TopTop

ശ്രീലങ്ക: ഇന്റലിജൻസ് വിവരങ്ങൾ ഉദ്യോഗസ്ഥർ അവഗണിച്ചെന്ന് മന്ത്രി; കർഫ്യൂ നീക്കി; കർശനമായ സോഷ്യൽ മീഡിയ നിയന്ത്രണം; 13 അറസ്റ്റ്

ശ്രീലങ്ക: ഇന്റലിജൻസ് വിവരങ്ങൾ ഉദ്യോഗസ്ഥർ അവഗണിച്ചെന്ന് മന്ത്രി; കർഫ്യൂ നീക്കി; കർശനമായ സോഷ്യൽ മീഡിയ നിയന്ത്രണം; 13 അറസ്റ്റ്
ശ്രീലങ്കയിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ട കാസർകോട് സ്വദേശിനി റസീനയുടെ മൃതദേഹം ഇന്ന് ശ്രീലങ്കയിൽത്തന്നെ സംസ്കരിക്കാൻ ബന്ധുക്കൾ തീരുമാനിച്ചു. ശ്രീലങ്കൻ പൗരത്വമുള്ള റസീനയുടെ മൃതദേഹം കേരളത്തിൽ കൊണ്ടുവരുവാനുള്ള എല്ലാ സഹായവും ലഭ്യമാക്കാമെന്ന് നോർക്ക അധികൃതർ ബസുക്കളെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ നോർക്ക അധികൃതർ ഹൈക്കമ്മീഷണറുമായും ബന്ധുക്കളുമായും നിരന്തരം ബന്ധപ്പെടുകയും ചെയ്തിരുന്നു.
207 പേരാണ് മരിച്ചിരിക്കുന്നത്. 450 പേർക്ക് പരിക്കുണ്ട്. കൊല്ലപ്പെട്ടവരിൽ‌ മുപ്പതോളം പേർ വിദേശ പൗരന്മാരാണ്. മൂന്ന് ഇന്ത്യൻ പൗരന്മാരും ഇതിൽ ഉൾപ്പെടുന്നു. അഞ്ചു പേർ ബ്രിട്ടീഷുകാരാണ്. ഒരു മലയാളി ഇക്കൂട്ടത്തിലുണ്ടെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും ഇത് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. റസീന എന്ന ഈ മലയാളി സ്ത്രീ ശ്രീലങ്കൻ പൗരയാണെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. കൊല്ലപ്പെട്ടവരിലധികവും ശ്രീലങ്കൻ പൗരന്മാരാണ്. ഒരു ചൈനീസ് പൗരൻ, ഒരു പോർച്ചുഗീസ് പൗരൻ, രണ്ട് തുർക്കിക്കാർ എന്നിങ്ങനെയാണ് കൊല്ലപ്പെട്ട വിദേശികളെക്കുറിച്ച് വരുന്ന വിവരങ്ങൾ. കൊല്ലപ്പട്ട രണ്ട് ഇന്ത്യൻ പൗരന്മാരുടെ പേരുകൾ ഇന്ത്യ സ്ഥിരീകരിച്ചു.


തന്റെ ഒരു ബന്ധു ശ്രീലങ്കയിലെ തുടർ സ്പോടനങ്ങളിലൊന്നിൽ കൊല്ലപ്പെട്ടതായി ബ്രിട്ടിഷ് ലേബർ എംപി തുലിപ് സിദ്ധിഖ് പറഞ്ഞു.


കൊളംബോ എയർപോർട്ടിനടുത്ത് ഒരു സ്ഫോടകവസ്തു നിർവ്വീര്യമാക്കിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രിയോടെ ഇത് നിർവ്വീര്യമാക്കി.
കഴിഞ്ഞദിവസം നടക്കേണ്ടിയിരുന്ന ഉയിർപ്പു ശുശ്രൂഷകളെല്ലാം റദ്ദാക്കിയെന്ന് കൊളംബോ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാൽകോം രഞ്ജിത്തിന്റെ മേടയിൽ നിന്നും അറിയിപ്പ് വന്നിരുന്നു. മൃഗങ്ങൾക്കു മാത്രമേ ഇങ്ങനെ പെരുമാറാനാകൂ എന്നും കുറ്റവാളികളെ ദയാരഹിതമായി ശിക്ഷിക്കണമെന്നും കർദ്ദിനാൾ പറഞ്ഞു.
ആക്രമണങ്ങൾ ഭൂരിപക്ഷവും ചാവേറുകൾ നടത്തിയതാണെന്നാണ് വ്യക്തമായിട്ടുണ്ട്. തുടർ സ്ഫോടനങ്ങളിൽ‌ ആറെണ്ണവും ചാവേറാക്രമണങ്ങളായിരുന്നെന്ന് വിവരം. രാവിലെ മുതൽ വൈകുന്നേരം വരെയുള്ള സമയത്തിനുള്ളിൽ എട്ട് തുടർ സ്ഫോടനങ്ങളാണ് കൊളംബോയിൽ നടന്നത്. തെക്കൻ കൊളംബോയിലെ ഒരുഗോട്ടാവാഡയിലായിരുന്നു അവസാനത്തെ സ്ഫോടനം. അവസാനത്തെ രണ്ട് സ്ഫോടനങ്ങൾ പൊലീസിനെ കണ്ട് അക്രമികൾ ഓടുന്ന ഘട്ടത്തിൽ നടത്തിയതാണെന്ന് ഒരു ശ്രീലങ്കൻ മന്ത്രിയായ ഹർഷ ഡി സിൽവ പറഞ്ഞു.
ഇന്നലെ പ്രഖ്യാപിച്ച കർഫ്യൂ പിൻവലിച്ചിട്ടുണ്ട്. അനിശ്ചിത കാലത്തേക്കാണ് കർഫ്യൂ പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇന്ന് പുലർച്ചെ പിൻവലിക്കുകയായിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും തടയപ്പെട്ടിട്ടുണ്ട്. വ്യാജവാർത്തകളും ഊഹങ്ങളും പ്രചരിക്കുന്നത് തടയാനാണിത്. കർഫ്യൂ മൂലം കൊളംബോയിലെ ഗതാഗത സംവിധാനങ്ങളെല്ലാം മന്ദഗതിയിലായിരുന്നു.


