TopTop
Begin typing your search above and press return to search.

പ്ലാസ്റ്റിക് മാലിന്യങ്ങൾ ദരിദ്രരാജ്യങ്ങളിൽ തള്ളുന്നതിനെതിരെ ഐക്യരാഷ്ട്രസഭ; യുഎസ്സും കരാറിന്റെ ഭാഗമായി

പ്ലാസ്റ്റിക് മാലിന്യങ്ങൾ ദരിദ്രരാജ്യങ്ങളിൽ തള്ളുന്നതിനെതിരെ ഐക്യരാഷ്ട്രസഭ; യുഎസ്സും കരാറിന്റെ ഭാഗമായി

പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യുക എന്നത് ലോകരാഷ്ട്രങ്ങള്‍ ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ്. പല രാജ്യങ്ങളും പ്ലാസ്റ്റിക്കുണ്ടാക്കുന്ന വിപത്തിനെ നേരിടാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നുണ്ട്. എന്നാല്‍ അതൊന്നും ലക്ഷ്യം കാണുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഓരോ വര്‍ഷവും ലോകത്ത് ഉപയോഗിക്കപ്പെടുന്നത് അഞ്ച് ലക്ഷം കോടി (അഞ്ച് ട്രില്യണ്‍) പ്ലാസ്റ്റിക് സഞ്ചികളാണെന്നാണ് കണക്ക്. ഓരോ മിനിറ്റിലും ലോകത്ത് വില്‍ക്കപ്പെടുന്നത് 10 ലക്ഷം പ്ലാസ്റ്റിക് ബോട്ടിലുകളാണ്. നിത്യവും ഇന്ത്യ 25940 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉത്പാദിപ്പിക്കുന്നുവെന്നാണ് ദേശീയ മലിനീകരണ ബോര്‍ഡ് ഈ വര്‍ഷമാദ്യം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇത്രയും കാലം ലോകത്ത് ഉത്പാദിപ്പിക്കുന്ന പകുതിയോളം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് ചൈനയായിരുന്നു. എന്നാല്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍നിന്നും മാലിന്യം ഇറക്കുമതി ചെയ്യുന്നതിന് അവര്‍ കടുത്ത നിയന്ത്രണം കൊണ്ടുവന്നു. ഇതോടെ അവികസിത-വികസ്വര രാജ്യങ്ങിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കയറ്റി അയക്കുന്നതും വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് ഐക്യരാഷ്ട്ര സംഘടന പ്രശ്നത്തില്‍ ഇടപെടുന്നത്. അവികസിത രാജ്യങ്ങളിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കയറ്റി അയയ്ക്കണമെങ്കില്‍ അതാത് രാഷ്ട്രങ്ങളുടെ അനുമതി വേണമെന്നതാണ് കരാറിന്റെ കാതല്‍. നേരത്തെ ഇത് ആവശ്യമില്ലായിരുന്നു. യുഎസ് ഉള്‍പ്പടെയുള്ള വികസിത രാഷ്ട്രങ്ങള്‍ അത് പരമാവധി ചൂഷണം ചെയ്തിട്ടുമുണ്ട്.

കന്യാസ്ത്രീ പീഡനക്കേസ്; ഇര താനാണെന്നും ജനങ്ങള്‍ തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ബിഷപ്പ് ഫ്രാങ്കോ

അമേരിക്കയിൽ നിന്ന് പ്ലാസ്റ്റിക് ഇറക്കുമതി ചെയ്യുന്നത് ചൈന അവസാനിപ്പിച്ചതോടെ വികസ്വര രാജ്യങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നു കൂടാന്‍ തുടങ്ങിയതായി ‘ഗ്ലോബൽ അലിയൻസ് ഫോര്‍ ഇന്‍സിനറേറ്റര്‍ ആൾട്ടർനേറ്റീവ്സ്’ എന്ന സംഘടന കണ്ടെത്തിയിരുന്നു. ഇൻഡോനേഷ്യ, തായ്‌ലാന്റ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ഗ്രാമങ്ങൾ ഒരൊറ്റ വര്‍ഷംകൊണ്ട് മാലിന്യക്കൂമ്പാരങ്ങളായി മാറി. നേരത്തേ കൃഷി ആവശ്യത്തിനു വേണ്ടി ഉപയോഗിച്ചുകൊണ്ടിരുന്ന ഭൂപ്രദേശങ്ങളാണ് ഇത്തരത്തില്‍ തകര്‍ക്കപ്പെട്ടത്.

