UPDATES

വിദേശം

ഉയ്ഗുർ മുസ്ലിങ്ങളുടെ ഡിഎൻഎ ഡാറ്റാബേസ് നിർമിക്കൽ: ചൈനയ്ക്ക് ഉപകരണം വിൽക്കില്ലെന്ന് യുഎസ് കമ്പനി

സർവയലന്‍സ് എക്യൂപ്മെന്റ് അടക്കമുള്ള ശാസ്ത്രീയ ഉപകരണങ്ങളുടെ മേഖലയിൽ വലിയ സാന്നിധ്യമാണ് തെർമോ ഫിഷർ.

ഉയ്ഗുർ മുസ്ലിങ്ങളുടെ ഡിഎൻഎ ഡാറ്റാബേസ് നിർമിക്കാൻ ചൈന ഉപയോഗിച്ചുവരുന്ന തങ്ങളുടെ ഉപകരണം ഇനി നൽകില്ലെന്ന് അമേരിക്കൻ ബയോടെക്നോളജി കമ്പനിയുടെ പ്രസ്താവന. തെർമോ ഫിഷർ എന്ന കമ്പനിയാണ് ഈ ഉപകരണം കമ്പനിക്ക് നൽകി വരുന്നത്. അമേരിക്കൻ കമ്പനികളുടെ സഹായത്തോടെയാണ് ചൈന തങ്ങളുടെ പൗരന്മാരെ സമഗ്രാധിപത്യത്തിനായുള്ള നിരീക്ഷണങ്ങൾക്ക് വിധേയമാക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ന്യൂയോർക്ക് ടൈംസിൽ ഒരു റിപ്പോർട്ട് വന്നിരുന്നു. ഇതിൽ തെർമോ ഫിഷറിനെക്കുറിച്ചും പരാമർശമുണ്ടായിരുന്നു.

സൗജന്യ ആരോഗ്യപരിപാലന പദ്ധതികളെന്ന പേരിലാണ് ചൈനീസ് ഭരണകൂടം ഉയ്ഗുർ മുസ്ലിങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 36 ദശലക്ഷത്തോളം ആളുകൾ ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. അതായത് ഇത്രയും പേരുടെ ഡിഎൻഎ വിവരങ്ങൾ ഭരണകൂടം ശേഖരിച്ചിട്ടുണ്ട്.

തങ്ങളുടെ ഉപകരണങ്ങൾ എങ്ങനെയൊക്കെ ഉപയോഗിക്കപ്പെടുന്നു എന്നതു കൂടി പരിഗണിക്കുന്നത് നയപരിപാടിയുടെ ഭാഗമാണെന്ന് പറഞ്ഞാണ് കമ്പനി ചൈനയുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറുന്നത്. സർവയലന്‍സ് എക്യൂപ്മെന്റ് അടക്കമുള്ള ശാസ്ത്രീയ ഉപകരണങ്ങളുടെ മേഖലയിൽ വലിയ സാന്നിധ്യമാണ് തെർമോ ഫിഷർ. വർഷത്തില്‍ 24 ബില്യൺ ഡോളറിന്റെ വരുമാനം ഉണ്ടാക്കുന്നുണ്ട് ഈ കമ്പനി.

സിൻജിയാങ് മേഖലയിൽ ചൈന മുസ്ലിങ്ങളുടെ രക്ത സാമ്പിളുകൾ ശേഖരിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഉയ്ഗുർ മുസ്ലിങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ച് അവർക്കു മീതെയുള്ള സർവ്വാധിപത്യം ശക്തമാക്കുകയാണ് ചൈനയെന്ന് അന്ന് വിമർശനമുയരുകയുമുണ്ടായി. എന്നാൽ ഇതൊന്നും ചൈനയെ പിന്തിരിപ്പിക്കുകയുണ്ടായില്ല. ക്സിങ്ൻജിയാങ് കേന്ദ്രീകരിച്ച് മതതീവ്രവാദം വളരുന്നുണ്ടെന്നും അതിനെ പ്രതിരോധിക്കേണ്ടതുണ്ടെന്നും ചൈനയെ അനുകൂലിക്കുന്നവർ പറയുന്നു.

