TopTop
Begin typing your search above and press return to search.

ലൈംഗിക പീഡന ആരോപണം: ബ്രിട്ടണ്‍ രാഷ്ട്രീയം ആടിയുലയുന്നു

ലൈംഗിക പീഡന ആരോപണം: ബ്രിട്ടണ്‍ രാഷ്ട്രീയം ആടിയുലയുന്നു
ലൈംഗിക പീഡന ആരോപണങ്ങളില്‍ ബ്രിട്ടണ്‍ ആടിയുലയുന്നു. കഴിഞ്ഞ കാലങ്ങളില്‍ സ്ത്രീകളോടുള്ള തന്റെ പെരുമാറ്റം മോശമായിരുവന്നു എന്ന സമ്മതിച്ചുകൊണ്ട് പ്രതിരോധ സെക്രട്ടറി മൈക്കിള്‍ ഫാലന്‍ രാജിവെച്ചു. 15 വര്‍ഷം മുമ്പ് മാധ്യമ പ്രവര്‍ത്തകയായ ജൂലിയ ഹര്‍ട്ട്‌ലെ-ബ്രീവറിന്റെ മുട്ടില്‍ കൈവച്ചു എന്ന ആരോപണം സമ്മതിച്ചുകൊണ്ടാണ് ഫാലന്‍ ഇപ്പോള്‍ പടിയിറങ്ങുന്നത്. രാജ്യാന്തര വ്യാപാര മന്ത്രി ജെറമി ഹെയ് വുഡ് സ്റ്റേറ്റ് സെക്രട്ടറി ഡാമിയന്‍ ഗ്രീന്‍ എന്നിവരും ആരോപണത്തിന്റെ നിഴലിലാണ്. ഫാലന്റെ പകരക്കാരനെ വ്യാഴാഴ്ച തന്നെ നിയമിക്കുമെന്നാണ് പ്രധാനമന്ത്രി തെരേസ മേയുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 15 വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ കഴിഞ്ഞ ആഴ്ച ഫാലന്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ സമീപകാലത്തും സംഭവിച്ചിട്ടുണ്ടെന്നാണ് ഫാലന്റെ സുഹൃത്തുക്കള്‍ സൂചിപ്പിക്കുന്നത്. ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വെ വെയ്‌സ്‌റ്റെയ്‌ന്റെ ലൈംഗീക പീഡന കഥകള്‍ പുറത്തുവന്നതോടെയാണ് വെസ്റ്റ്മിനിസ്റ്ററിലെ ഉന്നതര്‍ക്കെതിരെ രംഗത്തെത്താന്‍ കൂടുതല്‍ സ്ത്രീകള്‍ പ്രചോദിതരായത്. ലൈംഗിക ആരോപണങ്ങള്‍ക്ക് വിധേയരാകുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന നിലപാടിലാണ് തെരേസ മേ. ഇക്കാര്യം അവര്‍ സ്പീക്കറെ അറിയിച്ചതോടെയാണ് ഫാലന്‍ രാജിക്ക് നിര്‍ബന്ധിതനായത്. മന്ത്രിസഭയില്‍ വിശാലമായ ഒരു അഴിച്ചുപണിക്ക് മേ തയ്യാറാവില്ലെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തനിക്കെതിരായ ആരോപണങ്ങള്‍ മേയുടെ അടുത്ത അനുയായി കൂടിയായ ഗ്രീന്‍ നിഷേധിച്ചിട്ടുണ്ട്. കണ്‍സര്‍വേറ്റീവ് രാഷ്ട്രീയത്തില്‍ ഇടപെടുന്ന അക്കാദമിക് വിദഗ്ധ കേറ്റ് മാല്‍ട്ട്ബി ആണ് ഗ്രീനിനെതിരെ ലൈംഗീക അതിക്രമ ആരോപണം ഉന്നയിച്ചത്. ഈ ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ക്യാബിനറ്റ് സെക്രട്ടറി സര്‍ ജെറമി ഹേയ്വുഡിനെ പ്രധാനമന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇതിനിടെ നിരവധി എംപിമാര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഒരു കണ്‍സര്‍വേറ്റീവ് എംപി ഹൗസ് ഓഫ് കോമണ്‍സിലെ ഓഫീസില്‍ വച്ച് തന്നെ കടന്നു പിടിച്ചതായി എംപിയുടെ സ്റ്റാഫില്‍ പെട്ട പേരുവെളുപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു സ്ത്രീ ഈവനിംഗ് സ്റ്റാന്‍ഡേര്‍ഡിനോട് പറഞ്ഞു. ഹൗസ് ഓഫ് കോമണ്‍സിന്റെ പുറത്തുള്ള ഒരു ബാറില്‍ വച്ച് ഒരു എംപി തന്റെ തോളില്‍ കൈവിടുകയും പിന്നീട് പീഢിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി മുന്‍ പാര്‍ലമെന്ററി ഇന്‍ട്രീം ജയിംസ് ഗ്രീന്‍ഹാല്‍ഗ് ബിബിസിയോട് പറഞ്ഞു. ലൈംഗീക ആരോപണ കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യും എന്ന് ആലോചിക്കുന്നതിനായി പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. അടുത്ത ആഴ്ചയാണ് യോഗം. പാര്‍ലമെന്റിലെ പുരുഷമേധാവിത്വമാണ് പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണമെന്ന് ഷാഡോ വിമന്‍ ആന്റ് ഇക്വാലിറ്റീസ് സെക്രട്ടറി ഡ്വാണ്‍ ബട്ടലര്‍ ചൂണ്ടിക്കാണിക്കുന്നു. മൊത്തം 650 എംപിമാരില്‍ 500 പേരും പുരുഷന്മാരായിരിക്കുന്നതാണ് പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണമെന്ന് ബട്ട്‌ലര്‍ പറയുമ്പോള്‍, വെസ്മിനിസ്റ്ററിലെ മദ്യപാന സംസ്‌കാരമാണ് പ്രശ്‌നങ്ങള്‍ വഷളാക്കുന്നതെന്നാണ് മറ്റ് ചിലര്‍ വാദിക്കുന്നത്.
Next Story

Related Stories