Top

എവിടെ എന്റെ സഹോദരന്‍? എന്നു ചോദിച്ച് അവള്‍ ഇടിച്ചത് ഇസ്രയേലിന്റെ നെഞ്ചിനാണ്

എവിടെ എന്റെ സഹോദരന്‍? എന്നു ചോദിച്ച് അവള്‍ ഇടിച്ചത് ഇസ്രയേലിന്റെ നെഞ്ചിനാണ്
ഏതാണ്ട് നാല് വര്‍ഷം മുമ്പ്, ഞാന്‍ 12 വയസുകാരിയായ പെണ്‍കുട്ടിയുമൊത്ത് ഒരു ദിവസം ചെലവഴിക്കാന്‍ വെസ്റ്റ് ബാങ്ക് ഗ്രാമമായ നബിസലേയിലേക്ക് വണ്ടിയോടിച്ചുപോയി. അഹെദ് തമീമി, അതായിരുന്നു അവളുടെ പേര്. 'അധിനിവേശത്തിന്റെ കുഞ്ഞുങ്ങള്‍: പലസ്തീനിലെ വളരുമ്പോള്‍' എന്ന പേരില്‍ ഒരു ലേഖനത്തിനുവേണ്ടി അവളുമായുളള ഒരു അഭിമുഖം ചെയ്യാനായിരുന്നു പോയത്.
ഞങ്ങള്‍ ഗ്രാമത്തിലെ അവളുടെ ജീവിതം, നിരന്തരമായ സൈനിക സാന്നിധ്യം, അവളുടെ സ്വന്തം വീട് തകര്‍ത്തത്, മത്സ്യകന്യകകള്‍, പന്തുകളി, കല്ലുകളി ഇതിനെക്കുറിച്ചെല്ലാം സംസാരിച്ചു. ലൌകികതയുടേയും നിഷ്‌ക്കളങ്കതയുടേയും അസ്വസ്ഥമായ ഒരു കൂട്ടായിരുന്നു ആ കുസൃതി. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തെക്കുറിച്ച് ഏതാണ്ട് നാല് വര്‍ഷമായി രേഖപ്പെടുത്തുന്നതിനിടയില്‍ ഞാന്‍ കണ്ട നിരവധി കുട്ടികളില്‍ അഹെദ് ആയിരുന്നു എന്നെ ഏറ്റവുമധികം അസ്വസ്ഥയാക്കിയത്. അക്കാലത്ത് തന്നെ അവള്‍ പലസ്തീന്‍ അനുകൂലികള്‍ക്കിടയില്‍ പ്രശസ്തയായിരുന്നു. 2012-ല്‍ അവളൊരു ഇസ്രയേല്‍ സൈനികനോട് കയര്‍ക്കുന്ന ചിത്രം പടര്‍ന്ന് പ്രചരിച്ചു; അഹെദ് പ്രശസ്തയായി. ഇപ്പോള്‍ അവളൊരു ഇസ്രയേല്‍ സൈനികനെ അടിക്കുകയും തൊഴിക്കുകയും ചെയ്യുന്ന ദൃശ്യം അവള്‍ക്കെതിരെ കല്ലെറിഞ്ഞതിനും കലാപമുണ്ടാക്കിയതിനും സുരക്ഷാ സേനയെ ആക്രമിച്ചതിനും കുറ്റം ചുമത്താന്‍ ഇടയാക്കി. വിചാരണ കാത്തു തടവിലാണ് ഇപ്പോള്‍ ഈ കൌമാരക്കാരി.