ഉയ്ഗുറുകൾക്ക് ഭൂരിപക്ഷമുള്ള ക്സിങ്ജിയാങ്ങിനെ ഒരുതരം സൈനികഭരണത്തിൻ കീഴിൽ കൊണ്ടുവന്നിരിക്കുകയാണ് ചൈനീസ് ഭരണകൂടം. വൻ പൊലീസ്-സൈനിക സാന്നിധ്യം ഈ പ്രവിശ്യയിലുണ്ട്. പലതവണ വംശീയ പ്രശ്നങ്ങൾ ഇവിടെയുണ്ടാകാറുണ്ട്.

ഇസ്ലാമിൽ വിശ്വസിക്കാൻ അനുവാദം നൽകുന്നുണ്ടെങ്കിലും അതിന്റെ അടയാളങ്ങൾ പേറുന്നതിനെ ചൈന വിലക്കുന്നുണ്ടെന്നാണ് വിദേശമാധ്യമങ്ങൾ പറയുന്നത്. താടി വളർത്തുന്നതും തല മറയ്ക്കുന്നതുമെല്ലാം തടയപ്പെടുന്നുണ്ടത്രെ. ഹൂയി മുസ്ലിങ്ങൾ കൂടുതൽ വസിക്കുന്ന യിൻചുവാൻ നഗരത്തിൽ ഭീതിയുടെ അന്തരീക്ഷമാണ് നിലവിലുള്ളതെന്നും ബാങ്ക് വിളിക്കാൻ പോലും അധികാരികൾ അനുവദിക്കുന്നില്ലെന്നും റിപ്പോർട്ടുകൽ പറയുന്നു.

രാജ്യത്ത് പാർട്ടി അനുവദിച്ചിട്ടുള്ള മതങ്ങൾ അഞ്ചെണ്ണമാണ്. ബുദ്ധിസം, താവോയിസം, ഇസ്ലാം, പ്രൊട്ടസ്റ്റന്റിസം, കത്തോലിസിസം എന്നിവ. ഇവർക്ക് ആരാധനയ്ക്കുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ട്. എന്നാൽ ഇവയെല്ലാം ഭരണകൂടത്തിന്റെ പൂർണമായ അറിവോടു കൂടിയേ നടക്കാവൂ എന്നു മാത്രം. ഇതെല്ലാം 1950കളിൽ തന്നെ തുടങ്ങുകയും തുടർന്നു വരികയും ചെയ്യുന്നതാണ്. എന്നാൽ ജിങ്പിങ്ങിന്റെ പുതിയ കാലത്ത് നടക്കുന്നത് ഇതും പിന്നിട്ടുള്ള ചില കാര്യങ്ങളാണ്.

അതിർത്തി പ്രദേശത്തെ ദുർബലപ്പെടുത്താൻ മതന്യൂനപക്ഷങ്ങൾ കാരണമാകുമോ എന്ന് ചൈന ഭയക്കുന്നുണ്ട്. പഴയ ക്വിങ് ഭരണകൂടത്തിന്റെ കാലം മുതൽ കൈവിട്ടും കൈവന്നുമിരുന്ന പ്രദേശങ്ങളെ ചൈനയോട് ഒരുമിപ്പിച്ചു നിര്‍ത്തുക എന്നത് വെല്ലുവിളി നിറഞ്ഞൊരു ദൗത്യമാണ്. ഉയ്ഗുർ മുസ്ലിങ്ങൾ ധാരാളമുള്ള സിങ്ജിങ്ങും ബുദ്ധമതക്കാരുടെ തിബറ്റുമെല്ലാം ചൈന ഇത്തരമൊരു പ്രശ്നം നേരിടുന്ന പ്രദേശങ്ങളാണ്. ഇതാണ് മതന്യൂനപക്ഷങ്ങളുമായി ചൈനയുടെ കൊമ്പുകോർക്കലിന്റെ പലകാരണങ്ങളിലൊന്ന്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