TopTop
Begin typing your search above and press return to search.

ചരിത്രത്തില്‍ ഇന്ന്: റൈറ്റ് സഹോദരന്മാര്‍ ആദ്യ വിമാനം പറപ്പിച്ചു

ചരിത്രത്തില്‍ ഇന്ന്: റൈറ്റ് സഹോദരന്മാര്‍ ആദ്യ വിമാനം പറപ്പിച്ചു

1903 ഡിസംബര്‍ 17ന്, നോര്‍ത്ത് കരോളിനയിലെ കനത്ത കാറ്റുവീശുന്ന ഒരു ബീച്ചിലൂടെ 20 അടി പൊക്കത്തില്‍ ഓര്‍വെല്‍ റൈറ്റ് ആദ്യത്തെ യന്ത്രവല്‍കൃത വിമാനം പറപ്പിച്ചു. 12 സെക്കന്റുകള്‍ നീണ്ടുനിന്ന പറത്തലില്‍ 120 അടി ദൂരമാണ് വിമാനം താണ്ടിയത്. 1899 മുതല്‍ തന്നെ വില്‍ബറും ഓര്‍വെല്‍ റൈറ്റും വിമാനം പറപ്പിക്കുന്നതിന്റെ ശാസ്ത്രീയ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. താരതമ്യേന രഹസ്യമായാണ് ഇവര്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നത്. നേരത്തെ ഈ രംഗത്ത് സാമുവല്‍ ലാങ്‌ലെ എന്ന സ്മിത്ത്‌സോണിയന്‍ നടത്തിയ പരീക്ഷണങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായെങ്കിലും യുദ്ധവകുപ്പ് അത് തള്ളിക്കളയുകയായിരുന്നു. പക്ഷെ ലാങ്‌ലെയും അദ്ദേഹത്തിന്റെ മുന്‍ഗാമികളും യന്ത്രവിമാനം പറപ്പിക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു.

1878ല്‍ റൈറ്റ് സഹോദരന്മാര്‍ കുട്ടികളായിരുന്നപ്പോള്‍, ഒരു ദിവസം വൈകിട്ട് വീട്ടില്‍ മടങ്ങിയെത്തിയ പിതാവ് ഒരു സമ്മാനം നല്‍കി. അദ്ദേഹം അത് അന്തരീക്ഷത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. 'ഞങ്ങള്‍ പ്രതീക്ഷിച്ചത് പോലെ അത് നിലത്തേക്ക് വീണില്ല,' റൈറ്റ് സഹോദരന്മാര്‍ ഓര്‍ക്കുന്നു. 'മുറിയുടെ മുകളില്‍ ഇടിക്കുന്നത് വരെ അത് മുറിയില്‍ പറന്നു നടന്നു. മുറിയുടെ സീലിംഗില്‍ ഇടച്ചപ്പോള്‍ ഒരു പ്രകമ്പനം സൃഷ്ടിക്കുകയും പിന്നീട് അത് നിലത്തേക്ക് വീഴുകയും ചെയ്തു.' കോര്‍ക്കും മുളയും പേപ്പറുമുപയോഗിച്ച് നിര്‍മ്മിക്കുകയും റബര്‍ ബാന്റ് ഉപയോഗിച്ച് ശാക്തീകരിക്കുകയും ചെയ്ത ഹെലിക്കോപ്ടര്‍ മോഡല്‍ കുട്ടികളെ അത്ഭുതപരന്ത്രരാക്കുകയും വിമാനം പറത്താനുള്ള അവരുടെ അഭിലാഷത്തെ ജ്വലിപ്പിക്കുകയും ചെയ്തു.

മനുഷ്യര്‍ക്ക് തങ്ങളുടെ യന്ത്രങ്ങള്‍ പറപ്പിക്കാന്‍ സാധിക്കണമെന്നും വിമാനത്തിന്റെ പ്രശ്‌നങ്ങള്‍ നിലത്തുനിന്നും പരിഹരിക്കാനാവില്ലെന്നുമുള്ള റൈറ്റ് സഹോദരന്മാരുടെ ദര്‍ശനത്തിന്റെയും പ്രതിഭയുടെയും പ്രതീകമായി അത് മാറി. 'യന്ത്രസഹായമില്ലാതെ പറക്കാന്‍ സാധിക്കും, പക്ഷെ വിജ്ഞാനവും വൈദഗ്ധ്യവുമില്ലാതെ സാധിക്കില്ല,' എന്ന് വില്‍ബൂര്‍ നിരീക്ഷിക്കുന്നു. ജര്‍മ്മന്‍ വൈമാനികനായിരുന്ന ഓട്ടോ ലിലിയന്താളിന്റെ ഗവേഷണങ്ങളെ റൈറ്റ് സഹോദരന്മാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു. ഗ്ലൈഡര്‍ തകര്‍ന്ന് ലിലിയന്താള്‍ അന്തരിച്ചതോടെ വിമാനം പറപ്പിക്കുന്നത് സംബന്ധിച്ച് സ്വന്തം പരീക്ഷണങ്ങളുമായി മുന്നോട്ട് പോകാന്‍ റൈറ്റ് സഹോദരന്മാര്‍ തീരുമാനിച്ചു. തങ്ങളുടെ വിജയപ്രദമായ രൂപകല്‍പന വികസിപ്പിക്കാന്‍ നിശ്ചയിച്ചുറച്ച വില്‍ബറും ഓര്‍വെലും ശക്തമായ കാറ്റിന് പേരുകേട്ട നോര്‍ത്ത് കരോളിനയിലെ കിറ്റി ഹ്വാക്കിലേക്ക് തിരിച്ചു. വിമാനത്തിന് എങ്ങനെ ചിറകുകള്‍ ഘടിപ്പിക്കാം എന്നതിലാണ് ആദ്യം വില്‍ബറും ഓര്‍വലും പരീക്ഷണങ്ങള്‍ നടത്തിയത്.

