TopTop
Begin typing your search above and press return to search.

അഫ്ഗാനിലേക്ക് കൂടുതല്‍ യുഎസ് സൈനികര്‍; ട്രംപ് ഒബാമയെ തിരുത്തിയതിന് പിന്നില്‍ സൈനിക മേധാവികളോ?

അഫ്ഗാനിലേക്ക് കൂടുതല്‍ യുഎസ് സൈനികര്‍; ട്രംപ് ഒബാമയെ തിരുത്തിയതിന് പിന്നില്‍ സൈനിക മേധാവികളോ?

പ്രസിഡന്റ്റ് ഡൊണാള്‍ഡ് ട്രംപ് സൈനിക മേധാവികളുടെ സമ്മര്‍ദത്തിന് വഴങ്ങിയതിനെ തുടര്‍ന്നാണ് യുഎസിന്റെ അഫ്ഗാന്‍ നയം മാറ്റിയത് എന്ന് സൂചന. ഓഗസ്റ്റ് 21ന് ട്രംപ് രാജ്യത്തോട് ടെലിവിഷനിലൂടെ നടത്തിയ അഭിസംബോധനയില്‍ നിന്നും ഇക്കാര്യം വ്യക്തമാകുന്നതായി ദി ഇക്കണോമിസ്റ്റ് ചൂണ്ടിക്കാണിക്കുന്നു. 16 വര്‍ഷം യുദ്ധം തുടര്‍ന്നിട്ടും ജയിക്കാന്‍ സാധിക്കാത്തതിനാല്‍ സൈന്യത്തെ പിന്‍വലിക്കാനുള്ള മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ നയം പിന്തുടരാനാണ് താന്‍ ആദ്യം തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ നയത്തെ കുറിച്ച് കൂടുതല്‍ ആഴത്തില്‍ നടത്തിയ അവലോകനത്തെ തുടര്‍ന്നാണ് അഫ്ഗാനിസ്ഥാനിലേക്ക് കൂടുതല്‍ സൈനികരെ അയയ്ക്കാന്‍ തീരുമാനിച്ചതെന്നും ട്രംപ് പറഞ്ഞിരുന്നു.

പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസും ദേശീയ സുരക്ഷ ഉപദേഷ്ടാവ് എച്ച് ആര്‍ മക്മാസ്റ്ററും നടത്തിയ ഈ അവലോകനം ജൂണില്‍ പൂര്‍ത്തിയായിരുന്നു. എന്നാല്‍ അവലോകനത്തിലെ കണ്ടെത്തലുകളില്‍ ട്രംപ് തുടക്കത്തില്‍ തൃപ്തനായിരുന്നില്ല. കൂടാതെ, യുഎസിന്റെ വിദേശ സൈനിക ഇടപെടലുകളെ എതിര്‍ത്തിരുന്ന മുന്‍ മുഖ്യരാഷ്ട്രീയ തന്ത്രജ്ഞന്‍ സ്റ്റീവ് ബാനോണിന്റെ സമ്മര്‍ദവും ഇക്കാര്യത്തില്‍ ഉണ്ടായിരുന്നു. ഇരുവരും ചേര്‍ന്ന് മറ്റൊരു വഴി കണ്ടെത്താനുള്ള ശ്രമത്തിലുമായിരുന്നു.

അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ചുകൊണ്ട് പകരം 5,000 അഫ്ഗാന്‍ കൂലിപ്പടയാളികളെ നിയോഗിക്കുക എന്നതായിരുന്നു ഇവയില്‍ ഒരു മാര്‍ഗ്ഗമായി ഉയര്‍ത്തിക്കാണിക്കപ്പെട്ടിരുന്നത്. എന്നാല്‍ ബാനോണ്‍ രാജിവച്ചതോടെ ട്രംപ് നിലപാട് മാറ്റുകയും തന്റെ ദേശീയ സുരക്ഷ സംഘത്തിന്റെ ഉപദേശം സ്വീകരിച്ചുകൊണ്ട് 3,500 മുതല്‍ 5,000 വരെ അമേരിക്കന്‍ സൈനികരെ കൂടുതലായി അഫ്ഗാനിസ്ഥാനിലേക്ക് അയക്കാന്‍ ഓഗസ്റ്റ് 18 ന് തീരുമാനിക്കുകയായിരുന്നു. വിജയം അസാധ്യമായ ഒരു യുദ്ധവുമായി മുന്നോട്ട് പോകുന്നതിലുള്ള ട്രംപിന്റെ താത്പര്യക്കുറവിനെ മറികടക്കാന്‍ കാരണമായത് അഫ്ഗാന്‍ വീണ്ടും ആഗോള ഭീകരവാദികളുടെ താവളമാകുമെന്ന ആശങ്കയാണെന്നും സൂചനയുണ്ട്. വൈറ്റ് ഹൗസിലെ ജോലിയില്‍ നിന്നും ബാനോണ്‍ നീക്കം ചെയ്യപ്പെട്ടത് അതേ ദിവസം തന്നെയായിരുന്നു എന്നത് യാദൃശ്ചികമാകാന്‍ സാധ്യതയില്ല.

മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കാഴ്ചപ്പാടില്‍ നിന്നും ഘടകവിരുദ്ധമാണ് ട്രംപ് പ്രഖ്യാപിച്ച അഫ്ഗാന്‍ തന്ത്രമെങ്കിലും അതിന് ചില ഗുണപരമായ സവിശേഷതകള്‍ ഉള്ളതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. അഫ്ഗാനിസ്ഥാനില്‍ സേവനം അനുഷ്ടിച്ചിരുന്ന മുന്‍ മറൈന്‍ ജനറലായ മാറ്റിസിനെയും ജനറല്‍ മക്മാസ്റ്ററെയുമാണ് നയരൂപീകരണത്തിന് ട്രംപ് നിയോഗിച്ചത് എന്നതാണ് ഇതില്‍ ഒന്നാമത്തേത്. കൃത്യമായി എത്ര സൈനികരെ അയയ്‌ക്കേണ്ടി വരുമെന്ന് വ്യക്തമാക്കാനും അദ്ദേഹം അവരോട് ആവശ്യപ്പെട്ടിരുന്നു. പുതിയ ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്തിരുന്നു എന്ന് മാത്രമല്ല അഫ്ഗാന്‍ യുദ്ധത്തില്‍ അദ്ദേഹത്തിന്റെ ഒരു പുത്രന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. യുദ്ധഭൂമിയിലെ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാതെയാണ് സൈനിക ബലം വെട്ടിക്കുറയ്ക്കാന്‍ ഒബാമ തീരുമാനിച്ചതെന്ന അഭിപ്രായക്കാരാണ് ഇവരെല്ലാം.

2015ല്‍ നാറ്റോ സൈനികരെ പിന്‍വലിക്കുകയും അഫ്ഗാനിസ്ഥാന്റെ ദുര്‍ബല സേനയെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തതിന് ശേഷം താലിബാന്‍ തിരിച്ചടി വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. നവംബര്‍ 2016 വരെയുള്ള പന്ത്രണ്ട് മാസക്കാലത്തിനിടയില്‍ സര്‍ക്കാര്‍ അധീനതയിലുള്ള പ്രദേശങ്ങള്‍ 72 ശതമാനത്തില്‍ നിന്നും 57 ശതമാനമായി കുറഞ്ഞെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. ഇതേ കാലയളവില്‍ 6,785 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെടുകയം 11,777 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2015-16 കാലഘട്ടത്തില്‍ 19 അമേരിക്കന്‍ സൈനികരാണ് അഫ്ഗാനില്‍ കൊല്ലപ്പെട്ടത്. തന്റെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് അവിടെ തുടരുന്ന 8,400 സൈനിക പരിശീലകരെയും ഉപദേഷ്ടാക്കളെയും കൂടി പിന്‍വലിക്കാനായിരുന്നു ഒബാമയുടെ ആദ്യ തീരുമാനമെങ്കിലും പിന്നീട് അത് തന്റെ പിന്‍ഗാമിക്ക് വിട്ടുനല്‍കുകയായിരുന്നു.

പുതിയ തീരുമാനപ്രകാരം അഫ്ഗാനിലെ അമേരിക്കന്‍ സൈനിക ശേഷിയില്‍ 50 ശതമാനം വര്‍ദ്ധനയുണ്ടാവും എന്ന് മാത്രമല്ല അവര്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്യപ്പെടുകയും ചെയ്യും. അമേരിക്കന്‍ സൈനികരുടെ മരണങ്ങള്‍ ഒഴിവാക്കുന്നതിനായി അവരെ യുദ്ധമുഖത്തുനിന്നും മാറ്റി നിറുത്തുക എന്ന തന്ത്രമായിരുന്നു ഒബാമ പിന്തുടര്‍ന്നിരുന്നത്. ഇതാണ് ഇപ്പോള്‍ മാറുന്നത്. വാഷിംഗ്ടണില്‍ നിന്നും സൈനികരെ നിയന്ത്രിച്ചുകൊണ്ട് യുദ്ധം ജയിക്കാനാവില്ലെന്നും തന്ത്രങ്ങള്‍ യുദ്ധഭൂമിയില്‍ തന്നെ വികസിപ്പിക്കേണ്ടതാണെന്നും ട്രംപ് തന്റെ പ്രസ്താവനയില്‍ പറഞ്ഞു. സൈനികര്‍ക്ക് ആവശ്യമുള്ള ആയുധങ്ങള്‍ ലഭ്യമാണെന്നുറപ്പാക്കുക മാത്രമാണ് ഭരണകൂടം ചെയ്യേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