കൊല്ലപ്പെട്ടവരിൽ ശ്രീലങ്കയിലെ പ്രശസ്തയായ ഷെഫ് ശാന്ത മയഡുണ്ണെയുമുണ്ടെന്ന് റിപ്പോർട്ടുണ്ട്. സ്ഫോടനം നടന്ന ഷാംഗ്രി ലാ ഹോട്ടലിൽ മയഡുണ്ണെയും മകൾ നിസംഗയും ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രം മകൾ തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ ഇട്ടിരുന്നു. നടി രാധിക തലനാരിഴയ്ക്കാണ് ഈ ഹോട്ടലിലെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ആരും ഇതുവരെ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് പ്രതിരോധമന്ത്രി റുവാൻ വിജെവർധനെ പറയുന്നത്. മതതീവ്രവാദികളാണ് അക്രമികൾ. ഒരു ഗ്രൂപ്പാണ് ആക്രമണങ്ങളുടെയെല്ലാം പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണസാധ്യതയെക്കുറിച്ച് സുരക്ഷാ സേനകൾക്ക് പത്ത് ദിവസം മുമ്പു തന്നെ വിവരം ലഭിച്ചിരുന്നെന്നും എന്തുകൊണ്ടാണ് നടപടികളുണ്ടാകാതിരുന്നതെന്ന് പരിശോധിക്കുമെന്നും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പറഞ്ഞു. ചില ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് സംഭവം നടക്കുമെന്ന് അറിവുണ്ടായിരുന്നെന്ന് വെളിവാക്കുന്ന തെളിവുകൾ ടെലികമ്മ്യൂണിക്കേഷൻസ് മന്ത്രി ഹരിൻ ഫെർണാണ്ടോ പുറത്തുവിട്ടു. ഇവർക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.


ഷാംഗ്രി-ലാ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷകർക്ക് ലഭിച്ചിട്ടുണ്ട്. ഇവയില്‍ രണ്ടുപേർ സി-4 സ്ഫോടകവസ്തുക്കൾ പൊട്ടിക്കുന്നത് പതിഞ്ഞിട്ടുണ്ട്. 25 കിലോ ഭാരമുള്ള സ്ഫോടകവസ്തുക്കളാണ് പൊട്ടിച്ചതെന്ന് അന്വേഷകർ അനുമാനിക്കുന്നു. ഹോട്ടലിന്റെ കഫറ്റീരിയയിലും ഇടനാഴിയിലുമാണ് പൊട്ടിത്തെറി നടത്തിയത്.
സംഭവത്തിൽ സംശയിക്കുന്ന 13 പേരെ അന്വേഷകർ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്. രണ്ട് സ്ഥലങ്ങളിൽ നിന്നാണ് ഈ അറസ്റ്റുകൾ നടന്നിട്ടുള്ളത്. ആക്രമണങ്ങളെല്ലാം നടത്തിയത് ഒരു ഗ്രൂപ്പാണെന്നാണ് സർക്കാരിന്റെ നിഗമനമെന്നും റിപ്പോർട്ടുണ്ട്. കൊളംബോയിലെ ദേമാതാഗോഡ മേഖലയിൽ നിന്നാണ് ഏഴ് അറസ്റ്റ് നടന്നത്.
ഒരു വാൻ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ ഡ്രൈവറും പിടിയിലുണ്ട്. അക്രമികളെ ഇതിലാണ് കൊളംബോയിലെത്തിച്ചതെന്നാണ് വിവരം.
സ്ഫോടനം നടന്ന ശ്രീലങ്കയിലേക്ക് പ്രത്യേക മെഡിക്കൽ സംഘത്തെ അയക്കാൻ കേരളം ആലോചിക്കുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ആരോഗ്യ മന്ത്രി 15 അംഗ മെഡിക്കൽ സംഘം രൂപീകരിച്ചു. സംഘത്തെ ശ്രീലങ്കയിലേക്ക് അയക്കുന്നതിന് വിദേശ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചു വരികയാണ്.
തുടർ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ റെയ്ഡിനിടെയുണ്ടായ ആക്രമണത്തിൽ മൂന്ന് പൊലീസുകാർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ഒരു വീട്ടിലേക്ക് ചോദ്യം ചെയ്യലിനായി കയറിയതായിരുന്നു പൊലീസുകാർ. അകത്തുണ്ടായ ഒരു സ്ഫോടനത്തിൽ ഇവർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.
സംഭവങ്ങളിൽ തമിഴ് തീവ്രവാദി പങ്കില്ല എന്നാണ് ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്. ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ഭീകരാക്രമണത്തിന്റെ സ്വഭാവം പരിശോധിച്ച് വരുകയാണ്.
രാജ്യത്തിന്റെ ഉന്നത സൈനികനേതൃത്വവുമായി പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ അടിയന്തിരയോഗം നടത്തി. ദേശീയ സുരക്ഷാ കൗൺസിൽ യോഗത്തിലേക്ക് ഇവരെ വിളിച്ചുവരുത്തുകയായിരുന്നു.

Next Story

Related Stories