UPDATES

വിദേശം

ക്യൂബയിലെ നയതന്ത്രജ്ഞരെ ആക്രമിച്ചത് മൈക്രോവേവ് ആയുധങ്ങൾ ഉപയോഗിച്ചാകാമെന്ന് യുഎസ്സിന് സംശയം

ചില ശാസ്ത്രജ്ഞര്‍, നയതന്ത്രജ്ഞർ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളെ എംബസ്സികളിലെ ഉയർന്ന സമ്മർദ്ദമുള്ള ജോലിയുടെ പ്രശ്നമായാണ് വിലയിരുത്തുന്നത്.

ക്യുബയിലും ചൈനയിലും അമേരിക്കൻ നയതന്ത്രജ്ഞര്‍ അസാധാരണമായ രോഗാവസ്ഥകളിൽ പെട്ടതിനു പിന്നില്‍ മൈക്രോവേവ് ആയുധങ്ങളുപയോഗിച്ചുള്ള ആക്രമണമെന്ന് സംശയം. നാൽപതോളം വരുന്ന നയതന്ത്രപ്രതിനിധികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ് ഇത്തരമൊരാക്രമണം നേരിടേണ്ടി വന്നത്. ശാസ്ത്രജ്ഞരും ഡോക്ടർമാരും സംശയിക്കുന്നത് ഇതിനു പിന്നിൽ മൈക്രോവേവ് ആക്രമണമാണെന്നാണ്. നയതന്ത്രപ്രതിനിധികളും കുടുംബാംഗങ്ങളും ശാരീരികമായി അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ വിലയിരുത്തിയാണ് വിദഗ്ധർ ഈ സംശയത്തിലെത്തിയിരിക്കുന്നത്.

2016 അവസാനം മുതൽ ഇത്തരം ആക്രമണങ്ങൾ നടന്നിരിക്കാമെന്നാണ് കരുതപ്പെടുന്നത്. ക്യൂബയിലും ചൈനയിലുമുള്ള യുഎസ് നയതന്ത്രജ്ഞർക്ക് ഇത്തരം അനുഭവങ്ങളുണ്ടായി. എന്നാൽ ഇങ്ങനെയൊരാക്രമണം തങ്ങളുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നാണ് ക്യൂബൻ സർക്കാർ പറയുന്നത്. 2017ൽ ആക്രമണം നടന്നിരിക്കാമെന്ന നിഗമനത്തിൽ യുഎസ് ക്യൂബയിലെ തങ്ങളുടെ നയതന്ത്രജ്ഞരിൽ പകുതിയോളം പേരെയും തിരിച്ചു വിളിച്ചിരുന്നു. യുഎസ്സിലെ പതിനഞ്ചോളം ക്യൂബൻ നയതന്ത്രജ്ഞരെ പുറത്താക്കുകയും ചെയ്തിരുന്നു. കനേഡിയൻ നയതന്ത്രജ്ഞർക്കും പരിക്കേറ്റിരുന്നു.

തലച്ചോറിനെ വരെ പരിക്കേൽപ്പിച്ച ആക്രമണം മൈക്രോവേവ് ആക്രമണം തന്നെയാകാമെന്നാണ് അമേരിക്കയും കാനഡയും സംശയിക്കുന്നത്. ‘ശബ്ദ യന്ത്രങ്ങൾ’ ഉപയോഗിച്ചുള്ള ആക്രമണം നടന്നിരിക്കാമെന്നാണ് സംശയിക്കപ്പെടുന്നത്. നയതന്ത്രജ്ഞർ താമസിച്ച ഹോട്ടലുകളിലും വീടുകളിലും അസഹ്യമായ വലിയ ശബ്ദങ്ങൾ കേൾ‌ക്കുകയുണ്ടായെന്നാണ് അന്വേഷകർക്ക് കിട്ടിയ വിവരം. ഇതെത്തുടർന്ന് ചർദ്ദി, തലവേദന, ചെവി കേൾക്കാതാകൽ, ഉറക്ക പ്രശ്നങ്ങൾ തുടങ്ങിയവ നേരിട്ടു. ആക്രമണം നേരിട്ടവർക്ക് ഇപ്പോഴും പല പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ട്. ചിലർക്ക് ശ്രവണസഹായി ഉപയോഗിക്കേണ്ടി വന്നു. ആക്രമണം നേരിട്ട എള്ലാവരും തിരികെ യുഎസ്സിലേക്ക് പോയി.

അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ഈ പ്രശ്നങ്ങൾ വിശദമായി പഠിച്ച് പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ മൈക്രോവേവ് ആയുധങ്ങളാണ് കാരണമെന്ന് നേരിട്ട് പറയുന്നില്ല. എന്നാൽ പഠിതാക്കളായ ഡഗ്ലസ് സ്മിത്ത്, റീപ്പയർ എന്നിവർ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടറോട് പറഞ്ഞത് മൈക്രോവേവ് ആയുധങ്ങൾ ഉപയോഗിച്ചിരിക്കാമെന്നാണ്.

ഈ വിഷയത്തിൽ അമേരിക്കൻ വിദേശകാര്യമന്ത്രാലയമോ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനോ കൃത്യമായ ഒരു നിഗമനത്തിൽ ഇപ്പോഴും എത്തിച്ചേർന്നിട്ടില്ല.

ക്യൂബയുടെ പ്രതികരണം

ക്യൂബൻ ഡോക്ടർമാരുടെ ഒരു സംഘവുമായി ചേർന്ന് സംഭവത്തിൽ പരിശോധനകൾ നടത്താൻ അമേരിക്കൻ, കനേഡിയൻ സർക്കാരുകള്‍ തയ്യാറാകണമെന്ന് ക്യൂബ ആവശ്യപ്പെട്ടിരുന്നു. ക്യൂബയെ ഏതാണ്ടൊരു പ്രതിരോധത്തിലാക്കാൻ യുഎസ്സിന്റെയും കാനഡയുടെയും പിൻവാതിൽ ആരോപണങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ക്യൂബയുടെ അന്താരാഷ്ട്ര ബന്ധങ്ങളെയാകെ ബാധിക്കാനിടയുള്ള ഒന്നാണ് ഈ ആക്രമണ ആരോപണം.

ചില ശാസ്ത്രജ്ഞര്‍, നയതന്ത്രജ്ഞർ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളെ എംബസ്സികളിലെ ഉയർന്ന സമ്മർദ്ദമുള്ള ജോലിയുടെ പ്രശ്നമായാണ് വിലയിരുത്തുന്നത്.

മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടൽ ഉണ്ടായിരിക്കുമോയെന്ന കാര്യവും യുഎസ് സംശയിച്ചിരുന്നു. 2017ൽ തന്നെ ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മനുഷ്യന് അസഹ്യമായ ശബ്ദവീചികളുണ്ടാക്കുന്ന യന്ത്രങ്ങൾ ഹവാനയിലെ നയതന്ത്രജ്ഞരുടെ വീടുകളിൽ നിക്ഷേപിച്ചിരിക്കാമെന്ന് യുഎസ് അന്വേഷകർ കരുതുന്നു. ഇത് ചെയ്തത് ക്യൂബ തന്നെയാകണമെന്നില്ല. സ്വന്തം രാജ്യത്ത് താമസിക്കുന്ന നയതന്ത്രജ്ഞരെ ആക്രമിക്കുന്നതിലൂടെ അന്തർദ്ദേശീയ വികാരം തങ്ങൾക്കെതിരെ വളർത്താൻ ക്യൂബ തയ്യാറാകുമോ എന്നാണ് സംശയം. ഇതേ സംശയത്തിൽ മുട്ടി നിൽ‌ക്കുകയാണ് യുഎസ്സും കാനഡയും.

ക്യൂബൻ സർക്കാരിനകത്തു തന്നെയുള്ള വിമതരാകാം ഇത്തരമൊരു ആക്രമണത്തിന് ഗൂഢാലോചന ചെയ്തതെന്ന് യുഎസ് സംശയിക്കുന്നു. ക്യൂബയുടെ സുരക്ഷാ സൈനിക സംവിധാനത്തിന് രാജ്യത്തിന്റെ എല്ലാ സംവിധാനങ്ങൾക്കു മീതെയും ഉയർന്ന പിടിപാടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