TopTop

മുറിവേറ്റവരുടെ പതാകകള്‍ക്ക് ഒരേ നിറവും ചിഹ്നവുമാണ്; ഈ കുഞ്ഞുങ്ങളുടെ നിലവിളി ലോകം കേട്ടേ മതിയാകൂ!

മുറിവേറ്റവരുടെ പതാകകള്‍ക്ക് ഒരേ നിറവും ചിഹ്നവുമാണ്; ഈ കുഞ്ഞുങ്ങളുടെ നിലവിളി ലോകം കേട്ടേ മതിയാകൂ!
“നാടുപേക്ഷിക്കപ്പെടാന്‍ നിര്‍ബന്ധിതരായവര്‍ നേരിടുന്ന വെല്ലുവിളികള്‍ ലോകത്തെല്ലായിടത്തും പരിഹരിക്കാനാവുന്നതിലുമപ്പുറം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ കൂട്ടത്തോടെ നാടുവിടാന്‍ നിര്‍ബന്ധിതരാകുകയല്ല മറിച്ച് നാടുകടത്തപ്പെടുകയാണ്. സ്വന്തം ജനതയെ സംരക്ഷിക്കേണ്ട സൈന്യം തന്നെ കൂട്ടക്കൊല ചെയ്യുന്നു. ലോകം അപകടത്തിന്റെ വക്കിലാണ്. അഭയാര്‍ത്ഥികള്‍ എന്ന പദം ഇന്ന് ഭീകരവാദപ്രവര്‍ത്തനം നടത്തുന്നവര്‍ക്കും അക്രമങ്ങള്‍ നടത്തുന്നവര്‍ക്കും കുറ്റവാളികള്‍ക്കും സമാനമായി ഉപയോഗിക്കപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ വീടും കുടുംബവും നാടും വിട്ടുപോകേണ്ടിവരുന്ന മനുഷ്യര്‍ക്ക് മുന്നില്‍ ദേശങ്ങളും അതിര്‍ത്തികളും വാതിലുകള്‍ കൊട്ടിയടയ്ക്കുന്നത് ആത്യന്തികമായി മനുഷ്യത്വഹീനതയിലേക്ക് തന്നെയാണ് ലോകത്തെ കൊണ്ടുപോകുന്നത്” ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥികള്‍ക്കായുള്ള സമിതിയുടെ അസിസ്റ്റന്റ് ഹൈക്കമ്മീഷണര്‍ വോളര്‍ ടുര്‍ക്കിന്റെ വാക്കുകളാണിത്.

അമേരിക്കയില്‍ നിന്നും നമ്മള്‍ കേട്ടത് നടുക്കുന്ന വാര്‍ത്തകളായിരുന്നു. ‘കീപ്‌ ഫാമിലീസ് ടുഗേതര്‍’ എന്ന മുദ്രാവാക്യങ്ങളുയര്‍ന്ന തെരുവുകള്‍. കുഞ്ഞുങ്ങളുടെ നിലയ്ക്കാത്ത നിലവിളികള്‍. അനധികൃത കുടിയേറ്റക്കാരായ മാതാപിതാക്കളിൽ നിന്നും കുട്ടികളെ അകറ്റി ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ അടയ്ക്കണമെന്ന ട്രംപ് ഭരണകൂടത്തിന്റെ കിരാതമായ നടപടികളാണ് ചോദ്യംചെയ്യപ്പെട്ടിരുന്നത്. കുട്ടികളെ അവരുടെ മാതാക്കളുടെ കൈകളിൽ നിന്നും പറിച്ചെടുത്തു. അച്ഛനെ വിളിച്ചുള്ള അവരുടെ നിലവിളികള്‍ക്ക് ഉത്തരങ്ങളില്ലാതെ പോയി. അവര്‍ കൂട്ടിലടയ്ക്കപ്പെട്ടു. ഗ്വാണ്ടനാമോ പരീക്ഷണങ്ങളെപ്പോലും വെല്ലുന്ന ക്രൂരത. കുഞ്ഞുങ്ങളെക്കൂടാതെ നാടുകടത്തപ്പെടുന്ന മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. മനുഷ്യത്വം നഗ്നമായി തൊലിയുരിക്കപ്പെടുന്നത് നാം കണ്ടു. ഭയാനകമായ അവസ്ഥ.

കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മെക്സിക്കോയോട് ചേര്‍ന്ന യുഎസ് അതിർത്തിയിൽ നിന്നും രണ്ടായിരത്തി അഞ്ഞൂറിലേറെ കുട്ടികളെയാണ് ബലമായി മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. ഇത്തരം പ്രവൃത്തികൾ കുട്ടികളേയും മുതിര്‍ന്നവരേയും ഒരേപോലെ ബാധിക്കുന്നുവെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ കണ്ടെത്തിയിരിക്കുന്നു. കുട്ടികള്‍ക്കെതിരായ അതിക്രമമാണിതെന്നാണ് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ പ്രസിഡന്റ് പറഞ്ഞത്.

ഇത് ഞങ്ങളുടെ രാജ്യമാണെന്നും അനധികൃതമായി കടക്കുന്നവരെയെല്ലാം ക്രൂരമായി തുരത്തിയോടിക്കുമെന്നുമുള്ള ട്രംപിന്റെ മനുഷ്യത്വരഹിതമായ പ്രസ്താവനക്കെതിരെ പ്രതിഷേധം അലയടിച്ചു. കുടുംബങ്ങളെ വേര്‍പിരിക്കുകയും ക്രിമിനലുകളാക്കി ചിത്രീകരിക്കുകയും ചെയ്യുന്ന നടപടി അമേരിക്ക ഉടന്‍ നിറുത്തണമെന്ന് യുഎന്‍ മനുഷ്യാവകാശ വക്താവ് രവീണ ഷംദാസനിയടക്കമുള്ളവര്‍ ആവശ്യപ്പെട്ടു. ഭീതിദമായ സ്വേച്ഛാധിപത്യ പാതയിലേക്കുള്ള മറ്റൊരു പടികൂടി കടക്കുകയാണ് അമേരിക്ക എന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാകയായിരുന്നു ഈ സംഭവങ്ങള്‍.

പക്ഷെ, അമേരിക്കയിലെ പ്രതിപക്ഷ ഡെമോക്രാറ്റുകളില്‍ നിന്നും സ്വന്തം ഭാര്യ മെലനിയയില്‍ നിന്നുമടക്കം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നപ്പോള്‍, ലോക അഭയാര്‍ത്ഥി ദിനത്തില്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍നിന്നും വന്ന വാര്‍ത്തകളും ചിത്രങ്ങളും കണ്ട് ലോകമെങ്ങും പ്രതിഷേധമുയർന്നപ്പോള്‍, ട്രംപിന് തന്റെ തീരുമാനത്തില്‍ നിന്നും പിന്തിരിയേണ്ടിവന്നു. എന്നിരുന്നാലും ധനാധിനിവേശ വികസനത്തിന്റെയും മതാധികാര ഭ്രാന്തിന്റെയും നയങ്ങളില്‍നിന്ന് അദ്ദേഹം വിട്ടു നില്‍ക്കുമെന്ന് കരുതാന്‍ കഴിയില്ല. മുസ്ലീങ്ങളെ നിരോധിക്കണം, കുടിയേറ്റക്കാരെ പുറത്താക്കണം, മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍കെട്ടണം തുടങ്ങിയ വാദങ്ങളുന്നയിച്ച് വിവാദങ്ങളുടെ പെരുമഴ തീര്‍ത്താണ്‌ ട്രംപ് അധികാരത്തിലെത്തിയത്. അതുകൊണ്ടുതന്നെ മറ്റ് രാജ്യങ്ങളെ പോലെ അമേരിക്കയെ ഒരു അഭയാര്‍ഥി ക്യാംപാക്കി മാറ്റാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം ഉറക്കെ വിളിച്ചു പറയുമ്പോള്‍ അത്ഭുതം തോന്നേണ്ട കാര്യമില്ല.

മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായി അന്‍പതിനായിരത്തിലധികം പേരാണ് അനധികൃതമായി അമേരിക്കന്‍ അതിര്‍ത്തി കടന്നതിന്റെ പേരില്‍ ജയിലഴികളിലാക്കപ്പെട്ടത്. ഈ കാലയളവില്‍ 8400 കുട്ടികളെയും അതിര്‍ത്തികളില്‍ നിന്ന് പിടികൂടിയതായി യുഎസ് സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സിറിയ, ഹോണ്ടുറാസ്, കോങ്ഗോ, ഉക്രൈന്‍, ബോസ്നിയ, അഫ്ഗാനിസ്ഥാന്‍, എറിത്രിയ, മ്യാന്മര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പലകാലങ്ങളിലായി അമേരിക്കയിലേക്ക് അഭയാര്‍ത്ഥികളുടെ പ്രവാഹമുണ്ടായിട്ടുണ്ട്. അവര്‍ നിയമവിരുദ്ധമായി കടന്നെത്തിയവരാണ്, അവരെ താങ്ങാന്‍ രാജ്യത്തിനാവില്ല എന്നാണ് ട്രംപിന്റെ നിലപാട്. ഒരുതരം മണ്ണിന്റെ മക്കള്‍വാദവും ഏകശിലാത്മക സാംസ്കാരിക ദേശീയതയും ഉയര്‍ത്തിപ്പിടിച്ച് മനുഷ്യത്വത്തെയാണ് അയാള്‍ വെല്ലുവിളിക്കുന്നത്.

അമേരിക്കയടക്കമുള്ള സാമ്രാജ്യത്വ ശക്തികളുടെ കടന്നുകയറ്റമാണ് ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹങ്ങള്‍ക്ക് കാരണമാകുന്നതെന്ന് ആര്‍ക്കാണ് അറിയാത്തത്? ഭൂമിയില്ലാത്ത അശരണരായ ഈ മനുഷ്യര്‍ എങ്ങോട്ടാണ് പോകേണ്ടത്? കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 6.56 കോടി ആളുകള്‍ അവരുടെ വീടുകളില്‍ നിന്ന് ബലമായി പിടിച്ചിറക്കപ്പെട്ടുവെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു. അവര്‍ക്ക് സുരക്ഷയും സംരക്ഷണവും ഒരുക്കുക എന്നത് തത്വങ്ങളുടെയും മൂല്യങ്ങളുടെയും കാര്യം മാത്രമല്ല ലോകത്തിന്റെ സുസ്ഥിരതയുടെയും സമാധാനത്തിന്റെയും ആവശ്യകത കൂടിയാണ്. രണ്ടാം ലോക മഹായുദ്ധം സൃഷ്ടിച്ച പ്രവാഹത്തെക്കാള്‍ രൂക്ഷമാണ് വര്‍ത്തമാന കാലം അനുഭവിക്കുന്ന പലായനങ്ങള്‍. അമേരിക്കയുടെ ഇറാഖ് അധിനിവേശം 40 ലക്ഷം പേരെയാണ് അഭയാര്‍ത്ഥികളാക്കി മാറ്റിയത്. ലിബിയയില്‍ അവര്‍ നടത്തിയ സായുധ ഇടപെടല്‍ ആ രാജ്യത്തിന്റെ അടിവേര് തകര്‍ത്തു. സിറിയയടക്കമുള്ള മധ്യേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള അഭയാര്‍ത്ഥികളുടെ എണ്ണംതന്നെ ശരിയായി തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. എല്ലാ വന്‍കരകളില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട മനുഷ്യര്‍ മെച്ചപ്പെട്ട ജീവിതം തേടിയല്ല പലായനം ചെയ്യുന്നത്, അതിജീവനത്തിനാണ്.

