TopTop

റെയ്ഡിനിടെ നടന്ന സ്ഫോടനത്തിൽ മൂന്ന് പൊലീസുകാർ കൂടി കൊല്ലപ്പെട്ടു; ഉയിർപ്പു ശുശ്രൂഷകളെല്ലാം റദ്ദാക്കി ക്രൈസ്തവർ

റെയ്ഡിനിടെ നടന്ന സ്ഫോടനത്തിൽ മൂന്ന് പൊലീസുകാർ കൂടി കൊല്ലപ്പെട്ടു; ഉയിർപ്പു ശുശ്രൂഷകളെല്ലാം റദ്ദാക്കി ക്രൈസ്തവർ
ഏറ്റവുമൊടുവിലത്തെ റിപ്പോർട്ടുകൾ പ്രകാരം 207 പേരാണ് മരിച്ചിരിക്കുന്നത്. മുപ്പതോളം പേർ വിദേശ പൗരന്മാരാണ്. മൂന്ന് ഇന്ത്യൻ പൗരന്മാരും ഇതിൽ ഉൾപ്പെടുന്നു. അഞ്ചു പേർ ബ്രിട്ടീഷുകാരാണ്. ഒരു മലയാളി ഇക്കൂട്ടത്തിലുണ്ടെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും ഇത് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. റസീന എന്ന ഈ വനിത ശ്രീലങ്കൻ പൗരയാണെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്.

രാജ്യത്തെ ഉയിർപ്പു ശുശ്രൂഷകളെല്ലാം റദ്ദാക്കിയെന്ന് കൊളംബോ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാൽകോം രഞ്ജിത്തിന്റെ മേടയിൽ നിന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇരകളുടെ കുടുംബത്തിന്റെ ദുഖത്തോടൊപ്പം ചേരുന്നതായി അദ്ദേഹം അറിയിച്ചു.

ആക്രമണങ്ങൾ ഭൂരിപക്ഷവും ചാവേറുകൾ നടത്തിയതാണെന്ന് വ്യക്തമായിട്ടുണ്ട്. തുടർ സ്ഫോടനങ്ങളിൽ‌ ആറെണ്ണവും ചാവേറാക്രമണങ്ങളായിരുന്നെന്ന് വിവരം. ഷാംഗ്രി-ലാ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷകർക്ക് ലഭിച്ചിട്ടുള്ളത്. ഇവയില്‍ രണ്ടുപേർ സി-4 സ്ഫോടകവസ്തുക്കൾ പൊട്ടിക്കുന്നത് പതിഞ്ഞിട്ടുണ്ട്. 25 കിലോ ഭാരമുള്ള സ്ഫോടകവസ്തുക്കളാണ് പൊട്ടിച്ചതെന്ന് അന്വേഷകർ അനുമാനിക്കുന്നു. ഹോട്ടലിന്റെ കഫറ്റീരിയയിലും ഇടനാഴിയിലുമാണ് പൊട്ടിത്തെറി നടത്തിയത്.

അതെസമയം സംഭവത്തിൽ സംശയിക്കുന്ന ഏഴു പേരെ അന്വേഷകർ അറസ്റ്റ് ചെയ്തതായി ബിബിസി സിംഹള റിപ്പോർട്ടർ അസം അമീൻ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണങ്ങളെല്ലാം നടത്തിയത് ഒരു ഗ്രൂപ്പാണെന്നാണ് സർക്കാരിന്റെ നിഗമനമെന്നും റിപ്പോർട്ടുണ്ട്. കൊളംബോയിലെ ദേമാതാഗോഡ മേഖലയിൽ നിന്നാണ് ഇത്രയും അറസ്റ്റുകൾ നടന്നിരിക്കുന്നതെന്ന് മിറർ യുകെ റിപ്പോർട്ട് പറയുന്നു.

സ്ഫോടനം നടന്ന ശ്രീലങ്കയിലേക്ക് പ്രത്യേക മെഡിക്കൽ സംഘത്തെ അയക്കാൻ കേരളം ആലോചിക്കുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ആരോഗ്യ മന്ത്രി 15 അംഗ മെഡിക്കൽ സംഘം രൂപീകരിച്ചു. സംഘത്തെ ശ്രീലങ്കയിലേക്ക് അയക്കുന്നതിന് വിദേശ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചു വരികയാണ്.

മൂന്ന് പൊലീസുകാർ കൊല്ലപ്പെട്ടു

തുടർ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ റെയ്ഡിനിടെയുണ്ടായ ആക്രമണത്തിൽ മൂന്ന് പൊലീസുകാർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ഒരു വീട്ടിലേക്ക് ചോദ്യം ചെയ്യലിനായി കയറിയതായിരുന്നു പൊലീസുകാർ. അകത്തുണ്ടായ ഒരു സ്ഫോടനത്തിൽ ഇവർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ഒരു സബ് ഇൻസ്പെക്ടറും രണ്ട് കോൺസ്റ്റബിൾമാരുമാണ് കൊല്ലപ്പെട്ടതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ഒരു കോൺസ്റ്റബിളിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ലക്ഷ്യം വെച്ചത് ക്രിസ്ത്യാനികളെ

ശ്രീലങ്കൻ ജനസംഖ്യയുടെ 7.4% വരുന്ന ക്രിസ്ത്യൻ സമുദായത്തെയാണ് ആക്രമണകാരികൾ ലക്ഷ്യം വെച്ചിരിക്കുന്നതെന്നത് വ്യക്തമാണ്. അതെസമയം ആരാണ് ആക്രമണത്തിനു പിന്നിലെന്ന് ഇനിയും വ്യക്തമല്ല. ആരും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുമില്ല. സെൻസസ് പ്രകാരം 70.2% ജനങ്ങൾ ബുദ്ധമതക്കാരാണ് ശ്രീലങ്കയിൽ. 12% പേർ ഹിന്ദുക്കളാണ്. 9.7% പേർ മുസ്ലിങ്ങളും. ശ്രീലങ്കയിലെ ക്രിസ്ത്യാനികളിൽ ഭൂരിഭാഗവും റോമൻ കത്തോലിക്കരാണ്.

