അലക്സാ ഉപകരണങ്ങൾ നിർമ്മിക്കുന്നതിന് ചൈനയിൽ ആമസോണ്‍ നൂറുകണക്കിന് സ്കൂൾ കുട്ടികളെ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ഉല്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിയമവിരുദ്ധവുമായ ഈ നടപടിയെന്ന് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ട അന്താരാഷ്ട്ര മാധ്യമമായ ‘ദ ഗാര്ഡിയന്’ പറയുന്നു. അലക്സാ എന്ന സ്മാർട്ട് സ്പീക്കർ ഉപകരണങ്ങൾ നിർമ്മിക്കുന്നതിന് കുട്ടികളെ രാത്രിയില്‍ ഓവർടൈം ജോലി ചെയ്യിപ്പിക്കുന്നതയാണ് വിവരം. ആമസോണിന്റെ പ്രധാന വിതരണക്കാരായ ഫോക്സ്കോണിലെ തൊഴിലാളികളുമായുള്ള അഭിമുഖങ്ങളും, ചില ചോർന്നുകിട്ടിയ രേഖകളും തെളിവായി പുറത്തുവന്നിട്ടുണ്ട്. ചൈനയിലെ തൊഴിൽ നിയമങ്ങളുടെ നഗ്നമായ ലംഘനമാണിത്.
മധ്യ-തെക്കൻ നഗരമായ ഹെങ്യാങ്ങിലെയും പരിസരങ്ങളിലെയും സ്കൂളുകളിൽ നിന്നും സാങ്കേതിക കോളേജുകളിൽ നിന്നുമുള്ള കുട്ടികളെയാണ് അതിനായി ഉപയോഗിക്കുന്നതെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. ‘ഇന്റേൺസ്’ എന്ന പേരില്‍ കുട്ടികളെ ഫാക്ടറിയില്‍ എത്തിക്കുന്നതിനും അവരോടൊപ്പം നില്ക്കുന്നതിനും അദ്ധ്യാപകര്‍ക്ക് കമ്പനി പണം നല്‍കുന്നുണ്ട്. പതിവ് ഷിഫ്റ്റിനു പുറമേ ഓവർടൈം ആയി ജോലിചെയ്യാന്‍ താല്പര്യപ്പെടാത്ത കുട്ടികളെ മനംമാറ്റി കൊണ്ടുവരാനും അദ്ധ്യാപകരെയാണ് കമ്പനി ഉപയോഗിക്കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സില്‍ അധിഷ്ഠിതമായ ആമസോണിന്റെ ഡിജിറ്റല്‍ ഡിവൈസാണ് അലക്സ. ഉപയോക്താവിന്റെ ആവശ്യങ്ങള്‍ കേട്ടറിഞ്ഞ് ചെയ്തുകൊടുക്കുന്ന വെര്‍ച്വല്‍ അസിസ്റ്റന്റ് സാങ്കേതികവിദ്യയാണിത്. എക്കോ, എക്കോ ഡോട്ട് ഉപകരണങ്ങളിലൂടെയാണ് അലക്സ പ്രവര്‍ത്തിപ്പിക്കുന്നത്. കിൻഡിലിനൊപ്പം ഈ ഉപകരണങ്ങളുടേയും നിര്‍മ്മാണത്തില്‍ പങ്കാളികളാകുന്ന കുട്ടികള്‍ രണ്ട് മാസത്തിലധികം ജോലി ചെയ്യേണ്ടിവരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 16 മുതൽ 18 വരെ പ്രായമുള്ള ആയിരത്തിലധികം വിദ്യാർത്ഥികളെയാണ് ഇത്തരത്തില്‍ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത്.
ചൈനീസ് ഫാക്ടറികൾക്ക് 16 വയസും അതിൽ കൂടുതലുമുള്ള വിദ്യാർത്ഥികളെ ജോലിക്കാരായി നിയമിക്കാം. എന്നാൽ ഈ സ്കൂൾ കുട്ടികളെ രാത്രിയോ ഓവർടൈമോ ആയി ജോലി ചെയ്യിപ്പിക്കാന്‍ പാടില്ല. വിദ്യാർത്ഥികളെ നിയമവിരുദ്ധമായി ജോലി ചെയ്യിപ്പിക്കുന്നുണ്ടെന്ന് സമ്മതിച്ച ഫോക്സ്കോൺ പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുകയാണെന്നും പറഞ്ഞു. ആപ്പിളിനായി ഐഫോണുകൾ നിർമ്മിക്കുന്ന കമ്പനികൂടെയാണ് ഫോക്സ്കോൺ.