TopTop
Begin typing your search above and press return to search.

റഷ്യ ഇപ്പോഴും ഇടപെടലുകൾ തുടരുന്നു; ഒഴിഞ്ഞുമാറാൻ ട്രംപിന് സാധിക്കില്ല: കോൺഗ്രസ് കമ്മറ്റികളുടെ ചോദ്യങ്ങളോട് മുള്ളർ

റഷ്യ ഇപ്പോഴും ഇടപെടലുകൾ തുടരുന്നു; ഒഴിഞ്ഞുമാറാൻ ട്രംപിന് സാധിക്കില്ല: കോൺഗ്രസ് കമ്മറ്റികളുടെ ചോദ്യങ്ങളോട് മുള്ളർ
2016-ലെ യുഎസ് തെരഞ്ഞെടുപ്പില്‍ മോസ്കോയുടെ ഇടപെടൽ വ്യാപകമായി ഉണ്ടായി എന്ന തന്റെ കണ്ടെത്തലിനെയും നിഗമനങ്ങളെയും ന്യായീകരിച്ചും ട്രംപിന്റെ എല്ലാ വാദങ്ങളും തള്ളിക്കളഞ്ഞുമാണ് മുള്ളര്‍ കഴിഞ്ഞ ദിവസം രണ്ട് കോൺഗ്രസ് കമ്മിറ്റികൾക്ക് മുമ്പാകെ സംസാരിച്ചത്. എന്നാല്‍, ട്രംപ് ആ ദിവസത്തെ ‘റിപ്പബ്ലിക്കൻ പാർട്ടിയുടെ ഏറ്റവും മികച്ച ദിനങ്ങളിലൊന്ന്’ എന്ന് അവകാശപ്പെടുകയും, മുള്ളറുടെ സാക്ഷ്യപത്രം ‘ഡെമോക്രാറ്റുകള്‍ക്കേറ്റ ഐതിഹാസിക നാണക്കേടാണ്’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

മുള്ളറുടെ സാക്ഷ്യപത്രവും അതിന്മേലുള്ള ചര്‍ച്ചകളും കൊടുമ്പിരികൊണ്ടിരിക്കുമ്പോള്‍ വെസ്റ്റ് വിർജീനിയയില്‍ ഒരു പരിപാടിക്കെത്തിയ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് മുള്ളര്‍ ‘ഭയങ്കര'നാണെന്നാണ്. പ്രസിഡണ്ടിനെ ഇംപീച്ച് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ മുള്ളറെ ഉപയോഗിച്ച് എന്തെങ്കിലും കേസ് നിര്‍മ്മിക്കാമെന്ന ഡെമോക്രാറ്റുകളുടെ വ്യാമോഹത്തിനാണ് തിരിച്ചടിയേറ്റതെന്നും, അതുകൊണ്ടാണ് റിപ്പബ്ലിക്കൻസിന് ഇത് നല്ല ദിവസമാകുന്നതെന്നും അവര്‍ പറയുന്നു.

ഇന്നത്തെ ദിവസത്തോടുകൂടി കാര്യങ്ങളെല്ലാം എല്ലാവര്‍ക്കും വ്യക്തമായിക്കാണുമെന്നും ട്രംപ് പറഞ്ഞു. ‘ഡെമോക്രാറ്റുകളുടെ കയ്യില്‍ ഇപ്പോള്‍ ഒന്നുമില്ല. കോൺഗ്രസ് തിരഞ്ഞെടുപ്പ് ഉൾപ്പെടെ 2020-ലെ തിരഞ്ഞെടുപ്പിലും അവർ പരാജയപ്പെടുമെന്നാണ് ഞാൻ കരുതുന്നത്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷണവുമായി ബന്ധപ്പെട്ട് റോബർട്ട് മുള്ളർ വളരെ മോഷം പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. ഇന്നും അദ്ദേഹം അങ്ങിനെത്തന്നെയായിരുന്നു. അദ്ദേഹത്തിന്റെ അന്വേഷണം മികച്ചതായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ കൂടെയുള്ളവര്‍പോലും പറയുമെന്ന് താന്‍ കരുതുന്നില്ല എന്നും ട്രംപ് അഭിപ്രായപ്പെട്ടു.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കാര്യങ്ങള്‍ അങ്ങിനെയായിരുന്നില്ല. രണ്ട് കോൺഗ്രസ് കമ്മിറ്റികൾക്ക് മുമ്പാകെ ഏഴു മണിക്കൂറോളം നീണ്ട ചൂടേറിയ ചോദ്യോത്തരങ്ങളാണ് നടന്നത്. മുള്ളറുടെ ഭാഗത്തുനിന്നും എന്തെങ്കിലും വീണുകിട്ടാന്‍ നിയമനിർമ്മാതാക്കൾ കിണഞ്ഞു ശ്രമിച്ചെങ്കിലും അദ്ദേഹം അതിനെ വളരെ സംയമനത്തോടെ നേരിടുന്നതാണ് കണ്ടത്. തന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞ വിവാദപരമായ പല കാര്യങ്ങളും അദ്ദേഹം ആവര്‍ത്തിച്ചു. ആദ്യമായാണ് മുള്ളര്‍ തന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് ഇത്ര വിശദമായി സംസാരിക്കുന്നത്. അതാവട്ടെ, ട്രംപിനെകുറിച്ചും, അദ്ദേഹത്തിന്റെ റഷ്യന്‍ ബന്ധത്തെകുറിച്ചും, തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെ കുറിച്ചും ഉള്‍ക്കാഴ്ച നല്‍കുന്നതായിരുന്നു.