ആ ദൃശ്യവും ചുമത്തിയ കുറ്റങ്ങളും വലിയ ധ്രുവീകരണമാണുണ്ടാക്കിയത്. പല പലസ്തീന്‍ അനുകൂല പ്രവര്‍ത്തകര്‍ക്കും അഹെദ് ചെറുത്തുനില്‍പ്പിന്റെ പ്രതീകമാണ്, ഒരു കുഞ്ഞ് നായിക, സ്വാതന്ത്ര്യസമര പോരാളി. മലാല യൂസഫ് സായിയുമായും ജോണ്‍ ഓഫ് ആര്‍ക്കുമായും താരതമ്യങ്ങള്‍. സാമൂഹ്യമാധ്യമങ്ങള്‍ വീരപുത്രിയാക്കി, പലസ്തീന്‍ പ്രസിഡണ്ട് മഹമൂദ് അബ്ബാസ് പരസ്യമായി പ്രകീര്‍ത്തിച്ചു. ഇസ്രയേല്‍ ഭാഗത്ത് അവള്‍ രാഷ്ട്രീയക്കാരായ രക്ഷിതാക്കളുടെ കയ്യിലെ പാവയാണെന്നും, അക്രമത്തിന്റെ വഴികള്‍ പഠിച്ച അവള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ആവശ്യമുയരുന്നു. പതിവുപോലെ അതല്‍പ്പം സങ്കീര്‍ണമാണ്. അധിനിവേശത്തിനു കീഴിലെ രണ്ടാം തലമുറ പലസ്തീന്‍കാരിയാണ് അഹെദ്. അവളുടെ അച്ഛന്‍ ബസീം 1967-ലാണ് ജനിച്ചത്-ഇസ്രയേല്‍ വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജെറുസലേം, ഗാസ, ഗോലാന്‍ കുന്നുകള്‍ എന്നിവ ആറ് ദിവസത്തെ യുദ്ധത്തില്‍ പിടിച്ചെടുത്ത വര്‍ഷം. പരിശോധന കേന്ദ്രങ്ങള്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍, തടങ്കല്‍, വീടുകള്‍ തകര്‍ക്കല്‍, ഭീഷണി, അപമാനം, ഹിംസ ഇതൊക്കെയായിരുന്നു അയാളുടെയും മറ്റ് കുട്ടികളുടെയും ബാല്യം. ഇതവരുടെ സാധാരണ ജീവിതമാണ്.ഏതാണ്ട് 62% പ്രദേശവും ഇസ്രയേല്‍ സൈനിക നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കിലെ ഏരിയ സി-യിലാണ് അവരുടെ കുടുംബവീട്. ഇസ്രയേലി കുടിയേറ്റക്കാര്‍ ഒരു പതിറ്റാണ്ടു മുമ്പ് അവിടെ കയ്യേറിയപ്പോള്‍ മുതല്‍ അവരുടെ ഗ്രാമമായ നബിസലേയില്‍ നിരന്തരം പ്രതിഷേധവും സംഘര്‍ഷവുമാണ്. ബസീമും ഭാര്യ നരിമാനും കുടുംബത്തിലെ മറ്റംഗങ്ങളും മിക്കപ്പോഴും ഈ എതിര്‍പ്പുകളുടെ മുന്നിലുണ്ടാകും. പ്രതിഷേധക്കാര്‍ കല്ലുകളെറിയും; ഇസ്രയേല്‍ സേന കണ്ണീര്‍വാതകം, റബ്ബര്‍ വെടിയുണ്ടകള്‍, ജലപീരങ്കി, ചിലപ്പോഴൊക്കെ ശരിക്കുള്ള വെടിയുമായി തിരിച്ചടിക്കും. അഹെദിന്റെ അമ്മാവനായ റഷ്ദി അടക്കം രണ്ടു ഗ്രാമീണരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. 140 പേരെ തടവിലാക്കി-അവരില്‍ ബസീമും നരിമാനും പല തവണ ഉണ്ടായിരുന്നു. ഈ അന്തരീക്ഷത്തിലാണ് അഹെദ് വളര്‍ന്നത്. എത്ര തവണ കണ്ണീര്‍ വാതകം അനുഭവിച്ചിട്ടുണ്ട് എന്ന ചോദ്യത്തിന് അവള്‍ ചിരിച്ചു, എണ്ണാന്‍ കഴിയുന്നില്ല എന്ന മറുപടിയോടെ. വീട്ടില്‍ സൈനിക പരിശോധന പതിവായിരുന്നു. മാതാപിതാക്കളെ പിടിച്ചുകൊണ്ടു പോകുന്നതും, അമ്മാവന്‍ വെടിയേറ്റ് നിലത്തുവീണ് പുളയുന്നതും അഹെദും സഹോദരങ്ങളും പല തവണ കാണുന്നത് ഞാന്‍ ശ്രദ്ധിച്ചു.

