TopTop
Begin typing your search above and press return to search.

സിംബാബ്‌വെ സൈനിക നിയന്ത്രണത്തില്‍: മുഴങ്ങുന്നത് റോബര്‍ട്ട് മുഗാബെയ്ക്കുള്ള ഹംസഗാനമോ?

സിംബാബ്‌വെ സൈനിക നിയന്ത്രണത്തില്‍: മുഴങ്ങുന്നത് റോബര്‍ട്ട് മുഗാബെയ്ക്കുള്ള ഹംസഗാനമോ?
ഒരു രാജ്യത്തെ ബ്രിട്ടീഷ് കോളനി വാഴ്ചയില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്ക് നയിച്ചതിന് ശേഷം ഏകാധിപത്യ ശൈലിയിലൂടെ അതേ രാജ്യത്തെ ജനങ്ങളെ മുട്ടില്‍ നിറുത്തിയ വിചിത്ര ചരിത്രത്തിന്റെ ഉടമയാണ് ഇന്നലെ പട്ടാള അട്ടിമറിയിലൂടെ വീട്ടുതടങ്കലിലായ സിംബാബ്‌വെപ്രസിഡന്റ് റോബര്‍ട്ട് മുഗാബെയുടേത്. റോഡേഷ്യ എന്ന ബ്രിട്ടീഷ് കോളനിയെ വെള്ളക്കാരായ ന്യൂനപക്ഷത്തിന്റെ ഭരണത്തില്‍ നിന്നും മോചിപ്പിച്ചതിന്റെ പേരില്‍ ലോകത്തിന്റെ ആദരം നേടുകയും പിന്നീട് എതിരാളികളെ ക്രൂരമായി അടിച്ചമര്‍ത്തിക്കൊണ്ടും സിംബാബ്‌വെ ആയി തീര്‍ന്ന രാജ്യത്തെ സാമ്പദവ്യവസ്ഥ തകിടം മറിച്ചുകൊണ്ടും വില്ലന്റെ പരിവേഷം നേടിയെടുക്കുകയും ചെയ്ത മുഗാബെയുടെ 37 വര്‍ഷം നീണ്ട ഭരണത്തിന് കഴിഞ്ഞ വര്‍ഷം നീണ്ട പട്ടാള അട്ടിമറി അന്ത്യം കുറിക്കുമെന്നുവേണം അനുമാനിക്കാന്‍.

സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന് ജയിലിലായ മുഗാബെയെ 1974ലാണ് മോചിപ്പിക്കുന്നത്. അതിന് ശേഷം അദ്ദേഹം സ്വാതന്ത്ര്യത്തിന് വേണ്ടി സായുധ ഒളിപ്പോര്‍ നടത്തിയിരുന്ന സിംബാബെവെ ആഫ്രിക്കന്‍ നാഷണല്‍ യൂണിയന്റെയും (സാനു) അതിന്റെ സായുധ സേനയുടെയും നിയന്ത്രണം ഏറ്റെടുത്തു. അവര്‍ നടത്തിയ സായുധ കലാപങ്ങളും സാമ്പത്തിക ഉപരോധങ്ങളും റൊഡേഷ്യന്‍ സര്‍ക്കാരിനെ ചര്‍ച്ചകള്‍ക്ക് പ്രേരിപ്പിച്ചു. തുടര്‍ന്ന് 1980 ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടി മുഗാബെ അധികാരത്തിലെത്തി. വംശീയ അനുരഞ്ജത്തിന്റെ പാത സ്വീകരിക്കുമെന്നും കറുത്ത ന്യൂനപക്ഷത്തിനുളള വിദ്യാഭ്യാസ, ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്തുമെന്നുമുള്ള മുഗാബെയുടെ ആദ്യകാല പ്രസ്താവനകള്‍ അദ്ദേഹത്തിന് അന്താരാഷ്ട്രതലത്തില്‍ അനുമോദനങ്ങള്‍ നേടിക്കൊടുത്തു.

