വിദേശം

തായ്‍ലൻഡിൽ കുട്ടികൾ കുടുങ്ങിയ ആ ഗുഹ പുറംലോകത്തിന് ഇന്നും അപരിചിതമാണ്

വളരെ കുറഞ്ഞ പ്രദേശത്തു മാത്രമാണ് വെള്ളം കെട്ടിക്കിടക്കുന്നതെങ്കിലും ഇടുങ്ങിയ ഭാഗങ്ങളാണവ. കൂടാതെ, പാറക്കെട്ടുകൾക്കിടയിലൂടെയുള്ള വെള്ളത്തിന്റെ വേഗം ശക്തമാണ്.

ജൂൺ 23നാണ് തായ്‌ലാൻഡിലെ ‘താം ലുവാങ് നാങ് നോൻ’ എന്ന ഗുഹയിലേക്ക് 12 കുട്ടികളും ഒരു ഫൂട്ബോൾ കോച്ചുമടങ്ങുന്ന സംഘം കയറിയത്. ഫൂട്ബോൾ പരിശീലനം കഴിഞ്ഞ് വരുന്ന വഴിയാണ് ഇവർ ഗുഹയിലേക്ക് കയറിയത്. കുട്ടികളെല്ലാം ചിയാങ് റായ് പ്രവിശ്യയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ളവരാണ്. ‘വൈൽഡ് ബോർസ്’ എന്ന ഫൂടിബോൾ ടീമിലെ അംഗങ്ങളാണ് ഇവരെല്ലാം. 11 മുതൽ 17 വയസ്സു വരെ പ്രായമുള്ള കുട്ടികളും 25കാരനായ അസിസ്റ്റന്റ് കോച്ചും ചേർന്ന് ഗുഹയ്ക്കകത്തു കയറുകയായിരുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ മൺസൂൺ മഴ ശക്തി പ്രാപിച്ചതോടെ ഗുഹയിലെ ജലനിരപ്പ് ഉടനെ ഉയര്‍‌ന്നു. ഇതോടെ കുട്ടികൾക്കും കോച്ചിനും പുറത്തുവരാൻ കഴിയാതായി. ഇവരുടെ ബാഗുകളും മറ്റും ഗുഹയ്ക്കു പുറത്ത് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് അധികാരികൾ സംഭവമറിയുന്നത്.

10 കിലോമീറ്റർ നീളമുള്ള ഗുഹയാണ് ‘താം ലുവാങ് നാങ് നോൻ’. അങ്ങേയറ്റം ദുർഘടം പിടിച്ച ഘടനയാണ് ഈ ഗുഹയ്ക്കുള്ളത്. വലിയ ഗർത്തങ്ങളും തോടുകളുമെല്ലാം ഗുഹയിലുണ്ട്. മഴ പെയ്യുന്നതോടെ ഇവയിൽ വെള്ളം പൊങ്ങും. ചെളി നിറയും. ഇടുങ്ങിയ വഴികളാണ് പലയിടത്തുമുള്ളത്. വെള്ളമില്ലാത്ത സന്ദർഭത്തിൽപ്പോലും ഇതിലൂടെ യാത്ര പ്രയാസമാണ്.

ബ്രിട്ടനിൽ നിന്നെത്തിയ ഡൈവർമാർ നടത്തിയ സാഹസികമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ ജൂലൈ 2നാണ് കുട്ടികളെ കണ്ടെത്തിയത്.

1988ൽ ഫ്രാൻസിൽ നിന്നെത്തിയ ഗുഹാ പര്യവേക്ഷകർ ഈ ഗുഹയുടെ ഘടന മനസ്സിലാക്കുകയുണ്ടായി. ഇതാണ് ആദ്യത്തെ മാപ്പിങ്. പിന്നീട് ബ്രിട്ടനിൽ നിന്ന് ചില പര്യവേക്ഷകരെത്തുകയും ഉള്ളിൽ മറ്റൊരു ഗുഹയിലേക്കുള്ള വഴി കണ്ടെത്തുകയും ചെയ്തു. എങ്കിലും, ഒരു പരിധിക്കപ്പുറം സഞ്ചരിക്കാൻ ജീവവായു കിട്ടില്ല എന്നതിനാൽ ഇപ്പോഴും ഗുഹയുടെ യഥാർത്ഥ ഘടന ആർക്കും അറിയില്ല. ഡോയ് നാങ് നോൻ മലനിരകളിലെമ്പാടും പരന്നു കിടക്കുന്ന നിരവധി ഗുഹകളുടെ ഒരു ശ‍ൃംഖലയുണ്ട്. അതിന്റെ ഭാഗമാണ് ‘താം ലുവാങ് നാങ് നോൻ’ എന്ന ഗുഹ എന്ന നിഗമനമാണുള്ളത്.

