Top

മെസ്‌ക്യുറ്റ്: വെടിക്കോപ്പുകളുടെയും ചൂതാട്ടത്തിന്റെയും ഈ നഗരത്തില്‍ നിന്നാണ് ലാസ് വെഗാസ് കൊലയാളി എത്തിയത്

മെസ്‌ക്യുറ്റ്: വെടിക്കോപ്പുകളുടെയും ചൂതാട്ടത്തിന്റെയും ഈ നഗരത്തില്‍ നിന്നാണ് ലാസ് വെഗാസ് കൊലയാളി എത്തിയത്
ഇന്നലെ ലാസ് വേഗാസില്‍ 59 പേരെ കൊലപ്പെടുത്തുകയും 500ലധികം ആളുകളെ പരിക്കേല്‍പ്പിക്കുകയും ചെയ്ത സ്റ്റീഫന്‍ പാഡക്കിന് ആയുധങ്ങള്‍ അന്വേഷിച്ച് അധികം സഞ്ചരിക്കേണ്ടതില്ലായിരുന്നു. അദ്ദേഹം താമസിക്കുന്ന നെവാഡയിലെ മെസ്‌ക്യുറ്റില്‍ തന്നെ ആയുധങ്ങളും സംഗീതോപകരണങ്ങളും വില്‍ക്കുന്ന ഒരു കടയുണ്ടായിരുന്നു. ഗണ്‍സ് ആന്റ് ഗിത്താര്‍സ് എന്നായിരുന്നു ആ കടയുടെ പേര്. അവിടെ 175 ഡോളറിന് മഹാഗണിയില്‍ തീര്‍ത്ത ഒരു അക്വസ്റ്റിക് ഗിത്താര്‍ ലഭിക്കുമ്പോള്‍ 749 ഡോളര്‍ ചിലവിട്ടാല്‍ ഒരു എആര്‍-556 റൈഫിള്‍ ലഭിക്കുമായിരുന്നു.

പക്ഷെ തങ്ങളുടെ ഉപഭോക്താക്കളില്‍ ഒരാളാണ് ലാസ് വേഗാസില്‍ കൂട്ടക്കൊല നടത്തിയതെന്നറിഞ്ഞതോടെ ആ കട തിങ്കളാഴ്ച രാവിലെ പൂട്ടിക്കിടക്കുകയായിരുന്നുവെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ രേഖകളും ഹാജരാക്കി, തങ്ങളുടെ കടയില്‍ നിന്നും വെടിക്കോപ്പുകള്‍ വാങ്ങുന്ന ആളായിരുന്നു പാഡോക് എന്ന് കടയുടമകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവിടെ നിന്നും 40 മൈല്‍ അകലെയുള്ള മറ്റൊരു കടയില്‍ നിന്നും ഇയാള്‍ വെടിക്കോപ്പുകള്‍ വാങ്ങിയിരുന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇത്തരം തോക്കുകള്‍ ഉപയോഗിച്ചല്ല പാഡക്ക് ലേസ് വാഗസില്‍ സംഗീത പരിപാടി ആസ്വദിച്ചുകൊണ്ടിരുന്ന ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒരു ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ചാണ് പാഡോക്ക് വെടിയുതിര്‍ത്തതെങ്കില്‍ മറ്റ് ആയുധങ്ങള്‍ പോലീസ് അയാളുടെ വീട്ടിനുള്ളില്‍ നിന്നും കണ്ടെടുത്ത ആയുധശേഖരത്തില്‍ ഉള്‍പ്പെടുന്നുണ്ടാവും എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അയാളുടെ ഒറ്റ നിലയുള്ള വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് സംഘം 19 തോക്കുകളും ആയിരക്കണക്കിന് വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്. സംഗീത പരിപാടിയിലേക്ക് അയാള്‍ വെടിയുതിര്‍ത്ത ഹോട്ടലിലെ മുറിയില്‍ നിന്നും 23 തോക്കുകളാണ് കണ്ടെടുത്തത്.