കരയിലേയും കടലിലേയും എല്ലാ ജീവജാലങ്ങള്‍ക്കും ഭീഷണിയായ പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനം, വിഷലിപ്തവും അപകടകരവുമായ രാസവസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കല്‍ എന്നീ ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വേണ്ടി ചേര്‍ന്ന യു. എന്നിന്‍റെ യോഗത്തിലാണ് ആശാവഹമായ പുതിയ തീരുമാനം കൈകൊണ്ടിരിക്കുന്നത്. രണ്ടാഴ്ച നീണ്ട തീവ്രമായ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ നിയമപരമായ ഒരു ചട്ടക്കൂട് കൊണ്ടുവരാന്‍ യു.എന്നിന് സാധിച്ചു. 187 രാഷ്ട്രങ്ങള്‍ കരാറില്‍ ഒപ്പുവച്ചു. ഇത്തരം കരാറുകളില്‍ നിന്നും എല്ലാ കാലത്തും വിട്ടു നില്‍ക്കാറുള്ള അമേരിക്ക പോലും ഈ കരാറിന്‍റെ ഭാഗമായി എന്നത് ശ്രദ്ധേയമാണ്.

അമേരിക്ക ഓസ്ട്രേലിയ തുടങ്ങിയ വികസിത രാജ്യങ്ങള്‍ അവരുടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ പുതിയ ഇടങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്. ചൈന കൊണ്ടുവന്ന നിയന്ത്രണത്തിനു പിന്നാലെ പുതിയ യു.എന്‍ കരാര്‍കൂടെ യാഥാര്‍ത്ഥ്യമായതോടെ ഇനി ഈ രാജ്യങ്ങള്‍ എന്തു ചെയ്യുമെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ഇനിമുതല്‍ മാലിന്യപ്രശ്നം കൂടുതല്‍ രൂക്ഷമാകുമെന്നും തല്‍ഫലമായി മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള കൂടുതല്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ അത് ഇടയാക്കുമെന്നും കരുതുന്നവരുണ്ട്.

ആഫ്രിക്കന്‍ രാജ്യമായ റുവാണ്ട 2008 മുതല്‍ പ്ലാസ്റ്റിക് ബാഗ് വിമുക്ത രാജ്യമാണ്. അവിടെ പാസ്റ്റിക് സഞ്ചികള്‍ക്ക് പൂര്‍ണ നിരോധനമാണുള്ളത്. 2016ല്‍ പ്ലാസ്റ്റിക് നിരോധന നിയമം ഫ്രാന്‍സ് പാസ്സാക്കി. പ്ലാസ്റ്റിക് നരോധനത്തിനു പകരം പുനരുപയോഗമാണ് സ്വീഡന്‍ മുന്നോട്ടുവെക്കുന്നത്. പ്ലാസ്റ്റിക് പുനരുപയോഗം മികച്ച രീതിയില്‍ നടപ്പാക്കുന്ന ലോകത്തിലെ ഒന്നാംകിട രാജ്യമാണ് സ്വീഡന്‍. പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള അയര്‍ലന്‍ഡിന്‍റെ പരീക്ഷണം വന്‍ വിജയമായിരുന്നു. ഇത്തരത്തില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനും ഉപയോഗത്തിനും കര്‍ശനമായ നിയമങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയാലെ ഈ വിപത്തില്‍ നിന്നും കരകയറാന്‍ നമുക്ക് സാധിക്കൂ. ആ ഉദ്യമത്തിന് അടിത്തറ പാകുകയാണ് യുഎന്നിന്‍റെ പുതിയ കരാര്‍.


Next Story

Related Stories