മണൽക്കല്ല്, ചുണ്ണാമ്പു കല്ല്, ചക്കരപ്പാറ തുടങ്ങിയവ ചേർന്നതാണ് ഗുഹയുടെ നിർമിതി. ഇവയിൽ ചുണ്ണാമ്പുകല്ല് ഇത്തിരി അപകടകാരിയാണ്. ഈ പാറയുടെ രൂപം എപ്പോൾ വേണമെങ്കിലും മാറാവുന്നത്ര വഴക്കമുള്ളതാണ്. കൂടാതെ വെള്ളത്തിൽ അലിയാനുള്ള സാധ്യതയും കൂടുതൽ. അതായത്, ചുണ്ണാമ്പുപാറകളുടെ സാന്നിധ്യമുള്ളതയിനാൽ പോയവഴിയേ തിരിച്ചെത്തുക എന്നതിന് യാതൊരു ഉറപ്പും ഇല്ല.

മലയുടെ അകം നിറയെ ഇത്തരം പാറകളാണ്. പെയ്യുന്ന മഴയും, ചുറ്റുമുള്ള നദികളിൽ നിന്നും മറ്റുമുള്ള വെള്ളവുമെല്ലാം ഒരു സ്പോഞ്ച് പോലെ സ്വീകരിച്ച് ഉള്ളിൽ‌ കരുതിവെക്കും ഈ പാറകൾ. അതായത് മഴ പെയ്താൽ വെള്ളം വേറെയെങ്ങും പോകില്ല.

കുട്ടികളെ ഗുഹയുടെ ഏതാണ്ട് 4 കിലോമീറ്റർ ഉള്ളിലാണ് കണ്ടെത്തിയത്. ഇത്രയും ദൂരം ഇവർ മനപ്പൂർവ്വം സഞ്ചരിച്ചതല്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഗുഹയിൽ കുറച്ചുദൂരം സഞ്ചരിച്ചപ്പോഴേക്കും വെള്ളം നിറഞ്ഞു തുടങ്ങുകയും രക്ഷാമാർഗ്ഗം തേടി കൂടുതൽ അകത്തേക്ക് കടക്കുകയും ചെയ്തതായിരിക്കണം. ഗുഹയിലെ പാറകൾക്കിടയിലൂടെ വെള്ളം കയറുന്നതിനാൽ അതിവേഗം ഗുഹാമുഖം നിറയും. കൂടുതൽ അകത്തേക്ക് കയറിയ കുട്ടികളും കോച്ചും വെള്ളം കയറാത്ത, ഉയരമുള്ള ഒരിടത്ത് ഇരിപ്പുറപ്പിച്ചു. ഈ നിലയിലാണ് ബ്രിട്ടിഷ് പര്യവേക്ഷകർ കുട്ടികളെ ജൂലൈ 2ന് കണ്ടെത്തിയത്.

ബ്രിട്ടീഷ് പര്യവേക്ഷകനായ റിച്ചാര്‍ഡ് സ്റ്റാന്റൺ‌ ആണ് കുട്ടികളിരിക്കുന്നയിടം ആദ്യമായി കണ്ടെത്തിയത്. ഗുഹാമുഖത്തു നിന്നും 3.2 കിലോമീറ്റർ അകലെയായിരുന്നു കുട്ടികൾ ഇരുന്നിരുന്നത്.

