TopTop
Begin typing your search above and press return to search.

MeToo ഭീതി: വാൾ സ്ട്രീറ്റിൽ സ്ത്രീകളെ എന്തു വില കൊടുത്തും ഒഴിവാക്കാൻ പുരുഷ ഉദ്യോഗസ്ഥരുടെ തത്രപ്പാട്

MeToo ഭീതി: വാൾ സ്ട്രീറ്റിൽ സ്ത്രീകളെ എന്തു വില കൊടുത്തും ഒഴിവാക്കാൻ പുരുഷ ഉദ്യോഗസ്ഥരുടെ തത്രപ്പാട്

#MeToo പ്രചാരണങ്ങളെ ഭയന്ന് പുരുഷന്മാർ ചില വിവാദപരമായ 'മുൻകരുതലുകൾ' എടുക്കുന്നതായി റിപ്പോർട്ട്. സ്ത്രീകളെ പരിപാടികളിൽ നിന്നും ഏതുവിധേനയും ഒഴിവാക്കുക എന്ന നയം യുഎസ്സിന്റെ സാമ്പത്തിക വിപണിയുടെ കേന്ദ്രമായ വാൾ സ്ട്രീറ്റിൽ ഇത്തരം ഒഴിവാക്കലുകൾ ഇപ്പോൾ വ്യാപകമായിട്ടുണ്ടെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. ഇത്തരം നടപടികളിലേക്ക് പുരുഷ സമൂഹത്തെ നയിക്കാൻ രാഷ്ട്രീയ നേത‍ൃത്വവും ശ്രമിക്കുന്നുണ്ടെന്നതാണ് വസ്തുത. താൻ ഭാര്യയൊഴികെയുള്ള സ്ത്രീകളുമൊത്തുള്ള ഭക്ഷണം കഴിപ്പ് അവസാനിപ്പിച്ചിരിക്കുകയാണെന്ന് യുഎസ് വൈസ് പ്രസിഡണ്ടായ മൈക് പെൻസ് പറഞ്ഞത് വിവാദമായിരുന്നു.

ബ്ലൂംബർഗ് നടത്തിയ അന്വേഷണത്തിൽ മുപ്പതോളം സീനിയർ എക്സിക്യുട്ടീവുകൾ ഇത്തരമൊരു തീരുമാനം എടുത്തിട്ടുള്ളതായി മനസ്സിലാക്കിയെന്ന് റിപ്പോർട്ട് പറയുന്നു. #MeToo പ്രചാരണം തുടങ്ങിയതിനു ശേഷം പലർക്കും ഭീതിയായെന്നും മുട്ടത്തോടിനു മുകളിലൂടെ നടക്കുന്നതു പോലുള്ള അവസ്ഥയാണ് നിലവിലുള്ളതെന്നും മോർഗാൻ സ്റ്റാൻലിയുടെ മാനേജിങ് ഡയറക്ടറായ ഡേവിഡ് ബാഹ്സൻ പറയുന്നു.

ഉയർന്ന സ്ഥാനങ്ങളിൽ സ്ത്രീകൾ വരുന്നത് തീരെ കുറവായ വാൾ സ്ട്രീറ്റിൽ ഈ പ്രശ്നം സ്ത്രീകൾക്ക് വലിയ ആഘാതമാണ് നൽകുന്നത്. വാൾ സ്ട്രീറ്റിലെ സ്ഥാപനങ്ങൾ പൊതുവിൽ സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ കോടതിയിലെത്താതിരിക്കാൻ പരമാവധി ശ്രമിക്കാറുണ്ട് എന്ന കുപ്രസിദ്ധിയും നിലവിലുണ്ട്.

സ്ത്രീകൾ ഈ പ്രശ്നത്തെ എങ്ങനെ മറികടക്കുമെന്ന ഗൗരവമേറിയ ആലോചനയിലാണ്. ഈ ഒഴിവാക്കലുകൾ തങ്ങളുടെ കരിയറിനെത്തന്നെ ബാധിക്കുന്നുണ്ടെന്ന് പലരും പറയുന്നു. വലിയ നഷ്ടമാണ് സ്ത്രീകൾ അഭിമുഖീകരിക്കുന്നതെന്ന് ഫിനാൻഷ്യൽ വിമൻസ് അസോസിയേഷൻ പ്രസിഡണ്ട് കരീൻ എലിൻസ്കി പറയുന്നു.

ഇങ്ങനെ സ്ത്രീകളെ ഒറ്റപ്പടുത്താൻ ശ്രമിക്കുന്നതിനെ മറികടക്കാൻ കമ്പനികൾ ശ്രമിക്കാതിരിക്കുന്നത് അപകടകരമാണെന്ന് ഫോർഡ്ഹാരിസൺ എംപ്ലോയ്മെന്റ് അറ്റോർണിയായ സ്റ്റീഫൻ സെയ്ഗ് പറയുന്നു. തുറന്നതും സുരക്ഷിതവുമായ ചർച്ചയുടെ സാഹചര്യം ഉണ്ടാക്കിയില്ലെങ്കിൽ പ്രശ്നം മറ്റൊരു തരത്തിൽ വഷളാകുമെന്ന് അദ്ദേഹം പറയുന്നു, സ്ത്രീകൾക്കൊപ്പം ജോലി ചെയ്യാനും സ്ത്രീകളോടൊപ്പം ജോലിസംബന്ധമായി യാത്ര ചെയ്യാനും തയ്യാറാകാത്തതിനെതിരെ ലിംഗവിവേചന കേസുകൾ വരാനുള്ള സാധ്യത വളരെയുണ്ട്.

പല പുരുഷന്മാരുടെ പെൻസിന്റെ വഴി പിന്തുടരാനാണ് ആഗ്രഹിക്കുന്നത്. വനിതാ സഹപ്രവർത്തകരുമൊത്ത് ഒറ്റയ്ക്കാകുന്ന സാഹചര്യങ്ങളിൽ പലര്‍ക്കും ഭീതിയുണ്ട്. പ്രത്യേകിച്ചും സ്ത്രീകള്‍ യുവതികളും സുന്ദരികളുമാണെങ്കിൽ. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കപ്പെടുമോയെന്ന് എല്ലാവർക്കും സന്ദേഹമുണ്ട്. അനാവശ്യമായ ബാധ്യത വലിച്ചുകയറ്റുന്നത് എന്തിനാണെന്നാണ് ഇക്കൂട്ടരുടെ ചോദ്യം.

ജനാലകളില്ലാത്ത റൂമിൽ വനിതാ സഹപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുന്നത് ഒഴിവാക്കിയിരിക്കുകയാണ് മറ്റൊരു ബിസിനസ്സ് എക്സിക്യുട്ടീവ്. എലിവേറ്ററുകളിൽ അകലം പാലിക്കുന്നു. തന്റെ ഭാര്യയുടെ ഉപദേശപ്രകാരം വരുത്തിയ ഒരു മാറ്റത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. 35 വയസ്സിൽ താഴെയുള്ള സ്ത്രീകളോടൊത്ത് ഡിന്നർ കഴിക്കുന്ന പരിപാടി ഒഴിവാക്കിയിരിക്കുകയാണിദ്ദേഹം.

കൂടുതൽ വായിക്കാം


Next Story

Related Stories