UPDATES

വിദേശം

പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാനുള്ള തായ് രാജകുമാരിയുടെ നീക്കം പൊളിഞ്ഞു; ഭരണഘടനാ വിരുദ്ധമെന്ന് രാജാവ്

തായ്‌ലാൻഡിലെ പാർലമെന്ററി രാഷ്ട്രീയത്തിലിറങ്ങാനുള്ള രാജകുമാരി ഉബോൽരതനയുടെ നീക്കം പൊളിഞ്ഞു. രാജകുടുംബാംഗങ്ങൾ രാഷ്ട്രീയത്തിലിറങ്ങാറില്ലെന്നും അത് ഭരണഘടനാവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ഉബോല്‍രതനയുടെ സഹോദരനും രാജാവുമായ മഹാ വാജിരാലോങ്കോൺ ബോധീന്ദ്രദേബായവരങ്കുൻ (രാമാ എക്സ്) രംഗത്തു വന്നതോടെയാണ് നീക്കം തടസ്സപ്പെട്ടത്. രാജകുമാരിയെ വരുന്ന മാർച്ചിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കാന്‍ ശ്രമം നടത്തിയ തായ് രക്സ ചാർട്ട് പാർട്ടി ഉബോൽരതനയുടെ സ്ഥാനാർത്ഥിത്വം പിൻവലിച്ചു.

ഉബോൽരതനയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഇലക്ടറൽ കമ്മീഷൻ പരിശോധന നടത്തുമെന്നും അറിയുന്നു.

രാജാവിനോടുള്ള തങ്ങളുടെ ഭക്തി വെളിവാക്കിക്കൊണ്ട് ഇന്നലെ രാത്രിയോടെ തായ് രക്സ ചാർച്ച് പാർട്ടി ഒരു പ്രസ്താവനയിറക്കുകയും ചെയ്തു. രാജകുമാരി ഉബോൽരതന പാർട്ടിയോട് കാണിച്ച അനുഭാവത്തിന് പ്രസ്താവന നന്ദി അറിയിക്കുകയും ചെയ്തു. പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട് വിദേശവാസം നടത്തുന്ന മുൻ പ്രധാനമന്ത്രി തക്സിൻ ഷിനവത്രയുമായി ചേർന്നായാരുന്നു രാജകുമാരിയുടെ നീക്കങ്ങൾ. എഴുത്തുകാരിയും നടിയുമായ രാജകുമാരിക്ക് വലിയ ജനപിന്തുണ രാജ്യത്തുണ്ട്. ഷിനവത്രയ്ക്കും ജനപിന്തുണയുണ്ട്. ഇവ രണ്ടും ചേരുന്നത് തായ് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളുണ്ടാക്കുമായിരുന്നു.

1972ൽ തന്റെ രാജപദവവികളെല്ലാം ഉപേക്ഷിച്ച് ഒരു അമേരിക്കക്കാരനെ വിവാഹം ചെയ്തയാളാണ് ഉബോൽ രതന. 1998ൽ അമേരിക്കൻ പൗരനുമായുള്ള വിവാഹബന്ധം വേർപെടുത്തിയതോടെ ഇവർ രാജപദവികളിലേക്ക് തിരിച്ചെത്തുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