TopTop

ആരാണ് അന്ന? ഒരു ട്രക്ക് ഡ്രൈവറുടെ മകൾ 'വ്യാജ കോടീശ്വരി'യായ കഥ

ആരാണ് അന്ന? ഒരു ട്രക്ക് ഡ്രൈവറുടെ മകൾ
ന്യുയോർക്ക് ഹോട്ടലുകളിലും ബാങ്കുകളിലും സുപരിചിതയായ ‘വ്യാജ കോടീശ്വരി’ അന്ന സൊറോക്കിന് നാല് മുതൽ 12 വർഷം വരെ തടവുശിക്ഷ വിധിച്ചു. പലരില്‍നിന്നും പലപ്പോഴായി രണ്ടുലക്ഷത്തിലധികം ഡോളര്‍ അവര്‍ തട്ടിയെടുത്തുവെന്നാണ് കോടതി കണ്ടെത്തിയത്. പ്രതി നടത്തിയ വഞ്ചനയുടെ ആഴവും പരപ്പും കണ്ട് അമ്പരന്നുപോയെന്നാണ് വിധി പ്രസ്താവിക്കുന്നതിനിടെ മാന്‍ഹട്ടൺ സ്റ്റേറ്റ് കോടതി ജഡ്ജി ഡൈൻ കെസൽ അത്ഭുതപ്പെട്ടത്. ന്യൂയോർക്ക് നഗരത്തിന്‍റെ മാസ്മരിക ശോഭ കണ്ട് അവള്‍ അന്ധയായി മാറിയതാകാമെന്ന് ജഡ്ജി വിലയിരുത്തി.

അന്ന ടെല്‍വെ എന്നാണ് സൊറോക്കിന്‍റെ യഥാര്‍ത്ഥ പേര്. കോടികളുടെ അവകാശിയാണെന്ന് എല്ലാവരെയും തെറ്റ്ധരിപ്പിച്ചുകൊണ്ടാണ് അവര്‍ ലോകമാകെ വിലസിയിരുന്നത്. പല ബാങ്കുകളില്‍നിന്നും വായ്പയെടുത്തു. സ്വകാര്യ വിമാനങ്ങളില്‍ സഞ്ചാരം. ഏറ്റവും മുന്തിയ ഹോട്ടലുകളില്‍ താമസവും ഭക്ഷണവും. പ്രമുഖരുടെ സ്വകാര്യ പാര്‍ട്ടികളില്‍ നിറ സാന്നിദ്ധ്യം. നാലു വര്‍ഷമാണ്‌ അവരിങ്ങനെ ന്യൂയോര്‍ക്കിന്റെ സ്പന്ദനങ്ങള്‍ക്കൊപ്പം മതിമറന്നു ജീവിച്ചത്.

യഥാര്‍ത്ഥത്തില്‍ റഷ്യക്കാരനായ ഒരു ട്രക്ക് ഡ്രൈവറുടെ മകളാണ് അന്ന ടെല്‍വെ. തട്ടിപ്പ് നടത്തുന്നതിനുവേണ്ടി മാത്രമാണ് അന്ന സൊറോക്കിന്‍ എന്ന പേര് സ്വീകരിച്ചത്. ‘തനിക്കപ്രാപ്യമായ സ്വപ്നതുല്യമായ മാസ്മരിക ജീവിതം എന്തു വിലകൊടുത്തും നേടുക എന്നതു മാത്രമായിരുന്നു അവളുടെ ആഗ്രഹമെന്ന്’ പ്രോസിക്യൂട്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. ഉപരിപ്ലവമായ പകിട്ടാര്‍ന്ന ജീവിതം നയിച്ചാലെ സമൂഹത്തില്‍ ഒരു നിലയും വിലയുമൊക്കെ ഉണ്ടാകൂ എന്ന ചിന്തയായിരുന്നു അവളെ ഇത്തരമൊരു കൃത്യത്തിലേക്ക് എത്തിച്ചത്.

വളരെ ഉദാരമതിയായ പണക്കാരിയായാണ്‌ അവള്‍ പുറത്ത് പെരുമാറിയിരുന്നത്. സുഹൃത്തുക്കള്‍ക്കെല്ലാം വിലയേറിയ സമ്മാനങ്ങള്‍ നല്‍കും. പാര്‍ട്ടികള്‍ നടത്തും. താമസിച്ച വന്‍കിട ഹോട്ടലുകളിലെ തൊഴിലാളികള്‍ക്കുപോലും മുന്തിയ സമ്മാനങ്ങള്‍ നല്‍കും. ഉദ്ദേശിക്കുന്ന ഏതൊരാളെയും ടാര്‍ഗറ്റ് ചെയ്ത് തന്നോട് അടുപ്പിക്കാനുള്ള ടെല്‍വയുടെ കഴിവ് അപാരമാണ്. അങ്ങിനെ അടുത്ത് പണികിട്ടിയ ഒരാളാണ് വാനിറ്റി ഫെയർ ഫോട്ടോ എഡിറ്ററായ റേച്ചൽ ഡെലോച്ചേ വില്ല്യംസ്. ടെല്‍വയുമായുള്ള സൌഹൃദത്തെ കുറിച്ച് വലിയൊരു ലേഖനംതന്നെ അവര്‍ എഴുതി പ്രസിദ്ധീകരിച്ചിരുന്നു. അതിനിടെയാണ് മൊറോക്കോയിൽ അവധിക്കാലം ചെലവഴിക്കാന്‍ റേച്ചലിനെ ടെല്‍വ ക്ഷണിക്കുന്നത്. എന്നാല്‍ എല്ലാം കഴിഞ്ഞ് 62,000 ഡോളര്‍ ബില്ലടയ്ക്കാന്‍ നേരത്ത് ടെല്‍വ മുങ്ങി.

ഒരു ആർട്ട് ആൻഡ് കൾച്ചർ ക്ലബ് തുടങ്ങാന്‍ വേണ്ടി ദശലക്ഷം ഡോളർ വായ്പയെടുക്കാന്‍ ടെല്‍വ നിരന്തരം ശ്രമിച്ചിരുന്നു. അതിനാവശ്യമായ വ്യാജ രേഖകളും ഉണ്ടാക്കി. പക്ഷെ, ബാങ്കുകള്‍ ആ അപേക്ഷ നിരസിച്ചു. എന്നാല്‍ ഒരു വലിയ മദ്യവില്‍പ്പന കേന്ദ്രം തുടങ്ങാനാവശ്യമായ ഒരുലക്ഷം ഡോളര്‍ ലോണായി നല്‍കുകയും ചെയ്തു. ‘ഒരു സാധാരണകാരിയായി ജീവിക്കാന്‍ ഒട്ടും താല്‍പര്യമില്ലാതിരുന്ന പ്രതി താന്‍ മോഹിച്ച ജീവിതം സാധ്യമാക്കാന്‍ എത്ര മോഷണം നടത്തുവാനും തയ്യാറായിരുന്നു’വെന്ന് അസിസ്റ്റന്റ് ജില്ലാ അറ്റോർണി കാതറിൻ മക്ക് അഭിപ്രായപ്പെട്ടു. തടവ്‌ ശിക്ഷക്കു പുറമേ 24,000 ഡോളർ പിഴയും, 200,000 ഡോളർ നഷ്ടപരിഹാരവും നല്‍കാനാണ് കോടതി വിധി.

Next Story

Related Stories