ആഭ്യന്തര യുദ്ധങ്ങളും കലാപങ്ങളും ലോകത്ത് ആറരക്കോടി ആളുകളെ അഭയാര്‍ത്ഥികളാക്കിയപ്പോള്‍ അതിതീവ്ര ദേശീയവാദം അവര്‍ക്ക് അഭയമൊരുക്കേണ്ട വാതിലുകള്‍ കൊട്ടിയടക്കുകയാണ്. കുടിയേറ്റത്തിനെതിരെ, അഭയാര്‍ത്ഥി പ്രവേശനത്തിനെതിരെ, യൂറോപ്പിലും അമേരിക്കയിലും വലിയ പ്രചാരണവും വികാരവും അലയടിക്കുമ്പോള്‍ തന്നെയാണ് ഏകാധിപത്യ നിലപാടുകളുമായി ഒരു ഭരണാധികാരി വിഹരിക്കുന്നത്. എന്നാല്‍ ഇതില്‍ യാദൃശ്ചികമായി ഒന്നുമില്ല. കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ ട്രംപ് അദ്ദേഹത്തിന്റെ വര്‍ഗ്ഗ-വംശീയ-ദേശീയ നിലപാടുകള്‍ എന്തെന്ന് വ്യക്തമാക്കിയതാണ്. എന്ത് സംഭവിക്കരുതെന്ന് ലോകം ആഗ്രഹിച്ചോ അതുതന്നെ അമേരിക്കയില്‍ സംഭവിച്ചു.

ഡൊണാള്‍ഡ് ട്രംപിന്റെ വിഡ്ഢിത്തം മാത്രമായ ആശയങ്ങളെ അമേരിക്കന്‍ ജനത പൂമാലയിട്ട് സ്വീകരിച്ചു. പറഞ്ഞതുതന്നെ അയാള്‍ പ്രാവര്‍ത്തികമാക്കുന്നു. കുടിയേറ്റക്കാര്‍ക്കെതിരെ, മെക്‌സിക്കന്‍ അതിര്‍ത്തിവഴി കടക്കുന്നവര്‍ക്കെതിരെ, മുസ്‌ലിം വംശജര്‍ക്കെതിരെ, അഭയാര്‍ത്ഥികള്‍ക്കെതിരെ മനുഷ്യത്വരഹിതമായ നിലപാടെടുക്കുന്നു. എല്ലാ എതിര്‍പ്പുകളേയും അവഗണിച്ചുകൊണ്ട് അവ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.

ഈ സന്ദര്‍ഭത്തില്‍ അഭയാര്‍ത്ഥി സമൂഹത്തോട് ഐക്യപ്പെടേണ്ടത് ലോകത്തെമ്പാടുമുള്ള മനുഷ്യസ്നേഹികളുടെ ബാധ്യതയാണ്. വംശീയ തീവ്രവാദങ്ങളെയും സ്വേച്ഛാധികാര പ്രവണതകളെയും പരാജയപ്പെടുത്തിയേ തീരൂ. മനുഷ്യരെ സ്നേഹിക്കാത്ത ഒന്നിനോടും സമരസപ്പെടാന്‍ കഴിയില്ല. ജനാധിപത്യത്തിന്റെ സത്തയും ശക്തിയും പുനസ്ഥാപിക്കപ്പെടണം. മുറിവേറ്റവരുടെ പതാകകള്‍ക്ക് ഒരേ നിറവും ചിഹ്നവുമാണ്. ശമനമില്ലാത്ത നിലവിളികളില്‍ പതറിപ്പാറുന്ന പതാകകളെ ആദ്യം സല്യൂട്ട് ചെയ്യാതെ എന്ത് രാജ്യസ്നേഹം? എന്ത് മനുഷ്യസ്നേഹം?

Next Story

Related Stories