TopTop
Begin typing your search above and press return to search.

ഈ ആഘോഷക്കാലത്ത് ട്രംപ് അമേരിക്കയെ അരാജകത്വത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു

ഈ ആഘോഷക്കാലത്ത് ട്രംപ് അമേരിക്കയെ അരാജകത്വത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു

യുഎസ് പ്രതിരോധ സെക്രട്ടറി സ്ഥാനത്തു നിന്ന് ജിം മാറ്റിസ് (ജേംസ് നോർമൻ മാറ്റിസ്) പിൻവാങ്ങുന്ന വാർത്തയറിഞ്ഞപ്പോൾ ബ്രിട്ടീഷ് പ്രതിരോധ സഹമന്ത്രിമാരിലൊരാളായ ടോബിയാസ് എല്‍വുഡ് പരസ്യമായി പ്രതികരിക്കാൻ തയ്യാറായി. ജിം മാറ്റിസ് സ്ഥാനമൊഴിയുന്നത് ദുഖകരമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സഖ്യരാഷ്ട്രങ്ങൾ ഏറെ ബഹുമാനിക്കുന്നയാളും വിശ്വസ്തനുമാണ് ജിം മാറ്റിസ്സെന്നും അദ്ദേഹത്തെ ശത്രുക്കൾ ഏറെ ഭയന്നിരുന്നെന്നും എൽവുഡ് ചൂണ്ടിക്കാട്ടി. 'നിങ്ങളുടെ അസാന്നിധ്യത്തിൽ‌ ലോകം അരക്ഷിതത്വം അനുഭവിക്കു'മെന്നും എൽവുഡ് എഴുതി. ജിം മാറ്റിസിന്റെ സ്ഥാനമൊഴിയലിനോട് നാറ്റോ സഖ്യരാഷ്ട്രങ്ങളുടെ പൊതു മനസ്ഥിതിയാണ് എൽവുഡ് പ്രകടിപ്പിച്ചതെന്നു പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല. ജിം മാറ്റിസിനോടും സൈനിക മേധാവിയെന്ന നിലയിൽ അദ്ദേഹത്തിന്റെ കഴിവുകളോടുമുള്ള ബഹുമാനം മാത്രമല്ല ഈ പിന്തുണയ്ക്കു പിന്നിൽ. സിറിയയിൽ നിന്ന് പിന്മാറാനുള്ള ഡോണൾഡ് ട്രംപിന്റെ തീരുമാനത്തോട് സഖ്യരാഷ്ട്രങ്ങൾക്കുള്ള വിയോജിപ്പ് അത്ര ശക്തമാണ്.

68കാരനായ ജിം മാറ്റിസ്സിന് സഖ്യരാഷ്ട്രങ്ങളുമായുള്ള ബന്ധത്തിന് ഒരു മധ്യ-പൂർവ്വേഷ്യൻ ചരിത്രമുണ്ട്. പേർഷ്യൻ ഗൾഫ് യുദ്ധത്തിലും അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും സൈനികനീക്കങ്ങളിൽ സഖ്യരാഷ്ട്രങ്ങളുടെ നേതൃസ്ഥാനത്ത് ജിം മാറ്റിസ്സുണ്ടായിരുന്നു. സഖ്യരാജ്യങ്ങളുടെ അടിസ്ഥാന ധാരണകളെ ചോദ്യം ചെയ്യുന്ന ഒരു നടപടി പ്രസിഡണ്ട് ഡോണൾഡ് ട്രംപിൽ നിന്നും വന്നപ്പോൾ അതിന് പിന്തുണ നൽകാതെ ഉടനെ പിൻവാങ്ങാൻ മാറ്റിസ്സിനെ പ്രേരിപ്പിച്ചതും സൈനിക ഉദ്യോഗസ്ഥനെന്ന നിലയിൽ അദ്ദേഹത്തിനുള്ള ഈ ദീർഘകാല പരിചയസമ്പത്താണ്. നയപരമായും സൈനികതന്ത്രപരമായും യാതൊരു ആലോചനയുടെയും അടിസ്ഥാനമില്ലാത്തതാണ് സിറിയയിൽ നിന്നും പിൻവാങ്ങാനുള്ള പ്രസിഡണ്ടിന്റെ തീരുമാനമെന്ന് ട്രംപ് ഒഴികയുള്ള മിക്കവരും സമ്മതിക്കുന്ന നിലയാണുള്ളത്.