വെറും 18,000 മാത്രം ജനസംഖ്യയുള്ള നഗരമാണ് മെസ്‌ക്യുറ്റ്. മിക്കയിടങ്ങളും ആള്‍ത്തിരക്കില്ലാത്തത്. അരിസോണ സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശത്തുള്ള ഈ പട്ടണം പക്ഷെ തോക്കുകള്‍ പരസ്യമായി കൊണ്ടുനടക്കാന്‍ അനുവാദം നല്‍കുന്ന പ്രദേശം കൂടിയാണ്. അതില്‍ തന്നെ തോക്കുകളില്‍ താല്‍പര്യമുള്ളവര്‍ക്ക് പ്രിയപ്പെട്ട പ്രദേശവും. തൊട്ടടുത്ത വാള്‍മാര്‍ട്ടിന്റെ കടയില്‍ നിന്നും നിങ്ങള്‍ക്ക് ഇഷ്ടമുള്ള ആയുധങ്ങള്‍ വാങ്ങാന്‍ സാധിക്കും. തൊട്ടടുത്ത പണയക്കടയില്‍ നിന്നും മറിച്ചുവില്‍ക്കുന്ന ആയുധങ്ങള്‍ വാങ്ങാം. തൊട്ടടുത്തുള്ള മരുഭൂമിയില്‍ പോയി ആയുധ പ്രയോഗം പരിശീലിക്കുന്നതിന് പത്തുമിനിട്ട് യാത്ര ചെയ്താല്‍ മതിയാവും. എന്നിരുന്നാലും പന്തയ കേന്ദ്രങ്ങള്‍ക്കും ഗോള്‍ഫ് കളിയിടങ്ങള്‍ക്കും ഉദ്യോഗത്തില്‍ നിന്നും വിരമിച്ച ആളുകള്‍ക്കും പ്രസിദ്ധമാണ് മെസ്‌ക്യുറ്റ്. തിങ്കളാഴ്ചകളില്‍ തെരുവുകള്‍ ഒഴിഞ്ഞുകിടക്കുമ്പോഴും വിരമിച്ചവരുടെ സാന്നിദ്ധ്യം കൊണ്ട് നിറഞ്ഞതാവും ചൂതാട്ടകേന്ദ്രങ്ങള്‍.

[caption id="attachment_109869" align="aligncenter" width="550"] സഹോദരന്‍ എറിക് പാഡകിനൊപ്പം സ്റ്റീഫന്‍ പാഡക് (വലത്)[/caption]

ഈ പട്ടണത്തില്‍ വിരമിച്ചവര്‍ താമസിക്കുന്ന സണ്‍ സിറ്റിയിലാണ് പാഡക്കും, കൂട്ടക്കൊലയില്‍ പങ്കാളിയായിരുന്നു എന്ന് തിരിച്ചറിഞ്ഞ അദ്ദേഹത്തിന്റെ സ്ത്രീ സുഹൃത്ത് 62 കാരിയായ മറീലോ ഡാന്‍ലെയും താമസിക്കുന്നത്. രാത്രി എട്ട്മണിയോടെ ജനങ്ങള്‍ നിദ്രപൂകുന്ന സ്ഥലമാണിതെന്ന് പരിസരവാസികള്‍ പറയുന്നു. പാഡക്കുമായി തങ്ങള്‍ക്ക് പരിചയമുണ്ടെന്നും അദ്ദേഹം വളരെ സാധാരണക്കാരനായ ഒരു മനുഷ്യനാണെന്നും പരിസരവാസിയായ ടോം ജന്നിംഗ്‌സ് എന്ന 71 കാരന്‍ പറയുന്നു. 1980കളില്‍ ലോക്ഹീഡ് മാര്‍ട്ടിന്‍ എന്ന കമ്പനിയില്‍ കുറച്ചുകാലം അക്കൗണ്ടന്റ് ആയി പ്രവര്‍ത്തിച്ചിരുന്ന പാഡക്ക് ഈ സമൂഹത്തിലെ ഏതൊരു അഭിജാത വ്യക്തിയേയും പോലെയാണ്. ജോലിയില്‍ നിന്നും വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന ഒരു വെള്ളക്കാരന്‍. വടക്കന്‍ നെവാഡ, ഫ്‌ളോറിഡ, ടെക്‌സാസ് എന്നിവിടങ്ങളിലെ റിയല്‍ എസ്‌റ്റേറ്റ് കച്ചവടവും അലാസ്‌കയില്‍ വേട്ടയ്ക്കും മീന്‍ പിടിക്കുന്നതിനുമുള്ള സമയപരിധി കഴിഞ്ഞ അനുമതിയും ഇയാള്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ വെടിവെപ്പ് നടക്കുമ്പോള്‍ ഇയാളുടെ സ്ത്രീ സുഹൃത്ത് ഡാന്‍ലെ രാജ്യത്തിന് വെളിയിലായിരുന്നുവെന്നും അവരെ കുറ്റവിമുക്തയായിട്ടുണ്ടെന്നും ലാസ് വേഗാസ് പോലീസ് പറയുന്നു.

