TopTop
Begin typing your search above and press return to search.

മനുഷ്യൻ ചന്ദ്രനിലെത്തിയിട്ട് അരനൂറ്റാണ്ട്: ചാന്ദ്രയാത്ര വ്യാജമാണെന്ന് ഇന്നും പലരും കരുതുന്നതെന്തു കൊണ്ട്?

മനുഷ്യൻ ചന്ദ്രനിലെത്തിയിട്ട് അരനൂറ്റാണ്ട്: ചാന്ദ്രയാത്ര വ്യാജമാണെന്ന് ഇന്നും പലരും കരുതുന്നതെന്തു കൊണ്ട്?
മനുഷ്യര്‍ ചന്ദ്രനില്‍ കാലുകുത്തിയിട്ട് 50 വര്‍ഷം പിന്നിടുന്നു. 1969 ജൂലൈ 21-നാണ് അതു സംഭവിച്ചത്. മനുഷ്യന്റെ ഈ ചെറിയ കാൽവെയ്പ് മനുഷ്യ സമൂഹത്തിന്റെ വലിയൊരു കുതിപ്പാണെന്നാണ് അപ്പോളോ-11ന്റെ ക്യാപ്റ്റനായിരുന്ന നീല്‍ ആംസ്ട്രോങ് അന്ന് പറഞ്ഞത്. നീല്‍ ആംസ്ട്രോങ്, ബസ് ആൾഡ്രിൻ, മൈക്കൽ കൊളിൻസ് എന്നീ മൂന്നുപേരെ ചന്ദ്രനിലെത്തിക്കാന്‍ നാസയുടെ 400,000 ജോലിക്കാരും കരാറുകാരുമാണ് കഠിനാധ്വാനം ചെയ്തത്. എന്നാല്‍ ഇതെല്ലാം വെറും വ്യാജമാണെന്നു പറയാന്‍ ഒരാള്‍ ഉണ്ടായിരുന്നു. ബിൽ കെയ്‌സിംഗ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.

യുഎസിന്റെ ബഹിരാകാശ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിച്ച ആളാണ്‌ കെയ്‌സിംഗ്. 1956-നും 1963-നും ഇടയിൽ സാറ്റേർൺ 5 എന്ന റോക്കറ്റിന്റെ എഞ്ചിനുകൾ രൂപകൽപ്പന ചെയ്യാൻ നാസയെ സഹായിച്ച റോക്കറ്റ്ഡൈൻ എന്ന കമ്പനിയിലെ ജോലിക്കാരനായിരുന്നു അദ്ദേഹം. 1976-ൽ ‘നമ്മള്‍ ഒരിക്കലും ചന്ദ്രനില്‍ കാലുകുത്തിയിട്ടില്ല’ എന്നവകാശപ്പെടുന്ന ‘അമേരിക്കയുടെ മുപ്പത് ബില്യൺ ഡോളർ വഞ്ചന’ എന്ന ലഘുലേഖ അദ്ദേഹം സ്വയം പ്രസിദ്ധീകരിച്ചു. തെളിവായി കുറച്ചു ഫോട്ടോകോപ്പികളും പരിഹാസ്യമായ ചില സിദ്ധാന്തങ്ങളും അദ്ദേഹം കൊണ്ടുന്നുവന്നു. എങ്കിലും ഹോളിവുഡ് സിനിമകളിലും ഫോക്സ് ന്യൂസ് ഡോക്യുമെന്ററികളിലും റെഡ്ഡിറ്റ് ഫോറങ്ങളിലും യൂട്യൂബ് ചാനലുകളിലുമെല്ലാം എക്കാലവും നിലനിന്നേക്കാവുന്ന വാദങ്ങളാണ് അദ്ദേഹം സ്ഥാപിച്ചത്.