പക്ഷെ, അധികാരം എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്താനുള്ള ഉപാധിയായി അദ്ദേഹം ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഈ അന്താരാഷ്ട്ര പിന്തുണ പെട്ടെന്ന് തന്നെ കെട്ടടങ്ങി. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സായുധ കലാപത്തില്‍ മുഗാബെയുടെ പങ്കാളിയും സിംബാബെവെ ആഫ്രിക്കന്‍ പീപ്പിള്‍സ് യൂണിയന്റെ (സാപു) നേതാവുമായിരുന്ന ജോഷ്വ എന്‍കോമോ ആയിരുന്നു പ്രസിഡന്റിന്റെ ആദ്യകാല ഇരകളില്‍ ഒരാള്‍. 1982ല്‍ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന എന്‍കോമോയുടെ ശക്തികേന്ദ്രമായ മാറ്റബെലെലാന്റ് പ്രവിശ്യയില്‍ വന്‍ ആയുധശേഖരം പിടികൂടിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ സര്‍ക്കാരില്‍ നിന്നും പിരിച്ചുവിട്ടു. സിംബാബെവെയിലെ വംശീയ ഭൂരിപക്ഷമായ ഷോണ സമൂഹമായിരുന്നു മുഗാബെയുടെ പാര്‍ട്ടിയുടെ ഏറ്റവും വലിയ ശക്തി. ഈ ശക്തിയുപയോഗിച്ച് എന്‍കോമോയുടെ എന്‍ഡെബെലെ സമൂഹത്തിനെതിരെ അദ്ദേഹം സായുധ അതിക്രമങ്ങള്‍ അഴിച്ചുവിടുകയും പ്രസിഡന്റിനെതിരെ എതിരഭിപ്രായം പ്രകടിപ്പിച്ചു എന്ന പേരില്‍ ഗുകുരഹുണ്ടി എന്ന് വിളിക്കപ്പെടുന്ന നടപടിയിലൂടെ 20,000 ത്തിലേറെ പേരെ കൊന്നൊടുക്കുകയും ചെയ്തു.

രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം വെള്ളക്കാരുടെ ഉടമസ്ഥതയിലൂള്ള തോട്ടങ്ങള്‍ പിടിച്ചെടുക്കാനുള്ള തിരുമാനത്തോടെ അദ്ദേഹം പാശ്ചാത്യ ലോകത്തിന് പൂര്‍ണമായും അനഭിമതനായി. എന്നാല്‍ ആഫ്രിക്കയുടെ ചില ഭാഗങ്ങളില്‍ അദ്ദേഹത്തിന്റെ വിമോചന നായക പരിവേഷം നിലനിന്നു. തന്റെ ഭരണത്തിന് ഭീഷണിയായി വളര്‍ന്ന സായുധ സ്വാതന്ത്ര്യ പോരാട്ടത്തിലെ പങ്കെടുത്ത് വിരമിച്ചവരെ പ്രീണിപ്പിക്കുകയായിരുന്നു ഭൂമി ഏറ്റെടുക്കല്‍ നടപടിയിലൂടെ മുഗാബെ ലക്ഷ്യമിട്ടത്. എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തികരംഗത്തിന് നിര്‍ണായകമായ കാര്‍ഷികമേഖലയുടെ തകര്‍ച്ചയ്ക്കാണ് അത് വഴിവെച്ചത്. വിദേശ നിക്ഷേപകര്‍ രാജ്യത്ത് നിന്നും പലായനം ചെയ്യുകയും സിംബാബവെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. അതേസമയം തന്നെ മനുഷ്യാവകാശത്തെ അടിച്ചമര്‍ത്തിയും തിരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ചുമാണ് മുഗാബെ അധികാരം നിലനിറുത്തുന്നത് എന്ന ആക്ഷേപവും ഉയര്‍ന്നുവന്നു.

