UPDATES

വിദേശം

നെറ്റ്ഫ്ലിക്സ് നീക്കിയ വീഡിയോ യൂടൂബില്‍ വൈറൽ: ഖഷോഗി വധത്തിൽ സൗദി രാജകുമാരനെ പരിഹസിക്കുന്ന വീഡിയോ നീക്കിയതിനെ കളിയാക്കി സ്റ്റാൻഡപ് കൊമേഡിയൻ

നെറ്റ്ഫ്ലിക്സ് തന്റെ കോമഡി പരിപാടി നീക്കം ചെയ്ത സംഭവത്തിൽ പരിഹാസവുമായി സ്റ്റാൻഡപ് കൊമേഡിയൻ ഹസൻ മിൻഹാജ് രംഗത്ത്. “ആളുകൾ എന്തെങ്കിലും കാണുന്നത് തടയാനുള്ള ഏറ്റവും നല്ല മാർഗം അത് നിരോധിക്കുകയാണ്. എന്നിട്ട് അത് ഓൺലൈനിൽ വൈറലാക്കണം. പിന്നീടത് യൂടൂബിന് വിട്ടുകൊടുക്കണം” -മിൻഹാജ് പരിഹാസത്തോടെ ട്വീറ്റ് ചെയ്തു. ജമാൽ ഖഷോഗിയെ കൊന്നതുമായി ബന്ധപ്പെട്ട് സൗദി കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാനെ കളിയാക്കുന്ന വീഡിയോ നെറ്റ്ഫ്ലിക്സ് നീക്കം ചെയ്യുകയായിരുന്നു. യമനിലാണ് ലോകത്തിലെ ഏറ്റവും വലിയ മാനവികതാ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നതെന്ന് നമുക്ക് മറക്കാതിരിക്കാമെന്നും മിൻ‌ഹാജ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

സൗദിയുടെ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷന്റെ ആവശ്യപ്രകാരമാണ് നെറ്റ്ഫ്ലിക്സ് വീഡിയോ നീക്കം ചെയ്തത്. സൗദിയുടെ സൈബർക്രൈം വിരുദ്ധ നിയമം ലംഘിച്ചെന്നാരോപിച്ചാണ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത്.

നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്തെങ്കിലും സൗദിയില്‍ യൂടൂബിൽ ഈ വീഡിയോ ലഭ്യമാണ്. അതെസമയം തങ്ങൾ വീഡിയോ നീക്കം ചെയ്തത് സൗദിയിൽ മാത്രമാണെന്ന് നെറ്റ്ഫ്ലിക്സ് വിശദീകരണം നൽകി. കലാകാരന്റെ സ്വാതന്ത്ര്യത്തെ മതിക്കുന്നവരാണ് തങ്ങളെന്നും സർക്കാരിൽ നിന്ന് നിയമപ്രകാരമുള്ള താക്കീത് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നീക്കം ചെയ്തതെന്നും നെറ്റ്ഫ്ലിക്സ് അറിയിച്ചു.

സൗദി രാജകുമാരൻ ഒരു പരിഷ്കരണവാദിയല്ലെന്ന് പലർക്കും മനസ്സിലാകാൻ വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടർ ജമാൽ ഖഷോഗി കൊല്ലപ്പെടേണ്ടി വന്നുവെന്നായിരുന്നു മിൻഹാജിന്റെ വീഡിയോയിലെ വിമർശനം. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് തുർക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് സൗദി അയച്ച ഹിറ്റ് ടീം ജമാൽ ഖഷോഗിയെ കൊലപ്പെടുത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