TopTop
Begin typing your search above and press return to search.

അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പുത്തന്‍ താരോദയം; ലോകം ഉറ്റുനോക്കുന്ന അലക്സാൻഡ്രിയയുടെ വിജയം

അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പുത്തന്‍ താരോദയം; ലോകം ഉറ്റുനോക്കുന്ന അലക്സാൻഡ്രിയയുടെ വിജയം

1982ൽ രൂപീകരിക്കപ്പെട്ടതു മുതൽ 2017 ഓഗസ്റ്റ് മാസം വരെ സോഷ്യൽ ഡെമോക്രാറ്റിക് മൂല്യങ്ങളിൽ‌ വിശ്വസിക്കുന്ന ഇടത് കക്ഷികളുടെ കൂട്ടായ്മയായ സോഷ്യലിസ്റ്റ് ഇന്റർനാഷണലിൽ അംഗമായിരുന്നു ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്ക (DSA). നവലിബറൽ സാമ്പത്തിക നയങ്ങളോട് ഈ കൂട്ടായ്മ പുലർത്തുന്ന അനുഭാവം ഡിഎസ്എയ്ക്കകത്ത് ചർച്ചയായി. ഇതേത്തുടർന്നാണ് സോഷ്യലിസ്റ്റ് ഇന്റർനാഷണലിൽ തുടരേണ്ടതുണ്ടോ എന്ന വോട്ടെടുപ്പ് നടന്നത്. ഇന്റർനാഷണൽ വിടാമെന്ന തീരുമാനമാണ് വോട്ടെടുപ്പിലൂടെ ഉരുത്തിരിഞ്ഞു വന്നത്. മൂന്നു പതിറ്റാണ്ടോളമായി തുടർന്നു വന്ന, കടുത്ത സോഷ്യൽ ഡെമോക്രാറ്റിക് ചായ്‌വിനെതിരായി പാർട്ടിക്കകത്ത് വളർന്നുവന്ന ശബ്ദങ്ങൾ ശ്രദ്ധേയമാണ്.

ഇപ്പോഴും സോഷ്യൽ ഡെമോക്രസി തന്നെയാണ് ഡിഎസ്എയുടെ അടിസ്ഥാന പ്രത്യയശാസ്ത്രങ്ങളിലൊന്ന് എങ്കിലും, എല്ലാത്തരക്കാരെയും ഉൾക്കൊള്ളാൻ കഴിയുന്ന ഒരു പ്ലാറ്റ്ഫോമാണ് സംഘടനയ്ക്കുള്ളത്. സോഷ്യൽ ഡെമോക്രാറ്റുകളെക്കൂടാതെ കമ്മ്യൂണിസ്റ്റുകൾ, പരിസ്ഥിതി രാഷ്ട്രീയക്കാർ, മാർക്സിസ്റ്റുകൾ, ലെനിനിസ്റ്റുകൾ തുടങ്ങിയ ഇടതിനോട് ചായ്‌വ് കാണിക്കുന്നവരെയെല്ലാം ഡിഎസ്എ മെമ്പർമാരായി സ്വീകരിക്കുന്നു. ഓരോ കാലത്തിലും ഏതു വിഭാഗക്കാർക്കാണ് സംഘടനയിൽ മുൻതൂക്കം എന്നതിനെ ആശ്രയിച്ച് നയങ്ങളിൽ മാറ്റം വരാം. അത്തരമൊരു മാറ്റമാണ് 2017 ഓഗസ്റ്റിൽ സോഷ്യലിസ്റ്റ് ഇന്റർനാഷണൽ സംബന്ധിച്ചുള്ള വോട്ടെടുപ്പിലൂടെ വ്യക്തമായത്. എന്നിരിക്കിലും സോഷ്യൽ ഡെമോക്രാറ്റിക് പ്രവണതയിൽ നിന്നും പാർട്ടി ഇപ്പോഴും മുക്തമല്ല.

വിപ്ലവം എന്ന വാക്ക് ഡിഎസ്എയുടെ പരിപാടിയിലെങ്ങും കാണില്ല. എങ്കിലും വിപ്ലവ സോഷ്യലിസ്റ്റുകൾക്ക് കുറവൊന്നുമില്ല സംഘടനയിൽ. പക്ഷെ, അലക്സാൻഡ്രിയ ഓകേസിയ കോർടെസ്, മുതിർന്ന ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയെ മലർത്തിയടിച്ച 28കാരി ഒരു 'പുരോഗമന സോഷ്യൽ ഡെമോക്രാറ്റ്' ആയാണ് അറിയപ്പെടുന്നത്. പ്രായോഗികതയിലൂന്നിയ സോഷ്യലിസ്റ്റ് ആലോചനയാണ് അവരെ നയിക്കുന്നത്. ലോകമെങ്ങുമുള്ള ഇടതുപക്ഷക്കാരെ ഇരുന്നിടത്തു നിന്നെണീപ്പിക്കാൻ ന്യൂയോർക്കിലെ പതിന്നാലാം കൺഗ്രഷണൽ ഡിസ്ട്രിക്റ്റ് പ്രൈമറി തെരഞ്ഞെടുപ്പിലെ ഈ വിജയത്തിനായിട്ടുണ്ട്. വലിയ പ്രതീക്ഷയോടെയാണ് അവർ യുഎസ്സിൽ സംഭവിച്ച ഈ അത്ഭുതത്തെ കാണുന്നത്.

