1991 ല്‍ സമാധാനത്തിനുളള നോബല്‍ പുരസ്‌കാരം ലഭിച്ച ആങ് സാന്‍ സൂച്ചിയുടെ ഛായാചിത്രം ഓക്‌സ്‌ഫെഡ് സര്‍വ്വകലാശാല പ്രദര്‍ശന ഹാളില്‍ നിന്നും സറ്റോറിലേക്ക് നീക്കിയതായി ദി ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. മ്യാന്‍മറില്‍ റോഹിങ്ക്യന്‍ വംശത്തിനെതിരെ നടക്കുന്ന അക്രമം അവസാനിപ്പിക്കുന്നതിനു സുച്ചി ഇടപെടാത്തത് അന്താരാഷ്ട്ര തലത്തില്‍ വ്യാപകമായി വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി.
സര്‍വ്വകലാശാലയില്‍ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു സൂചി. സര്‍വ്വകലാശാലയുടെ കിഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ഹേഗ് കോളേജിന്റെ പഠിപ്പുരയില്‍ പ്രദര്‍ശിപ്പിച്ച സൂചിയുടെ ഛായാചിത്രമാണ് നീക്കം ചെയ്ത് സറ്റോറില്‍ സൂക്ഷിച്ചത്. പുതിയ അദ്ധ്യായന വര്‍ഷം ആരംഭിക്കുമ്പോള്‍ നവാഗതര്‍ എത്തിതുടങ്ങുന്നതിന്നു മുന്നോടിയായി ഛായാചിത്രം മാറ്റാന്‍ ഭരണസമിതി തിരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് അധികൃതര്‍ സുചിയുടെ ചിത്രം എടുത്തു മാറ്റിയതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
1964-1967 കാലഘട്ടത്തില്‍ സൂച്ചി ഓക്‌സഫെഡ് സര്‍വ്വകലാശാലയില്‍ നിന്നും രാഷ്ട്രീയം, തത്വചിന്ത, ധനതത്വശാസ്ത്രം എന്നീ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥി ആയിരുന്നു. സുചിയുടെ 67 ാം ജന്മദിനം സര്‍വ്വകലാശാല 2012 ല്‍ ആഘോഷിച്ചത് സൂചിക്ക് ഡിലിറ്റ് നല്‍കിയായിരുന്നു. എന്നാല്‍ സമീപ കാലത്ത് മ്യാന്‍മര്‍ സൈന്യം റോഹ്യങ്ക്യന്‍ ന്യൂനപക്ഷത്തെ വംശഹത്യ നടത്തുന്നതിനെതിരെ സൂചി നിസംഗത പാലിക്കുന്നതില്‍ ആഗോളതലത്തില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ കോളേജ് ഭരണസമിതി സ്വീകരിച്ച നടപടിയെ വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തിയതായും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.