TopTop
Begin typing your search above and press return to search.

പലസ്തീൻ ഗ്രാമത്തിലെ വീടുകൾ ഇടിച്ചുനിരത്തി ഇസ്രയേൽ സൈന്യം; പൊളിച്ചത് അനധികൃത കെട്ടിടങ്ങളെന്ന് വിശദീകരണം

പലസ്തീൻ ഗ്രാമത്തിലെ വീടുകൾ ഇടിച്ചുനിരത്തി ഇസ്രയേൽ സൈന്യം; പൊളിച്ചത് അനധികൃത കെട്ടിടങ്ങളെന്ന് വിശദീകരണം
ഇസ്രയേല്‍-പലസ്തീന്‍ അതിര്‍ത്തി ഗ്രാമമായ സുർ ബഹേറിലെ വീടുകള്‍ ഇസ്രയേല്‍ സൈന്യം ഇടിച്ച് നിരത്തി. പലസ്തീനില്‍ നിന്നുള്ള പ്രതിഷേധങ്ങളേയും അന്താരാഷ്ട്ര വിമര്‍ശനങ്ങളേയും മറികടന്നാണ് ഇസ്രയേലിന്റെ നടപടി. കോടതിയുടെ അനുമതി ലഭിച്ചതോടെയാണ് ബുൾഡോസറുകള്‍ ഉപയോഗിച്ച് വീടുകൾ പൊളിക്കാൻ തുടങ്ങിയത്. അതോടെ ആയിരക്കണക്കിന് പലസ്തീനികൾക്കാണ് സ്വന്തം കിടപ്പാടം നഷ്ടപ്പെടാന്‍ പോകുന്നത്.

ഇരുട്ടിന്റെ മറവിൽ അതിർത്തി മറികടന്നെത്തിയ സൈന്യം ആളുകളെ ഒഴിപ്പിച്ചാണ് നൂറോളം അപ്പാർട്ടുമെന്‍റുകളും 16 പാർപ്പിട സമുച്ചയങ്ങളുമാണ് തകര്‍ത്തുകളയുന്നത്. ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്താന്‍ അതിർത്തിക്ക് അടുത്തുള്ള പലസ്തീനി വീടുകൾ പൊളിച്ചു നീക്കണമെന്നത് ഇസ്രായേലി സൈന്യം വളരെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണ്‌. ഏഴു വര്‍ഷത്തെ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ മാസം അവര്‍ സുപ്രീംകോടതിയില്‍നിന്നും അനുകൂലവിധി നേടിയെടുത്തു. എല്ലാം പൊളിച്ചുമാറ്റാനുള്ള അവസാന സമയപരിധി തിങ്കളാഴ്ചയായിരുന്നു.

നൂറു കണക്കിന് അനധികൃത കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് സ്വന്തം നിയമം ഉണ്ടാക്കി വിഹരിക്കുകയാണ് ചിലര്‍ എന്ന് ഇസ്രയേൽ ആഭ്യന്തര സുരക്ഷാ മന്ത്രി ഗിലാദ് എർദാൻ പറഞ്ഞു. എന്നാല്‍ വെസ്റ്റ് ബാങ്ക് പ്രദേശം പൂര്‍ണ്ണമായും പിടിച്ചെടുക്കാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നടപടിയെന്ന് പലസ്തീനികള്‍ ആരോപിക്കുന്നു.

അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഏരിയ ബി-യിലുള്ള വാദി ഹുമുസിലെ നിർമാണ പ്രവർത്തനങ്ങൾ ഫലസ്തീൻ അതോറിറ്റിയുടെ അവകാശപരിധിയിലുള്ളതാണ്. ഓസ്ലോ കരാർ പ്രകാരം, ഏരിയ എ-യിലോ ബി-യിലോ ഉള്ള നിർമാണപ്രവർത്തനങ്ങളിൽ ഇടപെടാൻ ഇസ്രയേലിന് അവകാശമില്ല. അതൊന്നും വകവയ്ക്കാതെയാണ് ഇസ്രയേലിന്‍റെ നടപടി. വാദി ഹുമുസില്‍ നിന്നും തുടങ്ങിയ പൊളിക്കല്‍ നടപടിയാണ് ഇപ്പോള്‍ സുർ ബഹേറില്‍ എത്തിയിരിക്കുന്നത്. ഈ പ്രദേശത്തെ 200-ലധികം കെട്ടിടങ്ങൾ 2011-നു മുമ്പ് നിർമിച്ചതാണെന്നാണ് ഐക്യ രാഷ്ട്രസഭയുടെ കണക്ക്. അതിനു ശേഷം നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊന്നും ഇസ്രയേല്‍ വിലക്കിയിരുന്നില്ല. എന്നാല്‍ പെട്ടന്ന് കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനുള്ള നോട്ടീസ് പതിക്കുകയാണ് അവര്‍ ചെയ്തതെന്ന് പ്രദേശവാസികൾ പറയുന്നു.

Next Story

Related Stories