wrightbro

സന്തുലനവും നിയന്ത്രണവും ലഭിക്കുന്നതിനായി പക്ഷികള്‍ തങ്ങളുടെ ചിറകുകള്‍ ചരിക്കുകയാണ് ചെയ്യുന്നതെന്ന് അവര്‍ നിരീക്ഷിച്ചു. ഇതിനെ പകര്‍ത്താന്‍ ശ്രമിച്ച അവര്‍ 'ചിറക് സങ്കോചിപ്പിക്കല്‍' എന്നൊരു സങ്കല്‍പം വികസിപ്പിച്ചെടുത്തു. ചലിപ്പിക്കാവുന്ന ഒരു പങ്കായം കൂട്ടിച്ചേര്‍ത്തതോടെ തങ്ങള്‍ക്ക് ഒരു മാന്ത്രിക സൂത്രവാക്യം ലഭ്യമായതായി റൈറ്റ് സഹോദരന്മാര്‍ തിരിച്ചറിഞ്ഞു. പരീക്ഷണ വിമാനങ്ങള്‍ കണ്ടുപിടിക്കുകയും പറത്തുകയും ചെയ്യുന്നത് ആദ്യമായല്ലെങ്കില്‍, ഉറപ്പിച്ച ചിറകുകളുടെ ശക്തയില്‍ പറക്കുന്ന വിമാനങ്ങള്‍ സാധ്യമാക്കിയ വൈമാനിക നിയന്ത്രണങ്ങള്‍ റൈറ്റ് സഹോദരന്മാരുടെ സംഭാവനയായിരുന്നു.

1903 ഡിസംബര്‍ 17ന്, എയര്‍ പ്ലെയ്നിനെക്കാള്‍ ഭാരം കൂടിയതും, യന്ത്രത്താല്‍ നിയന്ത്രിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതുമായ ആദ്യവിമാനം അവര്‍ വിജയകരമായി പറപ്പിച്ചു. ഓര്‍വെല്‍ നിലത്തുനിന്നും പറന്നുയരുകയും വില്‍ബര്‍ വിമാനത്തോടൊപ്പം ഓടുകയും ചെയ്യുന്ന ചരിത്ര മുഹൂര്‍ത്തം ജീവന്‍ രക്ഷാകേന്ദ്രത്തിലുണ്ടായിരുന്ന ജോണ്‍ ഡാനിയല്‍സ്, നേരത്തെ തയ്യാറാക്കി വച്ചിരുന്ന ക്യാമറയില്‍ പകര്‍ത്തി. ഓര്‍വെല്‍ നിയന്ത്രണങ്ങളെ അമിതമായി ആശ്രയിച്ചതിനാല്‍ ചാടിയും കുലുങ്ങിയുമാണ് വിമാനം പറന്നത്. പക്ഷെ റെയിലില്‍ നിന്നും 120 അടി അകലെ വിമാനം മണ്ണില്‍ തലകുത്തുന്നത് വരെ അദ്ദേഹം അതിനെ നിയന്ത്രിച്ച് നിറുത്തി. മണിക്കൂറില്‍ 27 മൈല്‍ വേഗതയില്‍ വീശിയ കാറ്റിന്റെ സഹായത്തോടെ പറന്ന വിമാനത്തിന്റെ ഗ്രൗണ്ട് സ്പീഡ് മണിക്കൂറില്‍ 6.8 മൈലും മൊത്തം വായുവേഗം മണിക്കൂറില്‍ 34 മൈലുമായിരുന്നു.

നിയന്ത്രണ സംവിധാനങ്ങളില്‍ കൂടുതല്‍ സ്വാധീനം ഉറപ്പുവരുത്തിക്കൊണ്ടും കൂടുതല്‍ ദൂരം താണ്ടിക്കൊണ്ടും റൈറ്റ് സഹോദരന്മാര്‍ ആ ദിവസം മാറി മാറി മൂന്ന് തവണകൂടി വിമാനം പറത്തി. വില്‍ബൂറിന്റെ രണ്ടാമത്തെയും അന്നത്തെ നാലാമത്തെയും അവസാനത്തെയും പറപ്പിക്കല്‍ അസൂയാവഹമായ രീതിയില്‍ 59 സെക്കന്റില്‍ 852 അടി ദൂരമായിരുന്നു. ഒഹിയയില്‍ നിന്നുള്ള പൈലറ്റ്‌ നീല്‍ ആംസ്‌ട്രോങ് 1969ല്‍ ചന്ദ്രനില്‍ കാലുകുത്തുമ്പോള്‍, അദ്ദേഹത്തിന്റെ സ്‌പേസ് സ്യൂട്ടിന്റെ പോക്കറ്റില്‍ 1903ല്‍ റൈറ്റ് സഹോദരന്മാര്‍ പറത്തിയ യഥാര്‍ത്ഥ വിമാനത്തിന്റെ ഇടത്തെ ചിറകില്‍ നിന്നുള്ള മസ്ലിന്‍ തുണിയും വിമാനത്തിന്റെ ഇടത്തെ പ്രൊപ്പല്ലറില്‍ നിന്നുള്ള ഒരു തടിക്കഷ്ണവും ഉണ്ടായിരുന്നു.


Next Story

Related Stories