TopTop
Begin typing your search above and press return to search.

ഔഡി കാറില്‍ പോകുന്ന 'കൃഷീവല'നോടും 'പരമദരിദ്ര'രോടും, പാവങ്ങളുടെ കഞ്ഞി കട്ടുകുടിക്കരുത്, പ്ലീസ്...

ഔഡി കാറില്‍ പോകുന്ന
വ്യാജ വാഹന രജിസ്ട്രേഷന്‍ കേസില്‍ ഇന്നലെ നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പുതുച്ചേരിയില്‍ തനിക്ക് കൃഷിയിടമുണ്ടെന്നും അവിടെ പോകാനാണ് കാര്‍ ഉപയോഗിച്ചിരുന്നതെന്നുമാണ് സുരേഷ് ഗോപി പോലീസിനോട് പറഞ്ഞത്.

2010ല്‍ 80 ലക്ഷം രൂപ വില വരുന്ന ഔഡി ക്യൂ സെവന്‍ കാറും രാജ്യസഭാംഗമായതിന് ശേഷം മറ്റൊരു ആഡംബര കാറും പുതുച്ചേരിയിലെ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തു എന്നതാണ് സുരേഷ് ഗോപിയ്‌ക്കെതിരായ കേസ്. ചെന്നൈയിലും മുംബൈയിലും ഇടയ്ക്കിടെ പോകാനുള്ളതുകൊണ്ടാണ് പുതുച്ചേരിയിലെ വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് എന്ന് സുരേഷ് ഗോപി മൊഴി നല്‍കിയതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

“തന്റെ ഔഡി ക്യു 7 കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതു വഴി സുരേഷ് ഗോപിക്ക് റോഡ് നികുതിയിനത്തില്‍ അടയ്‌ക്കേണ്ടി വന്നത് വെറും ഒരുലക്ഷം രൂപ. അതേ നികുതി കേരളത്തിലായിരുന്നുവെങ്കില്‍ 15 ലക്ഷം അടയ്‌ക്കേണ്ടി വരുമായിരുന്നു. ലാഭം 14 ലക്ഷം രൂപ. ഏകദേശം 75 ലക്ഷം രൂപ മുടക്കി കാര്‍ വാങ്ങാന്‍ കഴിവുള്ളയാള്‍ക്ക് 15 ലക്ഷം രൂപ നികുതിയടയ്ക്കാന്‍ കഴിയില്ലെങ്കില്‍, അതിനെ കള്ളത്തരം എന്നല്ലാതെ എന്തു വിളിക്കാന്‍. സുരേഷ് ഗോപി ഒരു നടന്‍ മാത്രമല്ല, രാജ്യസഭ അംഗമാണ്. ജനങ്ങളെ പ്രതിനിധീകരിച്ചു സംസാരിക്കുന്ന രാഷ്ട്രീയക്കാരനാണ്. അവനവനില്‍ തന്നെ കളളത്തരം കാണിച്ചുകൊണ്ട് നീതിയേയും നിയമത്തേയും കുറിച്ച് ജനങ്ങളോട് ബോധവത്കരണം നടത്തുന്നതിലെ അപഹാസ്യം സുരേഷ് ഗോപി തിരിച്ചറിയുമോ?” രാകേഷ് സനല്‍ അഴിമുഖത്തില്‍ എഴുതുന്നു.

രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട രേഖകള്‍ ഇന്നലെ സുരേഷ് ഗോപി ഹാജരാക്കി. വീണ്ടും ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്ന് അന്വേഷണ സംഘം സുരേഷ് ഗോപിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത് താത്ക്കാലികമായി വേണ്ടെന്ന് വച്ചിരിക്കുകയാണ്.

http://www.azhimukham.com/updates-suresh-gopi-says-he-has-farm-in-puthucheri/

ഇന്നലെ മുന്‍കൂര്‍ ജാമ്യം നേടിയ ഫഹദ് ഫാസിലും മുന്‍കൂര്‍ ജാമ്യത്തിനു അപേക്ഷിച്ച അമല പോളും ചെയ്തതിനേക്കാള്‍ ഗുരുതരമാണ് സുരേഷ് ഗോപിയുടെ കുറ്റം എന്നു ബിജെപി നേതാക്കള്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തുമോ അതോ മോദി നൂലില്‍ കെട്ടി ഇറക്കിയ ഈ താരകം സ്വയം കത്തി തീരട്ടെ എന്നു കരുതുമോ? കാത്തിരുന്ന് കാണാം.

മറ്റൊരു അച്ഛാ ദിന്‍ വാര്‍ത്ത ഔഡി കാര്‍ ഉടമയായ ഒരാള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്കുള്ള അന്നപൂര്‍ണ്ണ അന്ത്യോദയ ഗുണഭോക്തൃ പട്ടികയില്‍ ഇടം പിടിച്ചതായി സര്‍ക്കാര്‍ കണ്ടെത്തി എന്നതാണ്. ദേശാഭിമാനിയുടെ റിപ്പോര്‍ട്ട് പ്രകാരം മുന്തിയ വാഹനമുള്ള 3501 പേര്‍ റേഷനു വേണ്ടിയുള്ള പരമ ദരിദ്രരുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.ഇന്നലത്തെ മലയാള മനോരമയില്‍ നാലു ചക്ര വാഹനമുള്ള 37,429 പേര്‍ മുന്‍ഗണന റേഷന്‍ വാങ്ങുന്നുണ്ട് എന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നു. “കാര്‍ഡിനായി വിവര ശേഖരണം നടത്തിയപ്പോള്‍ നാലുചക്ര വാഹനം ഉണ്ടെന്ന് അറിയിച്ചത് 9.25 ലക്ഷം പേരാണ്. എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പ് നല്കിയ കണക്കുമായി ഒത്തു നോക്കിയപ്പോള്‍ റേഷന്‍ കാര്‍ഡുള്ള 49 ലക്ഷം പേര്‍ക്ക് നാലു ചക്രവാഹനമുണ്ട്”, മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 37,429 പേരാണ് നാലുചക്ര വാഹനമില്ല എന്നു വിവരം കൊടുത്ത് അനര്‍ഹമായി ഇടം നേടിയിരിക്കുന്നത്. അതേസമയം ദേശാഭിമാനിയുടെ കണക്കില്‍ 28,599 പേരാണ് ഉള്ളത്. മുന്‍ഗണനാ പട്ടികയില്‍ ഇടം പിടിച്ച 95,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഈയടുത്ത കാലത്ത് നീക്കം ചെയ്തിരുന്നു.

49 ലക്ഷം പേരാണ് മുന്‍ഗണന പട്ടികയില്‍ ഉള്ളത്. ഇതില്‍ 23ലക്ഷം പേരെങ്കിലും മാറേണ്ടവര്‍ ആണെന്നാണ് അനുമാനിക്കുന്നത് എന്നു ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടാന്‍ അപേക്ഷ തന്നിട്ടുള്ള അഞ്ചു ലക്ഷം പേരിലെ അര്‍ഹരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

ഔഡി കാറില്‍ പോകുന്ന 'പരമദരിദ്ര'രോട്, പാവങ്ങളുടെ കഞ്ഞി കട്ടുകുടിക്കരുത്, പ്ലീസ്..

http://www.azhimukham.com/cinema-road-tax-evasion-allegation-against-amala-pau-suresh-gopy-they-are-challenging-law-and-people-rakeshsanal/

http://www.azhimukham.com/fbpost-sreechithran-mj-criticising-suresh-gopi-statement-on-brahman/

http://www.azhimukham.com/offbeat-suresh-gopi-brahmin-and-pc-george-dalit-statements-by-arun/

Next Story

Related Stories