അപ്പോളോ 11-നു ശേഷം അപ്പോളോ 17 വരെയുള്ള യാത്രകളിലായി 12 പേർ ചന്ദ്രനിൽ ഇറങ്ങി, അവിടെ വണ്ടിയോടിച്ചു, പല പല പരീക്ഷണങ്ങൾ ചെയ്തു. 380 കിലോഗ്രാം ചാന്ദ്രശില ഭൂമിയിലെത്തിച്ചു. എന്നിരുന്നാലും പലരും ഇപ്പോഴും മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടില്ല എന്ന് വിശ്വസിക്കുന്നവരാണ്. റഷ്യ, ഫ്രാന്‍സ്, ബ്രിട്ടണ്‍ അടക്കമുള്ള രാജ്യങ്ങളിലെ ഭൂരിപക്ഷം ജനങ്ങളും അപ്പോളോ-11 ഒരു ഗൂഡാലോചനയാണെന്ന് വിശ്വസിക്കുന്നതായി 2009-ല്‍ ടിഎന്‍എസ് നടത്തിയ സര്‍വ്വേയില്‍ പറയുന്നു. ‘യാഥാർത്ഥ്യം എന്തെന്നാൽ, ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടുകൂടി ആളുകള്‍ക്ക് എന്ത് തോന്നിവാസവും അനായാസം വിളിച്ചു പറയാനും അത് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനും കഴിയുന്ന ഒരു കാലമാണിത്. അമേരിക്കക്കാര്‍ക്ക് ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ ഇഷ്ടമാണ്. എന്തെങ്കിലും വലിയ കാര്യം സംഭവിച്ചാല്‍ ഉടന്‍തന്നെ അതിനെതിരെ വിശദീകരണവുമായി ചിലര്‍ രംഗത്തെത്തും’- നാസയുടെ ചരിത്രകാരനായ റോജർ ലോനിയസ് നെടുവീർപ്പിടുന്നു.

ചന്ദ്രനിൽ വെച്ച് എടുത്ത ചിത്രങ്ങളിലൊന്നും ആകാശത്ത് നക്ഷത്രങ്ങളെ കാണുന്നില്ല. അന്തരീക്ഷമില്ലാത്തതിനാൽ പകൽ സമയത്തും അവിടെ നക്ഷത്രങ്ങളെ കാണേണ്ടതല്ലേ? ഒരു ചിത്രത്തിൽ പോലും നക്ഷത്രങ്ങളില്ലല്ലോ എന്നതാണ് ഒരു വാദം. ഭൗമോപരിതലത്തെയും ബഹിരാകാശ നിലയെത്തെയും ചിത്രത്തിൽ കൊണ്ടുവരാൻ വേണ്ട എക്സ്പോഷർ സമയത്തേക്കാൾ കൂടുതൽ വേണം നക്ഷത്രങ്ങളെ കിട്ടാൻ എന്നാണ് വിദഗ്ധര്‍ അതിനു നല്‍കുന്ന മറുപടി.

മറ്റൊന്ന്, ചന്ദ്രനിൽ ആകെ ഒരു പ്രകാശ സ്രോതസ് മാത്രമാണുള്ളത് സൂര്യൻ. അതിനാൽ ചന്ദ്രോപരിതലത്തിന്റെ ചിത്രത്തിൽ ഉപരിതലത്തിലെ പ്രകാശ വിതരണം ഒരുപോലെയേ വരാൻ പാടുള്ളൂ. എന്നാല്‍ ആൾഡ്രിൻ ചന്ദ്രനിൽ നിൽക്കുന്ന പ്രശസ്തമായ ചിത്രത്തില്‍ ഒരു സ്പോട്ട് ലൈറ്റിൽ നിന്ന് പ്രകാശം വീഴുന്നത് പോലെ കാണുന്നുണ്ട്. ദൂരെയുള്ള ചന്ദ്രോപരിതലം ഇരുണ്ടിട്ടും. സൂര്യൻ മാത്രമാണ് പ്രകാശ സ്രോതസ്സ് എന്നിരിക്കെ ഇതെങ്ങിനെ സംഭവിച്ചു എന്നൊരു ചോദ്യവുമുണ്ട്. അതെല്ലാം എഡിറ്റ് ചെയ്യപ്പെട്ട ചിത്രങ്ങളാണെന്നാണു മറുവാദം.

അന്തരീക്ഷമില്ലാത്ത ചന്ദ്രനിലെ കൊടി പറക്കുന്നതെങ്ങനെ എന്നതാണ് വളരെ പ്രസിദ്ധമായ മറ്റൊരു ചോദ്യം. എന്നാല്‍ സൂക്ഷിച്ചു നോക്കിയാല്‍ കൊടി ഘടിപ്പിച്ചിരിക്കുന്നത് തല തിരിഞ്ഞ 'L' ആകൃതിയിലുള്ള വടിയിലാണെന്ന് കാണാം. കോസ്മിക് കിരണങ്ങള്‍ തടസ്സം സൃഷ്ടിക്കുന്നതിനാല്‍ മനുഷ്യന് ഇത്തരമൊരു കാര്യം ചെയ്യാന്‍ കഴിയില്ല, തുടങ്ങി ഒട്ടനവധി വാദങ്ങള്‍ ഇനിയും നിരത്തുന്നവരുണ്ട്. ഈ വാദങ്ങൾക്കെല്ലാം അടിത്തറ പാകിയത്‌ ബിൽ കെയ്‌സിംഗ് ആയിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

Next Story

Related Stories