ് സാധ്യത. എന്നാല്‍ വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുപ്പ് നീളുകയും ചെയ്താല്‍ ഇതാവില്ല അവസ്ഥ. കാരണം, അടുത്ത ആഴ്ച റംസാന്‍ നൊയമ്പ് തുടങ്ങുന്നതിനാല്‍ വീട്ടില്‍ തന്നെ തുടരാനായിരിക്കും ജനങ്ങള്‍ താല്‍പര്യം പ്രകടിപ്പിക്കുയെന്നും ഗോല്‍ക്കര്‍ ചൂണ്ടിക്കാണിക്കുന്നു.

Next Story

Related Stories