ലോകനേതാക്കളുടെ പ്രതികരണം

ശ്രീലങ്കയിലെ തുടർ സ്ഫോടനങ്ങളെ അപലപിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തുകയുണ്ടായി. 'ഇത്തരം പ്രാകൃത നടപടികൾക്ക് നമ്മുടെ മതത്തിൽ സ്ഥാനമില്ലെ'ന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ത്യ ശ്രീലങ്കൻ ജനതയ്ക്കൊപ്പം ശക്തമായി നിലകൊള്ളുന്നതായും അദ്ദേഹം പറഞ്ഞു. ശ്രീലങ്കയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രസിഡണ്ട് രാംനാഥ് കോവിന്ദും രംഗത്തെത്തിയിട്ടുണ്ട്.

യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ഏതു സഹായത്തിനും സന്നദ്ധമാണെന്ന് ശ്രീലങ്കയെ അറിയിച്ചു. ആക്രമണത്തിൽ യുകെ പ്രധാനമന്ത്രി തെരേസ മേ ഞെട്ടൽ രേഖപ്പെടുത്തി. ഈ ദുരന്തസമയത്തെ നേരിടുന്ന എല്ലാവരോടും അനുതാപവും അവർ ട്വിറ്ററിലൂടെ അറിയിച്ചു.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കൊപ്പമാണ് തങ്ങളുടെ ആലോചനകളെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു. എല്ലാ പിന്തുണയും ശ്രീലങ്കൻ ജനതയ്ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീലങ്കയിലെ ഭീകരപ്രവർത്തനത്തെ അപലപിക്കുന്നതായി ന്യൂ സീലാൻഡ് പ്രധാനമന്ത്രി ജസിന്ദ ആൻഡേൺ പറഞ്ഞു. പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും അപരിഷ്കൃതമായ ആക്രമണത്തെ അപലപിച്ചു.

ആകെ എട്ട് ആക്രമണങ്ങൾ

രാവിലെ മുതൽ വൈകുന്നേരം വരെയുള്ള സമയത്തിനുള്ളിൽ എട്ട് തുടർ സ്ഫോടനങ്ങളാണ് കൊളംബോയിൽ നടന്നത്. തെക്കൻ കൊളംബോയിലെ ഒരുഗോട്ടാവാഡയിലായിരുന്നു അവസാനത്തെ സ്ഫോടനം. ഈ സാഹചര്യത്തിൽ രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. അനിശ്ചിത കാലത്തേക്കാണ് കർഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് പറയുന്നു.

തമിഴ് തീവ്രവാദി ഗ്രൂപ്പുകൾക്ക് പങ്കില്ലെന്ന് നിഗമനം

സംഭവങ്ങളിൽ തമിഴ് തീവ്രവാദി പങ്കില്ല എന്നാണ് ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്. ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ഭീകരാക്രമണത്തിന്റെ സ്വഭാവം പരിശോധിച്ച് വരുകയാണ്. പ്രധാന നഗരങ്ങളില്‍ വലിയ വിഭാഗം ജനങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍. ഇതെല്ലാം നോക്കുമ്പോള്‍ ഇതിന് ഇസ്ലാമിക് സ്‌റ്റേറ്റ് നടത്തുന്ന ആക്രമണങ്ങളുമായി സമാനതയുണ്ട്. ശ്രീലങ്ക ഗവണ്‍മെന്റുമായി സഹകരിച്ച് ഇന്ത്യ ഇന്റലിജന്‍സ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഫോറന്‍സിക് പരിശോധനയിലൂടെ ഉപയോഗിച്ച സ്‌ഫോടക വസ്തു, ഡിറ്റണേറ്റര്‍, മറ്റ് വിശദ വിവരങ്ങള്‍ എന്നിവയെല്ലാം കൂടുതല്‍ വ്യക്തമാകും. അന്താരാഷ്ട്ര ശ്രദ്ധ നേടാന്‍ കഴിയും വിധമാണ് ആക്രമണ കേന്ദ്രങ്ങളും ദിവസവും തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ലൈവ് മിന്റിനോട് പറഞ്ഞു.

അതെസമയം 'നാഷണൽ തൗഹീത് ജമാഅത്' രാജ്യത്തെ പ്രമുഖ ദേവാലയങ്ങളിൽ ചാവേർ ആക്രമണം നടത്തിയേക്കുമെന്ന് ശ്രീലങ്കൻ പോലീസ് ചീഫ് പത്ത്ദിവസങ്ങൾക്ക് മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. രാജ്യത്താകമാനം പോലീസ് ജാഗ്രത നിർദ്ദേശം നൽകിയെന്ന് പ്രമുഖ വാർത്ത ഏജൻസിയായ എഎഫ്പിയാണ് റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 11 ന് ശ്രീലങ്ക പോലീസ് ചീഫ് പുജത് ജയസുന്ദര പുറപ്പെടുച്ച മുന്നറിയിപ്പിലാണ് ചാവേർ ആക്രമം നടന്നേക്കുമെന്ന കൃത്യമായ പ്രവചനകളുണ്ടായിരുന്നത്.

Next Story

Related Stories