യുഎസ്സിന്റെ പിന്തുണയുള്ള കുർദ് റിബലുകൾക്കെതിരെ ശക്തമായ ആക്രമണത്തിന് തങ്ങൾ ഒരുങ്ങുകയാണെന്ന തുർക്കി പ്രസിഡണ്ട് റിസെപ് തയ്യിപ് എർദോഗന്റെ അറിയിപ്പ് വന്നതിനു പിന്നാലെയാണ് ട്രംപിന്റെ പിൻമാറ്റ പ്രഖ്യാപനമുണ്ടായത്. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ യുദ്ധത്തിലേർപ്പെട്ടിട്ടുള്ള എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു ഈ തീരുമാനം. യുഎസ് പിൻവാങ്ങുന്നതോടെ നിലവിൽ യുഎസ് പട്ടാളത്തിന്റെ കൂടി സഹായത്തോടെ തിരിച്ചുപിടിച്ചിട്ടുള്ള കേന്ദ്രങ്ങളിലേക്ക് ഐസിസിന് വീണ്ടും തിരിച്ചുവരാനുള്ള വഴിയാണ് ഒരുങ്ങുക. എർദോഗനുമായി ട്രംപ് നടത്തിയ ഫോൺ സംഭാഷണം തന്നെയാണെന്ന് രാഷ്ട്രീയനിരീക്ഷകനായ കെവിൻ ഡ്രം മദർജോൺസിലെ തന്റെ കോളത്തിൽ ചൂണ്ടിക്കാട്ടുന്നു. പതുക്കെയുള്ള ഒരു പിന്മാറ്റമാണ് എർദോഗൻ പ്രതീക്ഷിച്ചിരിക്കുകയെങ്കിലും ധീരതയും ഭീരുത്വവും ഏത്രയും വേഗത്തിൽ പ്രകടിപ്പിച്ച് രക്ഷപ്പെടുന്ന ട്രംപിന്റെ ശൈലി ഇവിടെയും ലോകത്തിന് കാണാൻ കഴിഞ്ഞു.

https://www.azhimukham.com/india-bob-woodwards-book-details-trumps-chaotic-and-dysfunctional-white-house/

ഇപ്പോൾ വരുന്ന വാർത്തകൾ പറയുന്നത് പ്രതിരോധ സെക്രട്ടറി സ്ഥാനത്തു നിന്നും ജിം മാറ്റിസ്സിനെ എത്രയും പെട്ടെന്ന് ഇറക്കാനുള്ള ശ്രമം ട്രംപ് തുടങ്ങിയെന്നാണ്. പുതുവൽസര ദിനത്തിൽ തന്നെ പ്രതിരോധ സെക്രട്ടറി സ്ഥാനം താൽക്കാലികമായി കൈയാളാൻ നിലവിലെ പെന്റഗൺ ഡെപ്യൂട്ടിയായ പാട്രിക് ഷനാഹൻ തയ്യാറാകുമെന്ന് ട്രംപ് ട്വീറ്റ് ചെയ്യുകയുണ്ടായി. ട്രംപിനെതിരെ രാജ്യത്തിനകത്തും പുറത്തുമുള്ള നയതന്ത്രജ്ഞരുടെ വിമർശനം ലോഭമില്ലാതെ നേടിക്കൊടുത്ത ജിം മാറ്റിസ് അധികനേരം പ്രതിരോധ സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിനോട് ട്രംപിന് താൽപര്യമില്ല. ഫെബ്രുവരി മാസത്തിന്റെ അവസാനം വരെ മാത്രമേ സ്ഥാനത്ത് തുടരൂ എന്നായിരുന്നൂ ജിം മാറ്റിസ്സിന്റെ പ്രഖ്യാപനം. ജിം മാറ്റിസ്സിനെതിരെ നിരന്തരമായ ആക്രമണമാണ് ട്വിറ്ററിലൂടെ ട്രംപ് നടത്തുന്നത്. ഈ വിധം ഒബാമ ജിം മാറ്റിസ്സിനെ പുറത്താക്കിയ ചരിത്രത്തെ വകവെക്കാതെയാണ് താൻ‌ മാറ്റിസ്സിന് രണ്ടാമതൊരവസരം കൂടി നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. യുഎസ്സിനെ ഉപയോഗിക്കാൻ‌ സഖ്യകക്ഷികൾ‌ ശ്രമം നടത്തുമ്പോൾ അവരെ പ്രീണിപ്പിക്കുന്ന നിലപാടെടുക്കുകയാണ് മാറ്റിസ് എന്നും ട്രംപ് ട്വീറ്റ് ചെയ്യുകയുണ്ടായി.

