Top

സമുദ്രം ചൂടാവുകയാണ്; കരുതിയിരിക്കുക, നേരിടേണ്ടി വരിക രൂക്ഷമായ കാലാവസ്ഥ വ്യതിയാനങ്ങള്‍

സമുദ്രം ചൂടാവുകയാണ്; കരുതിയിരിക്കുക, നേരിടേണ്ടി വരിക രൂക്ഷമായ കാലാവസ്ഥ വ്യതിയാനങ്ങള്‍
കേരളം തണുത്തു വിറയ്ക്കുകയാണ്. പക്ഷേ, മനുഷ്യനിങ്ങനെ തണുത്തു വിറയ്ക്കുകയാണെന്നു പറഞ്ഞിട്ടെന്താ കാര്യം! കടലിങ്ങനെ ചൂടായി കൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളാണ് പുത്തന്‍ പഠനങ്ങള്‍ പുറത്തുവിടുന്നത്. കടല്‍ ജലത്തിന്റെ താപനില ക്രമാതീതമായി ഉയരുന്നതിനെക്കുറിച്ച് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൂടുപിടിച്ച കടല്‍ ജലത്തിന് കൂടുതല്‍ സ്ഥലം ആവശ്യമായി വരും. ഇതിനെ താപീയ വികാസം (thermal expansion)എന്ന് പറയുന്നു. ഈ നിലയ്ക്ക് തന്നെ സമുദ്ര താപനില കൂടി വരികയാണെങ്കില്‍ ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ജലനിരപ്പ് ഏതാണ്ട് 30 സെന്റിമീറ്റര്‍ വരെ വര്‍ധിച്ചേക്കാം. മഞ്ഞു മലകളും ഒഴുകി നടക്കുന്ന മഞ്ഞു കട്ടകളും ഉരുകുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ജലനിരപ്പുയരുന്നതുമായി ബന്ധപ്പെട്ട അപകടങ്ങള്‍ മാത്രമല്ല രൂക്ഷമായ കാലാവസ്ഥ വ്യതിയാനങ്ങളും ഇതുമൂലം ഉണ്ടാകാനിടയുണ്ട്. കൊടുങ്കാറ്റും പ്രളയവും പോലുള്ള ഗുരുതര പ്രത്യാഘാതങ്ങള്‍ വരെ പ്രതീക്ഷിക്കാം. സമുദ്ര താപനില ക്രമാതീതമായി ഉയരുന്നത് ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിനെ പ്രതികൂലമായി ബാധിക്കും. ശാസ്ത്രലോകത്തെയാകെ ആശങ്കയിലാക്കുന്ന കണ്ടുപിടുത്തങ്ങള്‍ ഉള്ള ഈ പ്രബന്ധം ദി ജേര്‍ണല്‍ സയന്‍സിലാണ് പ്രസിദ്ധീകരിച്ചത്.

ഈ നിലയ്ക്കാണ് കാര്യങ്ങളുടെ പോക്ക് എങ്കില്‍ ശാസ്ത്രലോകം മുന്‍കൂട്ടിക്കണ്ട കാലാവസ്ഥ വ്യതിയാനങ്ങളെക്കുറിച്ചുള്ള ഏറ്റവും മോശം പ്രവചനങ്ങള്‍ വരെ യാഥാര്‍ഥ്യമാകാന്‍ ഇടയുണ്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സമുദ്ര താപനില 2018 ല്‍ വളരെ കൂടുതലായിരുന്നു. ഇത് ആഗോളതാപനത്തെ തന്നെയാണ് സൂചിപ്പിക്കുന്നതെന്ന് കാലിഫോര്‍ണിയ സര്‍വകലാശാല വിദ്യാര്‍ത്ഥിയും പ്രബന്ധം തയ്യാറാക്കിയവരില്‍ പ്രധാനിയുമായ സീക് ഹ്യുസ്ഫാതെര്‍ പറയുന്നു. അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന അധിക ഊര്‍ജത്തെ ആഗിരണം ചെയ്ത് കാലാവസ്ഥാ സന്തുലിതമായി നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത് സമുദ്രങ്ങള്‍ തന്നെയാണ്. സമുദ്രാന്തരീക്ഷത്തെ പഠിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ മൂലം ഊര്‍ജത്തിന്റെ ആഗിരണത്തെ കൃത്യമായി കണക്കാക്കാനും വിലയിരുത്താനും പ്രയാസമായിരുന്നു. എന്നാല്‍ അടുത്തകാലത്ത് ഈ മേഖലയില്‍ കുറച്ചെങ്കിലും പഠനങ്ങള്‍ ഉണ്ടായി വരുന്നുണ്ട്. കാലാവസ്ഥ വ്യതിയാനങ്ങളില്‍ സമുദ്രങ്ങള്‍ വളരെ നിര്‍ണായകമാണ് എന്ന് അപ്പോഴാണ് തെളിവുകളോടെ മനസിലാക്കാന്‍ ശാസ്ത്ര ലോകത്തിനു കഴിഞ്ഞത്.

പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഒന്നര നൂറ്റാണ്ടില്‍ സമുദ്രം ആഗിരണം ചെയ്ത ഊര്‍ജം ലോകജനസംഖ്യയുടെ മൊത്തം ഒരു വര്‍ഷത്തെ ഊര്‍ജ്ജ ഉപഭോഗത്തിന്റെ 10,00 മടങ്ങ് എങ്കിലും വരുമെന്നാണ്. ഇത് ഒരു സെക്കന്‍ഡില്‍ ആറ്റം ബോംബ് പുറത്തു വിടുന്ന ഊര്‍ജത്തിന്റെ അത്രയും തന്നെ വരും എന്ന് ദി ഗാര്‍ഡിയന്‍ പറയുന്നു. കാലാവസ്ഥ വ്യതിയാനങ്ങളെ കുറിച്ച് പഠിക്കുന്ന പാനല്‍ നേരെത്തെ തന്നെ ആഗോളതാപനത്തെക്കുറിച്ചു കരുതിയിരിക്കാന്‍ ലോകത്തോട് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. 2030 ആകുമ്പോഴേക്കും കാര്യങ്ങള്‍ ഏതാണ്ട് കൈ വിട്ട് പോകുന്ന അവസ്ഥയിലാകും. അതുകൊണ്ട് താപനില നിയന്ത്രിക്കാനും അപ്രതീക്ഷിതമായ കാലാവസ്ഥ വ്യതിയാനം ഉണ്ടാകാതിരിക്കാനുമായി അടിയന്തിര നടപടികള്‍ സ്വീകരിച്ചേ മതിയാകൂ.

Next Story

Related Stories