ബാറുകളിലെ പരിചാരക

2011ൽ ബോസ്റ്റണ്‍ സർവ്വകലാശാലയിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തതിനു ശേഷം അമ്മയെ സഹായിക്കാൻ തയ്യാറെടുത്തിറങ്ങി അലക്സാൺഡ്രിയ. മാൻഹാട്ടനിലെ യൂണിയൻ സ്ക്വയറിലുള്ള ടാക്വേറിയ റസ്റ്ററന്റിൽ വിളമ്പുകാരിയായി ജോലിയെടുത്തു. 18 മണിക്കൂർ ഷിഫ്റ്റിലായിരുന്നു ജോലി. അലക്സാൻഡ്രിയയുടെ അമ്മ വീട്ടുജോലികൾ ചെയ്യുകയായിരുന്നു. അച്ഛൻ 2008ൽ കാൻസർ ബാധിച്ച് മരിച്ചു.

അച്ഛന്റെ കടങ്ങൾ വീട്ടുവാനും ജീവിതം മുമ്പോട്ടു നീക്കുവാനുമായി അലക്സാൻഡ്രിയ ചെയ്ത ഈ ജോലികളാണ് ഇടത് രാഷ്ട്രീയത്തിലേക്ക് അവരെ എത്തിച്ചത്. അമേരിക്കൻ തൊഴിലാളി വർഗം എങ്ങനെയാണ് ജീവിക്കുന്നതെന്ന് അവർ നേരിട്ടു കണ്ടു. 'അവരുടെ വേദന ഞാൻ നേരിട്ടനുഭവിച്ചു' എന്നാണ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അലക്സാൻഡ്രിയ പറഞ്ഞത്.

പിന്നീടാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയാകാനുള്ള ബേണീ സാൻഡേഴ്സിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്ന ഒരു സംഘാടകയായി പ്രവർത്തിച്ചത്. ഈ പ്രവർത്തനത്തിൽ വിവിധ തലങ്ങളിലുള്ള ഇടത്-ലിബറൽ സംഘടനകളെ സാൻഡേഴ്സിനു വേണ്ടി ഒരുമിപ്പിക്കാൻ അലക്സാൻഡ്രിയയ്ക്ക് സാധിച്ചു. റെ‍ഡ് ഇന്ത്യൻ വംശജർ പാർക്കുന്ന സ്ഥലങ്ങൾ വെട്ടിമുറിച്ച് ഒരു പ്രകൃതിവാതക പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനെതിരായ സമരത്തിൽ അലക്സാൻഡ്രിയ പങ്കാളിയായി. ബരാക് ഒബാമ തുടങ്ങിയ ഈ പദ്ധതിയെ ഡോണാൾഡ് ട്രംപ് തന്റെ വിജയശേഷം മുമ്പോട്ടു കൊണ്ടുപോയി. ഇതിനെതിരെ അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ അലക്സാൻഡ്രിയയ്ക്കായി.

https://www.azhimukham.com/foreign-annacampbell-british-woman-killed-fighting-turkish-forces-in-afrin/

2017 മെയ് മാസത്തിലാണ് ജോ ക്രൗവ്ളിക്കെതിരായ കാംപൈനിന് അലക്സാൻഡ്രിയ തുടക്കം കുറിക്കുന്നത്. 20 വർഷത്തോളമായി ക്യൂൻസ് കൗണ്ടിയിലെ ഡെമോക്രാറ്റിക് പാർട്ടി തലവനായ ക്രൗളിയെ എതിർക്കുന്നത് റിസ്ക് പിടിച്ചൊരു ഏര്‍പ്പാടായിരുന്നു. പാർട്ടി എന്നാൽ ക്രൗളി എന്നതിന്റെ പര്യായമായി മാറിയിരുന്നു. പ്രതിനിധിസഭയിൽ നാലാം റാങ്കിൽ വരുന്ന ഡെമോക്രാറ്റ്. 130-ലധികം ഭാഷകൾ സംസാരിക്കുന്നവർ പാർക്കുന്ന തികച്ചും സങ്കീർണവൈവിധ്യമാർന്ന ബറോയിൽ ആത്മവിശ്വാസത്തോടെ തന്റെ കാംപയിനിന് അലക്സാൻഡ്രിയ തുടക്കമിട്ടു. "അവർക്കൊപ്പം ആളുകളും പണവുമുണ്ടായിരുന്നു. പണത്തിനെ എതിർക്കാൻ കൂടുതൽ പണം കൊണ്ടു ചെലുത്തിയിട്ട് കാര്യമില്ല. എല്ലാ ഡെമോക്രാറ്റുകളും ഒരുപോലെയല്ലെന്ന് തെളിയിക്കാനുള്ള അവസരമായിരുന്നു ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ പ്രചാരണം." -അലക്സാൻഡ്രിയ പറഞ്ഞു.

