UPDATES

വിദേശം

അമേരിക്കക്കാർ തെരഞ്ഞെടുത്തിരിക്കുന്നത് തെറ്റായ വഴിയെന്ന് റൂഹാനി; പുതിയ ഉപരോധങ്ങളിലും പതറാതെ ഇറാൻ

ഗള്‍ഫ് കടലില്‍ എണ്ണക്കപ്പലുകള്‍ക്കെതിരായ ആക്രമണത്തോടെയാണ് ഇറാന്‍-അമേരിക്ക ബന്ധം വഷളായത്.

അമേരിക്ക തെരഞ്ഞെടുത്തിരിക്കുന്നത് തെറ്റായ വഴിയാണെന്ന് ഇറാൻ പ്രസിഡണ്ട് ഹസ്സൻ റൂഹാനി. “അമേരിക്കക്കാർ തെറ്റായ വഴിയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ഞാൻ പറയും,” ഒരു വാർത്താ ഏജൻസിയോട് റൂഹാനി പറഞ്ഞു. തിങ്കളാഴ്ച കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയാണ് ട്രംപ് ഇറാനുമേൽ കൂടുതല്‍ സമ്മർദ്ദങ്ങൾക്കായി ശ്രമിച്ചത്. ഇറാനിലെ രണ്ട് ലക്ഷ്യങ്ങളെ ആക്രമിക്കാനുള്ള സൈന്യത്തിന്റെ നീക്കത്തെ ട്രംപ് ഇടപെട്ട് തടഞ്ഞത് അമേരിക്കൻ ജനത ഏതുവിധത്തിൽ മനസ്സിലാക്കുന്നുവെന്ന ചർച്ചകൾ നടക്കുന്നതിനിടെയാണ് റൂഹാനിയുടെ ഈ പ്രതികരണം. ഇറാൻ ട്രംപിനെ കൂടുതൽ പ്രകോപിപ്പിക്കുന്ന നടപടികളാണ് കഴിഞ്ഞ മണിക്കൂറുകളിൽ എടുത്തുവരുന്നതെന്നതും ശ്രദ്ധേയമാണ്. ഇറാനെ ട്രംപ് ഭീഷണിപ്പെടുത്തിയതിനോടും അതിനുശേഷം പിൻവാങ്ങിയ നടപടിയോടും യുഎസ് ജനതയ്ക്ക് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകളും വിശകലനങ്ങളും വരുന്നതിനിടെയാണിത്.

ട്രംപിനു മാനസികനില തെറ്റിയിരിക്കുകയാണെന്ന് ഹസ്സന്‍ റൂഹാനി നേരത്തെ പറഞ്ഞിരുന്നു. ഈ വാക്കുകള്‍ക്കെതിരെ ശക്തമായ മറുപടിയുമായി ട്രംപ് രംഗത്തെത്തുകയുണ്ടായി. ‘നിന്ദ്യവും വിഡ്ഢിത്തം നിറഞ്ഞതു’മാണ് ഇറാന്റെ പ്രസ്താവനയെന്ന് ട്രംപ് പറഞ്ഞു. ഇറാന്റെ നേതാക്കൾക്ക് ഇപ്പോഴും യാഥാർത്ഥ്യം മനസ്സിലായിട്ടില്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

സമീപകാലത്തായി ഇറാന്‍ തുടര്‍ന്നുപോരുന്ന ആക്രമണാത്മക പെരുമാറ്റത്തോടുള്ള പ്രതികരണമാണ് പുതിയ ഉപരോധങ്ങളെന്ന് ട്രംപ് പറഞ്ഞു. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയടക്കമുള്ള പ്രധാന വ്യക്തികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഉപരോധമാണ് അമേരിക്ക ഏര്‍പെടുത്തിയിരിക്കുന്നത്. അമേരിക്കയുടെ അധികാര പരിധിയില്‍ വരുന്ന ധനകാര്യ ബന്ധങ്ങളില്‍ നിന്നും ഇവരെ വിലക്കുന്നതാണ് ഉപരോധം. ഖമനേയിയാണ് ശത്രുതാപരമായ പെരുമാറ്റത്തിന്റെ ആത്യന്തികമായ ഉത്തരവാദിയെന്ന് ട്രംപ് ആരോപിക്കുന്നു.

ഇസ്‌ലാമിക് റെവല്യൂഷൻ ഗാർഡ് കോർപ്സിന് (ഐആർസിജി) ധനസഹായം എത്തിക്കുന്ന തരത്തിലുള്ള സമ്പാദ്യമുള്ള ആളാണ്‌ ഖമനേയിയെന്നാണ് യു.എസ് പറയുന്നത്. അതേസമയം വൈറ്റ് ഹൗസിലുള്ളത് മന്ദബുദ്ധികളാണന്ന് റൂഹാനി പരിഹസിച്ചു. ഖമേനിക്കെതിരെയുള്ള ഉപരോധം വിജയിക്കില്ല. കാരണം അദ്ദേഹത്തിന് വിദേശത്ത് സ്വത്തില്ല. ഇറാന്റെ നയതന്ത്രപരമായ ക്ഷമയെ ഭയമായി തെറ്റിദ്ധരിക്കരുതെന്നും റൂഹാനി ഓര്‍മിപ്പിച്ചു.

അമേരിക്കയുടെ പുതിയ നടപടികൾ ഇറാന്റെ കോടിക്കണക്കിന് ഡോളർ ആസ്തി നഷ്ടപ്പെടുത്തുമെന്ന് യുഎസ് ട്രഷറി വകുപ്പ് പറയുന്നുണ്ടെങ്കിലും അതത്ര ഏശുന്ന ഭീഷണിയല്ലെന്നാണ് ചില വിശകലന വിദഗ്ധർ പറയുന്നു. എന്നാല്‍ ഈ നടപടികള്‍ ഖമനേയിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും അദ്ദേഹവുമായി അടുത്ത ബന്ധമുള്ള പ്രധാന സാമ്പത്തിക സ്രോതസുകളെയുമെല്ലാം കാര്യമായി ബാധിക്കുമെന്നാണ് ട്രംപിന്റെ വാദം.

ഗള്‍ഫ് കടലില്‍ എണ്ണക്കപ്പലുകള്‍ക്കെതിരായ ആക്രമണത്തോടെയാണ് ഇറാന്‍-അമേരിക്ക ബന്ധം വഷളായത്. അമേരിക്കയുടെ ആളില്ലാ വിമാനം ഇറാന്‍ വെടിവെച്ചിട്ടതോടെ അഭിപ്രായ ഭിന്നത കൂടുതല്‍ രൂക്ഷമായി. ഇതിനോടുള്ള പ്രതികരണമായാണ് ഇപ്പോഴത്തെ ഉപരോധ നടപടികള്‍. എന്നാല്‍ ഈ പശ്ചാത്തലം ഇല്ലായിരുന്നെങ്കിലും ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് വ്യക്തമാക്കി. ഇറാന്‍ വിദേശകാര്യമന്ത്രിക്കെതിരെയും ഉപരോധമേര്‍പ്പെടുത്തുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