‘ട്രംപ് എല്ലായ്പ്പോഴും സത്യസന്ധനായിരുന്നില്ലേ’ എന്ന ചോദ്യത്തിന് ‘പൊതുവായി അങ്ങിനെ പറയാം’ എന്ന മറുപടിയാണ് മുള്ളര്‍ നല്‍കിയത്. പ്രസിഡണ്ടിനെതിരെ കുറ്റം ചുമത്തുന്നലിലുള്ള തന്റെ പരിമിതി മുള്ളര്‍ കോണ്‍ഗ്രസ് അംഗങ്ങളെ അറിയിച്ചു. എന്നാല്‍ ട്രംപ് അധികാരത്തില്‍നിന്നും ഇറങ്ങിയതിനുശേഷം നീതി തടസ്സപ്പെടുത്തിയതിന് അദ്ദേഹത്തിനെതിരെ കേസെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ട്രംപിന് യാതൊരു പങ്കുമില്ലെന്ന വ്യാഖ്യാനത്തെ പലതവണ അദ്ദേഹം നിരാകരിച്ചു. ‘ഈ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത് ആരോപണങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാന്‍ പ്രസിഡണ്ടിനു കഴിയില്ല എന്നാണെന്ന്’ മുള്ളർ സമ്മതിച്ചു.

റിപ്പോര്‍ട്ടിനെകുറിച്ചുള്ള മുള്ളറുടെ നേരിട്ടുള്ള സാക്ഷ്യപ്പെടുത്തല്‍ ഈ വിഷയത്തില്‍ ഏറെ നാളായി തുടരുന്ന അഭ്യൂഹങ്ങള്‍ക്ക് ഒരു നാടകീയമായ പരിസമാപ്തി നൽകുമെന്ന് ഡെമോക്രാറ്റിക് നിയമനിർമ്മാതാക്കൾ പ്രതീക്ഷിച്ചിരുന്നു. റിപ്പോര്‍ട്ട് ഇനിയും വായിക്കാത്ത അമേരിക്കന്‍ ജനതക്ക് കൂടുതൽ ആധികാരികവും വ്യക്തവുമായ കാഴ്ചപ്പാട് നല്‍കുന്നതായിരുന്നു രണ്ട് കോൺഗ്രസ് കമ്മിറ്റികൾക്ക് മുമ്പാകെ മുള്ളര്‍ നല്‍കിയ അഭിമുഖങ്ങള്‍.

മുള്ളര്‍ റിപ്പോര്‍ട്ട് തന്നെ പൂര്‍ണ്ണമായും കുറ്റവിമുക്തനാക്കുകയാണ് ചെയ്യുന്നതെന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ട്രംപ് ആവര്‍ത്തിച്ച് പറയുന്നുണ്ട്. എന്നാല്‍, താനും സംഘവും അത്തരമൊരു നിഗമനത്തിലെത്തിയിട്ടില്ലെന്ന് പറയാൻ മുള്ളർ ശ്രദ്ധിച്ചു. വളരെ ആധികാരികമായാണ് റഷ്യ നടത്തിയ അട്ടിമറി പ്രവര്‍ത്തനങ്ങളെകുറിച്ചുള്ള ചോദ്യങ്ങളെ അദ്ദേഹം നേരിട്ടത്. ‘നമ്മള്‍ ഇവിടെ ഇരിക്കുമ്പോള്‍ പോലും അവര്‍ അത് ചെയ്തുകൊണ്ടിരിക്കുകയാണ്’ എന്നാണ് തിരഞ്ഞെടുപ്പുകളിൽ റഷ്യയുടെ നിരന്തരമായ ഇടപെടലിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

Next Story

Related Stories