എന്നാല്‍ പ്രാദേശികമായി അത്ര അറിയപ്പെടുന്ന ആളായിരുന്നില്ല പാഡക്കെന്ന് ചില തദ്ദേശവാസികള്‍ പറയുന്നു. ഇടയ്ക്കിടയ്ക്ക് വീടിന് സമീപത്തുള്ള കാസ ബ്ലാങ്ക, വിര്‍ജിന്‍ റിവര്‍ ചൂതാട്ട കേന്ദ്രങ്ങളില്‍ ഇദ്ദേഹം പ്രത്യക്ഷപ്പെടാറുണ്ടായിരുന്നുവെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ വലിയ പണക്കാര്‍ മാത്രം ചൂതാട്ടം നടത്തുന്ന ലാസ് വാഗസിലെ ചൂതാട്ട കേന്ദ്രങ്ങളിലേക്ക് ഇടയ്ക്കിടയ്ക്ക് സ്റ്റീഫന്‍ പാഡക് എത്താറുണ്ടെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ എറിക് പാഡക് സാക്ഷ്യപ്പെടുത്തുന്നു. 250,000 ഡോളറൊക്കെ ചൂതാട്ടത്തില്‍ ജയിച്ചുവെന്ന് പറയുന്ന തരത്തിലുള്ള ആളായിരുന്നു തന്റെ സഹോദരനെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. തങ്ങള്‍ എഫ്ബിഐ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന ഒരു ബാങ്ക് കൊള്ളക്കാരന്റെ മക്കളാണെന്നും അദ്ദേഹം പറയുന്നു. 1968ല്‍ തന്റെ പിതാവ് ബെഞ്ചമിന്‍ പാഡോക് പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടതായി അറിയില്ലെന്നും എറിക് വിശദീകരിക്കുന്നു. അമേരിക്കയെ ഞെട്ടിച്ച ആക്രമണത്തിന് തന്റെ സഹോദരനെ പ്രേരിപ്പിച്ച ഘടകം എന്താണ് എന്നറിയില്ലെന്നും എറിക് പറയുന്നു. തങ്ങളുടെ അറിവില്‍ സ്റ്റീഫന്‍ പാഡോക്കിന് എന്തെങ്കിലും മതപരമോ രാഷ്ട്രീയമോ ആയ സംഘടനകളുമായി ബന്ധമില്ലെന്നും എറിക് തീര്‍ത്തുപറയുന്നു. സ്റ്റീഫന് തോക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള സൈനിക സേവന പരമ്പര്യമൊന്നുമില്ലെന്നും ഇദ്ദേഹത്തിന് എവിടെ നിന്നാണ് ഓട്ടോമറ്റിക് തോക്ക് ലഭിച്ചതെന്നത് ദുരൂഹമാണെന്നും എറിക് വിശദീകരിക്കുന്നു. വാര്‍ത്തകള്‍ കേട്ട് 90 വയസുള്ള തങ്ങളുടെ അമ്മ ഞെട്ടിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

[caption id="attachment_109871" align="aligncenter" width="550"] സഹോദരന്‍ എറിക് പാഡക്[/caption]

കുറ്റവാളി എന്ന് ആരോപിക്കപ്പെടുന്ന ആള്‍ക്ക് എന്തെങ്കിലും ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നാണ് മെസ്‌ക്യൂറ്റ് പോലീസും പറയുന്നു. ഗതാഗത നിയമലംഘനങ്ങള്‍ മാത്രമാണ് ഇതിന് മുമ്പ് പാഡക്കിന്റെ പേരില്‍ ഉണ്ടായിരുന്നതെന്ന് ലാസ് വേഗാസ് പോലീസും പറയുന്നു. പാഡക്കിന്റെ പേരില്‍ നേരത്തെ ക്രിമിനല്‍ കുറ്റങ്ങള്‍ ഒന്നുമില്ലെന്നത് കുടുംബത്തിനെ പോലെ തന്നെ അന്വേഷണ ഏജന്‍സികളെയും ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. നിലവില്‍ ഏതെങ്കിലും അന്താരാഷ്ട്ര ഭീകരസംഘടനകളുമായി പാഡക്കിന് എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടില്ല എന്നാണ് എഫ്ബിഐ ഉദ്യോഗസ്ഥന്‍ ആരോണ്‍ റോസ് മാധ്യമങ്ങളോട് പറഞ്ഞത്. അദ്ദേഹത്തിന്റെ വിശ്വാസ സംഹിതയെ കുറിച്ചും തെളിവുകള്‍ ഇല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്.

Next Story

Related Stories