TopTop

അഴിമതിക്കഥകൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനെ മയക്കുമരുന്നു കേസിൽ കുടുക്കി റഷ്യന്‍ പൊലീസ്

അഴിമതിക്കഥകൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനെ മയക്കുമരുന്നു കേസിൽ കുടുക്കി റഷ്യന്‍ പൊലീസ്
മയക്കുമരുന്ന് കച്ചവടം നടത്തിയെന്നാരോപിച്ച് പ്രമുഖ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകന്‍ ഇവാന്‍ ഗോല്‍നോവിനെ റഷ്യന്‍ പോലീസ് അറസ്റ്റുചെയ്തു. റഷ്യയിലെ പല പ്രമുഖരുടേയും അഴിമതിക്കഥകള്‍ പുറത്തുകൊണ്ടു വന്ന മാധ്യമ പ്രവര്‍ത്തകനാണ് അദ്ദേഹം. ഒരുപക്ഷെ അതായിരിക്കാം അദ്ദേഹത്തിനെതിരെ ഇത്തരമൊരു ആരോപണമുയരാന്‍ കാരണമെന്ന് ഗോല്‍നോവിന്‍റെ സഹപ്രവർത്തകരും സുഹൃത്തുക്കളും പറയുന്നു.

ഗോല്‍നോവ് നിരപരാധിയാണെന്ന് അദ്ദേഹം ജോലി ചെയ്യുന്ന സ്വതന്ത്ര മാധ്യമമായ ‘മെദൂസ’ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. സെന്‍ട്രല്‍ മോസ്‌കോയിലെ പോലീസ് പരിശോധനയില്‍ മയക്കുമരുന്നുമായി പോവുകയായിരുന്ന ഇവാന്‍ ഗോല്‍നോവിനെ പിടികൂടി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ‘ബാത്ത് സാള്‍ട്ട്’ എന്നു വിളിക്കുന്ന ‘മെഫിഡ്രോണ്‍’ എന്ന മയക്കുമരുന്നാണ് അദ്ദേഹത്തില്‍ നിന്നും പിടിച്ചെടുത്തതെന്നും പോലീസ് പറഞ്ഞു.

എന്നാല്‍ എല്ലാ ആരോപണങ്ങളും നിഷേധിച്ച ഗോല്‍നോവ് ഇത് മനപ്പൂര്‍വം കെട്ടിച്ചമച്ചതാണെന്നും പറഞ്ഞു. പോലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും, വക്കീലിന്‍റെ സേവനം നിഷേധിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. അറസ്റ്റുചെയ്ത് 14 മണിക്കൂറിനു ശേഷമാണ് വിവരം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഗോല്‍നോവിന്‍റെ വീട്ടില്‍ നടത്തിയ അന്വേഷണത്തില്‍ മയക്കുമരുന്ന് സൂക്ഷിച്ചതായി കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. അതുമായി ബന്ധപ്പെട്ട ചിത്രങ്ങളും പോലീസ് പ്രദര്‍ശിപ്പിച്ചു. എന്നാല്‍ ആ വീട് ഗോല്‍നോവിന്‍റെതല്ലെന്നും അദ്ദേഹത്തെ മനപ്പൂര്‍വ്വം കരിവാരിത്തേക്കാന്‍ വേണ്ടിയാണ് പോലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ ആരോപിച്ചു.

മോസ്കോയിലെ ഡെപ്യൂട്ടി മേയറുടെ കുടുംബാംഗങ്ങളുടെ നിയമവിരുദ്ധമായ റിയൽ എസ്റ്റേറ്റ് ഇടപാടുകളെകുറിച്ചും, കൊള്ളപ്പലിശക്കാര്‍ മോസ്കോയില്‍ അപ്പാര്‍ട്ടുമെന്‍റുകള്‍ വാങ്ങിക്കൂട്ടിയതിനെ കുറിച്ചുമെല്ലാം ഗോല്‍നോവ് തെളിവുകള്‍ സഹിതം വാര്‍ത്ത പുറത്തുകൊണ്ടുവന്നിരുന്നു. പുതിയ വാര്‍ത്തക്കായുള്ള അന്വേഷണത്തിനിടയിലായിരുന്നു ഗോല്‍നോവിനെ അറസ്റ്റ് ചെയ്തതത് എന്നാണ് വിവരം.

അദ്ദേഹത്തിന്റെ സത്യസന്ധമായ മാധ്യമപ്രവര്‍ത്തനത്തിനെ ഭയക്കുന്നവരാണ് അറസ്റ്റിന് പിന്നിലെന്നും, അദ്ദേഹത്തിന്‍റെ ജീവനുതന്നെ ഭീഷണിയുണ്ടായിരുന്നതായി അറിയാമെന്നും മേദൂസയുടെ സി.ഇ.ഒ ഗലീനാ ടിംചെങ്കോ പറഞ്ഞു. കുറ്റം തെളിഞ്ഞാല്‍ മുപ്പത്തിയാറുകാരനായ ഗോല്‍നോവിന് പത്ത് മുതല്‍ 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.

Next Story

Related Stories