ഇതിനു പിന്നാലെ, ജൂലൈ മൂന്നിന് ഏഴ് പര്യവേക്ഷകരടങ്ങിയ സംഘം കുട്ടികളുടെ അടുത്തേക്ക് പോയി. ഒരു ഡോക്ടറും ഒരു നഴ്സും സംഘത്തിലുണ്ടായിരുന്നു. ഇവർ കുട്ടികളുടെ ആരോഗ്യനില പരിശോധിക്കുകയും വേണ്ട മരുന്നുകളും ഭക്ഷണവും നൽകുകയും ചെയ്തു. വേഗം ദഹിക്കുന്നതും ഉയർന്ന ഊർജം ലഭിക്കുന്നതുമായ ഭക്ഷണങ്ങളാണ് കൊണ്ടുപോയത്. 9 ദിവസം പട്ടിണി കിടന്നിട്ടും കുട്ടികളിലാര്‍ക്കും തന്നെ വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല.

കുട്ടികളിൽ പലർക്കും നീന്താനറിയില്ല എന്ന പ്രശ്നം ഇതോടൊപ്പം ഉയർന്നുവരുന്നു. കുട്ടികളെ ധൃതി പിടിച്ച് പുറത്തെത്തിക്കില്ലെന്ന് തായ്‌ലൻഡ് സർക്കാർ പ്രഖ്യാപിച്ചു. അതെസമയം, മൺസൂൺ ശക്തി പ്രാപിക്കുമെന്നത് ആശങ്ക വർ‌ധിപ്പിച്ചു കൊണ്ടിരുന്നു. മഴക്കാലം കഴിയും വരെ കാത്തിരിക്കാമെന്നാണെങ്കിൽ അതിന് മാസങ്ങളെടുക്കും. മൂന്നരക്കിലോമീറ്ററോളം സഞ്ചരിച്ചെത്തുക എന്നത് ആറ് മണിക്കൂറോളം നീണ്ട സാഹസികജോലിയാണ്. പരിചയസമ്പന്നരായ പര്യവേക്ഷകർക്കു പോലും ജീവഭയം തോന്നുന്ന തരത്തിലുള്ളതാണ് ഗുഹയിലെ അവസ്ഥ. ചിലയിടങ്ങളിൽ വെള്ളത്തിൽ കുത്തൊഴുക്കാണ്. ഇതിലൂടെ നീന്തിക്കടക്കുക ജീവൻ പണയം വെച്ചുള്ള പ്രവൃത്തിയാണ്. ഈ കുത്തൊഴുക്കുകളിൽ വെളിച്ചം ഒട്ടുമില്ലെന്ന പ്രശ്നവുമുണ്ട്.

സെക്കൻഡില്‍ 400 ലിറ്റർ വെള്ളം പുറത്തു കളയുന്ന പമ്പാണ് ഗുഹയിലെ വെള്ളം പുറത്തു കളയാൻ ഉപയോഗിക്കുന്നത്. നാല് പമ്പുകളുണ്ട്.

വളരെ കുറഞ്ഞ ഓക്സിജൻ നിരക്കാണ് ഗുഹയ്ക്കകത്തുള്ളത്. പുറത്ത് 20 മുതൽ 21 ശതമാനം വരെയാണ് ഓക്സിജൻ നിരക്കെങ്കിൽ ഗുഹയ്ക്കകത്ത് ഇത് 15 ശതമാനമായി താഴും. ജൂലൈ ആറിന് ഗുഹയിലെ ഓക്സിജൻ നിരക്ക് കുറയുന്നതായി കണ്ടെത്തലുണ്ടായിരുന്നു. ഈ സമയത്തേക്ക് വെള്ളം ഏറെ വറ്റിച്ച് ഓക്സിജൻ പമ്പുകൾ കുറെയെല്ലാം ഉള്ളിലേക്ക് സ്ഥാപിക്കാൻ സാധിച്ചു. കഴിഞ്ഞദിവസവും ഓക്സിജൻ നില കുറയുന്നതായി കണ്ടെത്തിയിരുന്നു. 15% ആണ് ഇപ്പോഴത്തെ നില. മനുഷ്യന് ശരിയായി ശ്വസിക്കാൻ 19% ഓക്സിജനെങ്കിലും വേണം.