തന്റെ പ്രചാരണത്തിലുടനീളം അധ്വാനിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങളാണ് അലക്സാൻഡ്രിയ ഉയർത്തിപ്പിടിച്ചത്. അടിത്തട്ടിലുള്ളവരുമായി കൂടുതൽ അടുപ്പം പുലർത്താൻ തന്റെ ജീവിതപശ്ചാത്തലം അവർക്ക് സഹായകമായി. വാൾസ്ട്രീറ്റിലെ കോർപ്പറേറ്റുകളുടെ നേതാവായി ക്രൗളി മാറിയ കാര്യം അവരെ ബോധ്യപ്പെടുത്താൻ അലക്സാൻഡ്രിയക്ക് സാധിച്ചു. ഓരോ വീടുകളിലും കയറിയിറങ്ങിയാണ് അലക്സാൻഡ്രിയ തന്റെ പ്രചാരണം നിർവ്വഹിച്ചത്. 'ഒഴിച്ചുനിറുത്തലിന്റെ രാഷ്ട്രീയ'മാണ് ക്യൂൻസ് കൗണ്ടി ഡെമോക്രാറ്റിക് പാർട്ടിയിൽ നടക്കുന്നതെന്ന് അലക്സാൻഡ്രിയ ആരോപിച്ചു.

പ്രാദേശികവും ദേശീയവും അന്തർദ്ദേശീയവുമായ വിഷയങ്ങൾ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഉയർത്തിക്കൊണ്ടു വരാൻ അലക്സാൻഡ്രിയയ്ക്ക് സാധിച്ചു. കുടിയേറ്റക്കാരോടും അവരുടെ കുട്ടികളോടും ട്രംപ് ഭരണകൂടം കാടത്തം കാണിക്കുന്നതായി അവർ ആരോപിച്ചു. സാർവ്വത്രിക സൗജന്യ വിദ്യാഭ്യാസം എന്ന തന്റെ ആശയഗതിയും പ്രചാരണത്തിന്റെ ഭാഗമാക്കി.

മെക്സിക്കൻ കുടിയേറ്റക്കാരുടെയും ഗാസയിലെയും കുട്ടികൾ

പ്രചാരണമെല്ലാം അവസാനിച്ചപ്പോൾ, തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി അലക്സാൻഡ്രിയ പോയത് വെസ്റ്റ് ടെക്സാസിലേക്കാണ്. അവിടെ കുടിയേറ്റക്കാരെ മക്കളിൽ നിന്ന് വേർപെടുത്തുന്നതിനെതിരായ പ്രക്ഷോഭത്തിൽ പങ്കാളിയായി.

ഗാസയിൽ ഇസ്രായേൽ കൂട്ടക്കൊല നടത്തുകയാണെന്ന് ക്രൗളിക്കെതിരായ പ്രചാരണത്തിനിടെ അലക്സാൻഡ്രിയ പ്രസ്താവിച്ചിരുന്നു. മെയ് 14ന് നിരായുധരായ അറുപതോളം പലസ്തീൻ പ്രക്ഷോഭകരെ വെടിവെച്ച് കൊന്ന സംഭവത്തെ കൂട്ടക്കൊല എന്ന് വിശേഷിപ്പിക്കാനുള്ള ധാർമികസ്ഥൈര്യം കാണിക്കണമെന്ന് സമാനമനസ്കരോട് അവർ അഭ്യർത്ഥിക്കുകയും ചെയ്തു. ഈ സംഭവത്തിൽ ഡെമോക്രാറ്റുകൾക്ക് നിശ്ശബ്ദത തുടരാനാകില്ലെന്നും അവർ പറഞ്ഞു.

'ഇതൊരു പ്രസ്ഥാനത്തിന്റെ തുടക്കം'

തന്റേത് ഒരു പ്രസ്ഥാനത്തിന്റെ തുടക്കമാണെന്ന് വിജയത്തിനു ശേഷം നടത്തിയ ആദ്യ പ്രസംഗത്തിൽ അലക്സാൻഡ്രിയ ഒകേസിയോ കോർടെസ് പറഞ്ഞു. തന്റെ പ്രചാരണത്തിനു വേണ്ടി ഫണ്ട് നൽകിയ ജനങ്ങളോട് അവർ നന്ദി പറഞ്ഞു. 200 ഡോളര്‍ വീതം ഓരോരുത്തരിൽ നിന്നും വാങ്ങിയാണ് ക്രൗളിയുടെ കോർപ്പറേറ്റ് ഫണ്ടിങ്ങുള്ള വൻ പ്രചാരണത്തെ അലക്സാൻഡ്രിയ നേരിട്ടത്.

https://www.azhimukham.com/dont-mourn-hillarys-loss-us-election/


Next Story

Related Stories