മുന്‍ നയത്തില്‍ നിന്നും വ്യത്യസ്തമായി സമയപരിധികളൊന്നും പുതിയ നയത്തില്‍ നിശ്ചയിച്ചിട്ടില്ല. സൈനികരുടെ എണ്ണം യുദ്ധമുഖത്തെ അവസ്ഥകള്‍ക്ക് അനുസരിച്ച് വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് നിര്‍ണായക നീക്കമാണ് എന്ന് വിലയിരുത്തപ്പെടുന്നു. ഒരു സമയപരിധി കഴിഞ്ഞാല്‍ അമേരിക്കന്‍ സേന പിന്‍വാങ്ങും എന്ന ധാരണ പരന്നാല്‍ അഫ്ഗാന്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്താന്‍ പോലും താലിബാന്‍ തയ്യാറാവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ യുദ്ധം ജയിക്കുന്നത് വരെ അമേരിക്കന്‍ സേന തുടരും എന്ന അവസ്ഥ വന്നാല്‍ തങ്ങളുടെ കണക്കുകൂട്ടലുകള്‍ മാറ്റാന്‍ താലിബാന്‍ നിര്‍ബന്ധിതമാവും.

എന്നാല്‍ എപ്പോള്‍ അഫ്ഗാനില്‍ വിജയം അവകാശപ്പെടാന്‍ അമേരിക്കയ്ക്ക് ആകും എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. താലിബാനെ തുരത്തുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും രാഷ്ട്രനിര്‍മ്മാണം അജണ്ടയില്‍ ഇല്ലെന്നുമാണ് ട്രംപ് പറയുന്നത്. എന്നാല്‍ ദുര്‍ബലമായ അഫ്ഗാന്‍ സര്‍ക്കാരിന് അമേരിക്ക പിന്‍വാങ്ങി കഴിഞ്ഞ് സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും പ്രദാനം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ തെക്ക്-കിഴക്കന്‍ മേഖലകളില്‍ താലിബാന്‍ വീണ്ടും ശക്തിയാര്‍ജ്ജിക്കും. മാത്രമല്ല അഫ്ഗാന്റെ കാര്യത്തില്‍ അതീവ താത്പര്യമുള്ള അവരുടെ അയല്‍ക്കാരും വിഷയത്തില്‍ തലയിട്ടേക്കും. പാകിസ്ഥാനാണ് താലിബാന്റെ ഏറ്റവും വലിയ അഭായകേന്ദ്രമെന്ന് ട്രംപ് പറയുമ്പോഴും അവര്‍ക്കുള്ള സൈനിക സഹായങ്ങള്‍ വെട്ടിക്കുറയ്ക്കുന്നത് ഗുണം ചെയ്യില്ല എന്നാണ് സൈനിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

അഫ്ഗാന്റെ ധാതു സമ്പത്തില്‍ കണ്ണുവെക്കുന്ന ചൈന ഇക്കാര്യത്തില്‍ ഇടപെടുമെന്ന് പ്രതീക്ഷിക്കാനും വകയില്ല. പാശ്ചാത്യ താത്പര്യങ്ങളെ എതിര്‍ക്കുന്ന റഷ്യയും ഇറാനും ഇപ്പോള്‍ തന്നെ താലിബാന് അഭയവും ആയുധങ്ങളും ധനസഹായവും നല്‍കുന്നുണ്ട്. തന്ത്രപരമായ സംയമനത്തില്‍ താത്പര്യമില്ലാത്ത ആളാണ് ഡൊണാള്‍ഡ് ട്രംപ് എങ്കിലും അഫ്ഗാനിസ്ഥാനെ സംബന്ധിച്ചിടത്തോളം അത് അത്യന്താപേക്ഷിതമാണ് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.


Next Story

Related Stories