TopTop
Begin typing your search above and press return to search.

"ആ ഗുഹയ്ക്കുള്ളില്‍ എന്താണെന്ന് ആര്‍ക്കുമറിയില്ലായിരുന്നു"; തായ്‌ ഗുഹയിൽ നിന്നും രക്ഷപ്പെട്ട കുട്ടികൾ: വീഡിയോ

ആ ഗുഹയ്ക്കുള്ളില്‍ എന്താണെന്ന് ആര്‍ക്കുമറിയില്ലായിരുന്നു; തായ്‌ ഗുഹയിൽ നിന്നും രക്ഷപ്പെട്ട കുട്ടികൾ: വീഡിയോ

കാത്തിരുന്ന ആ നിമിഷത്തിനാണ് ലോകം ഇന്നലെ സാക്ഷ്യം വഹിച്ചത്. തായ്‍ലാൻഡിലെ ഗുഹയിൽ നിന്നും രക്ഷപ്പെട്ട കുട്ടികളും കോച്ചും അന്താരാഷ്ട്രമാധ്യമങ്ങളുടെ പ്രതിനിധികളെ കണ്ടു. വൈൽഡ് ബോര്‍സ് ഫൂട്ബോൾ ടീമിന്റെ 12 അംഗങ്ങളും അവരുടെ അസിസ്റ്റന്റ് കോച്ചുമാണ് മാധ്യമങ്ങൾക്കു മുമ്പിലെത്തിയത്.

കുട്ടികളെല്ലാം പൊതുവിൽ ആഹ്ലാദവാന്മാരായിരുന്നു. ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. രണ്ടാഴ്ചയാണ് ഇവർ ഗുഹയ്ക്കകത്ത് കഴിഞ്ഞത്. ഇതിൽ പത്തു ദിവസത്തോളം ഭക്ഷണം കഴിക്കുകയുണ്ടായില്ല. അന്തർദ്ദേശീയ ഡൈവിങ് സംഘങ്ങള്‍ നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് ഇവർ രക്ഷപ്പെട്ടത്.

ഗുഹയ്ക്കകത്ത് കുടുങ്ങിയപ്പോൾ രക്ഷപ്പെടാനുള്ള വഴികൾ തേടി ഗുഹയുടെ ചുമർ തങ്ങൾ തുരക്കുകയുണ്ടായെന്ന് കോച്ച് ഏകാപോൾ ചന്ദാവോങ് പറഞ്ഞു. ഏതാണ്ട് നാല് മീറ്ററോളം കുട്ടികൾക്കൊപ്പം ചേർന്ന് മണ്ണ് നീക്കി. ആരെങ്കിലും വരുന്നത് കാത്തിരുന്നതു കൊണ്ട് കാര്യമില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ചുമർ തുരക്കാൻ തുടങ്ങിയതെന്നും ചന്ദാവോങ് വ്യക്തമാക്കി.

വൈൽഡ് ബോർ യൂണിഫോം ധരിച്ചാണ് കുട്ടികളും കോച്ചും പരിപാടിക്കെത്തിയത്. ഫൂട്ബോളുകളുമായി ഡ്രിബ്ലിങ് നടത്തിയാണ് കുട്ടികളും കോച്ചും വാർത്താസമ്മേളനം നടക്കുന്ന ഹാളിലേക്ക് പ്രവേശിച്ചത്.

'ഗുഹയ്ക്കുള്ളിൽ എന്താണെന്ന് ആർക്കുമറിയില്ലായിരുന്നു. ആരും അകത്തു കയറി കണ്ടിട്ടില്ല. ഇതാണ് കയറി നോക്കാമെന്ന ജിജ്ഞാസ വളര്‍ത്തിയത്.' ചന്ദോവോങ് പറഞ്ഞു. ഒരു നേരമ്പോക്കിനായാണ് അകത്തു കയറിയതെന്നും ഗുഹയ്ക്കുള്ളിൽ ഒരു മണിക്കൂർ‍ ചെലവിട്ട് തിരിച്ചുപോകാമെന്നേ കരുതിയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ തിരിച്ചിറങ്ങുന്ന നേരത്ത് ഒരിടത്തെത്തിയപ്പോൾ വെള്ളം പൊന്തുന്നതായി കണ്ടു. മുൻ റിപ്പോര്‍ട്ടുകൾക്ക് വിരുദ്ധമായി, ടീമിലെ എല്ലാവർക്കും നീന്താനറിയാമായിരുന്നെന്ന് കോച്ച് പറഞ്ഞു. വെള്ളം പൊന്തിയപ്പോൾ മുങ്ങാംകുഴിയിട്ട് പുറത്തു കടക്കാൻ കഴിയുമോയെന്ന് ശ്രമിച്ചിരുന്നു. ഗുഹയ്ക്കകത്ത് ഇരുട്ട് കയറിയതോടെ അപ്പോൾ നീന്തി പുറത്തു കടക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞതായും പദ്ധതി അടുത്ത രാവിലത്തേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. രാത്രിയിൽ എല്ലാവരും പ്രാർത്ഥനയിൽ മുഴുകി.

ഗുഹയുടെ ചുമരിൽ നിന്നും കിനിഞ്ഞിറങ്ങിയ വെള്ളമാണ് കുടിച്ചത്. "എനിക്ക് മറ്റുള്ളവരുടെയത്ര കരുത്തില്ല. ഞാൻ ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കാതെയിരുന്നു. വിശപ്പ് തോന്നാതിരിക്കാൻ." -കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ, 11 കാരനായ ചാനിൻ പറഞ്ഞു.

ഗുഹയുടെ മുകൾഭാഗത്തെ കല്ലുകൾ അടർത്തിയെടുത്തു കൊണ്ടിരിക്കുന്ന സമയത്താണ് തങ്ങളെ തേടിയെത്തിയ ഡൈവർമാരുടെ ശബ്ദം കേട്ടതെന്ന് കുട്ടികൾ പറഞ്ഞു. വലിയ അത്ഭുതമാണ് തങ്ങൾക്കുണ്ടായത്. എത്ര ദിവസമായി തങ്ങൾ അകത്തു പെട്ടിട്ട് എന്നായിരുന്നു കുട്ടികളുടെ ആദ്യത്തെ ചോദ്യം. ഗുഹയിൽ ദിവസങ്ങൾ മാറുന്നത് അറിയാൻ കഴിഞ്ഞിരുന്നില്ല.

https://www.azhimukham.com/fbpost-thailand-children-rescue-operation-in-cave-and-democracy-debate-by-abdul-rasheed/

https://www.azhimukham.com/explainer-what-happened-in-the-thailand-cave/

https://www.azhimukham.com/world-rescue-operations-in-thailand-cave/


Next Story

Related Stories