അദ്ദേഹം വലിയ നേതാവായിരുന്നെങ്കിലും അധികാരപ്രമത്തതയില്‍ സിംബാബ്‌വെയെ മുട്ടിലിഴയിക്കുന്നതിലേക്ക് ആ നേതൃത്വപാടവം നിലംപതിച്ചതായി ദക്ഷിണാഫ്രിക്കാന്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ ഷാഡ്‌റാക് ഗുട്ടോ വിലയിരുത്തുന്നു. സിംബാബെവെയുടെ സ്വാതന്ത്ര്യത്തിലേക്ക നയിച്ച ലങ്കാസ്റ്റര്‍ ഹൗസ് സന്ധിസംഭാഷണങ്ങള്‍ക്ക് മധ്യസ്ഥം വഹിച്ച ബ്രിട്ടീഷ് മുന്‍ വിദേശകാര്യ സെക്രട്ടറി പീറ്റര്‍ കാരിംഗ്ടണ്‍, മുഗാബെയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ്. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത വ്യക്തിത്വമായ മുഗാബെയ്ക്ക് ഒരുതരം ഇഴജന്തുക്കളുടെ സ്വഭാവമാണെന്ന് ഹാരിംഗ്ടണ്‍ ഒരിക്കല്‍ വിലയിരുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ശേഷിയെയും ബുദ്ധിശക്തിയെയും പ്രകീര്‍ത്തിക്കുമ്പോഴും സ്വഭാവത്തിലെ ചാഞ്ചല്യമാണ് മുഗാബെയുടെ ഏറ്റവും വലിയ ശത്രുവെന്നും കാരിംഗ്ടണ്‍ വിശദീകരിക്കുന്നു.

പാശ്ചാത്യ ലോകത്ത് ഉയര്‍ന്ന എതിര്‍പ്പുകള്‍ അദ്ദേഹത്തെ ഒരു പാശ്ചാത്യ വിരോധിയാക്കി മാറ്റി. ഭരണത്തിന്റെ അന്ത്യനാളുകളില്‍ അത് കൂടുതല്‍ പ്രകടമാണ്. മുഗാബെയെയും അദ്ദേഹത്തിന്റെ വിശ്വസ്തരെയും ലക്ഷ്യമിട്ട് നടപ്പിലാക്കിയ പാശ്ചാത്യ ഉപരോധങ്ങള്‍ തന്റെ നാടിന്റെ സാമ്പത്തികരംഗത്തെ തകര്‍ത്തതായി മുഗാബെ ആരോപിച്ചു. തന്റെ പ്രതിച്ഛായ മോശമാക്കുന്നതിനും നിന്ദിക്കുന്നതിനും വേണ്ടിയാണ് ഏകാധിപതി എന്ന് ആരോപിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. പിന്തുടര്‍ച്ചയെ കുറിച്ചുള്ള ചര്‍ച്ചകള്‍ പോലും നിഷിധമായിരുന്ന ഒരു രാജ്യത്ത്, മുഗാബെ 90കളില്‍ എത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ പ്രമാണികള്‍ തന്നെ അത്തരം ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. അദ്ദേഹം കാന്‍സര്‍ ബാധിതനാണെന്ന കിംവദന്തിയും ഈ ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടി. മുഗാബെയുടെ രണ്ടാം ഭാര്യ ഗ്രേസ് അദ്ദേഹത്തിന്റെ പിന്‍ഗാമിയാവുമെന്നായിരുന്നു പട്ടാള അട്ടിമറിക്ക് മുമ്പ് പൊതുവില്‍ വിശ്വസിച്ചിരുന്നത്. 2016ല്‍ അദ്ദേഹം മരിച്ചു എന്നൊരു അഭ്യൂഹം പ്രചരിച്ചിരുന്നു. എന്നാല്‍ താന്‍ രാജ്യത്തിന് വേണ്ടി എപ്പോഴും ഉയിര്‍ത്തെഴുന്നേല്‍ക്കും എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ മറുപടി. എന്നാല്‍ ഇപ്പോള്‍ 93 വയസുള്ള മുഗാബെയുടെ ആരോഗ്യം വളരെ പരിതാപകരമാണ്. പലപ്പോഴും ഇടറി വീഴാറുള്ള അദ്ദേഹം കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് തെറ്റായ പ്രസംഗം നടത്തുകയും ചെയ്തു.

