Top

സുഡാനിൽ പട്ടാള അട്ടിമറി; ബാഷിറിന്റെ 30 വർഷത്തെ ഏകാധിപത്യം അവസാനിച്ചു

സുഡാനിൽ പട്ടാള അട്ടിമറി; ബാഷിറിന്റെ 30 വർഷത്തെ ഏകാധിപത്യം അവസാനിച്ചു
സുഡാൻ പ്രസിഡണ്ട് ഒമർ അൽ ബാഷിറിനെ സ്ഥാനത്തു നിന്ന് നീക്കം ചെയ്ത് പട്ടാളം. രാജ്യത്ത് ജനകീയ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് ഈ പട്ടാളനടപടി. മാസങ്ങളായി തുടർന്നുവന്ന പ്രക്ഷോഭം ഇക്കഴിഞ്ഞ ദിവസങ്ങളിൽ പ്രതിരോധമന്ത്രാലയത്തിന്റെ വളപ്പിലേക്കു വരെ നീളുകയുണ്ടായി.

കഴിഞ്ഞ മുപ്പതു വർഷമായി പ്രസിഡണ്ടായി തുടരുന്ന ബാഷിറിനെ അറസ്റ്റ് ചെയ്തുവെന്നും അദ്ദേഹം സുരക്ഷിതനാണെന്നും സുഡാൻ പ്രതിരോധമന്ത്രിയും പട്ടാള ജനറലുമായി ആവാദ് ഇബ്ൻ ഔഫ് പറഞ്ഞു. ഒരു മിലിട്ടറി കൗൺസിലാണ് ഇനി രാജ്യം ഭരിക്കുകയെന്നും പ്രതിരോധമന്ത്രാലയത്തിന്റെ പ്രസ്താവന അറിയിച്ചു.

രണ്ടു വർഷമാണ് മിലിട്ടറി കൗൺസിലിന്റെ ഭരണമുണ്ടാവുക എന്നാണ് പ്രസ്താവന പറയുന്നത്. ഇതിനു ശേഷം തെരഞ്ഞെടുപ്പ് നടത്തും. ഏറെക്കാലമായി രാജ്യത്ത് നടക്കുന്നത് എന്താണെന്നതിന് ഉത്തരം 'അഴിമതി' എന്നാണെന്നും പ്രസ്താവനയിൽ പ്രതിരോധമന്ത്രി പറഞ്ഞു. പാവപ്പെട്ടവർ കൂടുതൽ പാവപ്പെട്ടവരും പണക്കാർ കൂടുതൽ പണക്കാരുമാകുന്ന വ്യവസ്ഥയാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

പ്രസിഡണ്ടിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ രാജ്യത്തിന്റെ ഔദ്യോഗിക മാധ്യമ സംവിധാനങ്ങൾ പട്ടാളം കൈക്കലാക്കി. ബാഷിർ ഇപ്പോൾ വീട്ടുതടങ്കലിലാണ് ഉള്ളതെന്ന് പ്രതിരോധമന്ത്രാലയം പറഞ്ഞു. തടങ്കൽ കേന്ദ്രം സ്ഥിതി ചെയ്യുന്നത് പ്രതിരോധമന്ത്രാലയത്തിന്റെ വളപ്പിൽ തന്നെയാണ്. ബാഷിറുമായി ബന്ധപ്പെട്ട നിരവധി നേതാക്കളും അറസ്റ്റിലായിട്ടുണ്ട്. ഭരണകക്ഷിയായ നാഷണൽ കോൺഗ്രസ്സ് പാർട്ടി നേതാക്കളാണിവരെല്ലാം.

സുഡാൻ നഗരമായ ഖർടൂമിലെ വിമാനത്താവളം ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. നഗരത്തിലെ പട്ടാളസാന്നിധ്യം വർധിപ്പിച്ചിട്ടുണ്ട്.

റൊട്ടി അടക്കമുള്ളവയുടെ വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് ജനങ്ങൾ സർക്കാരിനെതിരെ രംഗത്തിറങ്ങിയത്. 2018 ഡിസംബർ മാസത്തിൽ തുടങ്ങിയ ഈ സമരം പോകെപ്പോകെ ശക്തിയാർജിക്കുകയായിരുന്നു.

Next Story

Related Stories