പല തരത്തിലുള്ള സാധ്യതകൾ രക്ഷാപ്രവർത്തകർ ഇപ്പോഴും തേടിക്കൊണ്ടിരിക്കുന്നുണ്ട്. ഗുഹയുടെ മുകളില്‍ നിന്നോ വശങ്ങളിൽ നിന്നോ കുട്ടികൾ ഇരിക്കുന്ന ഇടത്തേക്ക് എളുപ്പത്തിൽ എത്താനുള്ള ശ്രമം നടക്കുകയാണ്. വ്യാഴാഴ്ച ഒരു സംഘം രക്ഷാപ്രവർത്തകർ ഒരു കുഴിയിലൂടെ 900 അടിയോളം ഇറങ്ങുകയുണ്ടായി. എന്നാലിത് എവിടെയുമെത്താതെ അവസാനിച്ചു. ഗുഹ കൃത്യമായി മാപ്പ് ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് പ്രശ്നം. മണം പിടിക്കാൻ ശേഷി കൂടിയ നായ്ക്കളെ ഉപയോഗിച്ച് ഗുഹയുടെ ഇതര കവാടങ്ങൾ കണ്ടെത്താൻ ഒരു ശ്രമം നടത്തുകയുണ്ടായി. ഡ്രോണുകളും റോബോട്ടുകളുമെല്ലാം ഇതിനായി ഉപയോഗിക്കപ്പെട്ടു. ഗുഹയിൽ ഏതു ഭാഗത്താണ് കുട്ടികളിരിക്കുന്നതെന്നത് മുകളിൽ നിന്നും തിരിച്ചറിയാനായാൽ കുറെക്കൂടി എളുപ്പമായിരിക്കും കാര്യങ്ങൾ. ഭൂമിക്കുള്ളിലെ ജീവൻ തിരിച്ചറിയാന്‍ ശേഷിയുള്ള സ്കാനിങ് സംവിധാനങ്ങൾ നിലവിലില്ല.

കുട്ടികളെ കണ്ടെത്തിയ അന്നു മുതൽ തുടങ്ങിയതാണ് വെള്ളം വറ്റിക്കാനുള്ള ശ്രമം. ജൂലൈ 2 മുതൽ നടത്തിയ ശ്രമങ്ങൾക്കൊടുവിൽ ഇപ്പോൾ ഏതാണ്ട് ഒരു മൈൽ ദൂരത്തോളം വെള്ളം വറ്റിക്കാനേ സാധിച്ചിട്ടുള്ളൂ. വളരെ അപകടം പിടിച്ച ജോലിയാണ് രക്ഷാപ്രവർത്തകർ ചെയ്തുവരുന്നത്. ജൂലൈ അഞ്ചിന് ഒരു രക്ഷാപ്രവർത്തകൻ വെള്ളത്തിൽ മുങ്ങി മരിച്ചിരുന്നു. തായ് നേവി സീലില്‍ നിന്നും വിരമിച്ച 38കാരനാണ് ഗുഹയ്ക്കകത്ത് ശ്വസം കിട്ടാതെ മരിച്ചത്.

കുട്ടികളിൽ നാലുപേരെ പുറത്തെത്തിക്കാൻ പര്യവേക്ഷകരുടെ സാഹസികമായ നീക്കങ്ങൾക്ക് സാധിച്ചു. ഓക്സിജൻ മാസ്ക് അടക്കമുള്ള ജീവൻരക്ഷാ ഉപകരണങ്ങളുമായാണ് കുട്ടികളെ പുറത്തെത്തിച്ചത്. പരിചയസമ്പന്നരായ ഡൈവർമാരാണ് കുട്ടികളെ വെള്ളത്തിനടിയിലൂടെ നയിക്കുന്നത്. രണ്ട് പേര്‍ ചേർന്ന് ഒരു കുട്ടിയെ പുറത്തെത്തിക്കുന്നു. ഇതിൽ മുമ്പിൽ സഞ്ചരിക്കുന്നയാളുടെ ദേഹത്ത് കുട്ടിക്ക് ഓക്സിജൻ നൽകുന്ന സിലിണ്ടർ ഘടിപ്പിച്ചിരിക്കും. ഡൈവർമാരുടെ സിലിണ്ടറുകളും അവർ തന്നെ കൊണ്ടുനടക്കണം. കുട്ടിയെ മുമ്പിലുള്ള പര്യവേക്ഷകന്റെ ദേഹത്തോട് കയറിനാൽ ബന്ധിപ്പിച്ച് കൂരിരുട്ടിലൂടെയാണ് യാത്ര. ലൈറ്റുകൾ ഇവരുടെ കൈവശമുണ്ടെങ്കിലും അവ പോലും വെള്ളത്തിനടിയിൽ ശരിയായ രീതിയിൽ വഴികാട്ടുന്നില്ലെന്ന് രക്ഷാപ്രവർത്തകർ പറയുന്നു.

