TopTop
Begin typing your search above and press return to search.

നീല്‍ ആംസ്ട്രോങ്ങിന്റെ മരണം ചികിത്സാപ്പിഴവ് മൂലം? ആശുപത്രി നൽകിയ ഒത്തുതീർപ്പ് തുക മക്കൾ രഹസ്യമായി വീതം വെച്ചെടുത്തു?

നീല്‍ ആംസ്ട്രോങ്ങിന്റെ മരണം ചികിത്സാപ്പിഴവ് മൂലം? ആശുപത്രി നൽകിയ ഒത്തുതീർപ്പ് തുക മക്കൾ രഹസ്യമായി വീതം വെച്ചെടുത്തു?
നീല്‍ ആംസ്‌ട്രോംഗിനെകുറിച്ച് കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ മനുഷ്യന്‍. ‘മാനവരാശിയുടെ മഹത്തായ ചുവടുവെയ്പ്പ്’ നടത്തിയ ആ ഇതിഹാസകാരന്‍ അന്തരിച്ചിട്ട് ഏഴുവര്‍ഷമാകുന്നു. മനുഷ്യന്‍ ചന്ദ്രനെ കീഴടക്കിയതിന്റെ അന്‍പതാംവര്‍ഷം ആഘോഷിക്കുന്ന ഈ വേളയില്‍ ലോകമെങ്ങുമുള്ള ചര്‍ച്ചകളില്‍ നീല്‍ ആംസ്‌ട്രോംഗും അദ്ദേഹത്തിന്റെ വാക്കുകളും നിറഞ്ഞു നില്‍ക്കുകയാണ്. എന്നാല്‍ മനുഷ്യരാശിയുടെ തലയെടുപ്പ് ചന്ദ്രനോളം ഉയര്‍ത്തിയ ആ മഹാന്‍ ചികിത്സാ പിഴവുമൂലമാണ് മരിച്ചതെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

2012-ൽ സിൻസിനാറ്റി ആശുപത്രിയിൽവെച്ച് നീൽ ആംസ്ട്രോംഗ് മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് കേവലം രണ്ടാഴ്ചയേ പിന്നിട്ടിരുന്നൊള്ളൂ. അദ്ദേഹത്തിന്റെ കുടുംബം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരെ അഭിസംബോധന ചെയ്തുകൊണ്ട് ഹൃദയം തൊടുന്ന ആദരാഞ്ജലിയാണ് അർപ്പിച്ചത്. അവരെഴുതി, ‘നീല്‍ ആംസ്‌ട്രോംഗ് കാഴ്ചവെച്ച സേവനത്തേയും, നേട്ടങ്ങളേയും, ബഹുമാനിക്കുക. അടുത്ത പൌര്‍ണ്ണമിയുടെ അന്ന് നിങ്ങള്‍ പുറത്തിറങ്ങി നടക്കുമ്പോള്‍ ചന്ദ്രൻ നിങ്ങളെ നോക്കി പുഞ്ചിരിക്കുന്നത് കാണും. അപ്പോള്‍ അദ്ദേഹത്തെയോര്‍ക്കുക. ഒന്നിമവെട്ടുക’. അത്രമാത്രം.

പുറത്ത് ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും അവരുടെ ഉള്ളിലെ വികാരം മറ്റൊന്നായിരുന്നു. അതവര്‍ പുറമേ കാണിച്ചില്ലെന്നുമാത്രം. ശസ്ത്രക്രിയാനന്തര ചികിത്സയിലെ പാളിച്ചകളാണ് തങ്ങളുടെ പിതാവിന്റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്ന് ആംസ്ട്രോംഗിന്റെ രണ്ട് ആൺമക്കളും പറഞ്ഞിരുന്നു. ആശുപത്രി ഈ ആരോപണത്തെ ശക്തമായി പ്രതിരോധിച്ചു. എന്നാല്‍, വളരെ രഹസ്യമായി പ്രശ്നം പരിഹരിക്കുന്നതിനും, അപകീര്‍ത്തിയില്‍നിന്നും രക്ഷപ്പെടുന്നതിനും വേണ്ടി ആശുപത്രി അധികൃതര്‍ ആംസ്ട്രോംഗിന്റെ കുടുംബത്തിന് 6 മില്യൺ ഡോളർ നൽകിയെന്നാണ് ഇപ്പോള്‍ പുറത്തുവന്ന രേഖകള്‍ സൂചിപ്പിക്കുന്നത്.

2012 ഓഗസ്റ്റ് ആദ്യവാരത്തിലാണ് ആംസ്ട്രോംഗിനെ ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുന്നത്. ‘അദ്ദേഹം അതിശയകരമാംവിധം പ്രതിരോധശേഷിയുള്ള ആളാണ്‌’ എന്നാണ് അന്ന് അദ്ദേഹത്തിന്റെ ഭാര്യ ‘അസോസിയേറ്റഡ് പ്രസ്സി’നോട് പറഞ്ഞത്. എന്നാൽ താൽക്കാലിക പേസ്‌മേക്കറില്‍നിന്നും നഴ്‌സുമാർ വയറുകൾ നീക്കം ചെയ്യാന്‍ തുടങ്ങിയതോടെ രക്തസ്രാവം തുടങ്ങി. വൈകാതെ, ഓഗസ്റ്റ് 25-ന്, അദ്ദേഹം മരണത്തിനു കീഴടങ്ങുകയും ചെയ്തു.

