TopTop

ഫിലിപ്പിൻ വേലക്കാർക്ക് അവധി; വിമർശനവുമായെത്തിയ കുവൈത്തി ബ്ലോഗർക്കെതിരെ സോഷ്യൽ മീഡിയ

ഫിലിപ്പിൻ വേലക്കാർക്ക് അവധി; വിമർശനവുമായെത്തിയ കുവൈത്തി ബ്ലോഗർക്കെതിരെ സോഷ്യൽ മീഡിയ
കുവൈത്തിലെ ഫിലിപ്പൈൻ സ്വദേശികളായ വീട്ടുവേലക്കാർക്ക് ആഴ്ചയിലൊരു ദിവസം അവധി നൽകിയ സർക്കാർ നടപടിയെ വിമർശിച്ച ബ്യൂട്ടി ബ്ലോഗർക്കെതിരെ സോഷ്യൽ മീഡിയ. സോൻഡോസ് അൽക്വാറ്റൻ എന്ന, 23 ലക്ഷം ഫോളോവേഴ്സുള്ള ബ്ലോഗറാണ്. ഇവരുടെ വാക്കുകൾ അങ്ങേയറ്റം വംശീയമായമാണെന്ന് വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. പുറത്തു കാണുന്ന സൗന്ദര്യത്തിനുള്ളിൽ ഒരു അളിഞ്ഞ മനസ്സുണ്ടെന്ന് പുറംലോകമറിഞ്ഞതായും സോഷ്യൽ മീഡിയ വിമർശിച്ചു.

കുവൈത്തിലെ പുതിയ സ്പോൺസർഷിപ്പ് നിയമം (കഫാല) ഫിലിപ്പിൻ കുടിയേറ്റത്തൊഴിലാളികൾക്ക് ആഴ്ചയിലൊരു ദിവസം അവധിയെടുക്കാനും സ്വന്തം പാസ്പോർട്ട് കൈവശം വെക്കാനും അനുമതി നൽകുന്നുണ്ട്. രാജ്യത്തെ തൊഴിൽ നിയമങ്ങൾ പഴയകാല അടിമവ്യവസ്ഥയിൽ ഊന്നിയതാണെന്ന് അന്താരാഷ്ട്രതലത്തിൽ വിമർശനങ്ങളുയർന്നിരുന്നു. കൊടിയ ക്രൂരതകളാണ് വീട്ടുവേലക്കാർ തൊഴിലുടമകളിൽ നിന്ന് നേരിടാറുള്ളത്.

സോൻഡോസ് അൽക്വാറ്റൻ തന്റെ സോഷ്യൽ മീഡിയ പേജുകളിലൊന്നിലിട്ട ഒരു വീഡിയോ വഴിയാണ് ഈ നിയമത്തോടുള്ള വിയോജിപ്പ് അറിയിച്ചത്. എങ്ങനെയാണ് മാസത്തിൽ നാലു ദിവസം വീട്ടുവേലക്കാരെ പുറത്തു വിടുകയെന്ന് അവർ ചോദിച്ചു. പാസ്പോർട്ട് തൊഴിലാളികളുടെ കൈയിലാണെന്നിരിക്കെ എന്തു വിശ്വസിച്ചാണ് അവരെ പുറത്തു വിടുകയെന്നും സോൻഡോസ് അൽക്വാറ്റൻ വീഡിയോയിൽ ചോദിക്കുന്നതായി കേൾക്കാം.

നിലവിൽ തൊഴിൽദാതാവിന് തന്റെ വീട്ടിലെ വേലക്കാരുടെ പാസ്പോർട് പിടിച്ചുവെക്കാവുന്നതാണ്. ഇക്കാരണത്താൽ തന്നെ കൊടിയ ക്രൂരതകളാണ് വീടുകൾക്കുള്ളിൽ ഇവർക്കെതിരെ അരങ്ങേറുന്നത്.

ഇരുണ്ട യുഗത്തിന്റെ പ്രതിനിധിയാണ് സോൻഡോസ് അൽക്വാറ്റനെന്ന് പ്രതികരിച്ച് മൈഗ്രന്റ് ഇന്റർനാഷണൽ രംഗത്തു വന്നു. 'അടിമകളുടെ ഉടമ'യായ ഒരാളുടെ മനോനിലയാണ് അവർക്കുള്ളതെന്നും സംഘടന തുറന്നടിച്ചു.

സോൻഡോസ് അൽക്വാറ്റനെ സ്പോൺസർ ചെയ്യുന്നവർ അതിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെടുന്നുണ്ട് സോഷ്യൽ മീഡിയ.

Next Story

Related Stories