Top

ജൂലിയന്‍ അസാഞ്ജയും ട്രംപ് ജൂനിയറും പരസ്പരം കൈമാറിയ സന്ദേശം പുറത്ത്; ചോര്‍ന്നത്‌ അതീവരഹസ്യം

ജൂലിയന്‍ അസാഞ്ജയും ട്രംപ് ജൂനിയറും പരസ്പരം കൈമാറിയ സന്ദേശം പുറത്ത്; ചോര്‍ന്നത്‌ അതീവരഹസ്യം
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം മൂര്‍ദ്ധന്യത്തില്‍ നില്‍ക്കുകയായിരുന്ന 2016 സെപ്തംബര്‍ 20ന് ഡൊണാള്‍ഡ് ട്രംപിന്റെ പുത്രന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറും വിക്കിലീക്‌സും തമ്മില്‍ കൈമാറിയ രഹസ്യ സന്ദേശങ്ങള്‍ പുറത്തായി. ഒരു രാഷ്ട്രീയ പ്രവര്‍ത്തകസമിതി ട്രംപിന് എതിരായി putintrump.org എന്ന സൈറ്റ് തുടങ്ങുന്നു എന്നായിരുന്നു വിക്കിലീക്‌സിന്റെ ട്വിറ്റര്‍ വിലാസത്തില്‍ നിന്നും ട്രംപിന്റെ പുത്രന് ലഭിച്ച ആദ്യസന്ദേശം. ഇറാഖ് യുദ്ധത്തെ അനുകൂലിച്ചിരുന്ന ഒരു പിസിഎ ആണ് ഇതിന് പിന്നിലെന്നും ആരാണ് അവരുടെ പ്രവര്‍ത്തകരെന്ന് അന്വേഷിക്കണം എന്നും സന്ദേശത്തിലുണ്ടായിരുന്നു. റോബ് ഗ്ലേസര്‍ എന്ന ടെക് സംരംഭകന്‍ സ്ഥാപിച്ച മദര്‍ ജോണ്‍സ് എന്ന സംഘടനയുടെയും യുഎസ്എ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി എന്ന സംഘടനയുടെയും ഒരു സംയുക്ത സംരംഭമായി പിന്നീട് ഈ വെബ്‌സൈറ്റ് മാറി.

അവര്‍ ആരാണെന്ന് തനിക്കറിയില്ലെന്നും അവരെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാമെന്നും സെപ്തംബര്‍ 21ന് അയച്ച മറുപടി സന്ദേശത്തില്‍ ട്രംപ് ജൂനിയര്‍ പറയുന്നുണ്ട്. റഷ്യന്‍ ബന്ധങ്ങളെ സംബന്ധിച്ച വിവാദങ്ങള്‍ അന്വേഷിക്കാന്‍ കോണ്‍ഗ്രസ് നിയമിച്ച അന്വേഷകര്‍ക്ക് മുന്നില്‍ ട്രംപ് ജൂനിയറിന്റെ അഭിഭാഷകര്‍ സമര്‍പ്പിച്ച രേഖകളാണ് ഇപ്പോള്‍ ദ അത്‌ലാന്റിക് പുറത്തുവിട്ടിരിക്കുന്നത്. ജൂലൈ 2017 വരെയെങ്കിലും വിക്കിലീക്‌സും ട്രംപ് ജൂനിയറും തമ്മില്‍ നടന്ന ദീര്‍ഘകാലത്തെ ആശയവിനിമയങ്ങളുടെ രേഖകളാണിത്. ട്രംപിന്റെ നികുതി അടവുകളെ കുറിച്ചുള്ളത് ഉള്‍പ്പെടെയുള്ള ചോദ്യങ്ങളാണ് വിക്കിലീക്‌സ് ചോദിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അട്ടിമറിച്ചു എന്ന് ആരോപിച്ച് അത് തള്ളിക്കളയാനും ജൂലിയന്‍ ആസാഞ്ജയെ യുഎസിലെ സ്ഥാനപതിയാക്കാന്‍ ഓസ്‌ട്രേലിയോട് ആവശ്യപ്പെടാന്‍ നിയുക്ത പ്രസിഡന്റിനെ നിര്‍ബന്ധിക്കുന്നതുമൊക്കെ സന്ദേശങ്ങളിലുണ്ട്.

എന്നാല്‍ രേഖകള്‍ ചോര്‍ന്നതിനെതിരെ ട്രംപ്് ജൂനിയറിന്റെ അഭിഭാഷകര്‍ രംഗത്തെത്തി. കഴിഞ്ഞ മാസങ്ങളില്‍ വിവിധ അന്വേഷണ കമ്മിറ്റികളുമായി തങ്ങള്‍ സഹകരിക്കുകയും ആവശ്യപ്പെട്ട രേഖകള്‍ കൈമാറുകയും ചെയ്തിട്ടുണ്ടെന്ന് ട്രംപ് ജൂനിയറിന്റെ അറ്റോര്‍ണി അലന്‍ ഫ്യൂട്ടര്‍ഫാസ് ചൂണ്ടിക്കാട്ടി. എന്നാല്‍ അങ്ങേയറ്റം രഹസ്യാത്മകമായിരിക്കും എന്ന് വിശ്വസിച്ചിരുന്ന അന്വേഷണസംഘത്തിന് കൈമാറിയ രേഖകളില്‍ ചിലത് മാത്രം തിരഞ്ഞെടുത്ത് ചോര്‍ത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പുറത്തുവന്ന വിവരങ്ങളെ കുറിച്ച് ആശങ്കകള്‍ ഇല്ലെന്നും അവയെ കുറിച്ച് ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉചിതമായ വേദികളില്‍ മറുപടി നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് അനുകൂലമായി റഷ്യയുടെ ഇടപെടല്‍ നടന്നു എന്ന ആരോപണം അന്വേഷിക്കുന്ന കമ്മിറ്റിക്ക് സമര്‍പ്പിച്ച രേഖകളാണ് ഇപ്പോള്‍ ചോര്‍ന്ന്ത്. ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ വിക്കിലീക്‌സ് തയ്യാറായിട്ടില്ല. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്ന ഹിലരി ക്ലിന്റണെ തോല്‍പിക്കാന്‍ ക്രംലിന്‍ അവിഹിതമായി ഇടപെട്ടു എന്നാണ് ആരോപണം. ട്രംപി്‌ന്റെ പ്രചാരണവിഭാഗത്തിന്റെ തലവന്‍ പോള്‍ ്മനഫോര്‍ട്ട് ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.


Next Story

Related Stories