എന്റെ ചോദ്യങ്ങള്‍ക്കുള്ള അവളുടെ പല ഉത്തരങ്ങളും തയ്യാറാക്കിയ പോലെയായിരുന്നു. ''ഞങ്ങള്‍ക്ക് പലസ്തീനെ മോചിപ്പിക്കണം. ഞങ്ങള്‍ക്ക് സ്വതന്ത്ര മനുഷ്യരായി ജീവിക്കണം. സൈനികര്‍ ഇവിടെ വന്നത് കുടിയേറ്റക്കാരെ സംരക്ഷിക്കാനും ഞങ്ങള്‍ ഞങ്ങളുടെ ഭൂമിയിലേക്ക് കടക്കുന്നത് തടയാനുമാണ്,'' അവള്‍ പറഞ്ഞു. അധിനിവേശ വിരുദ്ധ പ്രവര്‍ത്തകര്‍ക്കിടയില്‍ മകളുടെ പ്രതിച്ഛായയില്‍ അവളുടെ മാതാപിതാക്കള്‍ക്ക് സന്തോഷമുണ്ടായിരുന്നു. മകളെക്കുറിച്ച് ബസീം ''ചെറുപ്പക്കാരായ സ്വാതന്ത്ര്യ സമര പോരാളികളുടെ പുതുതലമുറയുടെ പ്രതിനിധിയാണ്'' എന്നു പറഞ്ഞതോടെ ഈ ധാരണ ഒന്നുകൂടെ ഉറച്ചു. അഹെദിന്റെ സൈനികരുമായുള്ള ഏറ്റവും പുതിയ വഴക്ക് ക്യാമറയ്ക്ക് വേണ്ടിയായിരുന്നു എന്നും അവളുടെ അമ്മക്ക് അത് തത്സമയം സാമൂഹ്യമാധ്യമങ്ങളില്‍ നല്‍കാന്‍ ഒരു മടിയും ഉണ്ടായിരുന്നില്ല എന്നും ഇസ്രയേല്‍ ഭാഷ്യപ്രകാരം ''പലസ്തീന്‍ വിമോചനത്തിനായി കത്തിക്കുത്തോ ചാവേര്‍ സ്‌ഫോടനമോ കല്ലെറിയാലോ എന്തുമാകട്ടെ നമ്മുടെ സന്ദേശം എത്തണം'' എന്ന് അവള്‍ പറഞ്ഞെന്നതും തമീമി കുടുംബം കടുത്ത രാഷ്ട്രീയമുള്ളവരാണെന്ന് കാണിക്കുന്നു.നാല് കൊല്ലം മുമ്പ് താന്‍ എന്നും കടന്നുപോകുന്ന ഈ സൈനികരെ തനിക്ക് ഭയമില്ല എന്ന് എന്നെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്ന ഒരു പ്രവര്‍ത്തകയ്ക്കരികില്‍ ഒരു സൈനിക നിരീക്ഷണ കേന്ദ്രത്തിന്നരികെ നിന്നും ചിത്രമെടുക്കാന്‍ ആകാംക്ഷയോടെ നിന്ന ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. അവള്‍ ഉറക്കത്തില്‍ ബഹളമുണ്ടാക്കുകയും കരഞ്ഞുകൊണ്ട് ഉണരുകയും ചെയ്തിരുന്നു എന്ന് അവളുടെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു. അഹെദിന്റേത് അവളുടെ മാത്രം അനുഭവങ്ങളായിരുന്നില്ല. വെസ്റ്റ് ബാങ്കിലും ഗാസയിലുമുള്ള ആയിരക്കണക്കിന് കുട്ടികളുടെ ജീവിതങ്ങളുടെ പ്രതിധ്വനിയായിരുന്നു അത്. അധിനിവേശത്തിനു കീഴില്‍ വളരുന്നവര്‍ക്ക് 'തലമുറകള്‍ക്കിടയിലെ വൈകാരികാഘാതം' ഉണ്ടാകുന്നു എന്ന് പലസ്തീന്‍ പ്രദേശത്തെ യൂനിസെഫ് ബാലസംരക്ഷക വിദഗ്ധ ഫ്രാങ്ക് റോണി പറഞ്ഞു. ''നിലയ്ക്കാത്ത സംഘര്‍ഷം, സാമ്പത്തിക, സാമൂഹ്യ അന്തരീക്ഷം വഷളാകുന്നത്, ഇതെല്ലാം കുട്ടികളെ സാരമായി ബാധിക്കുന്നു. ഇടുങ്ങിയ തെരുവുകളില്‍ നിന്നും ഈ കുട്ടികള്‍ക്ക് ഭാവിയെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷയും നഷ്ടപ്പെടുന്നു; നിരാശയുടെ ഒരു വൃത്തം കൂടി ഓടാന്‍ തുടങ്ങും.''

പലസ്തീന്‍ അവകാശങ്ങള്‍ക്കായി പോരാടാനായി വലുതാകുമ്പോള്‍ ഒരു അഭിഭാഷകയാകാനാണ് തനിക്കാഗ്രഹമെന്ന് അഹെദ് 12 വയസില്‍ അന്നെന്നോട് പറഞ്ഞിരുന്നു. 16 വയസില്‍ അവളിപ്പോള്‍ നീണ്ടൊരു തടവുശിക്ഷയും കാത്തു കിടക്കുകയാണ്. ഇസ്രയേലി കോടതികളുടെ വിധി എന്തായാലും വളര്‍ച്ചയുടെയും രൂപപ്പെടലിന്റെയും ഈ മാസങ്ങളില്‍ പരീക്ഷയ്ക്ക് പഠിക്കുന്നതിന് പകരം അവള്‍ തടവറയില്‍ തുടരും എന്നുറപ്പാണ്. അവളുടെ കഥ ഒരു കുട്ടിയുടെ മാത്രമല്ല, ഒരു തലമുറയുടെ-രണ്ടു തലമുറകളുടെ-നഷ്ടമായ പ്രതീക്ഷകളുടെയും സുരക്ഷിതത്വത്തിന്റെയും കഥയാണ്. ദുരന്തവും അക്ഷന്തവ്യവുമായ രീതിയില്‍ അതേ വിളറിയ ഭാവി മൂന്നാമതൊരു തലമുറയെയും കാത്തിരിക്കുന്നു.

(ദി ഗാര്‍ഡിയന്‍ പത്രത്തില്‍ ഹാരിയറ്റ് ഷെര്‍വുഡ് എഴുതിയ ലേഖനത്തിന്റെ മൊഴിമാറ്റം)


Next Story

Related Stories