വളരെ കുറഞ്ഞ പ്രദേശത്തു മാത്രമാണ് വെള്ളം കെട്ടിക്കിടക്കുന്നതെങ്കിലും ഇടുങ്ങിയ ഭാഗങ്ങളാണവ. കൂടാതെ, പാറക്കെട്ടുകൾക്കിടയിലൂടെയുള്ള വെള്ളത്തിന്റെ വേഗം ശക്തമാണ്. പുറത്തു നിന്നുള്ള കല്ലുകളും ചെളിയുമെല്ലാം ഈ വെള്ളത്തിലൂടെ ഒഴുകുന്നുണ്ട്. ഈ ചെറിയ പ്രദേശങ്ങൾ മറികടക്കുക ഒട്ടും എളുപ്പമല്ലെന്ന് ചുരുക്കം.

ആയിരത്തിലധികം ആളുകളാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. തായ് നേവി സീൽ എന്ന, തായ്‍ലാന്‍ഡ് പട്ടാളത്തിന്റെ പ്രത്യേക ദൗത്യസേനയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. യുഎസ്സിന് നേവി സീൽസിന്റെ മാതൃകയിൽ രൂപീകരിക്കപ്പെട്ട, 144 അംഗങ്ങളുള്ള ഈ സൈനികവിഭാഗം കടലിലെ ഭീകരവിരുദ്ധ നീക്കങ്ങൾക്ക് പരിശീലനം സിദ്ധിച്ചവരാണ്.

ഇവരോടൊപ്പം യുഎസ്സിന്റെ പസിഫിക് കമാൻഡ് ചേർന്നിട്ടുണ്ട്. വിഖ്യാത ബ്രിട്ടീഷ് ഗുഹാപര്യവേക്ഷണ വിദഗ്ധരായ റിച്ചാർഡ് സ്റ്റാന്റൺ, ജോൺ വോലാൻതൺ, റോബർട്ട് ഹാർപ്പർ എന്നിവരും പ്രവർത്തിക്കുന്നു.

മുകളിൽ നിന്ന് കുഴിച്ച് നേരെ കുട്ടികളുടെ അരികിലെത്തിയാലെന്താ?

ഇങ്ങനെയൊരു ചോദ്യം പലരും ചോദിക്കുന്നുണ്ട്. ഗുഹയുടെ ഭൂമിശാസ്ത്രപരമായ നില പരിശോധിച്ചാൽ കാര്യം മനസ്സിലാകും. ഒന്നാമതായി ഗുഹ ശരിയായി ഇതുവരെ മാപ്പ് ചെയ്യപ്പെട്ടിട്ടില്ല. മറ്റൊന്ന് ഗുഹയ്ക്കു മുകളില്‍ മുക്കാൽ കുലോമീറ്ററോളം മലയാണ്. ഇവയാണെങ്കിൽ തുരക്കാൻ എളുപ്പമല്ലാത്ത കട്ടിയേറിയ പാറക്കൂട്ടങ്ങളും. ഇങ്ങോട്ടെത്തിപ്പെടുക വളരെ ദുഷ്കരവുമാണ്. മാപ്പ് കൃത്യമായി ഉണ്ടെങ്കിൽക്കൂടിയും മുക്കാൽ കിലോമീറ്റര്‍ തുരന്ന് കുട്ടികളെ പുറത്തെടുക്കുക അസാധ്യമാണെന്നർത്ഥം.

കുട്ടികൾ എവിടെയാണുള്ളതെന്ന് കണ്ടെത്താൻ സാങ്കേതികതയില്ലേ?

നേരത്തെ വിവരിച്ച പ്രകാരം ഭൂമിക്കടിയിൽ ഇത്രയും ആഴത്തിലേക്ക് സ്കാൻ ചെയ്ത് മനുഷ്യസാന്നിധ്യം കണ്ടെത്താൻ സാങ്കേതികതയില്ല. മറ്റൊരു സാങ്കേതികതയുള്ളത്, കുട്ടികൾ ഇരിക്കുന്നയിടത്ത് ഒറു റേഡിയോ തരംഗം പുറപ്പെടുവിക്കുന്ന ഉപകരണം സ്ഥാപിക്കുകയാണ്. ഇതുവഴി പുറത്തു നിന്നും കൃത്യമായി എവിടെയാണ് കുട്ടികളുള്ളതെന്ന് കണ്ടെത്താനാകും. പക്ഷെ, മല തുരക്കുക എന്ന ലക്ഷ്യം ഇല്ലാത്തതിനാൽ ആ വഴിക്കുള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നില്ല എന്നുവേണം മനസ്സിലാക്കാൻ.

