UPDATES

വിദേശം

ബോറിസ് ജോൺസൺ നല്ല വ്യക്തിയാണ്; നല്ല ഭരണം കാഴ്ച വെക്കും: ഡോണൾഡ് ട്രംപ്

ഇതാദ്യമായല്ല ട്രംപ് ജോണ്‍സനെ പിന്തുണച്ച് സംസാരിക്കുന്നത്.

ബ്രിട്ടിഷ് പ്രധാനമന്ത്രിയായി ഇന്ന് അധികാരമേല്‍ക്കുന്ന ബോറിസ് ജോണ്‍സണ്‍ ‘ബ്രിട്ടിഷ്‌ ട്രംപാണെന്ന്’ യുഎസ് ഡൊണാൾഡ് ട്രംപ്. ചൊവ്വാഴ്ച വാഷിംഗ്ടണിൽ കൗമാരക്കാരായ ആരാധകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ‘നമുക്ക് നല്ലൊരു മനുഷ്യനെക്കൂടി ലഭിച്ചിട്ടുണ്ട്. അദ്ദേഹം ബ്രിട്ടന്റെ പ്രധാനമന്ത്രിയാകാന്‍ പോവുകയാണ്. വളരെ മിടുക്കനായ അദ്ദേഹത്തെ ബ്രിട്ടന്റെ ട്രംപ് എന്ന് ആളുകള്‍ വിളിക്കുന്നു. അതൊരു നല്ല കാര്യമാണ്’ എന്നാണ് ട്രംപ് പറഞ്ഞത്.

‘വോട്ടെടുപ്പുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വിരുദ്ധമായി അവരെന്നെ ഇഷ്ടപ്പെടുന്നു. അതാണ് അവർക്ക് വേണ്ടത്. ബോറിസ് നല്ല വ്യക്തിയാണ്. അദ്ദേഹം മികച്ച ഭരണം കാഴ്ചവെക്കും’- ബോറിസിന്റെ വിജയത്തില്‍ ഏറ്റവും സന്തോഷിക്കുന്ന ലോക നേതാവ് താനാണെന്ന തരത്തിലായിരുന്നു ട്രംപിന്റെ പ്രതികരണങ്ങള്‍. ബ്രെക്സിറ്റ് പാർട്ടിയുടെ നേതാവായ നിഗൽ ഫാരേജിനെയും ട്രംപ് പ്രശംസിച്ചു. ജോൺസണും ഫാരേജും ഒരുമിച്ച് നന്നായി പ്രവർത്തിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഫാരേജുമായുള്ള ചില കരാറുകൾ ജോൺസൺ മുമ്പ് നിരസിച്ചിരുന്നു.

ഇതാദ്യമായല്ല ട്രംപ് ജോണ്‍സനെ പിന്തുണച്ച് സംസാരിക്കുന്നത്. ബ്രെക്സിറ്റ് വിഷയത്തിൽ അഭിപ്രായ ഐക്യം ഉണ്ടാക്കാൻ തെരേസ മേയ്ക്കു കഴിയാതെ വന്നതോടെയാണു പുതിയ നേതാവിനെ കണ്ടെത്താൻ ഭരണകക്ഷി അംഗങ്ങൾക്കിടയിൽ വോട്ടെടുപ്പു നടത്തിയത്. ബ്രെക്സിറ്റ് എങ്ങനെ കൈകാര്യം ചെയ്യണമെന്നതു സംബന്ധിച്ച തന്റെ ഉപദേശം മേ അവഗണിച്ചുവെന്നും അതുകൊണ്ടാണ് അവര്‍ക്കീഗതി വന്നതെന്നും ട്രംപ് പറയുന്നു. ഏതായാലും യൂറോപ്യൻ യൂണിയൻ വിട്ടുപോരാനുള്ള അവസാന തീയതി ഒക്ടോബർ 31 ആണ്. ജോണ്‍സന്റെ ബ്രെക്‌സിറ്റ് നയങ്ങളോട് പാര്‍ട്ടിയില്‍ തന്നെ അഭിപ്രായവ്യത്യാസമുണ്ട്.

കരാറോടെയോ അല്ലാതെയോ ഒക്ടോബര്‍ 31-നു മുന്‍പ് ബ്രെക്‌സിറ്റ് നടപ്പാക്കുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, പ്രധാനമന്ത്രി തെരേസ മേ ഇന്നു പാർലമെന്റിൽ വിടവാങ്ങൽ പ്രസംഗം നടത്തും. അതിനു ശേഷമായിരിക്കും രാജിക്കത്തു കൈമാറാൻ ബെക്കിങ്ഹാം കൊട്ടാരത്തിലേക്കു പുറപ്പെടുക. രാജി സ്വീകരിച്ചാലുടൻ എലിസബത്ത് രാജ്ഞി പുതിയ കക്ഷിനേതാവിനെ പ്രധാനമന്ത്രിയാകാൻ ക്ഷണിക്കും. വൈകിട്ടോടെ പുതിയ പ്രധാനമന്ത്രിയുടെ ആദ്യപ്രസംഗം ഉണ്ടാകും. നാളെ രാവിലെയാകും ആദ്യ മന്ത്രിസഭായോഗം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