2014 ജൂലൈയില്‍ ആശുപത്രിയുടെ അഭിഭാഷകർക്ക് ഒരു ഇ-മെയില്‍ സന്ദേശം ലഭിച്ചു. ‘മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയതിന്റെ 45-ാം വാർഷികം ആഘോഷിക്കുന്ന ചടങ്ങിൽ സംസാരിക്കാൻ ആംസ്ട്രോംഗിന്റെ മക്കളായ മാർക്കും സഹോദരൻ റിക്കും ഉടൻ ഫ്ലോറിഡയിലേക്ക് പുറപ്പെടുകയാണ്. കെന്നഡി ബഹിരാകാശ കേന്ദ്രത്തിലെ ഈ പരിപാടിയാകും നാളത്തെ പ്രധാന വാര്‍ത്ത. അമേരിക്കയിലെ ഏറ്റവും പ്രശസ്തനും ഏവരും ബഹുമാനിക്കുകയും ചെയ്യുന്ന മഹാപുരുഷന്‍ മരണപ്പെട്ടത് ആശുപത്രിയിലെ പരിചരണത്തിന്റെ പിഴവു മൂലമാണെന്ന് അവര്‍ വിളിച്ചു പറയും’. ഇതായിരുന്നു ആ ഇ-മെയിലിന്റെ ഉള്ളടക്കം. അയച്ചത് മറ്റാരുമല്ല, മാര്‍ക്കിന്റെ ഭാര്യയും അഭിഭാഷകയുമായ വെൻഡി ആർ. ആംസ്ട്രോംഗാണ്!. മാത്രമല്ല, പെട്ടെന്നൊരു തീരുമാനത്തില്‍ എത്തിയില്ലെങ്കില്‍ ‘നീലിനെക്കുറിച്ച് ഇതുവരെ പുറംലോകമറിയാത്ത വിവരങ്ങൾക്കായി നിരവധി പ്രസാധകരും എഴുത്തുകാരും ചലച്ചിത്ര പ്രവർത്തകരുമെല്ലാം കാത്തിരിക്കുകയാണെന്നും’ ആ സന്ദേശത്തില്‍ ഉണ്ടായിരുന്നു.

മുമ്പൊരിക്കലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത ഈ വാര്‍ത്ത ഇപ്പോഴാണ് പുറത്തുവരുന്നത്. ചികിത്സയുമായും നിയമ നടപടികളുമായും ബന്ധപ്പെട്ട 93 പേജുള്ള രേഖകള്‍ ഒരു അജ്ഞാതന്‍ ന്യൂയോർക്ക് ടൈംസിന് അയച്ചുകൊടുക്കുകയായിരുന്നു. ബാക്കിയുള്ളവരുടെ ജീവനെങ്കിലും രക്ഷിക്കാന്‍ കഴിയട്ടെ എന്നൊരു കുറിപ്പും രേഖകളുടെ കൂടെ അജ്ഞാതനായ ആള്‍ എഴുതിവെച്ചിരുന്നു.

‘മാർക്കും റിക്കും കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ സംസാരിക്കുമ്പോള്‍ ചികിത്സാ പിഴവിനെ കുറിച്ച് സംസാരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ’ എന്ന് ആശുപത്രി അഭിഭാഷകനായ നാൻസി എ. ലോസൺ 2014 ജൂലൈ 8-ന് വെൻ‌ഡിയോട് ഇ-മെയിലിലൂടെ ചോദിക്കുന്നുണ്ട്. ആംസ്ട്രോങ്ങിന്റെ ആശുപത്രി ചികിത്സയെയും മരണത്തെയും കുറിച്ചുള്ള വിവരങ്ങൾ ഏതെങ്കിലും പ്രസാധകര്‍ക്കോ സിനിമാക്കാര്‍ക്കോ നല്‍കുകയാണെങ്കില്‍ അതായിരിക്കും ഏറ്റവും ലാഭകരമെന്നാണ് അതിന് അവര്‍ കൊടുത്ത മറുപടി. വെൻഡി ആർ. ആംസ്ട്രോംഗ് യഥാര്‍ത്ഥത്തില്‍ കുടുംബത്തിന് വേണ്ടി ആവശ്യപ്പെട്ടത് 7 മില്ല്യന്‍ ഡോളറായിരുന്നു.

സെറ്റിൽമെന്റിന്റെ സിംഹഭാഗവും, ഏകദേശം 5.2 മില്യൺ ഡോളർ, ആംസ്ട്രോംഗിന്റെ രണ്ടു മക്കള്‍ വീതംവെച്ചെടുത്തുവെന്ന് ഹാമിൽട്ടൺ കൗണ്ടി കോടതിയിലെ രേഖകള്‍ സൂചിപ്പിക്കുന്നു. ആംസ്ട്രോംഗിന്റെ സഹോദരന്‍ ഡീൻ എ. ആംസ്ട്രോങ്ങിനും സഹോദരിയായ ജൂൺ എൽ. ഹോഫ്മാനും 250,000 ഡോളർ വീതവും ആറ് പേരക്കുട്ടികൾക്ക് 24,000 ഡോളർ വീതവും നല്‍കി. എന്നാല്‍ ആംസ്ട്രോംഗിന്റെ രണ്ടാമത്തെ ഭാര്യയായ കരോൾ അതിലൊന്നും പങ്കെടുത്തില്ല. ‘ഞാനാ സെറ്റിൽമെന്റിന്റെ ഭാഗമല്ലായിരുന്നു’ എന്നാണ് അവൾ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

Next Story

Related Stories