തലസ്ഥാനമായ ഹരാരെയ്ക്ക് വടക്കുപടിഞ്ഞാറുള്ള കുട്ടാമ മിഷനിലെ ഒരു കത്തോലിക്ക കുടുംബത്തില്‍ 1924 ഫെബ്രുവരി 21നാണ് മുഗാബെ ജനിച്ചത്. ഏകാന്തനും പഠനത്തില്‍ മിടുക്കനുമായിരുന്ന കുട്ടിയായിരുന്നു മുഗാബെയെന്നാണ് കഥകള്‍. കന്നുകാലികളെ മേയ്ക്കാന്‍ പോകുമ്പോഴും കൈയില്‍ പുസ്തകം കരുതിയിരുന്ന കുട്ടിയായിരുന്നു മുഗാബെ എന്നും കഥകളുണ്ട്. പത്താം വയസില്‍ പിതാവ് കുടുംബത്തെ ഉപേക്ഷിച്ചെങ്കിലും പഠനം തുടര്‍ന്ന മുഗാബെ 17-ാം വയസില്‍ സ്‌കൂള്‍ അദ്ധ്യാപന യോഗ്യത നേടി. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലെ ഫോര്‍ട്ട് ഹരെ സര്‍വകലാശാലയില്‍ ചേര്‍ന്ന അദ്ദേഹം ആദ്യകാല കറുത്തവര്‍ഗ്ഗ നേതാക്കളുമായെല്ലാം ബന്ധം സ്ഥാപിച്ചു. തുടക്കത്തില്‍ ഒരു മാര്‍ക്‌സിസ്റ്റ് ആയാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കുറച്ചുകാലം ഘാനയില്‍ അദ്ധ്യാപകനായി ജോലി ചെയ്‌തെങ്കിലും റോഡേഷ്യയുടെ സ്ഥാപക പ്രസിഡന്റ് ക്വാമെ എന്‍ക്രുമായുടെ സ്വാധീനത്തില്‍ നാട്ടിലേക്ക് മടങ്ങി. സ്വാതന്ത്ര്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ റോഡേഷ്യ സര്‍ക്കാര്‍ 1964 അദ്ദേഹത്തെ ജയിലില്‍ അടച്ചു. പത്തുവര്‍ഷം തടവറയില്‍ ചിലവഴിച്ചു. ജയിലിലായിരിക്കുമ്പോള്‍ കറസ്‌പോണ്ടന്‍സ് കോഴ്‌സിലൂടെ മൂന്ന് ബിരുദങ്ങള്‍ സമ്പാദിച്ചു. പക്ഷെ ആദ്യ ഭാര്യ സാലി ഫ്രാന്‍സെസ്‌ക ഹെയ്‌ഫ്രോണും നാലുവയസുകാരന്‍ പുത്രനും മരിച്ചതും അക്കാലത്താണ്. എന്നാല്‍ ഇവരുടെ ശവസംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ മുഗാബെയെ റോഡേഷ്യന്‍ നേതാവ് ഇയാന്‍ സ്മിത്ത് അനുവദിച്ചില്ല. രണ്ടാം ഭാര്യയായ ഗ്രേസില്‍ അദ്ദേഹത്തിന്റെ രണ്ട് പുത്രന്മാരും ഒരു പുത്രിയുമുണ്ട്.

സ്വകാര്യ ധനസമ്പാദനത്തിന് അപ്പുറം അധികാരത്തോടായിരുന്നു മുഗാബെയുടെ ആസക്തിയെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍ മാര്‍ട്ടില്‍ മെറെഡിത്ത് ചൂണ്ടിക്കാണിക്കുന്നു. രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്തിക്കൊണ്ടും കോടതി വിധികള്‍ ലംഘിച്ചുകൊണ്ടും സ്വത്ത് അവകാശങ്ങള്‍ ചവിട്ടിമെതിച്ചുകൊണ്ടും സ്വതന്ത്ര മാധ്യമങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ടും തിരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ചുകൊണ്ടും കഴിഞ്ഞ 37 വര്‍ഷം അദ്ദേഹം അത് നിലനിറുത്തി. എന്നാല്‍ ഇപ്പോള്‍ 93-ാം വയസില്‍ ഇതുവരെ പിന്തുണ നല്‍കിയിരുന്ന സൈന്യവും സാനു-പിഎഫ് പാര്‍ട്ടിയും എതിരാവുന്നതോടെ റോബര്‍ട്ട് മുഗാബെയ്ക്കുള്ള ഹംസഗാനമാണ് സിംബാബവെയില്‍ മുഴങ്ങുന്നത്.


Next Story

Related Stories