TopTop

ഒമാൻ കടലിടുക്കിൽ എണ്ണ ടാങ്കറുകൾക്കു നേരേ വീണ്ടും ആക്രമണം: മേഖലയിൽ സംഘർഷം മൂർച്ഛിക്കുന്നു

ഒമാൻ കടലിടുക്കിൽ എണ്ണ ടാങ്കറുകൾക്കു നേരേ വീണ്ടും ആക്രമണം: മേഖലയിൽ സംഘർഷം മൂർച്ഛിക്കുന്നു
ഒമാൻ കടലിടുക്കിൽ രണ്ട് എണ്ണ ടാങ്കറുകൾക്കു നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. ഇതിലൊരെണ്ണം കത്തിനശിച്ചതായും അറിയുന്നു. തൊഴിലാളിൽ കപ്പലുകൾ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

മധ്യേഷ്യൻ കടലിലേക്ക് യുഎസ് തങ്ങളുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് അബ്രഹാം ലിങ്കൺ അയച്ച് ഒരു മാസത്തിലധികം പിന്നിടുമ്പോഴാണ് ഈ സംഭവമെന്നത് ശ്രദ്ധേയമാണ്. ഇറാന് താക്കീത് നൽകാനാണ് തങ്ങളുടെ വരവെന്നും യുഎസ് പ്രഖ്യാപിച്ചിരുന്നു. മേഖലയിൽ തങ്ങളുടെ സഖ്യകക്ഷികള്‍ക്കെതിരെയോ തങ്ങളുടെ പട്ടാളകേന്ദ്രങ്ങൾക്കു നേരെയോ ആക്രമണമുണ്ടായാൽ അതിന്റെ ഉത്തരവാദിത്വം ഇറാനായിരിക്കുമെന്നും അമേരിക്ക വ്യക്തമാക്കുകയുണ്ടായി.

ലോകത്തിലെ ഏറ്റവും തിരക്കേറിയ എണ്ണ ഉൽപ്പന്ന നീക്കം നടക്കുന്ന കടൽമാർഗ്ഗമാണ് ഒമാൻ കടലിടുക്ക്. യെമനിലെ വിമത നീക്കങ്ങൾക്ക് പിന്തുണ നൽകുന്ന ഇറാനും, നിലവിലെ സർ‌ക്കാരിന് പിന്തുണ നൽകുന്ന സൗദി അറേബ്യയും തമ്മിൽ സംഘർഷം മൂർച്ഛിച്ചിരിക്കുകയാണ് മേഖലയിൽ. കഴിഞ്ഞദിവസം സൗദി അബഹ വിമാനത്താവളത്തിനു നേർക്ക് യെമനിലെ ഹൂതി വിമതർ ആക്രമണം നടത്തിയിരുന്നു. നേരത്തെ പരാജയപ്പെട്ട രണ്ട് ഡ്രോൺ ആക്രമണങ്ങളും സൗദിയെ ലക്ഷ്യമാക്കി ഹൂതികൾ നടത്തുകയുണ്ടായി. അമേരിക്കയുടെ പിന്തുണയുള്ള, സൗദി അറേബ്യ നയിക്കുന്ന സഖ്യസേനയാണ് ഹൂതികള്‍ക്കെതിരെ നീക്കം ശക്തമാക്കിയിരിക്കുന്നത്.

മെയ് മാസത്തിൽ നാല് എണ്ണക്കപ്പലുകൾക്കു നേരെ ആക്രമണം നടന്നിരുന്നു. അന്നത്തേതിനെ അപേക്ഷിച്ച് വിനാശകാരിയായിരുന്നു ഇന്നത്തെ ആക്രമണമെന്നാണ് വിവരം. മെയ് മാസത്തിലെ ആക്രമണങ്ങൾക്ക് ഉത്തരവാദി ഇറാനാണെന്ന ഉറച്ച നിഗമനത്തിലാണ് അമേരിക്ക. രണ്ടാഴ്ച മുമ്പ് യുഎഇ സന്ദർശിക്കവെ ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ ഈ നിലപാട് ഉറപ്പിച്ചു പറഞ്ഞിരുന്നു. അതെസമയം, ആക്രമണം നടത്തിയത് ഇറാനാണെന്നതിന് യുഎസ് ഇതുവരെയും യാതൊരു തെളിവും പുറത്തു വിട്ടിട്ടില്ല.

Next Story

Related Stories