കുട്ടികളെ രക്ഷിക്കാൻ എലൺ മസ്കിന്റെ ഉപകരണം

തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിയ കുട്ടികളെ രക്ഷിക്കാൻ ഉപകരിക്കുന്ന ഒരു ഉപകരണം താൻ തയ്യാറാക്കിയതായി എലൺ മസ്ക് ഇക്കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. നിലവിൽ കേവ് ഡൈവർമാരാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഇതിനകം നാലു പേരെ പുറത്തെത്തിച്ചിട്ടുമുണ്ട്. ബാക്കിയുള്ളവരെ രണ്ടുദിവസത്തിനകം പുറത്തെത്തിക്കാൻ കഴിയുമെന്നാണ് രക്ഷാപ്രവർത്തകർ പ്രതീക്ഷിക്കുന്നത്. എന്തായാലും, ഡൈവർമാർക്ക് ദുഷ്കരമായ ഇടങ്ങളിൽ ഇത്തരം രക്ഷാപ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ശേഷിയുള്ള ഒരു ബദൽ ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുകയാണ് എലൺ മസ്ക്.

‘വളരെ ചെറിയ ഒരു മുങ്ങിക്കപ്പൽ’ നിർമിച്ച കാര്യം എലൺ മസ്ക് ശനിയാഴ്ചയാണ് പ്രഖ്യാപിച്ചത്. ഫാൽക്കൺ റോക്കറ്റിന്റെ ലിക്വിഡ് ഓക്സിജൻ ട്രാൻസ്ഫർ ട്യൂബ് ആണ് ഈ ഉപകരണത്തിന്റെ പ്രധാന ഭാഗം.

അതെസമയം, ഈ ഉപകരണത്തെ കാത്തുനിൽക്കാതെ തായ്‌ലൻഡിലെ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. തായ്‌ലൻഡ് പ്രശ്നത്തെ ഒരു പ്രചോദനമായാണ് എലൺ മസ്ക് എടുത്തിരിക്കുന്നത്. ഭാവിയിൽ ഇത്തരം സന്ദർഭങ്ങളിൽ ഈ ഉപകരണം ഉപയോഗപ്പെട്ടേക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ട് ഡൈവർമാർക്ക് കൈയിൽ കൊണ്ടുപോകാൻ പാകത്തില്‍ വലിപ്പമേ ഈ ഉപകരണത്തിനുള്ളൂ. ഭാരവും കുറവ്. വളരെ ചെറിയ ദ്വാരത്തിലൂടെ കടന്നുപോകാൻ ഇതിനു സാധിക്കും. 38 സെന്റിമീറ്റർ വലിപ്പമുള്ള ദ്വാരത്തിലൂടെ കടത്തിക്കൊണ്ടു പോകുന്നതിന്റെ വീഡിയോകളും പുറത്തു വിട്ടിട്ടുണ്ട് എലൺ മസ്ക്. ട്യൂബിന്റെ വ്യാസം 31 സെന്റിമീറ്ററാണെന്ന് മസ്ക് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

അതെസമയം, കുട്ടികൾ ഗുഹയിൽ നിന്ന് പുറത്തു വരുമ്പോൾ അവരെ പ്രത്യേകമായി പരിഗണിക്കാൻ അധ്യാപകർക്ക് നിർദ്ദേശം ലഭിച്ചിട്ടുള്ളതായി അറിയുന്നു. സ്കൂളിൽ അടുത്തയാഴ്ച പരീക്ഷ നടക്കുകയാണ്. കുട്ടികൾ അതിനു മുമ്പ് പുറത്തെത്തിയാലും പരീക്ഷയ്ക്ക് ഹാജരാകേണ്ടി വരില്ല. അവർക്കായി പ്രത്യേക പരീക്ഷ പിന്നീട് നടത്തും. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം ചെയ്യണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