TopTop
Begin typing your search above and press return to search.

ഹോർമൂസ് കടലിടുക്കിൽ 'കടൽക്കൊള്ള' തടയാൻ യുറോപ്യൻ യൂണിയൻ സൈന്യം: യുകെയുടെ നിർദ്ദേശം തള്ളി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ
ഹോർമുസ് കടലിടുക്ക് വഴി സുരക്ഷിതമായ കപ്പലോട്ടം ഉറപ്പാക്കാൻ യൂറോപ്യൻ നേതൃത്വത്തിലുള്ള നാവിക സേനയെ വിന്യസിക്കുകയെന്ന യുകെയുടെ അഭിപ്രായം ഇറാന്‍ തള്ളി. വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടാണ് ഇത്തരമൊരു അഭിപ്രായം മുന്നോട്ടുവെച്ചത്. പ്രശ്നത്തിന് ഹ്രസ്വകാല പരിഹാരമല്ല വേണ്ടതെന്ന് ബ്രിട്ടീഷ് ഷിപ്പിംഗ് വ്യവസായ വിദഗ്ധരും പറയുന്നു. സൗദിയിലേക്ക് പോകുകയായിരുന്ന ബ്രിട്ടന്റെ എണ്ണക്കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് വെള്ളിയാഴ്ച ഇറാന്‍ പിടിച്ചെടുത്തിരുന്നു. അതിനോടുള്ള പ്രതികരണമായാണ് ജെറമി ഹണ്ട് അത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്.

2018 മെയ് മാസത്തിൽ ഇറാനുമായുള്ള ആണവകരാറില്‍നിന്നും അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതോടെയാണ് പതിയെപ്പതിയെ പശ്ചിമേഷ്യ സംഘര്‍ഷത്തിലാകാന്‍ കാരണം. അതാണ്‌ പല സംഭവവികാസങ്ങള്‍ക്കൊടുവില്‍ ബ്രിട്ടീഷ് എണ്ണക്കപ്പൽ സ്റ്റെനാ ഇംപാറോ ഇറാന്‍ പിടിച്ചെടുക്കുന്നതില്‍ എത്തി നില്‍ക്കുന്നത്. ‘അന്താരാഷ്ട്ര നിയമപ്രകാരം, ഇറാന് കപ്പലുകള്‍ കടന്നുപോകുന്നത് തടയാൻ അവകാശമില്ല, ഇത് കടല്‍ക്കൊള്ളയാണ്’ എന്നാണ് ഹണ്ട് പറഞ്ഞത്.

എന്നാല്‍, ഗൾഫ് മേഖലയെ സംരക്ഷിക്കുന്നതിനായി കൊണ്ടുവരുന്ന ഏതൊരു അന്താരാഷ്ട്ര സഖ്യവും അരക്ഷിതാവസ്ഥ മാത്രമേ സൃഷ്ടിക്കൂ എന്ന് ഇറാൻ വൈസ് പ്രസിഡന്റ് ഇഷാക് ജഹാംഗിരി പറഞ്ഞു. അതുകൊണ്ട് സഖ്യം രൂപീകരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോനുമായി ചർച്ച നടത്താന്‍ ഇറാൻ തങ്ങളുടെ ഏറ്റവും മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരിൽ ഒരാളായ അബ്ബാസ് അരാഗിയെ പാരീസിലേക്ക് അയച്ചിട്ടുണ്ട്. ഇറാൻ പ്രസിഡണ്ട് ഹസ്സൻ റൂഹാനിയുടെ രേഖാമൂലമുള്ള സന്ദേശവും അദ്ദേഹത്തിന്റെ കൈവശമുണ്ടെന്നാണ് പറയപ്പെടുന്നത്.

അതേസമയം, 2015-ലെ ആണവ കരാറിനെ ഇപ്പോഴും പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ വിയന്നയിൽ ഞായറാഴ്ച യോഗം ചേരും. അതില്‍ പങ്കെടുക്കുമെന്നും ഇറാന്‍ അറിയിച്ചു. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തു പോകാനിരിക്കെ ഹണ്ട് ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചത് വിരോധാഭാസമായി തോന്നാമെങ്കിലും പല യൂറോപ്യൻ നേതാക്കളും അതിനെ വിശാലമായി സ്വാഗതം ചെയ്തിട്ടുണ്ട്.

അതിനിടെ, ഇറാനും ബ്രിട്ടനും പിടിച്ചെടുത്ത കപ്പലുകളുടെ മോചനത്തിനായുള്ള അന്താരാഷ്‌ട്ര ശ്രമങ്ങള്‍ തുടരുന്നുണ്ട്. ഏഴ് മലയാളികളാണ് ഇരു കപ്പലുകളിലുമായി ഉള്ളത്. കപ്പലുകൾക്ക് കൂടുതൽ സുരക്ഷയൊരുക്കാൻ ബ്രിട്ടൻ അന്താരാഷ്ട്ര സഹകരണം തേടി. സംഘർഷമല്ല ആഗ്രഹിക്കുന്നതെന്ന് ഇറാൻ ആവർത്തിച്ചു.

Next Story

Related Stories