UPDATES

വിദേശം

ഛബഹാർ തുറമുഖത്തെ യുഎസ് ഉപരോധത്തിൽ നിന്നും നീക്കിയതനിനു പിന്നിൽ ഇന്ത്യയുടെയും അഫ്ഗാന്റെയും സമ്മർദ്ദം

അഫ്ഗാനിസ്ഥാനുമായി ഇന്ത്യക്ക് വാണിജ്യബന്ധങ്ങൾ തുടരണമെങ്കിലും ഛബഹാർ തുറമുഖത്തിന്റെ സഹായം ആവശ്യമാണ്.

ഇറാനെതിരായ ഉപരോധങ്ങൾ യുഎസ് ശക്തമാക്കിയപ്പോൾ ഛബഹാർ തുറമുഖത്തെ അതിൽ നിന്ന് ഒഴിച്ചു നിർത്തിയിരുന്നു. ഇതിനു പിന്നിൽ ഇന്ത്യയുടെയും അഫ്ഗാനിസ്ഥാന്റെയും ഇടപെടലായിരുന്നെന്ന് റിപ്പോർട്ടുകൾ. ഇന്ത്യക്കും അഫ്ഗാനിസ്ഥാനും താൽപര്യങ്ങളുള്ള തുറമുഖമാണിത്. ഉപരോധനീക്കം അറിഞ്ഞയുടനെ ഇന്ത്യയും അഫ്ഗാനിസ്ഥാനും അമേരിക്കൻ ഉദ്യോഗസ്ഥരുമായി ഫോൺ വഴിയും നേരിട്ടും സംസാരിക്കുകയും സമ്മർദ്ദം രൂപപ്പെടുത്തുകയും ചെയ്തിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

പ്രസിഡണ്ട് അഷ്റഫ് ഘനിയുടെ നേതൃത്വത്തിലായിരുന്നു ഛബഹാർ തുറമുഖത്തെ ഉപരോധത്തിൽ നിന്ന് ഒഴിവാക്കാനുള്ള സമ്മർദ്ദ നീീക്കങ്ങൾ അഫ്ഗാൻ നടത്തിയത്. അഫ്ഗാനിസ്ഥാനിലെ യുഎസ് അംബാസ്സഡർ വഴിയായിരുന്നു ഇത്. ഈ തുറമുഖം അഫ്ഗാനിസ്ഥാന്റെ വികസനത്തിൽ ഏറെ നിർണായകമാണെന്ന കാര്യം യുഎസ്സിനെ അറിയിച്ചു.

ഈ പ്രശ്നത്തിൽ ഇടപെടാൻ‍ അഫ്ഗാനിസ്ഥാൻ നിയോഗിച്ച നിയതന്ത്രജ്ഞനും പുതിയ നാഷണൽ സെക്യൂരിറ്റി അഡ്വൈസറുമായ ഹംദുള്ള മോഹിദ് ഇന്ത്യയുമായും ബന്ധപ്പെട്ടു. വാഷിങ്ടണിലെ നയതന്ത്രജ്ഞരുമായി ബന്ധപ്പെട്ട് തങ്ങളുടെ താൽപര്യം നടപ്പാക്കിക്കിട്ടാൻ ഇദ്ദേഹമാണ് പ്രവർത്തിച്ചത്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഇതേ പ്രശ്നം അമേരിക്കയോട് ഉന്നയിക്കുകയുണ്ടായി. അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ വഴിയാണ് ഇത് നടന്നത്. യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുമായും ഇദ്ദേഹം ബന്ധപ്പെടുകയുണ്ടായി.

ഇന്ത്യ-യുഎസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ മാസങ്ങളിൽ നടത്തിയ കൂടിക്കാഴ്ചകളിലെല്ലാം ഈ വിഷയം ഉയർത്തിക്കൊണ്ടുവരാൻ ഇന്ത്യ ശ്രമിച്ചു. യുഎസ് ഡിഫൻസ് സെക്രട്ടറി ജേംസ് മാറ്റിസ്സിനോട് ഇന്ത്യൻ പ്രതിരോധമന്ത്രി നിർമലാ സീതാരാമനും ഇതേ ആവശ്യം ഉന്നയിച്ചു. മേഖലയിൽ ഇന്ത്യ നയപരമായും സാമ്പത്തികമായും ഏറെ പ്രതീക്ഷകൾ പുലർത്തുന്ന തുറമുഖമാണ് ഇറാന്റെ ഛബഹാർ. മധ്യേഷ്യയിലേക്കുള്ള ഒരു ഇടത്താവളമായും ഈ തുറമുഖം പ്രവർത്തിക്കുന്നു. ഇന്ത്യക്ക് ഇറാനുമായുള്ള എണ്ണ ബന്ധങ്ങളിലും ഈ തുറമുഖംത്തിന്റെ സജീവത നിലനിർത്തേണ്ടത് അത്യാവശ്യമാണ്.

അഫ്ഗാനിസ്ഥാനുമായി ഇന്ത്യക്ക് വാണിജ്യബന്ധങ്ങൾ തുടരണമെങ്കിലും ഛബഹാർ തുറമുഖത്തിന്റെ സഹായം ആവശ്യമാണ്. പാകിസ്താന്റെ മണ്ണുമായി ബന്ധപ്പെടാതെ അഫ്ഗാനിസ്ഥാനുമായി വാണിജ്യ ഇടപാടുകൾ നടത്താൻ ഈ തുറമുഖം ഇന്ത്യയെ സഹായിക്കുന്നു. അഫ്ഗാനിസ്ഥാന്റെ പുനർനിർമാണത്തിൽ ഇന്ത്യയുടെ പങ്ക് സജീവമായി നിലനിർത്താൻ ഛബഹാർ തുറമുഖത്തിന്റെ സഹായം വേണമെന്ന വാദവും അമേരിക്കയ്ക്കു മുമ്പിൽ ഇന്ത്യ വെച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