മുതിർന്ന മാധ്യമപ്രവർത്തകനായ ബോബ് വുഡ്‌വാർഡിന്റെ 'ഫിയർ' എന്ന പുസ്തകത്തിൽ മാറ്റിസ് പ്രസിഡണ്ടിന്റെ മസ്തിഷ്കശേഷിയെ ചോദ്യം ചെയ്യുന്നതായി വിവരിക്കുന്നുണ്ട്. പത്തോ പതിനൊന്നോ വയസ്സുള്ള ഒരു കുട്ടിയുടെ ബോധനിലവാരം മാത്രമേ ട്രംപിനുള്ളൂ എന്ന് മാറ്റി പറഞ്ഞതായാണ് ബോബ് പുസ്തകത്തിൽ പറയുന്നത്. സിറിയൻ പ്രസിഡണ്ട് ബാഷർ അൽ അസ്സദിനെ യുഎസ് വധിക്കണമെന്ന നിർദ്ദേശത്തെ മാറ്റിസ് തള്ളിക്കളയുന്നതിനെക്കുറിച്ചു പറയുന്നുണ്ട് ഈ പുസ്തകം. പുസ്തകത്തിലെ കാര്യങ്ങൾ മാറ്റിസ് നിഷേധിച്ചുവെങ്കിലും ബോബ് താനെഴുതിയവ സത്യം തന്നെയെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്.

പരസ്യമായ പ്രഖ്യാപനങ്ങളോടെയാണ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്സും, ഇസ്ലാമിക് സ്റ്റേറ്റിനെതിരായ യുഎസ് ദൗത്യത്തിന്റെ ദൂതനായ ബ്രെറ്റ് മക്ഗർക്കും രാജി വെച്ചത്. തുടർച്ചയായ തിരിച്ചടികളാണ് ട്രംപിന് കിട്ടിക്കൊണ്ടിരിക്കുന്നത്. 2016 തെരഞ്ഞെടുപ്പിൽ റഷ്യയുടെ വഴിവിട്ട ഇടപെടലിന് വഴിയൊരുക്കിയ ട്രംപിന്റെ പ്രചാരണത്തെക്കുറിച്ചുള്ള റോബർട്ട് മ്യുള്ളറുടെ അന്വേഷണം അടക്കമുള്ള നിരവധി അന്വേഷണങ്ങളാണ് പടിക്കൽ വന്നു നിൽക്കുന്നത്. ഇതിനിടയിലാണ് നിയമവിരുദ്ധമായി പ്രവർത്തിച്ചു വരികയായിരുന്നു ട്രംപ് ഫൗണ്ടേഷൻ അടയ്ക്കേണ്ടി വന്ന സംഭവം. പിന്നാലെ ജിം മാറ്റിസ് തുടങ്ങിയവരുടെ രാജിയും എത്തി.

https://www.azhimukham.com/viral-trump-fake-statements-increased-33pc/

ഇതിനിടയിലാണ് സർക്കാർ പ്രവർത്തന സ്തംഭനം പ്രഖ്യാപിച്ചത്. സർക്കാർ പ്രവര്‍ത്തനങ്ങൾക്കാവശ്യമായ ഫണ്ട് കോൺഗ്രസ്സിൽ പാസ്സാകാതിരിക്കുകയോ പ്രസിഡണ്ട് ഒപ്പിടാൻ വിസമ്മതിക്കുകയോ ചെയ്യുമ്പോഴാണ് പ്രവർത്തന സ്തംഭനം നിലവിൽ വരാറുള്ളത്. ഇത്തവണ തന്റെ 'സ്വപ്നപദ്ധതി'യായ അതിർത്തിയിലെ മതിൽ കെട്ടലിനുള്ള ഫണ്ട് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് 'അതിർത്തിയിലെ സുരക്ഷയ്ക്കു വേണ്ടി താൻ പ്രവർത്തന സ്തംഭനം' നടപ്പാക്കുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചത്. 380,000 ഫെഡറൽ ജീവനക്കാർ ശമ്പളമില്ലാതെ വീടുകളിലിരിപ്പായി. 420,000 പേർ വരുന്ന അവശ്യ സേവന ജീവനക്കാരാകട്ടെ ശമ്പളമില്ലാതെ പണിയെടുക്കുകയാണ്.

സിറിയയിൽ നിന്നുള്ള പിൻവാങ്ങൾ ട്രംപിന്റെ അടുത്ത അനുചരരെപ്പോലും ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. റിപ്പബ്ലിക്കൻ പാർട്ടിയിൽ തന്നെ വലിയ തോതിലുള്ള എതിർപ്പുകളാണ് ഉയരുന്നത്. എന്നാൽ, ഇതിനെയെല്ലാം അവഗണിക്കാൻ പോന്ന എന്തൊക്കെയോ ചില കാര്യങ്ങൾ ട്രംപിന്റെ മനസ്സിലോടുന്നുണ്ടെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. തന്നെ അധികാരത്തിലേറ്റിയ ജനപ്രീതിയുടെ അടിസ്ഥാനമായ യാഥാസ്ഥിതിക അമേരിക്കയെ സന്തോഷിപ്പിക്കുന്നതിലാകാം അദ്ദേഹത്തിന്റെ ശ്രദ്ധയെന്ന് കരുതുന്നവരുമുണ്ട്. തനിക്ക് രാഷ്ട്രീയ അതിജീവനം മറ്റെവിടെയാണ് സാധിക്കുക?

https://www.azhimukham.com/modi-us-visit-trump-ivanka/


Next Story

Related Stories