TopTop

വെനസ്വേലയിൽ ആൾക്കൂട്ട പ്രക്ഷോഭം ശക്തം; യുഎസ്സിനെതിരെ റഷ്യയുടെ സഹായം മഡുറോയ്ക്ക് ഏതുവരെ പ്രതീക്ഷിക്കാം?

വെനസ്വേലയിൽ ആൾക്കൂട്ട പ്രക്ഷോഭം ശക്തം; യുഎസ്സിനെതിരെ റഷ്യയുടെ സഹായം മഡുറോയ്ക്ക് ഏതുവരെ പ്രതീക്ഷിക്കാം?
വെനസ്വേലയുടെ സ്വയം പ്രഖ്യാപിത പ്രസിഡണ്ടായ ജുവാൻ ഗ്വായ്ഡോയുടെ നേത‍ൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങളെ സൈനികശക്തിയും ഭരണസംവിധാനങ്ങളുമുപയോഗിച്ച് അടിച്ചമർത്തുന്നതിന്റെ വാർത്തകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. പ്രക്ഷോഭങ്ങൾക്കിടയിൽ ഡെപ്യൂട്ടി സ്പീക്കറും ഗ്വായ്ഡോയുടെ അനുയായിയുമായ എഡ്ഗാർ സാമ്പ്രാണോയെ സർക്കാർ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഗ്വായ്ഡോയുടെ പാർട്ടിയായ നാഷണൽ അസംബ്ലിയുടെ വൈസ് പ്രസിഡണ്ട് കൂടിയാണിദ്ദേഹം.

വീണ്ടും ശക്തമായി തെരുവുകളിലേക്കിറങ്ങാൻ തന്റെ അനുയായികളോട് ജുവാൻ ഗ്വായ്ഡോ ആഹ്വാനം ചെയ്തിരിക്കുകയാണ്. ആഭ്യന്തര കലാപം സൃഷ്ടിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് സ്പീക്കറെ മഡുറോ ഭരണകൂടം അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തെ നിലവിൽ കരുതൽ തടങ്കലിൽ വെച്ചിരിക്കുകയാണ്. സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് സർക്കാരിന്റെ നടപടി.

ഏപ്രിൽ 30ന്റെ പരാജയപ്പെട്ട അട്ടിമറിശ്രമം

‌ഏപ്രിൽ 30ന് ജുവാൻ ഗ്വായ്ഡോ പട്ടാളത്തെ തനിക്കു പിന്നിൽ ഇറക്കാനുള്ള ശ്രമം നടത്തിനോക്കിയിരുന്നു. തനിക്ക് പട്ടാളത്തിന്റെ പിന്തുണയുണ്ടെന്നും മഡൂറോയെ താഴെയിറക്കാൻ അവർ സഹായിക്കുമെന്നും പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ പട്ടാളം ഗ്വായ്ഡോയ്ക്ക് പിന്തുണ കൊടുക്കുകയുണ്ടായില്ല. ഭരണഘടനാപരമായ ബാധ്യതൾ നിറവേറ്റുന്നതിൽ ഉറച്ചു നിൽക്കുന്നതായി രാജ്യത്തിന്റെ പ്രതിരോധമന്ത്രി വ്ലാദ്മിർ പാഡ്രിനോ പ്രഖ്യാപിക്കുകയും ചെയ്തു.

സുപ്രീംകോടതിയുടെ എതിർപ്പ്

രാജ്യത്തിന്റെ ഭരണഘടനയോട് യാതൊരു ഉത്തരവാദിത്വവുമില്ലാത്ത ജുവാൻ ഗ്വായ്ഡോയുടെ ആൾക്കൂട്ട മുന്നേറ്റങ്ങൾക്ക് വെനസ്വേലയുടെ പരമോന്നത കോടതിയായ സുപ്രീം ട്രിബ്യൂണലിന്റെ യാതൊരു പിന്തുണയുമില്ല. അട്ടിമറി ശ്രമങ്ങൾക്ക് പിന്തുണ കൊടുക്കുന്ന പ്രതിപക്ഷ നേതാക്കൾക്കെതിരെ ക്രിമിനൽ നടപടികൾ തുടങ്ങേണ്ടതുണ്ടോയെന്ന് നിശ്ചയിക്കാൻ കോടതി ആവശ്യപ്പെടുകയുണ്ടായി. രാജ്യത്തിനെതിരായ ഗൂഢാലോചന, കലാപശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ഇവർ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയോട് കോടതി ആവശ്യപ്പെട്ടത്.

യുഎസ്സിന്റെ പിന്തുണയും റഷ്യയുടെ എതിർപ്പും

യുഎസ്സിന്റെ ശക്തമായ പിന്തുണയാണ് ഗ്വായ്ഡോയുടെ ശക്തി. എണ്ണക്കിണറുകളാൽ സമ്പന്നമായ വെനസ്വേലയിൽ യുഎസ്സിന് വലിയ താൽപര്യങ്ങളുണ്ട്. ഒരു കമ്മ്യൂണിസ്റ്റ് കക്ഷി ഭരിക്കുന്ന രാജ്യമെന്ന നിലയിൽ പടിഞ്ഞാറൻ മുതലാളിത്ത രാജ്യങ്ങൾക്ക് വെനസ്വേലയോട് പൊതുവിലുള്ള എതിര്‍വികാരമാണ് ജുവാൻ ഗ്വായ്ഡോയെ കെട്ടഴിച്ചു വിടുന്നതിനായി യുഎസ് ഉപയോഗപ്പെടുത്തുന്നത്. വെനസ്വേലന്‍ പ്രസിഡണ്ട് നിക്കോളാസ് മഡുറോ താഴെയിറങ്ങണമെന്നും ജുവാൻ പ്രസിഡണ്ടായി മാറണമെന്നുമാണ് ട്രംപിന്റെ പരസ്യമായ നിലപാട്.

2018ൽ നടന്ന വെനസ്വേലൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ട് എന്നതാണ് അട്ടിമറിക്ക് പിന്തുണ കൊടുക്കുന്നതിന് യുഎസ് പറയുന്ന ന്യായം.

റഷ്യ പക്ഷെ, നിലവിലെ പ്രസിഡണ്ട് മഡുറോയ്ക്ക് തന്നെയാണ് പിന്തുണ നൽകുന്നത്. അന്തരിച്ച ഹ്യൂഗോ ഷാവേസ് പ്രസിഡണ്ടായിരുന്ന കാലത്തേയുള്ള ബന്ധം ഇപ്പോഴും നിലനിൽക്കുന്നു. വെനസ്വേല പ്രതിരോധ ആയുധങ്ങൾക്കായി വൻതോതിൽ ആശ്രയിക്കുന്ന രാഷ്ട്രമാണ് റഷ്യ. രണ്ടായിരാമാണ്ടു മുതൽ ഇന്നുവരെ ഏതാണ്ട് 11.4 ബില്യൺ ഡോളറിന്റെ ആയുധങ്ങൾ വെനലസ്വേല റഷ്യയിൽ നിന്നും വാങ്ങിയിട്ടുണ്ട്. റഷ്യൻ എണ്ണക്കമ്പനികൾക്ക് വെനസ്വലയിൽ വലിയ നിക്ഷേപങ്ങളുണ്ട്. യുഎസ് ഉപരോധങ്ങളെ മറികടക്കാൻ വെനസ്വേല ഇറക്കിയ 'പെട്രോ' എന്ന ക്രിപ്റ്റോ കറൻസിക്ക് റഷ്യൻ ബാങ്കുകളാണ് പിന്തുണ കൊടുത്തത്.

അതെസമയം ഇരുരാജ്യങ്ങളും തമ്മിൽ സൈനിക ബന്ധങ്ങളില്ല എന്ന യാഥാർത്ഥ്യം നിലനിൽക്കുന്നു. യുഎസ്സിന്റെ ഇടപെടൽ കൂടുതൽ ശക്തമാകുകയാണെങ്കിൽ റഷ്യയുടെ സൈനികമായ ഇടപെടൽ വെനസ്വേലയ്ക്ക് പ്രതീക്ഷിക്കാനാകുമെന്ന് കരുതാനാവില്ല.

Next Story

Related Stories